Saturday, February 28, 2015

മുദ്രമോതിരം

നീലയും പച്ചയും  മഞ്ഞയും ചുവപ്പും കറുപ്പും നിറങ്ങളിൽ അനേകം ശവമഞ്ചങ്ങൾ , ഓരോന്നിനും ചേരുന്ന നിറങ്ങളിൽ റോസാപുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു , മഞ്ഞും നിഴലും കൊണ്ടിരുണ്ട്,  ആയുസ്സൊഴിഞ്ഞ  ഇലകൾ പൊഴിഞ്ഞു വീണു കൊണ്ടേയിരിക്കുന്ന തീർത്തും വിജനമായ വഴിയിലൂടെ  തൂവെള്ള നിറത്തിൽ പണി കഴിപ്പിച്ചൊരു ശവമഞ്ചം ആരൊക്കെയോ ചേർന്നു കൊണ്ടു വന്നു , അരികിലെക്കെത്തുംതോറും ചുമക്കുന്നവർക്കു കൈകൾ മാത്രമായി .. ശവമഞ്ചം നിലത്തു വെച്ച ശേഷം തിരിഞ്ഞു പോകുമ്പോളവർക്ക് കാലുകൾ മാത്രമായി .. ആ വെളുത്ത ശവമഞ്ചത്തിനു ചുറ്റും റോസാ പൂക്കൾ വിരിഞ്ഞു , അതിന്റെ മൂടി മെല്ലെ മാറി , തിളങ്ങുന്ന കിരീടമേന്തി പാറി നില്ക്കുന്ന wedding dress -ൽ  അവൾ ഉയർന്നു വന്നു . അവളുടെ വലം കരത്തിലെ മോതിര വിരലിൽ മിന്നുന്ന മഞ്ഞലോഹത്തിൽ "jose " എന്ന് നാമകരണം ചെയ്തിരിക്കുന്നു. അവൾ കൈകളിൽ ചേർത്തുപിടിച്ച റോസാചെണ്ടിലെ മുള്ളുകൾ കുത്തി ചോരപൊടിഞ്ഞു വീണുതുടങ്ങി .. അവൾ ആ പൂച്ചെണ്ട് അവനു നേരെയെറിഞ്ഞു .
           ജോസൂട്ടൻ ഞെട്ടിഎഴുന്നേറ്റു , അവന്റെ തല ട്രെയിൻൻറെ റൂഫിലിടിച്ചു 'ടോക് '
. 3 a/ c കമ്പാർട്ട്മെന്റിലെ  upper ബർത്ത് -ൽ  എത്രയോ നേരമായി ബോധം കെട്ടുറങ്ങുകയായിരുന്നുവെന്നു മാത്രം അവൻ ഓർത്തു . എവിടെയെത്തിയെന്നറിയാൻ അവൻ താഴേക്കു നോക്കി , .. വെണ്ണയിൽ കടഞ്ഞെടുത്ത ശിൽപം ആരേലും താഴേ ബർത്തിൽ കിടത്തിയതെന്നു തോന്നിക്കും  വിധത്തിലൊരു  അതി സുന്ദരി .. അലസമായി കിടന്നുറങ്ങുന്ന അവളിൽ നിന്നു കണ്ണെടുക്കാൻ കഴിയുന്നില്ല .. ജോസൂട്ടൻ മെല്ലെ താഴെയിറങ്ങി .. അവളുടെ മോതിരവിരലിൽ ഒരു engagement ring , തള്ള വിരലിൽ മറ്റൊരെണ്ണം , രണ്ടിലും പേരു കൊത്തിയിട്ടുണ്ട്‌ .. ജോസൂട്ടൻ സ്വന്തം വിരലുകളിലേക്കു നോക്കി .. 2 മുദ്രമോതിരങ്ങൾ ..        
    നാട്ടുനടപ്പനുസരിച്ച് പെണ്ണുകാണൽ കഴിഞ്ഞു 'ok' പറഞ്ഞാൽ പിന്നെ ചെക്കനും പെണ്ണും മറ്റാരുടെയോ നൂലിൽ കോർത്ത പാവകളാണേ .. ജുവല്ലറിയിൽ ഇരിക്കാൻ പോയിട്ട് ഒന്നു നിൽക്കാൻ പോലും സ്ഥലം കിട്ടാത്ത അവസ്ഥയാണ് , ഇതിപ്പോ അതി സാഹസികവും, അത്യന്തം ഗുരുതരവും,  കുരുത്തംകെട്ടു  തലതിരിഞ്ഞതുമായ പ്രണയാഭിലാഷത്തിൻറെ മോതിരം മേടിക്കലാണല്ലോ.
കഥ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല ,. അല്ലാന്ന് .
പണ്ട് ജോസൂട്ടൻ കുഞ്ഞു നിക്കറും കൊച്ചുടുപ്പുമിട്ടു സ്കൂളിൽ പോണ കാലം .
പോകുന്ന വഴിക്ക്  ചെരിഞ്ഞു നിന്നു ആസ്വദിച്ച് ഒന്നു മുള്ളി തുടങ്ങിയതാ .. അപ്പൊ ദേ പുറകീന്നൊരു കിളിനാദം
"  ചെക്കനു നാണമില്ലേ .."
ഒരു കള കളാന്നുള്ള ചിരിയും, മുള്ളൽ കലയുടെ ആസ്വാദനത്തിനിടയിൽ കണ്ണുകളടഞ്ഞു പോയാരുന്നു ..  അവളാണേൽ വാ പൊത്തി ചിരിച്ചോണ്ട് പോകുന്നു .. കർത്താവേ അവളു കണ്ടോ ? അവളോട്‌ തന്നെ ചോദിക്കാം ..

     " മീനുവേ നീ എന്തേലും കണ്ടാരുന്നോ ??"
അവൾക്ക് പിന്നെയും ചിരിയും നാണവും
പിന്നെ എവിടെ വെച്ച്  ഒറ്റയ്ക്ക് കിട്ടിയാലും ജോസൂട്ടന് അവളോട്‌ രഹസ്യമായി  "നീ കണ്ടാരുന്നോ ??  എന്നു മാത്രമേ ചോദിക്കാനുള്ളു .. അവളാണേൽ ചിരിക്കുകയല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല ..
അവസാനം 10 -)o  ക്ലാസ്സിൽ, ആട്ടോഗ്രാഫിൽ അവസാനത്തെ പേജിൽ അവളെഴുതി
 " ഞാൻ കണ്ടാരുന്നു "
അത്രയും നാൾ പുറം ലോകമറിയാതെ അവൾ മനസ്സിൽ സൂക്ഷിച്ച ആ രഹസ്യം, ആ 'ദൃസാക്ഷിത്വം'  ജോസൂട്ടനെ തോല്പിച്ചു കളഞ്ഞു .  ജോസൂട്ടൻ ആ പേജ് കീറി ആട്ടോഗ്രാഫിൻറെ ഏറ്റവും മുന്നിൽ വെച്ചു,  അവന്റെ മനസിലും ജീവിതത്തിലും അവളെയും ..
വർഷങ്ങൾ 4-5 കഴിഞ്ഞു , പ്രേമം മൂത്ത് മൂത്ത്‌ തലയ്ക്കു പിടിച്ചപ്പോൾ വീട്ടിൽ പറഞ്ഞു , well .. as usual .. മീൻ 'കീറി'ക്കൊണ്ടിരുന്ന അമ്മയുടെ വക ഒരാട്ടും 2 തുപ്പും .. അതു കയ്യോടെ മേടിച്ചു തിരിഞ്ഞതെയുള്ളൂ .. ദേ നില്ക്കുന്നു അപ്പൻ വായ നിറച്ചും തുപ്പലും കൊണ്ട് ..
" മുറ്റത്ത്‌ തുപ്പരുത് ..." എന്ന അമ്മയുടെ ആക്രോശം കേട്ട്   തുപ്പാൻ തുടങ്ങിയ അപ്പൻറെ വായ നിറഞ്ഞ so called saliva എന്ന ദ്രവം താടിവഴി, നെഞ്ചിൻകൂടു വഴി ചാലിട്ടൊഴുകി  തറയിൽ വീഴിക്കാതെ എത്ര കഷ്ടപെട്ടാ ആ പാവം  പുറത്തു ചാടി പറമ്പിൽ കൊണ്ടു നിക്ഷേപിച്ചത് ..എന്തായാലും അവസ്ഥ അതായതിനാൽ  'ആട്ടാ'നുള്ള ശബ്ദവീചികൾ അപ്പനിൽ കൃത്യമായി പ്രവർത്തിച്ചില്ല എന്നാശ്വസിക്കാം . 'ഭ പുല്ലേ.. " എന്നു പറഞ്ഞു സുരേഷ്ഗോപി  സ്റ്റൈലിൽ ഒരു ഗമണ്ടൻ dialogue  പ്രതീക്ഷിച്ചതാ .. പുള്ളി പക്ഷെ പറമ്പീന്നു  നേരെ കുളിക്കാൻ പോയി .. ദേഹം മുഴുവൻ ഉമിനീരു തേച്ചു കുളിക്കുന്ന അപ്പനെയും അന്നാദ്യമായി കണ്ടു .
" അവനവളുടെ പേരു പറഞ്ഞതേയുള്ളൂ .. ഹും .. ഞാൻ കുളിക്കേണ്ടി വന്നു, ഇങ്ങനാണേൽ അവളിവിടെ കാലുകുത്തിയാൽ നിയൊക്കെ എന്നെ കുളിപ്പിക്കേണ്ടി വരുമല്ലോടാ  " കുളികഴിഞ്ഞെത്തിയ പാടെ നേരത്തെ pause അടിച്ചു വെച്ചിരുന്ന dialogue കിട്ടി.
 അപ്പന്റെ കയ്യിലിരിപ്പിനു ഒന്നു കുളിച്ചാലും ബാക്കിയുള്ളവനാ കുറ്റം. അല്ല കുളിക്കുന്നത് ഇത്ര വല്യ തെറ്റാ ..??
എങ്ങനെയും അവളെ സ്വന്തമാക്കണം .. അതൊരു വാശിയാ .. നല്ല നസ്രാണിയുടെ നന്മയുള്ള വാശി .. കിട്ടിയ സർട്ടിഫിക്കറ്റ് എല്ലാം വാരികൂട്ടി നേരെ വെച്ചു പിടിച്ചു ബംഗ്ലൂരിന്.
   അതിരുകൾ നിശ്ചയിക്കപെട്ടിട്ടില്ലാത്ത അണ്ടകടാഹത്തിലെ അതിരുകൾ മാത്രമായി നിലകൊള്ളുന്ന , അതിർത്തികൾക്കായി തോക്കും , വാക്കത്തിയും , ബോംബും , തെറിയും , ആട്ടും , തുപ്പും , തൊഴിയും , തൊഴിലില്ലായ്മയും ,കൂടോത്രവും , ഗുണ്ടായിസവും , പെറ്റെൻടെടുത്ത് അളന്നു കുറിച്ച് വരച്ചു മില്ലിമീറ്റെർ ഒന്നങ്ങോട്ടോ  ഇങ്ങോട്ടോ മാറാത്ത ഭൂമിയിലെ ചൂടുപിടിച്ചു പൊടിനിറഞ്ഞ മെട്രോനഗരത്തിന്റെ ഇട്ടാവട്ട കോണൂകളിലോന്നിൽ പുറം തുടച്ചാലും തുടച്ചാലും കണ്ണാടി വൃത്തിവരുന്നില്ലന്നു കണ്ണുരുട്ടുന്ന മാനേജറിരുന്നു കറങ്ങുന്ന ശീതികരിച്ച ജ്വെല്ലറിയിൽ  engagement ring നിരത്തിയ ട്രേയ്ക്കു മുന്നിൽ രാജാവിനെപ്പോലെ ജോസൂട്ടൻ കീശനിറച്ചും കാശും, ഇരുപുറവും സന്തത സഹചാരികളുമായി ഇപ്പോ ദേ അവളെ കെട്ടാൻ മോതിരവും താലിയും മേടിക്കാൻ ഇരിക്കുന്നു ..
     ജോസൂട്ടൻ മോതിരത്തിലേക്ക് നോക്കി , പേരെഴുതി ഇരുപുറവും കല്ലുകൾ പിടിപ്പിച്ച ഒരു സിമ്പ്ലൻ ..
" എൻറെ ചെറുവിരലിന്റെ അളവിൽ എടുത്തോളൂ ജോസ് എന്നു  പേരു കൊത്തി , പിന്നെ  മീനു എന്നു എഴുതിയ ഒരെണ്ണം എൻറെ മോതിരവിരലിനു പാകത്തിൽ "
(അടുത്ത ദിനം )
ചുവന്ന വെൽവെറ്റിൽ പതിപ്പിച്ച മോതിരവും ഒരു ചെറുതാലിയുമായി ജോസൂട്ടനും സന്തതസഹചാരികളും ട്രെയിനിലേക്ക്‌ കയറി.
" ചോര ചോര ചെഞ്ചോര , ചോരച്ചാലുകൾ നീന്തിക്കയറിയ വിപ്ലവ പ്രണയമിതൊരെണ്ണം കണ്ടോളു " സന്തതസഹചാരികൾ ജോസൂട്ടന്റെ  ആവേശം കണ്ടു ഞെട്ടി.
" ഞെട്ടണ്ടാ .. നാളിതുവരെ തുടർന്നുവന്ന നാട്ടുപ്രമാണങ്ങളും കപടചിന്താഗതികളും മറികടന്ന് , ജാതിയിലും കെട്ടിട്ടു വച്ചിരിക്കുന്ന ഗാന്ധിയൻ നോട്ടുകളിലുമല്ല പ്രണയം എന്നു തെളിയിക്കാൻ , കണ്ണു മൂടികെട്ടി നടക്കുന്ന സമൂഹത്തിനു മുന്നിൽ കാഴ്ചകളെ വേണ്ടുവോളം ആസ്വദിക്കാൻ അവകാശമുണ്ടെന്ന് ഈ തലമുറയെ കാട്ടിക്കൊടുക്കാൻ കിട്ടുന്ന അവസരം .."
 ഇത്രയും പറഞ്ഞു ജൊസൂട്ടൻ 5 തവണ നന്നായി ശ്വാസം വലിച്ചുവിട്ടു ..
എന്നിട്ട് കിതപ്പോടെ പറഞ്ഞു  " എല്ലാറ്റിനുമുപരി അവളെൻറെ സ്വന്തമാകുന്നു ഹാവൂ .."
"എടേ ജോസേ .. നിനക്കു മലയാളൊക്കെ അറിയാമല്ലേ ...  ഹ ഹ ഹ .." സഹചാരികൾ  ചിരി തുടങ്ങി , വണ്ടി നീങ്ങിത്തുടങ്ങി ..
ജൊസൂട്ടൻ വീണ്ടും വീണ്ടും വികാരാധീതനായി ..
" എൻറെ  നഗരമേ നന്ദി .. നിന്നിലെ തിരക്കുകളിലേക്കു ഇന്നലെ എത്തിപെട്ടതുപോലെ തോന്നുന്നു , ഒന്നുമില്ലായ്മയുടെ വരണ്ട ഭൂമിയിൽ  ജീവിതം കെട്ടിപ്പെടുക്കാൻ നിന്റെ പൊള്ളുന്ന ചൂടും , പൊടിയും , തിരക്കുമാണ് സഹായിച്ചത് .. നാളെ ഞാൻ അവളെയും കൊണ്ട് മറ്റൊരിടത്തേക്ക് പോയാലും ഒരിക്കലും നിന്നെ ഞാൻ മറക്കില്ല .. ഒരിക്കൽ കൂടി നന്ദി നഗരമേ .."

" എടാ നീ പറഞ്ഞ സാമുവലച്ചൻ   എല്ലാം റെഡിയാക്കുമല്ലോ അല്ലെ ?" സഹചാരികൾ ഇടപെട്ടു ..
ജോസൂട്ടന്റെ സ്വന്തം ക്ലാസ്സ്‌മേറ്റ്‌ കം ബെഞ്ചുമേറ്റ്‌ ചട്ടമ്പി സാമുവൽ ഇപ്പൊ പള്ളിം പട്ടക്കാരുമായിട്ടു കണ്ണൂരിലൊരു ഗ്രാമത്തിലുണ്ട് .നേരെ അങ്ങോട്ടു ചെല്ലാനാണ് പറഞ്ഞത് , അവൾക്കുള്ള എല്ലാ സൗകര്യങ്ങളും അവിടെ സജ്ജമാണ് .ജോസൂട്ടൻ watsap തുറന്നു കാണിച്ചു .
" ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒന്നായ കർത്താവിനു മുന്നിൽ തന്നെ നിൻറെ കല്യാണവിപ്ലവവും അരങ്ങേറട്ടെ ..ഈ ഗ്രാമത്തിലുള്ള നല്ല മനുഷ്യർ , അവർ നിങ്ങൾക്കായി വീഞ്ഞും , കേക്കും , പൊട്ടിയും, കപ്പയും (അല്പം വാറ്റും ) തയ്യാറാക്കുന്നുണ്ട് .. വിജയത്തിൻറെ ഉടവാളുയർത്തി നിനക്കവളെ സ്വന്തമാക്കാം ..വർഷങ്ങൾക്കു ശേഷം എൻറെ ബെഞ്ച്‌മേറ്റ്‌നെ കാണുകയും ചെയ്യാം .."
" അച്ചൻ ആളു പുലിയാണ് കേട്ടാ "

ജോസൂട്ടൻ പുതിയ f b സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്തു
" അങ്ങനെ ഒരു പെണ്ണിൻറെ നാഡിഞരമ്പാവേഗങ്ങളിലേക്ക് മരണം വരെ ബന്ധിക്കപ്പെടാൻ പോകുന്നു "
അവളുടെ സ്റ്റാറ്റസ് " getting engaged" എന്നായി , ഇത്രയും എതിർപ്പുകൾക്കിടയിൽ അവൾ ഇങ്ങനെയൊരു സ്റ്റാറ്റസ് ഇട്ടതിൽ ജോസൂട്ടൻ ഒരുപാട് സന്തോഷിച്ചു .

കണ്ണൂർ റെയിൽവേ സ്റ്റെഷനിലെ  2nd platform ൽ  ജോസൂട്ടനെയും സന്തതസഹചാരികളെയും കാത്തു സാമുവലച്ചൻ അയച്ച ജീപ്പിന്റെ  സാരഥി റോയിച്ചൻ  ഉണ്ടായിരുന്നു. അവർ അവളെ കാത്തു നിന്നു .
 സമയം നിഴലുകളെ വരച്ചു കളിച്ചു , വികൃതമായ കാൻവാസുകളായി അവ നീണ്ടും കുറുകിയും പടർന്നു .. നിന്നു നിന്നു കാലുകഴച്ചു റോയിച്ചൻ നിന്ന കാലേൽ ഒറ്റ ചോദ്യം " നിനക്ക് അവൾടെ വീടറിയോ ?"
 ചന്ദന നിറമുള്ള ഷർട്ടും ചുവന്ന നിക്കറുമിട്ടു അവളോടൊപ്പം നടന്ന സ്കൂൾ വഴിയിലൂടെ  ജീപ്പ് മുന്നിലേക്കും  ഓർമ്മകൾ പിന്നിലെക്കുമോടി .. അടഞ്ഞു കിടക്കുന്ന ഗേറ്റ്നു മുന്നിൽ ജീപ്പു നിന്നു .
" അവരൊക്കെ ഇന്നലെയേ ഗുരുവായൂർ പോയല്ലോ മോനേ ..ഇന്നു നിശ്ചയം അല്ല്യോ " അകത്തുനിന്നൊരു അമ്മച്ചി വിളിച്ചുപറഞ്ഞു .
റോയിച്ചൻ ഒന്നും മിണ്ടിയില്ല , അന്ധാളിച്ചു നിന്ന ജോസൂട്ടനെയും കൊണ്ടു ജീപ്പ് തിരിച്ചോടി ..
" റിംഗ് മേടിച്ചിട്ടു ഞാൻ സംസാരിച്ചിരുന്നു .."
ആരും ഒന്നും മിണ്ടിയില്ല ...

ജോസൂട്ടൻ jewelry ബൊക്സുമായി സാമുവലച്ചന്റെ മുന്നിൽ കുമ്പിട്ടിരുന്നു ..അൾത്താരയിലെ ക്രൂശിക്കപെട്ട വിപ്ലവകാരി മുൾക്കിരീടമേന്തി സഹതാപത്തോടെ ജോസൂട്ടനെ നോക്കി നിന്നു .
  കണ്ണീരു നിറഞ്ഞു കാഴ്ചമങ്ങിയ കണ്ണുകളോടെ ജോസൂട്ടൻ തലയുയർത്തി ..

" സാമുവലെ .. എൻറെ ജീവനും രക്തവും ശരീരവും അവളാകുന്നു .. എൻറെ ജീവിതത്തിൽ ഏറ്റവുമധികം ഞാൻ ആഗ്രഹിച്ചതും, നേടുവാനായി ഈന്നാളൊക്കെയും  കഷ്ടപ്പെട്ടതും ആ പ്രണയത്തിനു വേണ്ടിയാണ് .. .. ഈ ദിവസം ഇങ്ങനെ തീർന്നു പോയാൽ ഞാൻ എന്നെന്നേക്കുമായി തോറ്റുപോകുമോ എന്നൊരു ഭയം .. എന്നിലോരാൾ അവൾ തന്നെയാണ്.. ഞാൻ മാത്രം മതി .. എൻറെ കൈവിരലിന്റെ അളവുപോലും അവൾക്കു കൃത്യമാണ്.. എൻറെ പകുതി ശരീരം അവളെന്നു സങ്കല്പ്പിച്ചു എന്നെ മോതിരം കൈമാറാൻ അനുവദിക്കണം .. ഏറ്റവും അടുത്തുതന്നെ എൻറെ പ്രണയം കണ്ടുപിടിച്ചു ഈ താലിയുമായി നിൻറെ മുന്നിലേക്ക്‌ ഞാൻ വീണ്ടുമെത്തും , അന്നീ അൾത്താരയിൽ സുന്ദരിമാരായ പെണ്‍കൊടികൾ ദേവസംഗീതം പൊഴിക്കും .. മാലാഖമാർ അനുഗ്രഹം ചൊരിയും .. ക്രൂശിക്കപെട്ട ഈ വിപ്ലവകാരിയുടെ ചുണ്ടിൽ വിജയസ്മന്ദം വിരിയും .. എൻറെ ജീവിതത്തിന്റെ വിധികർത്താവായി നിന്നു നീ ഇതു ചെയ്തു തരണം ..

   ....സാമുവലച്ചൻ ബൈബിൾ തുറന്നു ..
suite അണിഞ്ഞു രണ്ടു മോതിരങ്ങളും വലം കയ്യിൽ ഇട്ട് പൂചെണ്ടുമായി കൈമടക്കി നെഞ്ചോടു ചേർത്ത് ജോസൂട്ടൻ പള്ളിമേടയിൽ നിന്നു പുറത്തേക്കു വന്നു .. മടക്കിയ കയ്യിൽ കരംചേർക്കാൻ ആരുമില്ലെന്ന ബോധം  സാമുവലച്ചനെയും  സന്തതസഹചാരികളെയും  അവനെ ആദ്യമായി കാണുന്ന അന്നാട്ടുകാരെയും കണ്ണീരണിയിച്ചു ..

..... അവളുടെ പുതിയ f b  സ്റ്റാറ്റസ് ...
...... അതിനു കീഴിൽ  " happy married life "    comments .. likes..


........ ജോസുട്ടന്റെ സ്റ്റാറ്റസ് "പെണ്ണിൻറെ നാഡിഞരമ്പാവേഗങ്ങളിലേക്ക്  ബന്ധിക്കപ്പെടാൻ പോകുന്നു " .. കൂടെ suite അണിഞ്ഞു ഏകനായി പൂച്ചെണ്ടുമായി നില്ക്കുന്ന ഫോട്ടോയും ...


അവന്റെ  വിജനമായ രാവുകളിലേക്കു  തൂവെള്ള നിറത്തിൽ പണി കഴിപ്പിച്ചൊരു ശവമഞ്ചം ആരൊക്കെയോ ചേർന്നു കൊണ്ടു വന്നു , അരികിലെക്കെത്തുംതോറും ചുമക്കുന്നവർക്കു കൈകൾ മാത്രമായി .. ശവമഞ്ചം നിലത്തു വെച്ച ശേഷം തിരിഞ്ഞു പോകുമ്പോളവർക്ക് കാലുകൾ മാത്രമായി .. ആ വെളുത്ത ശവമഞ്ചത്തിനു ചുറ്റും റോസാ പൂക്കൾ വിരിഞ്ഞു , അതിന്റെ മൂടി മെല്ലെ മാറി , തിളങ്ങുന്ന കിരീടമേന്തി പാറി നില്ക്കുന്ന wedding dress -ൽ  അവൾ ഉയർന്നു വന്നു .....

ചുറ്റുമുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും വിടുതൽ തേടിയലഞ്ഞു മനസ് ദൂരേക്ക്‌ പറക്കുവാൻ ആഗ്രഹിച്ചു . മണൽകൂമ്പാരങ്ങൾക്കു മുകളിലൂടെ, ചൂടു പിടിച്ചു വിയർക്കുന്ന നഗരത്തിനു മുന്നിലൂടെ ദാഹിച്ചു വരണ്ട മനസുമായി തേടിയലഞ്ഞു . ഉരുകിയൊലിച്ച കണ്ണുനീരു പോലും ദാഹം ശമിപ്പിക്കുവാൻ ചുണ്ടുകളിലെത്താതെ ബാഷ്പമായി മാറി .. ഇന്നലെവരെ മഴയായി പെയ്തിറങ്ങിയ അവളുടെ വാക്കുകൾ ഇന്നു കുത്തിനോവിക്കുന്നു , ഇന്നാ വാക്കുകൾ ചുറ്റിനും കരിങ്കൽ ഭിത്തികൾ തീർത്തുനില്ക്കുന്നു , അതിൽ തടഞ്ഞു മനസിലെ മഴക്കാറുകൾ നിശ്ചലമാകുന്നു ..അവയെ അറിഞ്ഞാഗ്രഹിച്ചു നിറഞ്ഞു പെയ്യുവാൻ എന്തേ അനുവദിക്കുന്നില്ല ?? കരിങ്കൽ ഭിത്തികൾകിപ്പുറം കുറ്റവാളിയെപോലെ അവൻ .. ചെയ്തുപോയതെല്ലാം എന്തിന് എന്ന് മനസ്സാവർത്തിക്കുമ്പോൾ സ്വയം ശിക്ഷിക്കപ്പെടാൻ ആഗ്രഹിച്ചാഗ്രഹിച്ചു രാവുകളും പകലുകളും ബലമായി തള്ളി നീക്കി ..

{പിന്നീടൊരിക്കൽ }

..............തൂവെള്ള നിറത്തിൽ പണി കഴിപ്പിച്ചൊരു ശവമഞ്ചം ആരൊക്കെയോ ചേർന്നു കൊണ്ടു വന്നു , അരികിലെക്കെത്തുംതോറും ചുമക്കുന്നവർക്കു കൈകൾ മാത്രമായി ..
മയക്കം വിടാത്ത കണ്ണുകളോടെ ജോസൂട്ടൻ കിടന്നു ..

നിലാവ് ഇടതു വശത്തെ ജനാലയിൽ നിന്നും വലതുവശത്തെ ജനാലക്കലെത്തി നില്ക്കുന്നു . നേർത്ത കാറ്റിനൊപ്പം മഞ്ഞിന്റെ തണുപ്പും പകലിന്റെ വരവുമറിയിച്ചു പ്രകൃതി ഉണർന്നു .. കരിയെഴുതിയ വലിയ കണ്ണുകളടച്ചു മിനുസമേറി തിളങ്ങുന്ന, തൊട്ടുരുമ്മിക്കിടന്ന ശരീരത്തിന്റെ ചൂടിൽ നിന്നു ജോസൂട്ടൻ സ്വതന്ത്രനായി ..അവളുടെ വിരലിൽ കിടന്ന 'jose ' എന്നു മുദ്രണം ചെയ്ത മോതിരം തിരികെയൂരി അവൻ ചെറുവിരലിലിട്ടു ..

"ഈ രാത്രി മുഴുവൻ നീയായിരുന്നു ഇതിനവകാശി .. നാളെയുമിതിനൊരു അവകാശിയുണ്ടാകും .."
' ആ മോതിരം  സഞ്ചരിച്ച വഴികൾ .... എത്രയോ രാവുകളിൽ എത്രയോ പെണ്‍വിരലുകളിൽ വിശ്രമിച്ചു ..
ഒരിക്കലും തിരിച്ചു പ്രതീക്ഷിക്കാനില്ലാത്ത പ്രണയമായി തുടങ്ങുകയും ഒടുങ്ങുകയും ചെയ്തു ..

                          "  are you booked or not ?"

തിരിച്ചു നാട്ടിലേക്കുള്ള ട്രെയിനിൽ ഉണർന്നെഴുന്നേറ്റ സുന്ദരിയുടെ കൈകളിലേക്കു നോക്കി ജോസൂട്ടൻ ചോദിച്ചു
 അവൾ ജോസൂട്ടന്റെ കൈകളിലേക്ക് നോക്കി .. പിന്നെ 'elsa' എന്നെഴുതിയ മോതിരം ഊരി നല്കി ..             
                  

No comments: