Friday, November 19, 2010

"മരം കേറി" കഥകള്‍ .

ഒന്ന്:
ഗോവ..സഞ്ചാരികളുടെ പറുദീസാ..ആ പറുദീസയുടെ ഓരത്ത് NIO എന്ന സ്വപ്ന സാമ്രാജ്യത്തില്‍ വാണരുളുന്ന മഹതികളും മഹാന്മാരും , കെട്ടു പ്രായമായ മഹാന്മാരുടെയും മഹതികളുടെയും  സ്വപ്‌നങ്ങള്‍ ആവോളം നുകര്‍ന്നാണ് 4 നിലകളില്‍ NIO സൗധത്തിന്റെ നില്‍പ്പ്..പുറത്തേക്കുള്ള ഗേറ്റ് കടന്നാല്‍ കൈചൂണ്ടി നില്‍ക്കുന്ന "ഗോന്സലല്വാസ്  ഗ്രിഗോറിയാസ്  അന്തോണിയാസ് .. എന്നിങ്ങനെ നീണ്ടു പോകുന്ന വായില്‍ കൊള്ളാത്ത ഏതോ പേരുള്ള ഒരു പ്രശസ്ത വ്യക്തിയുടെ പ്രതിമ കാണാം.അദ്ധേഹത്തിന്റെ നില്‍പ്പ് കണ്ടാല്‍ കൈ ചൂണ്ടിയിരിക്കുന്നത് നേരെ എതിരെ ഉള്ള 'ആര്‍കഞ്ചില'   എന്നും 'അര്‍ച്ചന' എന്നും ഇപ്പോഴും മഹാന്മാരുടെ  ഇടയില്‍ പേരിനു തര്‍ക്കമുള്ള കുഞ്ഞു ബാറിലേക്കാണ് ..അതിനു വലതു വശം ചേര്‍ന്ന് മുകളിലേക്ക് കിടക്കുന്ന ,ഒഴുകിയിറങ്ങുന്ന നദിയുടെ സൌന്ദര്യമുള്ള റോഡിലൂടെ കിതപ്പുമാറി ചെന്നെത്തുന്നത് NIO യിലെ മഹാന്മാരുടെയും മഹതികളുടെയും കോളനിയിലേക്കാണ് ..
                                                       കേന്ദ്രസര്‍ക്കാരിന്റെ ഒരുകാര്യം ..!!! മഹതികളും മഹാന്മാരും ഒരേ കോളനിയില്‍ മുകളിലും താഴെഴും,താഴെയും മുകളിലുമായി ഒരു ഭിത്തിയുടെ വ്യത്യാസത്തില്‍ കഴിഞ്ഞു കൂടുന്നു.പ്രകൃതി സ്നേഹികളുടെ കൂമ്പാരമായ കോളനിയില്‍ മാവ്,പ്ലാവ്,പുളി,തെങ്ങ്,കൊന്ന...എന്നിങ്ങനെ നമ്മുടെ നാടന്‍ മുതല്‍ പേരറിയാത്ത തണല്‍  വൃക്ഷങ്ങള്‍ വരെ കാട് പിടിച്ചു കിടപ്പുണ്ട്..
                                        SAD,SAS എന്നിങ്ങനെ പേര് നല്‍കി ബ്ലോകുകളായി  തിരിച്ചിട്ടുള്ള കൂരകളില്‍
നമ്മുടെ കഥാനായകന്‍ SAD-26 -ലെ അന്തേവാസിയാണ്."കെട്ടിച്ചു വിട്ടില്ലേല്‍ ഞാന്‍ കെട്ടുപൊട്ടിക്കും " എന്ന് ഭീഷണിപെടുത്തി നടന്ന ഈ മഹാന്‍.രോമാവൃതമായ വിരിഞ്ഞ നെഞ്ചും പ്രദര്‍ശനത്തിനു വെച്ചു കണ്ണില്‍ നിന്നും എണ്ണ വാര്‍ന്നു പോകുന്ന വരെ SAD-26 ന്‍റെ വരാന്തയുടെ അരഭിത്തികു മുകളില്‍ തല കൈകളില്‍ താങ്ങി കണ്ണടക്കിടയിലൂടെ ഊളിയിട്ടു നോക്കി നില്‍ക്കാറുണ്ട്.തൊട്ടുമുന്നിലെ കോളനി റോഡിലൂടെ ഏതേലും ചേല ചുറ്റിയ കമ്പുകള്‍ പോയാലോ??
                                  ഒരു നട്ടുച്ചയ്ക്ക് നട്ടപ്ര വെയിലത്ത്‌ നമ്മുടെ മഹാന്‍ തലയുയര്‍ത്തി നെഞ്ചുകള്‍ വിരിച്ച് ഗൌരവം വിടാതെ കോളനി റോഡിലൂടെ നടന്നു വരികയായിരുന്നു.നോക്കുമ്പോള്‍ കോളനി റോഡിന്റെ  വളവില്‍ നില്‍ക്കുന്ന പുളിമരത്തിന്റെ ചുവട്ടില്‍ 2 തരുണി മഹതികള്‍ . ആകാര ഭംഗി കൊണ്ടു മഹാന്മാരുടെ മനം കവര്‍ന്നു ,അതെടുത്തു തറയില്‍ മെതിച്ചു നടക്കുന്ന മഹതികളാണെ , എന്നാലും മഹാന്റെ ഉള്ളം കുളിര്‍ന്നു..
               പുളി മരത്തില്‍ പാകമാകറായി വരുന്ന പുളിയുണ്ടല്ലോ..പുളിപ്പും പച്ചപ്പും ചേര്‍ന്ന രുചിയുള്ള ഇനം.അതിങ്ങനെ പിടിച്ചു തൂങ്ങികിടപ്പുണ്ട്..ചോനന്‍ ഉറുമ്പുകള്‍ക്ക് ഉത്സവകാലമാണ്..നിറയെ പൊതിഞ്ഞു പ്രത്യേകം  നാഷണല്‍ ഹൈവേ സൃഷ്ടിച്ചു ഗതാഗത തടസ്സം ഉണ്ടാക്കാതെ പുളി നിറയെ ഓടികളിക്കുന്നുണ്ട് മിശ്ര്‍ എന്ന ചോനന്‍.അതുകൊണ്ട് തന്നെ മഹതികള്‍ക്ക് കൈയ്യെത്തി ഒന്ന് ചാടി ഒരെണ്ണം എങ്കിലും കൊതിയടക്കാന്‍ കിട്ടുമെന്നുള്ള ആശയുമില്ലതെയായി..
                               എന്നാല്‍ മഹാനാകട്ടെ മഹതികളെങ്ങാനും ചാടി ചാടി മരഞ്ചാടി ഒരു പുളി പറിക്കുകയാണെങ്കില്‍  വൈശാലി  സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണാമെന്ന മനകോട്ടയും കെട്ടി  വേഗത കുറച്ചു കണ്ണുകളുടെ ഫോക്കസ് കൂട്ടി വരുകയാണ്.മഹാനെ കണ്ടതും മഹതികളുടെ മനസ്സില്‍ കൊതിയുടെ നീര്‍ച്ചാലുകള്‍ വീണ്ടും തലപൊക്കി ..
                                "ഒരു പുളി പറിച്ചു തരുമോ ????plzzzzzz...."
                  ഹോ നട്ടപ്ര വെയിലത്ത്‌ തൊണ്ട വറ്റിയ നേരത്ത് ആ അപേക്ഷ കെട്ടൊന്നു കുടിച്ചിറക്കാന്‍ ഉമിനീരില്ലാതെ മഹാന്‍ ഞെരുങ്ങി.ആരും വീണു പോകുന്ന നയനമനോഹര കര്‍ണ്ണസുന്ദരമായ അനുഭൂതിയില്‍
ചോനന്‍ ഉറുമ്പുകളുടെ ഹൈവേ സുനാമി കയറി ഇറങ്ങിയ പോലെ തകര്‍ത്തു മഹാന്‍ പുളികള്‍ ലക്ഷ്യമാക്കി ഉയര്‍ന്നു പൊങ്ങി.കമ്പുകളില്‍ നിന്നും കമ്പുകളിലേക്ക്,  മഹതികളുടെ ആജ്ഞാനുവര്‍ത്തിയായി .."ആ പുളി..ദേ അത്..ദേ നോക്കു അവിടെ.."
                                             സ്വച്ചന്ദം സ്വൈര്യം വിഹരിചുകൊണ്ടിരുന്ന ചോനനമാര്‍ മഹാന്റെ  ഉടുപ്പിനടിയിലും പാന്റ്സിന് കീഴിലുടെ മുകളിലേക്കും മദം പൊട്ടിയ ആനയെ പോലെ ഓടിക്കയറി, മദിച്ചു,കണ്ടഭാഗങ്ങളിലെല്ലാം തിമിര്‍ത്തു..മസ്സില് പിടിച്ചു മഹാന്‍ ചൊറിയാതെ നിന്നങ്കിലും മിശ്ര്‍ മിഷന്‍   അതിരുവിട്ടു ചൈന മതില്‍ തകര്‍ത്തു ആസ്ഥാന പുങ്കുവ ഗുങ്കാരങ്ങളില്‍ പ്രഹരമെറ്റതോടെ  മഹാന്റെ കണ്ണില്‍ നിന്നും പൊന്നിച്ച പറന്നു,മെല്ലെ നിലത്തെക്കിറങ്ങി..നീറ്റല്‍ കടിച്ചമര്‍ത്തി, കണ്ണില്‍ നിന്നും വെള്ളം വരുന്നത്  കൊണ്ടാകാം  മഹതികളെ കാണാത്തതെന്നു മഹാന്‍ കരുതി,എന്നാല്‍ തെറ്റി.."അവളുമാര്" ഒരു 'താങ്ക്സ്ട്ടോ' പോലും പറയാതെ കിട്ടിയ പുളിയും കടിച്ചു സ്വൈര്യ വിഹാരത്തിന് പോയി..
                             SAD-26-ല്‍ അന്നൊരു കൂട്ടക്കൊല നടന്നു..മിശ്ര്‍ എന്ന വര്‍ഗത്തിനെ അപ്പാടെ ചവിട്ടി തേച്ചും,ഭിത്തിയില്‍ ഒട്ടിച്ചും മഹാന്‍ വാശി തീര്‍ത്തു..
                       മറ്റുള്ളവരുടെ കളിയാക്കലിനിടയില്‍  രോമകൂപങ്ങളില്‍ മരിച്ചു തൂങ്ങിയാടുന്ന ചോനന്‍ ഉറുമ്പുകളെ   മാറ്റി കൊണ്ടു മഹാന്‍ മഹതികളെ ആഞ്ഞു ശപിച്ചു..
  "ഒരു സമയമുണ്ടടി,അന്ന് പുളി തിന്നാന്‍ നിയൊക്കെ കൊതിക്കുമ്പോ നിന്റെക്കെ കണവന്മാര്‍ ഈസ്റ്റ്‌ കലക്കി തരുവെടി.."

No comments: