Tuesday, March 25, 2014

ഇസ്തിരിപ്പെട്ടി (തേച്ചു വടിയാക്കിയ കഥകൾ )

 തോർത്തുമുണ്ട് ( കാലഘട്ടം :  B M  : before mobile)

കഥ നടക്കുന്ന കാലം നമ്മളീ ഓടുന്ന കാലമല്ല , നമ്മൾ സമാധാനമായി നടന്ന കാലമാണ്..കഥാപാത്രങ്ങൾ നമുക്കു  ചുറ്റുമുള്ളവരും,ഗ്രാമവും, നമ്മളുമൊക്കെ തന്നെയാണ് .. പേരുകൾക്ക് പകരം gender തിരിച്ചു new
generation- ലേക്കു  ആക്കിയെന്നു ഓർത്തു കൊള്ളുക .

                ആണൂസിന്റെ നാട്ടിലൂടെ ചരിത്രത്തിൽ ആദ്യമായി ഒരു കോമളന്റെ ബൈക്കിനു പുറകിൽ കാലുകൾ ഇരു വശത്തേക്കുമിട്ടു, അരയ്ക്കു മുകളിലേക്കു കീറിയ , ജനാലകൾ മലക്കെ തുറന്നിട്ട  ചുരിദാറണിഞ്ഞ്  ഒരുവൾ വിശാലാക്ഷിയായി കാറ്റിൽ ഷാൾ പറപ്പിച്ചുകൊണ്ടുപോകുന്ന കാഴ്ച കണ്ട് വാ പൊളിച്ച വായ്നോട്ടക്കാരൻ പയ്യൻസ്  ഓടി അടുത്ത STD ബൂത്തിൽ കയറി .
                      'ക്രിങ്ങ് ക്രിങ്ങ്......... ക്രിങ്ങ് ക്രിങ്ങ് '

            നേരം പര പരാ വെളുത്തിട്ടു ഒരു അഞ്ചു മണിക്കൂർ ആയിക്കാണും , സൂര്യൻ ഏകദേശം ഉച്ചയൂണ് കഴിക്കാൻ പോകുന്ന വഴിയാണ് ..

                           ഇസ്തിരിപ്പെട്ടി  ചൂടാക്കി ഷർട്ട്‌ തേച്ചു മിനുക്കുന്ന ആണൂസ് ഒന്നെത്തിനോക്കി . ആരും ഫോണെടുക്കുന്നില്ല .
      ഈ വീട്ടിലൊരു ഫോണ്‍ വന്നാൽ എടുക്കാനാരുമില്ല !! എന്തൊരു കഷ്ടമാണെന്നു നോക്കണേ !!

ഫോണ്‍  ബെല്ലടിച്ചു ബെല്ലടിച്ചു മടുത്തു, അതു  സ്വയം നിൽക്കുമെന്നായപ്പോ പകുതി തേച്ച ഷർട്ട്‌ അങ്ങനേ വെച്ച് ആണൂസ് ചാടികേറി പാഞ്ഞു പറിച്ചു ഓടി ചെല്ലുമ്പോഴേക്കും ആണൂസിന്റെ 'അപ്പൻ ' തമ്പുരാൻ ഫോണെടുത്തു കഴിഞ്ഞു  ..
                                        ' ടക്  റ്റൊക് "  .
        'ഇത് കുറച്ചു കൂടി നേരത്തേ  ആവരുതോ )))) '- ന്നും മനസ്സിൽ വിചാരിച്ചു കൊണ്ട് ABS സിസ്റ്റം ഇല്ലാത്ത ബ്രേക്കിന്മേൽ  നില്ക്കാൻ  നോക്കിയ ആണൂസ്  ഇടിച്ചു - ഇടിച്ചില്ല എന്ന രീതിയിൽ അപ്പൻറെ കഷണ്ടിത്തലയിൽ കാറ്റുവീശി  ജനാലപ്പടിയിൽ സ്ക്രാച് വീഴാതെ ഞെരിഞ്ഞു നിന്നു .
                      പഴയകാല നായികമാരെ കണ്ണുരുട്ടി പേടിപ്പിക്കുന്ന ഉമ്മറിനെ അനുസ്മരിപ്പിക്കും വിധം അപ്പനൊരു നോട്ടം  കൊടുത്തു . കുളികഴിഞ്ഞു ഈറൻ മാറാതെ പൃഷ്ഠ കഷ്ട ഭാഗങ്ങളിൽ ഒട്ടി നില്ക്കുന്ന,  ചുരുട്ടി വെച്ചാൽ മാത്രം 3/4 കനത്തിലെത്തുന്ന കണ്ണാടി നേർമ്മയുള്ള തോർത്ത്മുണ്ട് ആണൂസ് ഒന്ന് കൂടി ഒതുക്കി ഒട്ടിച്ചു അപ്പൻറെ പിന്നിലേക്ക്‌ വലിഞ്ഞു .
                   
                      ഫോണിൽ ഹലോ  പറയും മുമ്പേ അപ്പുറത്തുനിന്നു നിലവിളി

" എഡാ .. ആണൂസേ ..നീയാ റോഡിലേക്കിറങ്ങിയൊന്നു പെട്ടെന്നു നോക്കിക്കേ .. ഒരുവൾ കാലും കവച്ചുവെച്ചു കീറിയ ചുരിദാറുമിട്ടു ബൈക്കേൽ പോകുന്നെടാ .."

                 ആണൂസിന്റെ അപ്പൻ ഒരക്ഷരം  മിണ്ടാതെ ഫോണ്‍  വെച്ചു ധൃതിയിൽ പുറത്തേക്കിറങ്ങി .എന്താണു സംഭവിച്ചതെന്നറിയാതെ ആണൂസ് ഫോണിലേക്കും അപ്പൻറെ തലതിരിഞ്ഞ കഷണ്ടിയിലേക്കും നോക്കി , അത് വെയിലേറ്റു നന്നായി തിളങ്ങുന്നുണ്ട് .
                                    അവന്റെ അപ്പൻറെ കാലുകൾ മുറ്റത്തു നിന്നില്ല , അതു നേരെ റോഡിലേക്കു പോയി.
              ആണൂസ് ഈരേഴു പതിന്നാലു ലോകങ്ങളും കാണ്‍കുമാറാകണം തോർത്തുമുണ്ടുമുടുത്ത് ഇറയത്തേക്കിറങ്ങി. കൗമുദി പത്രമെടുത്തു തോർത്തിനുള്ളിലൂടെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കടന്നു കയറ്റത്തെ മറച്ചു പിടിച്ചു , മുറ്റത്തേക്കിറങ്ങി ..

                                      "ഗു ഡു ... ഗു ഡു.. ഗു ഡു  "

                            ..... മിന്നൽ വെട്ടം പോലെ ആ സീൻ കടന്നു പോയി ....
   അപ്പൻറെ -തിളങ്ങുന്ന കഷണ്ടി തലയും ,  തൊട്ടു പിന്നിലെ മുടി നിറഞ്ഞു കാടു പിടിച്ച ആണൂസിന്റെ തലയും ന്യൂട്ടന്റെ സിദ്ധാന്തം പോലെ ഒരേ ആവേഗത്തിൽ ( ആവേശത്തിലാണ് ശരി ) ആ കാഴ്ചയെ പിന്തുടർന്നു .
                    നിരാശാ ബോധത്തോടെ  " ഹാ !!" എന്ന് പറഞ്ഞു തിരിഞ്ഞ അപ്പൻ തമ്പുരാൻറെ മകനെന്ന നിലയിൽ ആണൂസും തിരിഞ്ഞു . പക്ഷെ ആ ആക്ഷനും റിയാക്ഷനും തമ്മിൽ രണ്ടു സെക്കൻറ് വ്യത്യാസം ഉണ്ടായി. ( പ്രായം കണക്കിലെടുക്കണം ), അപ്പൻ തിരിഞ്ഞു നോക്കുമ്പോൾ മകൻ തിരിഞ്ഞു തുടങ്ങുന്നതേ ഉള്ളൂ ..
           അപ്പൻറെ ക്ലാസിക്കൽ കണ്ണുരുട്ടൽ കാണ്ക വയ്യാതെ കയ്യിലിരുന്ന കൗമുദി പത്രം ആണൂസ് മുഖത്തിനു നേരെ പിടിച്ചു..
          "വേലിയിലിരുന്ന പാമ്പിനെയെടുത്ത് എവിടെങ്ങാണ്ട് വച്ചപോലെ .."
                         അണ്ടകടാഹങ്ങളെ ഉണർത്തിവിട്ട തോർത്ത്‌മുണ്ട്‌ reflection and refraction സംഭവിപ്പിച്ചു കൊണ്ട്  കഷണ്ടിയുടെ താഴെ ഉദിച്ചു നിന്ന കണ്ണുകളിൽ പതിഞ്ഞുവെന്നു സാരം..
 
തേച്ചു വടിയാക്കാൻ വെച്ച ഷർട്ട്‌ കരിഞ്ഞ മണം അന്തരീക്ഷത്തെ കറക്കിയെറിഞ്ഞ് അവരുടെ ഇടയിലേക്ക് ഒഴുകിയെത്തി ...
                                                    ( ഇതിങ്ങനൊന്നും തീരത്തില്ല  ... )