Monday, September 26, 2011

മുള്ളല്‍ക്കഥകള്‍

മുള്ളല്‍ക്കഥകള്‍ I 

         "എന്നാലിനിയൊരു  കഥവുര ചെയ്യാം..
           തുള്ളലിലല്ലിതു മുള്ളലിലാണ്..
           കാലം തെറ്റി കോലം തെറ്റി 
            ഇടവും തെറ്റി മുള്ളിയ കഥകള്‍ .."

 കഥ നടക്കുന്നത് അങ്ങ് കൊച്ചിയില്‍ , കായലിന്റെ അരികുപറ്റി വടിവൊത്ത മേനിയില്‍ കുളിര്കോരി കിടക്കുന്ന കൊച്ചിന്റെ ക്ഷമിക്കണം കൊച്ചിയുടെ ഉച്ചിയില്‍ തെറിച്ചു കിടക്കുന്ന പ്രതിഭകളുടെ കൂടാരമായ സരോവറില്‍ . 
                  
                            കഥാപത്രങ്ങള്‍ സോമരസം പകര്‍ന്നു cheers അടിച്ചു ലക്കില്ലാതെ ഇരിക്കുന്നു .
നമ്മുടെ നായക കഥാപാത്രം സരോവര്‍ മെസ്സിലെ ജീവനക്കാരനാണ് .പുള്ളിയെ പേരെടുത്തു വിളിക്കുന്നത്‌ ശരിയല്ലാ എന്നൊരു തോന്നല്‍ ,അപ്പൊ "മെസ്സന്‍ " എന്നൊരു പേര് കൊടുത്തേക്കാം .
                    നമ്മുടെ മെസ്സനും സഹമെസ്സന്മാരായ അയ്യപ്പ ബൈജു , ബിനീഷ് , ബിജു പിന്നെ വിനോദു മാഷും , t  d    -യും , ഗോവയില്‍ നിന്നും t  d   ഇറക്കുമതി ചെയ്ത മദ്യത്തിന്റെ ടേസ്റ്റ്' - "ടെസ്റ്റ്‌" ചെയ്യുന്ന സദസ്സാണ് . 
             
                  " അപ്പോഴേ പെരെന്തെന്നാ പറഞ്ഞെ..?? " മെസ്സന്‍ t  d    യോട് .
15 -)൦ തവണ പേര് പറയുന്ന വിഷമം ഉള്ളിലൊതുക്കി t  d   പറഞ്ഞു ..
                    " t  d    എന്ന് വിളിച്ചാല്‍ മതി .."
 മെസ്സന്‍ പൊട്ടിച്ചിരിച്ചു "ഹ ഹ ഹ.......... t  d    ഐ ലവ് യു ...വിനോദ് മാഷേ അടുത്ത കുപ്പി പൊട്ടിക്കൂ.."
വിനോദ് മാഷ് t  d   യുടെ മുഖത്ത് നോക്കി ,..t  d    മെസ്സന്റെ മുഖത്ത് നിന്നും കണ്ണ് എടുക്കുന്നില്ല..
സഹമെസ്സന്മാരില്‍ അയ്യപ്പ ബൈജു നാടന്‍ പാട്ടുപാടി തളര്‍ന്നു ശ്വാസം കിട്ടാതെ ജനാലക്കമ്പികളില്‍ ചുറ്റിപിണഞ്ഞു നിന്നു . കയ്യിലെ ഗ്ലാസ്സില്‍ മുറുക്കെ പിടിച്ചു തല കിഴുക്കാം തൂക്കായി ബിജു ഉറങ്ങി , ബിനീഷ് എന്തിനും പോന്ന പോരാളിയെ പോലെ അവസാന പെഗ്ഗില്‍ ഒരു ഷെയറ് കാത്തു ഇരിക്കുന്നു ..
  
മെസ്സന്‍ അലറി " എടൊ വിനോദേ..വയറു നിറച്ചു കുടിക്കണം എനിക്കിന്ന് ,t  d   വന്ന ദിവസമല്ലേ..മദ്യം എടുക്കെടോ..."
      
       സത്യത്തില്‍ ആദ്യമായിട്ടാ മെസ്സനെ t  d   കാണുന്നെ.. മദ്യപാന സദസ്സില്‍ മെസ്സന്മാര്‍ സര്‍വ്വ സാധാരണമാണ് , പിറ്റേന്ന് വെളുപ്പിന് പാചകത്തിന് പോകേണ്ടതിനാല്‍  ഒരു 2 മണിവരെയെ സദസ്സുണ്ടാകൂ .അതിനിടയില്‍ രാത്രി എപ്പോഴെങ്കിലും വിശന്നാല്‍ മെസ്സില്‍ പോയി പാചകം തുടങ്ങും,മെസ്സിന് പുറകിലെ 'ഔട്ട്‌ ഹൌസ്' എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന ഷെഡില്‍ തീറ്റയും കുടിയുമായി പിന്നെ കഴിഞ്ഞു കൂടും .അങ്ങനെയുള്ള ദിവസങ്ങളില്‍ സദസ്സ് കൂടുവാനുള്ള തീരുമാനമെടുക്കുന്നത് തന്നെ രാത്രി 9 മണിക്ക് ശേഷമാണ് .
             ഇതിപ്പോള്‍ നേരത്തെകൂടി എല്ലാം പ്ലാന്‍ ചെയ്തു തുടങ്ങിയതാണ്‌ , എന്നിട്ടും മദ്യത്തിന്റെ സ്ടോക്ക് തീര്‍ന്നു .
        വിനോദ് മാഷിന്റെ പഴയ പോളിസി പുതിയ കുപ്പിയില്‍ കയറി രംഗത്ത് വന്നു .

      "t  d   , മദ്യപാന സദസ്സില്‍ തൃപ്തിയാകാതെ ആരും പോകാന്‍ പാടില്ലാ  .."
  
  24 മണിക്കൂറും തുറന്നും അടഞ്ഞും പ്രവൃത്തിക്കുന്ന 'സദ്യ' ബാര്‍ തലയില്‍ ലഡ്ഡു പൊട്ടിച്ചു ..പിന്‍വാതില്‍ നിയമനം എന്നപോലെ കിളിവാതില്‍ കച്ചവടം നടത്തുന്ന അരുമയായ ബാര്‍ ' .
ബാറിന്റെ ഷട്ടറിനു പുറത്തുള്ള കിളിവാതില്‍ 11 മണിക്ക് ബാര്‍ അടക്കുമ്പോള്‍ തുറന്നു വരും .രാവിലെ ഷട്ടര്‍ തുറക്കുമ്പോള്‍ കിളിവാതില്‍ അടയും .കിളിവാതിലിലൂടെ എത്ര രൂപ നല്‍കിയാലും അതിനു സമവാക്യമായ കുപ്പി അല്‍പ സമയത്തിനകം എത്തും ..ബ്രാന്‍ഡ്‌ മാത്രം ചോദിക്കരുത് ..പലപ്പോഴും പേരും ..
                     ആരുടെയൊക്കെയോ ബൈക്ക് എടുത്തു ബിനീഷും t  d  യും പോയി വാങ്ങി വന്നു .അപ്പോഴേക്കും അയ്യപ്പ ബൈജു മുറിയുടെ ജനാലക്കമ്പികള്‍ വിട്ടു ഭൂഗുരുത്വാകര്‍ഷണത്തിനു വിധേയനായി സിമെന്റു തറയിലേക്കു നിലം പതിച്ചിരുന്നു .കിഴുക്കാം തൂക്കായ ബിജുവിന്റെ തല ഉറക്കം തൂങ്ങി പലതവണ മേശമേല്‍ തല്ലി അവസാനം മേശയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു കെട്ടിപ്പിടിച്ചു കിടന്നു .എങ്കിലും ആത്മാര്‍ത്ഥതയും ധീരതയും അപ്പോഴും താഴെ വീണു പോകാതെ മുറുക്കെ പിടിച്ച ഗ്ലാസ്സില്‍ തിളങ്ങി നിന്നു .

                  മെസ്സന്‍ ഏതോ തമാശകഥ വലിയ വായില്‍ വിനോദ് മാഷിനോട് പറയുന്നുണ്ട് .വിനോദ് മാഷ്‌ മറ്റേതോ തമാശകഥ മെസ്സനോടും ..കഥയുടെ ഇടവേളകളില്‍ രണ്ടുപേരും ആര്‍ത്തു ചിരിക്കുണ്ട്.. സ്വയം പര്യാപ്തത നേടിയ മദ്യപന്മാര്‍ !!!

                കൊണ്ടുവന്ന കുപ്പിയിലെ ബ്രൈറ്റ്ലൈറ്റ് അടിച്ചാലും മറുവശം കാണുവാന്‍ കഴിയാത്ത കറുത്ത ദ്രാവകം ഗ്ലാസ്സുകളിലേക്ക് പകര്‍ന്നു , വെള്ളം ഒഴിച്ച് എത്ര നേര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും നിറത്തിന് ഒരു മാറ്റവുമില്ല, "കരിഓയില്‍ " എന്ന വിശേഷണം തികച്ചും ചേരുന്ന സാധനം .

           സമയം വെളുപ്പിന് 4 -30  ആയി , H  m t  -യില്‍ സൈരെന്‍ മുഴങ്ങി .ഏതോ പുകയുടെ ആലസ്യത്തില്‍ ടി ഡി പായ വിരിച്ചു , പിന്നെ പായക്ക്‌ വെളിയില്‍ നല്ല സിമന്റ്‌ തറയില്‍ കിടന്നുറങ്ങി . t  d  -യുടെ മങ്ങിയ കാഴ്ചയില്‍ കസേരയുടെ ആകൃതി കൊണ്ട് മാത്രം ഇരിക്കുകയാണെന്നു പറയാവുന്ന 3 പേര്‍ ആടിയുലഞ്ഞു ..
           പച്ചപ്പ്‌ വിരിച്ച മലനിരകള്‍ക്കു ചുവട്ടില്‍ ഓടു  മേഞ്ഞ ഒരു കുഞ്ഞു വീട് .മഞ്ഞു വീണു ഉറഞ്ഞ  ചില്ലുജാലകങ്ങള്‍ക്ക് പുറത്ത് തെളിനീരോഴുകുന്നൊരു കുഞ്ഞരുവി ..
                         ആ ജാലകം തുറന്നു ..അത് ചുമരില്‍ തട്ടി ശബ്ദം ഉണ്ടാക്കി .."ടക്ക് "
 സിര്ര്ര്ര്ര്ര്‍ ..ബ്ലും ബ്ലും ..കുഞ്ഞോളങ്ങളില്‍ പ്രുകൃതിയുടെ മാസ്മരികത നിറഞ്ഞ പുഞ്ചിരി .

    'എന്താ ഒരു മൂത്ര നാറ്റം ..??ഏതേലും തല തിരിഞ്ഞവന്മാര്‍ പ്രുകൃതിയെ അശുദ്ധമാക്കിയോ ?"

                       t  d   മെല്ലെ കണ്ണ് തുറന്നു. ചെറിയൊരു പുകചിലോട് കൂടി രംഗം വ്യക്തമായി . 'ഓ സ്വപ്നമായിരുന്നോ ?' സൂര്യന്‍ ഉദിച്ചു കഴിഞ്ഞു ,അപ്പോഴാണ്‌ മുറിയുടെ വാതിലിനരികില്‍ ആരോ ആടിയാടി നില്‍ക്കുന്നത് കണ്ടത് .
     നോക്കുമ്പോ മെസ്സന്‍ ''' .വാതില്‍ ചാരി നില്‍ക്കുന്നു ...സിര്ര്ര്ര്ര്‍ ബ്ലും ബ്ലും 
                          നായ മുള്ളും പോലെ വാതില്‍ ചാരിനിന്നു മെസ്സന്‍ പരിപാടി കഴിക്കുന്നു . ബോധം തീരെ തൊട്ടു തീണ്ടാത്തതിനാല്‍ മെസ്സന്റെ ഉടുമുണ്ട് വഴി ചാല് കീറിയാണ്‌ യൂറിയ വെള്ളം "ബ്ലും ബ്ലും"!!! ";
             
        'ദൈവമേ അപ്പൊ ചില്ലുജാലകം തുറന്നിട്ട ശബ്ദം ഈ വാതില്‍ അടച്ചതാണോ ? ഉം ഉം കുഞ്ഞരുവി ഒഴുകിയിറങ്ങുന്നുണ്ട് ...എന്താ ഭാവന ..എന്താ സ്വപ്നം .." t  d  മനസ്സില്‍  ഓര്‍ത്തുകൊണ്ട്‌ ആഞ്ഞു വിളിച്ചു " ഡോ..."

   അടുത്ത് കിടന്ന വിനോദ് മാഷ്‌ t  d  യെ നോക്കിയിട്ട് 
" ശ്ശ്ശ് ..മിണ്ടല്ലെ ...കഴിയട്ടെ ..'

t  d  : സാറെ നിങ്ങളിത് നോക്കി രസിച്ചു കിടക്കുവാണോ ?

വിനോ.മാഷ് :  എടൊ പുള്ളി എഴുന്നേറ്റു കതകു തുറന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു .മെസ്സന്‍ തുറന്ന കതകു ചാരി കുറച്ചു നേരം നിന്നുറങ്ങി .പിന്നെ അകത്തു നിന്നു വാതിലടച്ചു .പുള്ളി വിചാരിച്ചു കാണും കതകു തുറന്നു ടോയിലെറ്റില്‍ എത്തിയെന്ന് .ഇപ്പൊ അടച്ചത് ടോയിലെട്ടിന്റെ കതകെന്നും .പിന്നെ അടച്ച കതകില്‍ ചാരി നിന്നു തുടങ്ങിയ പരിപാടിയാ ..
        
              t  d  ചാടിയെഴുന്നേറ്റു , മെസ്സനെ പിടിക്കാന്‍ അടുത്തേക്ക് അടുക്കുവാന്‍  ആകുന്നില്ല. 
ചുറ്റും മൂത്രപ്രളയം ഉണ്ടാക്കി  അതിനുള്ളില്‍ നില്‍ക്കുന്നു .മെസ്സന്‍ അവസാന തുള്ളിയും ഇറ്റിച്ചു, തിരിഞ്ഞു ടാപ്പ്‌ തപ്പുന്നു .ടാപ്പ്‌ കാണാത്ത വിഷമത്തില്‍ മെല്ലെ കണ്ണ് തുറന്നപ്പോള്‍ ദേ പായും തലയിണയും വിനോദ് മാഷും ...ഹോ ഇത്ര പെട്ടന്ന് മുറിയിലെത്തിയല്ലോ എന്നാ സന്തോഷത്തില്‍ മൂത്രക്കുളത്തില്‍ കുഞ്ഞുകുട്ടികളെ പോലെ യൂറിയ വെള്ളം തട്ടിത്തെറിപ്പിച്ചു വിനോദ് മാഷിന്റെ മുഖത്തും പരംബിലും  തളിച്ചു . പിന്നെ മാണ്ട് വീണു ഉറങ്ങി ..
t  d  : നല്ലതാ രാവിലെ പുണ്യാഹം മുഖത്തും മുറിയിലും തളിച്ചല്ലോ ..'#%!#

                        ഹാങ്ങ്‌ ഓവറും ഉറക്കവും മാറാത്ത വിനോദ് മാഷിന്റെ മുഖത്ത് അപ്പോഴുണ്ടായ ഭാവം ....ഹോ ...ആശ്ചര്യം തന്നെ..ഗംഭീരം ..

                             
             മുള്ളല്‍ക്കഥകള്‍ II 


 " ഇനിയൊരു കഥയുണ്ടത് കേട്ടാല്‍ 
   37  -നു തൊഴുകൈ നല്‍കും 
   മൂക്കിന്‍ തുമ്പില്‍ വിരലും വെക്കും .."

                         ആഗ്രഹങ്ങളും സ്വപ്നങ്ങളും ബുദ്ധിജീവി ചിന്താഗതികളും ചര്‍ച്ചയും പ്രണയവും അഭിനിവേശവും എല്ലാം എല്ലാം മദ്യത്തിനോട് മാത്രം തോന്നിയിരുന്ന സുവര്‍ണ്ണ മദ്യ നവോതഥാന കാലഘട്ടത്തിലെ ഒരു മഴക്കാലം . ദേശാടനപക്ഷികള്‍ ലീവെടുത്ത് കേരളത്തില്‍ നിന്നും ടൂര്‍ പോയിരിക്കുന്ന സമയം . വഴിതെറ്റി ബംഗ്ലൂരില്‍ നിന്നും ഒരു പക്ഷി  സരോവറില്‍ 37 - ന്റെ വാതില്‍ പഴുതിലൂടെ അകത്തു കടന്നു . വന്ന ദേശത്തെങ്ങും ബാര്‍ബര്‍ ഷോപ്പില്ല എന്നാ നഗ്ന സത്യം നീട്ടി വളര്‍ത്തിയ മുടിയിലും ദീക്ഷയിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു .

                    മേനോന്‍ കുട്ടി എന്ന് നമുക്കീ കഥാപാത്രത്തെ വിളിക്കാം ..

                  വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന പഴയ ഷാപ്മേറ്റിനോട് ഈ തണുത്ത പകലില്‍ ഒരു ഗ്ലാസ്‌ മുട്ടിച്ചു മനസ് പങ്കുവെക്കുന്ന സുഖം സ്വര്‍ഗീയാനുഭൂതികളില്‍ ഒന്നെന്നു തോന്നി . കുളിച്ചിട്ടും നനച്ചിട്ടും നാളുകളേറെ ആയങ്കിലും മേനോന്‍ കുട്ടിയില്‍ സൌഹൃദത്തിന്റെ സുഗന്ദം നിറഞ്ഞൊഴുകി . കെട്ടിപ്പിടിച്ചു ഒരുപാട് പറയാനുള്ള വ്യഗ്രതയില്‍ എവിടെ തുടങ്ങണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ദേ വരുന്നു വിനോദ് മാഷ്‌ . കഴിഞ്ഞ രാത്രിയില്‍ എവിടെയോ ട്വന്റി -8 മാച്ചു കഴിഞ്ഞു ക്ഷീണിച്ചു തലയില്‍ തോര്‍ത്തും കെട്ടി വരുന്നു .

വിനോദ്മാഷ്  : ഏതാട ഈ കാട്ടുവള്ളി ? തലയിലും മുഖത്തും  നിറച്ചു വള്ളിയാണല്ലോ ? ദേ t d  ഇവനെയൊന്നും ഇവിടെ പറ്റത്തില്ല..

മേനോന്‍ കുട്ടി : ഹ ഹ്  ഹ ഹ അയ്യോ മാഷേ ഇത് ഞാനാ, എന്നെ മനസിലായില്ല അല്ലെ ?
 ( ഗദ്ഗദം : അപ്പൊ നേരെ വീട്ടില്‍ പോകഞ്ഞത് നന്നായി ) എങ്ങനുണ്ട് എന്റെ മാറ്റം ??

വിനോ. മാഷ് .: ഹ നീയാ ? മാറ്റമല്ല നാറ്റം ..പോയി കുളിച്ചിട്ട് ഇതിനകത്ത് കടന്നാ മതി ..പോ പോ ..

                                     മേനോന്‍ കുട്ടി കുളിച്ചു തണുത്തു വിറച്ചു വെള്ളത്തില്‍ വീണ കോഴിയെ പോലെ എത്തിയപോഴേക്കും നമ്മടെ മെസ്സന്മാര്‍ 37  -ന്റെ  നടുമുറ്റത്ത് വട്ടം കൂടിയിരുന്നു . പരിചയം പുതുക്കലും പരിചയപ്പെടലും കഴിഞ്ഞപ്പോഴേക്കും ആദ്യ കുപ്പിയെത്തി ..

                                         വിറച്ചു ഇറ്റു വീഴുന്ന വെള്ളവുമായി നിന്ന മേനോന്‍ കുട്ടിയുടെ നെറുകയില്‍ നിന്നും നീരാവി ഊതിക്കൊണ്ടു അന്നനാളത്തിലൂടെ 'റം' പുഷ് - പുള്‍ ട്രെയിന്‍ പോലെ ഇരചിറങ്ങി ...നനഞ്ഞ തോര്‍ത്തുമുണ്ട് ഉണങ്ങും മുമ്പേ കുപ്പി കാലി .
                  ഒരു തുള്ളി മഴനീര് വീണു ജലദോഷം പിടിക്കാതിരിക്കുവാന്‍  വാത്സല്യം കൊണ്ട് മൂടിപ്പിടിച്ച  കുപ്പികള്‍ 37  - ല്‍ ഒഴിഞ്ഞു വീണുരുണ്ടു ...
                         
                           യാത്രയും ഇത്രയും നേരം പുഷ് പുള്‍ ട്രെയിനില്‍  കഷ്ട്ടപെട്ട ക്ഷീണവും മേനോന്‍ കുട്ടിയെ ആലസ്യത്തിലേക്ക്‌ ഉരുട്ടിയിട്ടു . കട്ടിലിലെ മൂട്ടകള്‍ റമ്മിന്റെ വീര്യമുള്ള രക്തത്തിനായി 
കടി പിടികൂടി .
                           സമയം വൈകുന്നേരം 4  മണിയാകുന്നു .മേനോന്‍ കുട്ടി നല്ല ഉറക്കം .ഉച്ചയൂണ് കഴിക്കാതെ സോമരസം പകര്‍ന്ന ഞങ്ങളുടെ വയറ്റില്‍ തീ നാമ്പുകള്‍ ..മേനോന്‍ കുട്ടിയെ കുലുക്കി വിളിച്ചിട്ടും ഒരു രക്ഷയുമില്ല ...വായും തുറന്നു കിടന്നുറങ്ങുവാ ..
       
                താഴെ മെസ്സില്‍ ക്ലാസ്സു കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ ചായ കുടിക്കനെത്തി, ഇവിടെ ചോറുണ്ണാന്‍ പോകുന്നേയുള്ളൂ  ..എന്താ വിധിവൈപര്യത്വം ..!!!
  
                  മുകളില്‍ 37  - ല്‍ മേനോന്‍കുട്ടി റമ്മിന്റെ മത്തില്‍ ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി , മുറിയുടെ ജാലകത്തിനു പുറത്തെ വലിയ തണല്‍ വൃക്ഷം മരം പെയ്തു നിന്നു . .            
സമയം നീങ്ങി ..മേനോന്‍ കുട്ടിക്ക് ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ അടിവയറിന്റെ അസ്ഥാനത്ത് നിന്നും യുറേക്കാ..യുറേക്കാ ..എന്നൊരു നിലവിളി ..
  "നാശം ഉറങ്ങുമ്പോഴാണോ  ഒരു മൂത്രശങ്ക .."

                         കണ്ണ് രണ്ടും തുറക്കാനുള്ള മടിയില്‍ മേനോന്‍ കുട്ടി ഒരു മിഴി പാതി വിടര്‍ത്തി ആടിയുലഞ്ഞു പ്രകാശം കണ്ട ഭാഗത്തേക്ക് നടന്നു ..
                                             " ഹെന്റമ്മേ .." വാതിലിനു പകരം തുറന്നിട്ട ജനാലയിലെക്കാ പുള്ളി നടന്നെ .. അവിടെ അരപോക്കത്തില്‍ ജനാലപ്പടിയിലെ പഠിപ്പു മേശമേല്‍ മേനോന്‍ കുട്ടിയുടെ യുറേക്ക തട്ടി ഉറീക്ക ആയി ..

                   നേരെ തിരിഞ്ഞു എങ്ങനെയോ വാതില്‍ തുറന്നു ഇടനാഴിയില്‍ എത്തി ..ക്ലാസ്സു കഴിഞ്ഞു വന്ന വിദ്യാര്‍ത്ഥികള്‍ 'തലേപിലെന്നും' പറഞ്ഞു പരക്കം പായുന്നു .ആകെ ട്രാഫിക്‌ ബ്ലോക്ക് .ബ്ലോക്ക് തീരട്ടെ എന്നു കരുതി മേനോന്‍ കുട്ടി വാതില്‍ ചാരി 37  -ന്റെ മുന്നില്‍ നിന്നുറങ്ങി .ചാരിയ വാതില്‍ മെല്ലെ പിന്നോക്കം പോയപ്പോള്‍ ഉണ്ടായ ചെറിയൊരു ബോധോതയത്തില്‍ 
" കുറെ നേരമായല്ലോ ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് ..! ടോയ്ലെറ്റ് എവിടെ ?" എന്ന വെളിപാടില്‍ പാതിതുറന്ന കണ്ണില്‍ പെട്ട വാതില്‍ തുറന്നു അകത്തു കയറി ..

                   "ഉം ഉം ..ടോയിലെറ്റൊക്കെ എന്താ പട്ടുമെത്ത പോലെ .? പൂസായത് കൊണ്ട് തോന്നുന്നതാകും..ആഹ ഹാ.."
         "ഒന്ന് നിര്‍ത്തുന്നുണ്ടോ ???"  യുറേക്കയോട് ചോദിയ്ക്കാന്‍ തല കുനിച്ചപ്പോള്‍ ദേ ഒരു dunlop  മെത്ത. " ഹ റൂമിന്റെ സെറ്റ് അപ്പ്‌ ആകെ മാറിയല്ലോ ?അപോ ടോയിലേറ്റ് സ്വപ്നമായിരുന്നോ?അതോ  ....??? ആ എന്തെലുമാകട്ടെ നല്ല ഉറക്കം .."മേനോന്‍ കുട്ടി ആ മെത്തയിലേക്ക് കമിഴ്ന്നു വീണു , സുഖമായുറങ്ങി ..

   മഴപെയ്തു മണ്ണില്‍ നീരുറവകള്‍ പൊട്ടി ..
   മുള്ളല്‍ പേമാരിയില്‍ dunlop മെത്തയില്‍ യുറിയ ഉറവകള്‍ കിനിഞ്ഞു പൊട്ടി ..
   താഴെ മെസ്സില്‍ ചായ കുടിക്കാന്‍ പോയ ആ റൂമിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചു വന്നു,ആ വര്‍ണ്ണ        മനോഹര കാഴ്ച കണ്ടപ്പോള്‍ ആ പാവം ഹിന്ദിക്കാരുടെ തലയില്‍ ഒരു ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി ..

       മുടി നീട്ടിവളര്‍ത്തി അലക്കാത്ത  ജുബ്ബയുമിട്ട് കമിഴ്ന്നു കിടക്കുന്ന മേനോന്‍ കുട്ടിയെ ആ ഹിന്ദിക്കാര്‍ക്കുണ്ടോ അറിയുന്നു ??ഏതോ പിച്ചക്കാരനോ  ഭ്രാന്തനോ മുറിയില്‍ കയറിയെന്നു കരുതി ആകെ ബഹളവും നിലവിളിയുമായി ..

                  ഇതൊന്നുമറിയാതെ ചോറ് കഴിച്ചു മഴയുടെ ഭംഗിയില്‍ മെസ്സിന്റെ ഔട്ട്‌ ഹൌസില്‍ ഞങ്ങള്‍ മുട്ടന്‍ കഥകള്‍ അടിചിരിക്കെ ഹോസ്ടലിന്റെ മുകളിലത്തെ നിലയില്‍ നിന്നൊരു കോലാഹലവും നിലവിളിയും ..ഓടി മുകളിലെത്തി നോക്കുമ്പോള്‍ ഇടനാഴിയില്‍ 37 - ന്റെ മറുവശത്തുള്ള റൂമിലേക്ക്‌ വിദ്യാര്‍ഥി  സമൂഹം ഉറ്റു നോക്കുന്നു .ഞാന്‍ 37 - ന്റെ വാതില്‍ തുറന്നു നോക്കി , മേനോന്‍ കുട്ടിയെ കാണ്മാനില്ല.. 
കൂടിനിന്നവരെ മാറ്റി അടുത്ത മുറിയിലെത്തിയപ്പോള്‍ 2 - 3  ഹിന്ദി പയ്യന്മാര്‍ വിനോദ് മാഷിനോട് ഹിന്ദിയില്‍ എന്തെക്കെയോ വെച്ചലക്കുന്നു .അതുകേട്ടു കുടിച്ച പൂസിറങ്ങി കണ്ണ് തളളി വിനോദ് മാഷും മെസ്സന്മാരും .. അപ്പോഴാണത് കണ്ണില്‍ പെട്ടത് അവരുടെ മുറിയുടെ തറയില്‍ ഇട്ടിരുന്ന മെത്തയില്‍ മേനോന്‍ കുട്ടി കമിഴ്ന്നു കിടന്നുറങ്ങുന്നു , വളരെ  ശാന്തനായി.. .. ബെഡില്‍ നിന്നും അപ്പോഴും വെള്ളം ഇറ്റിറ്റു പുറത്തേക്ക് ഒഴുകുന്നു ..റൂമില്‍ വല്ലാത്ത വാട..

                         ഹിന്ദിക്കാരെ ഒരു വിധത്തില്‍ മലയാളത്തിലും മുറി ഹിന്ദിയിലും എന്തെക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി ,നടന്നില്ല,വിട്ടു തരുന്ന ഭാവമില്ല..പിന്നെ നമ്മടെ പച്ച മലയാളത്തില്‍  നീട്ടി  #**&$%##***%#$  പറഞ്ഞങ്ങു ഒതുക്കി .. 
                     മേനോന്‍ കുട്ടിയുടെ നടുവിന് ചവുട്ടി  വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ല. അവസാനം ഞങ്ങളെല്ലാരും കൂടി പൊക്കിയെടുത്ത് പായ വിരിച്ചു 37  -ല്‍ കിടത്തി .

                   അന്ന് രാത്രിയില്‍ പുതിയ മെത്തയും തലയിണയും ഷീറ്റും ഹിന്ദിക്കാര്‍ക്ക് നല്‍കാന്‍ വാങ്ങി റൂമില്‍ തിരിച്ചു എത്തുമ്പോഴേക്കും മേനോന്‍ കുട്ടി ഉറക്കമെഴുന്നേറ്റു. ആ ഹിന്ദിക്കാര്‍ മുറിയിലുണ്ടായിരുന്ന സമയമാണ്  മേനോന്‍ കുട്ടിയുടെ അതിക്രമമെങ്കിലോ എന്നാലോചിച്ചു പോരുമ്പോള്‍  പുള്ളി ആശ്ചര്യത്തോടെ ചോദിക്കുവാ ..
    "കൊള്ളാലോ സാറേ മെത്തയോ ? ഓ എനിക്കിതൊന്നും വേണ്ടായിരുന്നു ..ഈ കാശിനു 2 കുപ്പി വാങ്ങായിരുന്നില്ലേ ??

കുറിപ്പ് : സത്യം എത്ര പറഞ്ഞിട്ടും മേനോന്‍ കുട്ടിക്ക് വിശ്വാസമായില്ല ,പിന്നെ അവന്‍ കളങ്കപ്പെടുത്തിയ മെത്തയില്‍  ആ സത്യം ദര്‍ശിച്ചു മണത്തറിഞ്ഞു ..പിന്നെന്താ പുകില്‍ .. ക്ഷമ പറച്ചില്‍ ..നിങ്ങള്‍ ക്ഷമിചില്ലേല്‍ മുറി വിട്ടു പോകത്തില്ല എന്ന ഘട്ടം വന്നപ്പോള്‍ അവര്‍ തിരിച്ചു കാലുപിടിച്ചു..

         
                                                

No comments: