Friday, August 7, 2015

ഓലക്കീറ്

'ഹെന്തു സുന്ദരിയാ അവൾ , ശോ  ..' ഞാൻ കയ്യെത്തിപിടിച്ചു ഒരു ഓലക്കീറെടുത്തു ചവച്ചരച്ചു .. പിന്നെ പച്ചനിറത്തിൽ തുപ്പി ..
അവളുടെ പുറകെ നടന്നു തീർത്ത വഴി നിവർത്തിവെച്ചു കണക്കുകൂട്ടി ..ഏകദേശം 280 km .. 
'ഹെന്റെ ദൈവമേ.. ഇത്രേം സൗന്ദര്യമുള്ളവരെ സൃഷ്ടിച്ചോ , പക്ഷെ ഒരപേക്ഷ .. അതിന്റെയൊക്കെ കല്യാണം കഴിഞ്ഞതിനു ശേഷം മാത്രം എന്നെപോലുള്ള പാവങ്ങളുടെ മുന്നിലേക്കു വിടാവൂ .. ഇതിപ്പോ ദിവസം എത്രയായിന്നാ.. ഇതിനൊരു തീരുമാനം വേണ്ടേ "
 വേണ്ടാ വേണ്ടാന്നു എത്ര വിചാരിച്ചാലും  വീണ്ടും വീണ്ടും എന്റെ കാലുകൾ അവളുവരുന്ന വഴിയിൽ കൊണ്ടുനിർത്തും ..
ദേ വരുന്നു പണ്ടാരം .. (  ദേ background music : അനുരാഗത്തിൻ വേളയിൽ .. വരമായി വന്നൊരു സന്ധ്യയിൽ .. ) ദിതിപ്പൊ എവുടുന്നാ ..
നെഞ്ചു പട പാടാന്നു മിടിക്കാൻ തുടങ്ങി ..വയറ്റിനകത്തൊരു ആന്തൽ .. കണ്ണിലൊരു ഇരുട്ടും കയറി .. ഇന്നു രണ്ടും കല്പിച്ചാ .. ഇന്നവളോടു ഞാൻ മിണ്ടിയിട്ടെയുള്ളൂ .. അതാകണം പതിവില്ലാത്തൊരു വിറയൽ .. ദൈവമേ വിറയലുമുണ്ടല്ലോ .. ഇവളിതു വെല്ലതും അറിയുന്നുണ്ടോ ?
കയ്യിലെ ചവച്ചരച്ച ഓലക്കീറ് കളഞ്ഞു ഡീസന്റ് ആയി നിന്നു .. 
അവളടുതെത്തി .. ഹും .. എന്നത്തെയും പോലെ ഞാൻ മിണ്ടാതെ നിന്നു .. 
അവളെന്നെ കടന്നുപോയി .. കയ്യെത്തുന്ന ഉയരെ നിന്ന ആ ഓലയിലെ അവസാന ഓലക്കീറ് വലിച്ചെടുത്തു .. എല്ലാ പ്രണയ സീനിലെയും പോലെ കാറ്റുവീശി .. 
                                 'ടപ്പ് ' തലയ്ക്കു പിന്നിലോരടികിട്ടി ..
ഞാൻ പേടിച്ചു തിരിഞ്ഞു .. ഹും ദേഷ്യം പിടിച്ചിട്ടാകണം ആ കാറ്റിലുലഞ്ഞു മടലു മാത്രമായി മാറിയ ഓല തന്ന പെടയാ .. ആ ആവേശത്തിൽ , ചെറിയ വേദനയിൽ രണ്ടും കല്പിച്ചങ്ങു പറഞ്ഞു ..
              'ഒന്നു നിന്നേ ..'
അവളു നിന്നു മോനേ .. പണി പാളി .. ഇനിയെന്താപ്പോ പറയുക ..
ഏതോ കാന്തികവലയത്തിലെന്നപോലെ ഞാൻ അവളുടെ അടുത്തേക്കു തന്നെ പോവുകയാണല്ലോ .. കാലേ വേണ്ടാ ..
(എവുടുന്നന്നറിയില്ല പെട്ടെന്നു background music വീണ്ടും : അവളു വേണ്ട്രാ .. ഇവളു വേണ്ട്രാ ..)
ഒന്നും പറയാൻ കിട്ടുന്നില്ല .. തൊണ്ടയിലെ വെള്ളം വറ്റുന്നു ..
പിന്നെ കയ്യിലിരുന്ന ആ ഓലക്കീറ് ഞാൻ അവൾക്കു നേരെ നീട്ടി ..
അവളു മുഖം ചുളിച്ചു ( എഹ് .. വൃത്തികെട്ട ഭാവം ..)
"ഏതോ ക്ഷുദ്ര ജീവി ഓല തിന്നു തെങ്ങുണങ്ങുണൂന്നും പറഞ്ഞു അച്ഛാച്ചൻ രാവിലെ തെങ്ങിനെല്ലാം ഫുരിടാൻ അടിചാർന്നു .. എനിക്കെങ്ങും വേണ്ടാ "
എന്റെ നെഞ്ചൊന്നു നിലച്ചു .. തിരിഞ്ഞു വേഗത്തിൽ നടന്നു .. 
പോകുന്ന വഴി പള്ളി സെമിത്തേരിയും , ഖബർസ്താനും, പൊതുശ്മശാനവും കണ്ടതായൊരോർമ്മ .. 

No comments: