Tuesday, December 13, 2016

തിരുത്ത്

രണ്ടു മനുഷ്യർ 

   കാഞ്ഞിരക്കാട്ടു ചിറ്റാലക്കേൽ കുര്യനും തൊടിയിൽ തങ്കപ്പൻ നായരും ആത്മാർത്ഥ സുഹൃത്തുക്കളാണ്. 'എന്നെ പിന്തുണക്കാൻ നീയും, നിന്നെ പിന്തുണക്കാൻ ഞാനും' എന്ന വേദവാക്യത്തിൽ മണ്ണിനോടു കുറേ മല്ലടിച്ചു- പ്രാരാബ്ധങ്ങളെ കവച്ചുവെക്കുവാൻ അതുപോരെന്നു മനസ്സിലാക്കി കടലിനെ തോൽപ്പിച്ചു, മരുഭൂമിയെ തോൽപ്പിച്ചു, അറബിയുടെ ഒട്ടകത്തെയും, ആട്ടിനെയും , ഈന്തപ്പനയെയും എന്തിനു അറബിയെക്കൂടി സ്നേഹിച്ചു തോൽപ്പിച്ചുകൊണ്ട് അവർ കടലിനിക്കരെ കാഞ്ഞിരക്കാട്ട് 'ചിറ്റാലക്കേൽ' എന്നും 'തൊടിയിൽ' എന്നും നാമകരണം ചെയ്ത് അടുത്തടുത്ത് രണ്ടു വലിയ ബംഗ്ളാവുകളും, അതിനുള്ളിൽ അവരുടെ പെൺപിള്ളമാരും കിറുമണിയും കുറുമണിയുമായ പിള്ളാരെയും നിറച്ചു ജീവിച്ചുപോന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ ബംഗ്ളാവിനു മുന്നിലോട്ടും പിന്നിലോട്ടും പച്ചപ്പു നിറച്ചു പാൽചുരത്തി നിന്ന റബ്ബർ മരങ്ങളുടെ തട്ടുകൾ മക്കളോരോരുത്തരായി എണ്ണിതിട്ടപ്പെടുത്തി വീതം വെച്ചെടുത്ത് പല ദിക്കുകളിലേക്കും യാത്രയായി. വലിയൊരു വീടും അതിനുള്ളിൽ ലോകത്തെ തോൽപ്പിച്ചെന്നു വീരവാദം പറയുന്ന പ്രായം തോൽപ്പിച്ചുകളഞ്ഞ കുര്യൻ അച്ചാച്ചനും, തങ്കപ്പൻ മുത്തച്ഛനും പെൺപിള്ളമാരും പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കാൻ ബാക്കിയായി.
   മക്കളു ഗ്രീൻവിസയും മൾട്ടിപ്പിൾ വിസയുമായി ആകാശത്തിലും വിദേശത്തും പിന്നൊരു അല്പനേരം കാഞ്ഞിരക്കാട്ടുമായി കഴിഞ്ഞുപോന്നു. അങ്ങനെയൊരു കാഞ്ഞിരക്കാട്ടു കുടുംബസംഗമത്തിലാണ് അവരാ തീരുമാനമെടുത്തത്. ചിറ്റാലക്കേൽ കുര്യൻ വർക്കി എന്ന കുര്യച്ചൻറെ മൂത്തമകനാണ് വിഷയം ആദ്യമുന്നയിച്ചത്.
  "ഞാനങ്ങു യൂ എസ്‌ ഏ യിൽ ഇരുന്നു ഇവുടുത്തെ കാര്യങ്ങളറിയാൻ ഒരു വീഡിയോ ചാറ്റ് ചെയ്യാമെന്നോ, പോട്ടെ ഒന്ന് ഫോൺ വിളിക്കാമെന്നോ കരുതിയാൽ ... എവിടെ ?? കംപ്യൂട്ടറും മൊബൈലും ഒന്നും ഇല്ലാഞ്ഞിട്ടാണോ?? സഹായത്തിനൊട്ടു ആരെയും വെക്കില്ല, എന്നാലൊന്നു വിളിക്കോ ?? അതുമില്ല !! എന്നേലും ആവശ്യമുണ്ടായാൽ ഞങ്ങളെങ്ങനെയറിയും ?? ആരറിയിക്കും??
  " എടാ, പണ്ടു നീയൊക്കെ തൊള്ളകീറി കീറ്റിപൊളിക്കുമ്പോൾ മുള്ളുവാനാണോ ? തൂറുവാനാണോ ? വിശന്നിട്ടാണോന്നു അറിയാൻ ആരും പറഞ്ഞു തരേണ്ടി വന്നിട്ടില്ല !!" കുര്യച്ചൻ പുറം ചൊറിഞ്ഞു .
  കൂടിയിരുന്ന ചെറുമക്കൾ കിറുമണികൾ കിലുകിലാന്നു ചിരിച്ചു . വർക്കിയുടെ മുഖത്ത് ഒരു ഇളിഞ്ഞ ചിരി തെളിഞ്ഞു.
" കുര്യൻ ചാച്ചാ , നിങ്ങളു രണ്ടുപേരും ഇങ്ങനെ തുടങ്ങരുത്. നമ്മുടെ വിഷമം പറയുമ്പോൾ നിസ്സാരമായി തള്ളിക്കളയരുത്. നോക്കൂ അച്ഛനെയും അമ്മയെയും കൂടെ നിർത്താനുള്ള ഒരു അവസരം ഉണ്ടായാൽ നമ്മളതു ചെയ്തേനെ. "
തങ്കപ്പൻറെ മകൾ രാധയാണ്‌ അതു പറഞ്ഞത് . അവൾക്കു അമ്മയുടെ അതേ ഛായയാണ് .
"അവരു പറയുന്നതിലും കാര്യമുണ്ട്. നമുക്കതങ്ങു കേട്ടേക്കാം .." ഏഴു പെറ്റുവളർത്തിയ ത്രേസ്യാകുര്യൻ മുണ്ടിൻറെ ഞൊറി വലിച്ചുകെട്ടിക്കൊണ്ട് പറഞ്ഞു. പിന്നെയെല്ലാവരുടെയും മുഖത്തേക്കു നോക്കി. ആരും ഒന്നും മിണ്ടിയില്ല. അവർ മെല്ലെ അടുക്കളയിലേക്കു പോയി.. അടുപ്പത്തു കിടന്നു തിളയ്ക്കുന്ന പന്നിയെ ഒന്നു കിണ്ടിമറിച്ചു .
പിന്നീട് രണ്ടാം തലമുറ തമ്മിൽ അടക്കിയും, ഒന്നും മൂന്നും തലമുറകൾ ആർത്തുചിരിച്ചും വർത്തമാനം പറഞ്ഞു.
മക്കളുടെ പിന്നൊരു വരവിനു 'എന്നെ പിന്തുണക്കാൻ നീയും, നിന്നെ പിന്തുണക്കാൻ ഞാനും' മാത്രമായി കാഞ്ഞിരക്കാട്ടു കുടുംബത്തിലെ മൂത്ത കാരണവന്മാർ മാത്രമായി ഇരിക്കേണ്ടി വന്നു.
  തൊട്ടടുത്ത ആഴ്ച അവരെ രണ്ടുപേരെയും ഓൾഡേജ് ഹോമിന്റെ ഒഴിഞ്ഞ രണ്ടു കട്ടിലുകളിലേക്കു നിവർത്തികിടത്തി നിശബ്ദരായി മക്കൾ -ചെറുമക്കൾ സമൂലം സാക്ഷി നിന്നു ..
" എന്നാ പിന്നെ മൂക്കേൽ പഞ്ഞീം വെച്ച് തലക്കൊരു കെട്ടും കെട്ടി കുന്തിരിക്കോം തിരിയും കത്തിച്ചു കൂദാശ നടത്തത്തെടാ  .. പുതക്കാൻ വെള്ളമുണ്ട് ഞാൻ കൊണ്ടു വന്നിട്ടുണ്ട്."
കുര്യച്ചന്റെ ചാട്ടുളിപ്രയോഗം കേട്ട് തങ്കപ്പൻനായർ കണ്ണുമിഴിച്ചു നോക്കി. പിന്നെ പൊഴിഞ്ഞു തുടങ്ങിയ വായ തുറന്ന് ചുമരുകൾ കുലുങ്ങുമാറ്‌ ചിരിച്ചു. അതു കണ്ട് കിറുമണികളും കിലുകിലാന്നു ചിരിച്ചു. പിന്നെ യാത്രപറഞ്ഞു മുത്തച്ഛന്മാരെ കെട്ടിപ്പിടിച്ച് പഞ്ചാരയുമ്മകൾ നൽകി..
" അവരുടെ കവിളിനു ഉപ്പുരസമാണ്" എന്നവർ എയർപോർട്ടിലേക്കുള്ള വഴിയിൽ പരാതിപ്പെടുകയും ചെയ്തു.
"അവധിക്കു വരുമ്പോൾ ഓൾഡേജ് ഹോമിൽ നിന്നു അവരെക്കൂട്ടി വീട്ടിലേക്കു പോകണം, തിരിച്ചു പോരുംവരെ അവരും നമ്മുടെ കൂടെ നിന്നോട്ടെ.."
കാഞ്ഞിരക്കാട്ടു കുടുംബത്തിലെ തലമൂത്തവൻ വർക്കി പറഞ്ഞതുകേട്ടു എല്ലാവരും തലയാട്ടി..
മക്കളു പോയയുടനെ കുര്യനും തങ്കപ്പനും പുറത്തിറങ്ങി.. ഓൾഡേജ് ഹോമിന്റെ വരാന്തവഴി നടന്നു..ഒരുകാലത്ത് യുവമനസ്സുകളിൽ കോളിളക്കമുണ്ടാക്കിയ തരുണീമണികൾ എണ്ണയും കുഴമ്പും പുരട്ടി കൈകാലുകളുഴിഞ്ഞു പുത്തനഡ്മിഷനു വന്ന താരങ്ങളെ ആകെയുഴിഞ്ഞു നോക്കി.
"പെൺപിള്ളമാരങ്ങു നേരത്തേ പോയത് നന്നായി, കേട്ടോ തങ്കാ .. ഇവുടത്തെ അന്തരീക്ഷം സുലഭസുന്ദരമാ .." കുര്യച്ചനൊരു കുസൃതിച്ചിരിയോടെ പറഞ്ഞു..
"എങ്ങോട്ടാ കാമുകന്മാരു രണ്ടാളും കൂടി??" സെക്യൂരിറ്റി ഒരുവൻ മുന്നിൽ വന്നു ചാടി. " അതേയ് ആ വേലിക്കെട്ടു കണ്ടോ?.. അത്രേയുള്ളു ഇനി..!! ഇങ്ങനെ തോന്നുന്ന നേരത്തൊക്കെ നടക്കണേൽ ആയകാലത്തു മണ്ണടിഞ്ഞു പോകാണാരുന്നു "
ആ ക്രൂരമായ തമാശയുടെ കുത്തലിൽ കുര്യൻ തിരിഞ്ഞു നടന്നു.. അവനിട്ടു ഒരെണ്ണം പൊട്ടിക്കണമെന്നുണ്ടായിരുന്നു തങ്കപ്പൻ നായർക്ക്. എന്തോ ആലോചിച്ചുകൊണ്ടു അയാളും കുര്യനു പിന്നാലെപോയി..
" രാവിലെ അഞ്ചു മുതൽ ഒൻപതു വരെ ഇതിനകത്തു നടക്കാം,ഓടാം,ഇരിക്കാം.. പിന്നെ പ്രാതൽ, ടി വി കാണാം, ഉറങ്ങാം.. ഉച്ചക്കു ഒന്നുമുതൽ രണ്ടുവരെ ഊണ്.. പിന്നെ ഉറക്കം നിർബന്ധം.. വൈകിട്ട്..."
സെക്യൂരിറ്റി അത്രയുംവരെ പറഞ്ഞതേ അവർ കേട്ടുള്ളൂ..
"മുരടൻ തന്തകൾ .. ചുമ്മാതല്ല" .. സെക്യൂരിറ്റി പല്ലുപൊടിയുമാറ് കടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.
ഇനി മറ്റൊരു മനുഷ്യൻ

"നേരായ പാതയിലോടുന്നതിനേക്കാളും കയറ്റം ഓടിക്കയറുന്നതാണ് ഇത്രയും ഭാരിച്ച ശരീരം ക്ഷീണിപ്പിക്കാൻ ഏറ്റവും സഹായകമാകുന്നത്" -എൽദോ എന്ന മുപ്പതു വയസ്സുകാരൻ ട്രാക്ക്സ്യൂട്ടുമിട്ടു തുളുമ്പുന്ന ശരീരവും മുന്നേ പോകുന്ന വായറിനെയും കൂടെക്കൂടെ സ്വയം വിലയിരുത്തി ഓരോ കിതപ്പിലും മേൽപ്പറഞ്ഞ ദിവ്യവചനങ്ങൾ ഉരുവിട്ടുകൊണ്ടു കുന്ന് ഓടിക്കയറി. എഴുന്നേൽക്കുമ്പോൾ ഏഴ് മണിയാകും .പിന്നെ കാര്യങ്ങളൊക്കെ കഴിഞ്ഞു 7 .30ന് പൂർണ്ണനഗ്നനായി കണ്ണാടിക്കു മുന്നിൽ നിന്ന് അതിശക്തമായ പ്രതിജ്ഞയെടുക്കും .
"ഇന്നുമുതൽ മദ്യം, സിഗരറ്റ്,പോത്ത്,പന്നി,ചിക്കൻ,കോഴിമുട്ട,താറാമുട്ട,വറുത്തമീൻ, ('മീൻകറിയും കൂടി ഒഴിവാക്കാൻ പറ്റില്ല')  കരിപൊരി പലഹാരങ്ങൾ ,പാൽചായ,പാൽ,മോരുംവെള്ളം,ലഡു,ജിലേബി,പപ്സ് ,പെപ്സി,കോള  മുതലായവയിലേക്കുള്ള അത്യാകർഷണം ഉണ്ടാക്കുവാനോ, അതു കഴിക്കുന്നതിലേക്കായി ഉത്സാഹം കൊള്ളുന്നതിനോ ഞാൻ എന്നെ അനുവദിക്കുന്നതല്ല..സത്യം സത്യം സത്യം..
പിന്നെ ട്രാക്ക്സ്യൂട്ടിട്ട് തലേദിവസം അടിച്ചു ബാക്കിവെച്ച ബ്രാണ്ടിക്കുപ്പി ഇടുപ്പിൽ തിരുകി മുട്ടകുന്നോടികയറാൻ പോകും. ഒരു ചെറിയ റോഡ് വളഞ്ഞു പുളഞ്ഞു കുന്നിനു മുകളിലേക്കു പോകുന്നുണ്ട്, വഴിയിൽ ആകെ ഒരു ഓൾഡേജ് ഹോം മാത്രമാണുള്ളത്. ഈ കുലുക്കി ഓട്ടം കണ്ടു കളിയാക്കാൻ ആരുമില്ലാത്തിടം.. മൊട്ടകുന്നിനു മുകളിലെ പാറയിൽ ശേഷിച്ച മദ്യകുപ്പി എറിഞ്ഞുടക്കുന്നതോടെ എൽദോ പുതിയൊരു മനുഷ്യനാകും..
ഇപ്പറഞ്ഞ മൂന്ന് മനുഷ്യർ  

  "വല്ല തൂമ്പായുമെടുത്ത് പറമ്പ് കിളക്കെടാ ചെക്കാ.."
എൽദോ സഡൻ ബ്രേക്കിട്ടുനിന്നു. . തലങ്ങും വിലങ്ങും നോക്കി.
" ഇവിടെ..!! മുകളീന്നാ .."
റോഡിനോട്  ഓരം ചേർന്ന് കുന്നിടിച്ച മൺതിട്ടക്കു മുകളിൽ ഓൾഡേജ് ഹോമിന്റെ പറമ്പിൽ നിൽക്കുന്ന മാവിൻറെ ചോട്ടിൽ നിന്നു ഒരമ്മാവൻ വെളുക്കെ ചിരിക്കുന്നു. ശല്യം സഹിക്കാൻ വയ്യാതെ പിള്ളേരു കൊണ്ടുതള്ളിയ പുതിയ അവതാരമാകും..
"മോൻറെ പേരെന്നാ?? ഞാൻ കാഞ്ഞിരക്കാട്ടു ചിറ്റാലക്കേൽ കുര്യൻ, ഇവൻ കാഞ്ഞിരക്കാട്ടു തൊടിയിൽ തങ്കപ്പൻ നായർ..ഇന്നലെ വന്നതേയുള്ളു..മിണ്ടാനും പറയാനും പുറത്തൂന്ന് ആരെയും കിട്ടാണ്ടിരിക്കുവാരുന്നു. ഈ മൊട്ടക്കുന്നേൽ കാറ്റുമാത്രമേ ഉള്ളു വെളീന്നു വരാൻ.." കുര്യച്ചൻ കിണുകിണാന്ന് ചിരിച്ചു.
എൽദോ മുഖം കടുപ്പിച്ചു. . കളിയാക്കാൻ ആളിവിടേം വന്നോ?? ഇനിയേതു വഴി ഓടും??   കയറ്റം കയറിവന്നതിൻറെ ആയ്‌പ്പോട്ടു വിട്ടിട്ടുമില്ല.. അവനൊന്നും പറയാതെ മുകളിലേക്കു ഓട്ടം തുടർന്നു.
എൽദോ 'പുതിയൊരു മനുഷ്യനായി' കുന്നിൽ നിന്നും വളഞ്ഞുപുളഞ്ഞ ചെറിയ റോഡ് ഇറങ്ങിവരുമ്പോൾ കുര്യച്ചനും തങ്കപ്പൻ നായരും മാവിൻ തണലിലിരുന്ന് ഏതോ വട്ടക്കഥ പറഞ്ഞു ചിരിക്കുന്നു.
തന്നെ കളിയാക്കുന്നതാണോ എന്നോർത്ത് അവനു അരിശം വന്നെങ്കിലും ജീവിതത്തിൻറെ അങ്ങേയറ്റത്ത് ഒറ്റപ്പെട്ടുപോയ ഈ സാഹചര്യത്തിലും സന്തോഷമായിട്ടിരിക്കുന്ന അവരെ കണ്ടപ്പോൾ ചെറിയൊരു അടുപ്പം തോന്നി. അതു മുഖത്തു വരുത്താതെ തന്നെ അവനാ തിട്ടപ്പുറത്തേക്കു നോക്കി 'എൽദോ ' എന്നു വിളിച്ചു പറഞ്ഞു.കുര്യനും തങ്കപ്പൻ നായരും അവനെ നോക്കി കയ്യുയർത്തി സലാം വെച്ചു, അവൻ തിരിച്ചും..
പിറ്റേന്നു രാവിലെയും അവർ അവിടെയുണ്ട്. എൽദോ അന്നവരെ നോക്കി ഒരു ചിരി നൽകി . പുതിയ മനുഷ്യനായി കുന്നിനു മുകളിൽ നിന്ന് കിതപ്പകറ്റി തിരികെ പോരുമ്പോൾ കുര്യച്ചൻ തിട്ടക്കടുത്തേക്കു ഏന്തി വലിഞ്ഞു നിന്ന് അടക്കിയ ശബ്ദത്തിൽ അവനോടു ചോദിച്ചു
" മോനെ..നിയടിക്കുന്നേകൂട്ട് രണ്ടു പെഗ് ഞങ്ങളു ചേട്ടന്മാർക്കു താടാ.. ഒന്നടിച്ചോണ്ടു ഉണ്ടാലേ ഇവുടത്തെ ചോറിറങ്ങത്തുള്ളു .. പുകയില്ലാതെ കക്കൂസിൽ പോകാൻ രണ്ടു ദിവസം കൊണ്ട് ശീലമാക്കി .. "
തങ്കപ്പൻ കുര്യനെ നോക്കി, ഷർട്ടിൽ പിടിച്ചു പിന്നോക്കം വലിച്ചു. കുര്യൻ തങ്കപ്പൻറെ കൈ തട്ടിമാറ്റി എൽദോയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
"കർത്തവേ.. ഞാൻ മദ്യം തന്ന് നിങ്ങളെങ്ങാനും തട്ടിപ്പോയാൽ..!!"
"ഇല്ലെടാവ്വേ .. അതു കിട്ടിയില്ലേൽ ഇവുടുത്തെ ഉണക്കച്ചോറു കഴിക്കാണ്ട് ഞങ്ങളു തട്ടിപ്പോകും ..ദൈവത്തെയോർത്ത് നിനക്കാ പുണ്യപ്രവൃത്തി ഒന്നു ചെയ്തൂടെ??" തങ്കപ്പൻ നായർക്ക് വേണ്ടാന്നു പറയാനും കുര്യനെ തടയാനും പറ്റുന്നില്ല..
"അയ്യോ ..പറ്റത്തില്ല.." എന്നും പറഞ്ഞു എൽദോ വലിയ ശരീരവും കുലുക്കി താഴേക്കു നടന്നു പോയി..
അടുത്ത ദിവസം എൽദോയെ കണ്ടിട്ടു കുര്യനും തങ്കപ്പനും കുഞ്ഞുകുട്ടികളെപ്പോലെ മുഖം വീർപ്പിച്ചിരുന്നു.  എൽദോ അന്ന് കുന്നിനു മുകളിൽ ചെന്ന് പുതിയ മനുഷ്യനായില്ല.. തിരികെ അവൻ ആ മാവിനു കീഴിൽ മൺതിട്ടയുടെ അടുത്തു വന്നു നിന്നു . മുകളിലേക്കു നോക്കി വെളുക്കെ ചിരിച്ചു..കുര്യച്ചൻ തെക്കോട്ടും തങ്കപ്പൻ വടക്കോട്ടും നോക്കിയിരുന്നു ..
"ശ്..ശ്.." എൽദോ ടീഷർട്ട് പൊക്കി ഇടുപ്പിൽ ഇരുന്ന കുപ്പികാട്ടി ..
കുര്യച്ചന്റെയും തങ്കപ്പൻ നായരുടെയും മുഖത്ത് അപ്പോഴാണ് പ്രഭാതം പൊട്ടി വിടർന്നത് .
കുര്യച്ചൻ തങ്കപ്പന്റെയും കൂടി തോളിൽ കിടന്ന തോർത്ത് കൂട്ടിക്കെട്ടി പുല്ലുനിറഞ്ഞു കാടുപിടിച്ചു കിടക്കുന്ന തിട്ടയുടെ താഴേക്കിട്ടു..
'ബുദ്ധിമാന്മാർ " എന്നു ഉള്ളാലെ ചിരിച്ചു എൽദോ ആ കുപ്പി തോർത്തിൽ പൊതിഞ്ഞുകെട്ടി നൽകി.
കുര്യനും തങ്കപ്പനും എൽദോയെ കാഞ്ഞിരക്കാട്ടു ഫാമിലിയിലെ ഒരംഗമായി മാറിക്കഴിഞ്ഞിരുന്നു. അവിടെ ശീതളമായൊരു ആത്മബന്ധത്തിൻറെ വൃക്ഷം വളർന്നു പന്തലിച്ചു.
ഒരു ദൂരയാത്ര കഴിഞ്ഞു രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വളരെ ആകാംശയോടെയാണ് എൽദോ രാവിലെ ഓടാൻ പോയത്.തൻ്റെ മാങ്കോസ്റ്റിൻ ചുവട്ടിലെ പുതിയ സുഹൃത്തുകൾക്ക് നൽകാൻ ഒരു വിലകൂടിയ സമ്മാനവുമായിട്ടാണ് അവൻ കയറ്റത്തിലേക്കു കിതപ്പോടെ കയറിയത്.. സമയം എട്ടായിരിക്കുന്നു. അവരവിടെയില്ല. അരമണിക്കൂറിനു ശേഷം അവൻ തിരികെ വരുമ്പോൾ തങ്കപ്പൻ നായർ മാത്രം വിഷാദചിത്തനായി ഇരിപ്പുണ്ട്."
"ചേട്ടായി നമ്മുടെ കുര്യൻ ബഡി എവിടെ പോയി? ഇതു കണ്ടോ ഇന്നു കോളാ .. " എൽദോ ടീഷർട്ടിനടിയിലെ സ്വർണ്ണനിറമുള്ള കുപ്പി കാണിച്ചു.
തങ്കപ്പൻ നായരുടെ കണ്ണുകൾ ചുവന്നു, നിറഞ്ഞു. നിറഞ്ഞൊഴുകി ... വിറച്ച ചുണ്ടുകൾ പൊഴിഞ്ഞതിൽ ബാക്കി പല്ലുകൾ കൊണ്ട് കടിച്ചു "അവൻ പോയി " എന്നു പറഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞു..
അയാൾ എൽദോയെ നോക്കി കയ്യിലിരുന്ന പത്രം ഉയർത്തിക്കാട്ടി .. ആദ്യപുറത്തിൽ തന്നെ  കളറിൽ, റോസാ പുഷ്പങ്ങളൊക്കെ വെച്ചലങ്കരിച്ചു സ്വർണ്ണഫ്രെയിമുള്ള കണ്ണട വെച്ച് ചിരിക്കുന്ന മുഖവുമായി "കാഞ്ഞിരക്കാട്ടു ചിറ്റാലക്കേൽ കുര്യൻ (69) അന്തരിച്ചു എന്ന  വലിയൊരു കോളം ചരമവാർത്ത.
എൽദോ സ്തബ്ധനായി ഒരു നിമിഷം നിന്നു . പിന്നെ മറ്റേതോ ലോകത്തിലെന്നപോലെ താഴേക്കു നടന്നു. തൊട്ടടുത്ത ദിവസങ്ങളിൽ എൽദോ അതിരാവിലെ ഉണർന്ന് വെറുതെ കട്ടിലിൽ കിടന്നു. നഗ്നനായി നിന്നു പ്രതിജ്ഞയെടുത്തില്ല.. പുതിയ മനുഷ്യനാകാൻ കുന്നുകയറാൻ തോന്നിയതുമില്ല.. പുറത്തു മഞ്ഞു വീഴുന്നുണ്ടായിരുന്നു.
രണ്ടു ദിവസത്തിൽ കൂടുതൽ ചടഞ്ഞു കൂടിയിരിക്കാൻ ആകില്ലായെന്നു മനസ്സു കുത്തിനോവിക്കാൻ തുടങ്ങി.
കനത്ത മഞ്ഞിനെ തള്ളിമാറ്റികൊണ്ടു എൽദോ കുന്നുകയറി. ഓൾഡേജ് ഹോമിന്റെ മാവിനു കീഴിലെ ചുറ്റുതറയിലെ ശൂന്യത അവനുചുറ്റും കണ്ണുനീരിന്റെ ചെറിയൊരു മറ തീർത്തു. തിരികെ കുന്നിറങ്ങുമ്പോഴേക്കും മഞ്ഞിൻറെ  വിടവുകൾക്കിടയിലൂടെ പ്രഭാതത്തിന്റെ സുവർണ്ണകിരണങ്ങൾ മണ്ണിലേക്ക് വീണു തിളങ്ങിയിട്ടുണ്ട്. ആദ്യ വളവു തിരിഞ്ഞാൽ തന്നെ ഓൾഡേജ് ഹോമിന്റെ കെട്ടിടവും മാവിൻ ചുവടും കാണാം. എൽദോ പെട്ടെന്നു നിന്നു "കർത്താവേ എന്തായിത്? മാവിന്റെ ചുവട്ടിൽ ഉച്ചിമുതൽ പാദം വരെ വെള്ളയാൽ മൂടിയ രണ്ടു പേരിരിക്കുന്നു. അവരുടെ ചിരിയിൽ ആ കുന്നുമുഴുവൻ പ്രകമ്പനം കൊള്ളുന്നു. ആ ശബ്ദം അത് കുര്യച്ചന്റെയാണ് .. അയാളുടെ വിയോഗത്തിൽ തങ്കപ്പൻ ചേട്ടനും..?? ജീവിതത്തിൽ ആദ്യത്തെ അനുഭവം..ആത്മാക്കളെ നേരിട്ടു കാണുന്നു..അമ്മേ .." എൽദോ കണ്ണു തള്ളി.. കയറ്റം ഓടിക്കയറിയതിനേക്കാളേറെ വേഗത്തിൽ അവൻ നിന്നു കിതച്ചു.
എൽദോ വളർന്നു പടർന്ന പുല്ലുകൾക്കിടയിൽ ഒരു നിമിഷം കൊണ്ട് മറഞ്ഞു. കുത്തിയിരിക്കാൻ ശീലമില്ലാത്തവനാണേലും അങ്ങനെയിരുന്നു നടന്നു വളവു കയറി അവരുടെ കാഴ്ചവെട്ടത്തു നിന്നും മറഞ്ഞു. ഈ പരട്ട കുന്നിൽ നിന്നു താഴേക്കു പോകുവാൻ വേറെ മാർഗ്ഗവും ഇല്ല തന്നെ.. അവിടെയെങ്ങും മറ്റാരെയും കാണുന്നുമില്ല..ആത്മാക്കൾക്ക് ജീവിച്ച വീട്ടിലേക്കു പോയിരിക്കാൻ പാടില്ലേ ? ഇവിടം ഇത്ര ഇഷ്ടപ്പെട്ടു പോയോ??
കുറേ നേരം കണ്ട കാഴ്ചയിൽ നിന്നുമുൾക്കൊണ്ട ഷോക്ക് മാറാതെ ഒരേയിരിപ്പിരുന്നു .. പിന്നെ മെല്ലെ ഏന്തി വലിഞ്ഞു മാവിൻ ചുവട്ടിലേക്കു നോക്കി. ശൂന്യം !!
എൽദോ പെട്ടെന്നു ഉരുണ്ടു പിരുണ്ടെഴുന്നേറ്റു താഴേക്ക് വെച്ചു പിടിച്ചു. അവൻ മുഖം താഴ്ത്തി റോഡിൽ നോക്കിയാണ് നടപ്പ് . ഓൾഡേജ് ഹോമിലേക്കോ മാവിൻ ചുവട്ടിലേക്കോ ഒന്നുകൂടി നോക്കാൻ കണ്ണു പിടച്ചെങ്കിലും അവൻ ബലമായി പിടിച്ചു നിർത്തി. സെക്യൂരിറ്റി ഗേറ്റിനടുത്തെത്തിയപ്പോൾ കുര്യച്ചന്റെ പൊട്ടിച്ചിരി വീണ്ടും , അവനൊരു  മൂത്രശങ്കയുണ്ടായോ എന്നൊരു സംശയം..
"എടാ പേടിതൂറി എൽദോച്ചായാ .."
കുര്യച്ചന്റെ ശബ്ദം
ആ തണുപ്പത്തും അവൻ്റെ ചെവിക്കു ചുറ്റും ചൂട് വന്നു നിറഞ്ഞു. വിയർപ്പ് പടപടാന്നു പൊടിഞ്ഞു. അവൻ്റെ കാലുകൾക്കു അനങ്ങാൻ കഴിഞ്ഞില്ല. എന്തും വരട്ടെയെന്നു കരുതി അവൻ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി. അവൻ്റെ മിഴികൾ വട്ടം കറങ്ങി നിന്നു .
കുര്യച്ചനും തങ്കപ്പൻ നായരും തലവഴി വെള്ളതോർത്തൊക്കെയിട്ട് വെളുക്കെ ചിരിച്ചു നിൽക്കുന്നു. മുഖത്തിനു ഭയങ്കര തേജസ്സാണ് ..
" ഹ ബഡീ .. ഇങ്ങട്ടു വന്നേ..പേടിക്കണ്ടാ .." കുര്യച്ചന് ചിരി അടക്കാൻ കഴിയുന്നില്ല .. ആ ശബ്ദം അവിടം മുഴുവൻ മുഴങ്ങി .. അത് കേട്ടു പുറത്തിറങ്ങി അതിഗൗരവത്തിൽ വന്ന സെക്യൂരിറ്റിക്ക് കാര്യം പിടികിട്ടിയില്ലയെങ്കിലും കുര്യാച്ചൻറെ കാട്ടായത്തിൽ അയാളും ചിരിച്ചു പോയി.
"ഓ..അയാൾക്കും കാണാൻ കഴിയുന്നുണ്ട്..ഭാഗ്യം !! അപ്പോൾ ആത്മാക്കളല്ല !!"
പേടി കുറഞ്ഞു തുടങ്ങിയ എൽദോ ഒരു ഇളിഞ്ഞ ചിരി വരുത്തിക്കൊണ്ട് ഗേറ്റിനരികിലേക്കു ചെന്നു .
" എന്നാലും തങ്കപ്പൻ ചേട്ടാ.. എന്നാ കരച്ചിലായിരുന്നു?? ഞാനങ്ങു വിശ്വസിച്ചു പോയി "
"ഹ ..ഇവൻ കരഞ്ഞോ?? പൊട്ടൻ " കുര്യച്ചൻ തങ്കപ്പൻ നായരുടെ കവിളില് തട്ടിക്കൊണ്ടു പറഞ്ഞു
"എടാ ഉവ്വേ സത്യത്തിൽ ഞാൻ അന്തികൂദാശ കഴിഞ്ഞിട്ടു കുഴിവരെ പോയിട്ട് തിരിച്ചു വന്നതാ..!!കഴിഞ്ഞ ദിവസം ഒരു നെഞ്ചുവേദന.. തളർന്നു വീണുപോയി. ഇവിടുള്ളോരു ആംബുലൻസിലെടുത്തിട്ടു ആശുപത്രിയിൽ കണ്ണാടിച്ചില്ലിനകത്തിട്ടു . എൻറെ പിള്ളേരു കുഞ്ഞിനാളിൽ വീണാൽ എഴുന്നേറ്റു ഓടി നടക്കുംവരെ ഉറക്കം വരത്തില്ല എനിക്ക്.. എനിക്കെന്നല്ല ആർക്കും.. അങ്ങനെ തിരിച്ചു നോക്കാമെന്നു വാക്കുതന്നിട്ടാ ഇവിടെ കൊണ്ടിട്ടത്.. മരിച്ചുപോയ ത്രേസ്യാ, അവരുടെ അമ്മച്ചിയെ കാണുന്നെടാ ഞാനും അങ്ങോട്ടേക്കു പോകുവാടാ എന്നും പറഞ്ഞു മക്കളെ വിളിച്ചത് അത് കൊണ്ടാ.. വരട്ടെ അവറ്റകൾക്കൊക്കെ ഇതിനും മാത്രം എന്തായിത്ര തിരക്ക്? പക്ഷെ ഒരു പണി ഞാൻ വിചാരിച്ചതിലും മേലേയാ വർക്കി തന്നത്!!.. എൻ്റെ മൂത്തവനേ ..അവൻ അവുടുന്നേ , അങ്ങ് യൂ എസ് ഏ ന്നു നമ്മുടെ നാട്ടിലെ പത്രങ്ങളായ പത്രങ്ങളിലൊക്കെ ചരമക്കോളം അച്ചടിപ്പിച്ചു,പള്ളീൽ വിളിച്ചു ആശുപത്രിയിൽ വെച്ച് തന്നെ അടിയന്തിര അന്ത്യകൂദാശ നൽകി, കുഴിവെട്ടാൻ ആളും,കല്ലറകെട്ടാൻ മാർബിളും ,ശവപെട്ടിയും വരെ ഓർഡർ ചെയ്തു കളഞ്ഞു. പിറ്റേന്നു ഫ്ലൈറ്റ് പിടിച്ചു എന്റെയടുത്തെത്തുമ്പോൾ ഞാൻ സ്വച്ഛന്ദം സുഖലോലുപനായി ടി വി യിൽ 'കമ്മീഷണർ' സിനിമയും കണ്ടിരിക്കുന്നു. പത്രങ്ങളായ പത്രങ്ങളിൽ നിന്നും കണ്ടറിഞ്ഞും  കേട്ടറിഞ്ഞും എല്ലാരും വീട്ടിലേക്കും ആസ്പത്രിയിലേക്കും പാഞ്ഞു വന്നു. ഈ ഓൾഡേജ് ഹോമിൽ കൂടെകിടന്നുറങ്ങിയ ഇവനെ മക്കളുടെ അനുവാദമില്ലാതെ കൂടെ വരാൻ ആംബുലൻസിൽ പോലും കയറ്റിയില്ല, പിന്നെങ്ങനെ ഇവിടുള്ളവരറിയുന്നു ഇതൊക്കെ.. പത്രത്തിലാണേൽ കളർ ഫോട്ടോയും വന്നു. ആ വിഷമത്തിൽ ഇവരാരും പിറ്റേന്നു വന്ന "തിരുത്ത്" കോളം കണ്ടില്ല- 'മരിച്ചില്ല ..മരിക്കാൻ പോണേയുള്ളുവെന്ന് " കുര്യച്ചൻറെ സ്വതസിദ്ധമായ പൊട്ടിച്ചിരി വീണ്ടും മുഴങ്ങി .
എൽദോയും തങ്കപ്പൻ നായരും സെക്യൂരിറ്റിയും നിശബ്ദരായി നിന്നു .
"പിള്ളേരു പിന്നെയൊന്നു പൊട്ടിത്തെറിച്ചു കൊല്ലാൻ നോക്കി .." കുര്യാച്ചൻറെ തൊണ്ടയിടറി .." കർത്താവിനറിയാം ഇനീപ്പോ ഇവനു ഞാനും ,എനിക്കു ഇവനും മാത്രേയുള്ളുവെന്നു..അപ്പൊ പിന്നെ ഇനി പറമ്പിൽ കുഴിയെടുക്കുമ്പോൾ അതും ഒരുമിച്ചു മതീലോ ??"
കുര്യച്ചന്റെയും തങ്കപ്പൻ നായരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.. അവർ തോർത്തുമുണ്ടഴിച്ചു കണ്ണീരുതുടച്ചു ചേർന്നു നിന്നു, പിന്നെ കണ്ണീരുവന്നു കാഴ്ചമറഞ്ഞു നിന്ന എൽദോയോട് രഹസ്യത്തിൽ പറഞ്ഞു
" ഞാനറിഞ്ഞു, ആ സ്വർണ്ണ നിറമുള്ള സാധനം .. നാളെ മറക്കണ്ട.. ഞങ്ങളു പഴയ മനുഷ്യരു തന്നെയാ മോനേ .."
 കാഞ്ഞിരക്കാട്ടു ചിറ്റാലക്കേൽ കുര്യനും തൊടിയിൽ തങ്കപ്പൻ നായരും തോളോടു തോൾ ചേർന്ന് മഞ്ഞിനകത്തേക്കു മറഞ്ഞു.

No comments: