Friday, August 5, 2011

അര്‍ജ്ജുന സ്വയംവരം

 മുന്‍കുറിപ്പ്   : പ്രിയ അര്‍ജുന്‍, വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നു എന്ന് വിശ്വാസം. നരകം സ്വര്‍ഗത്തിന്റെ അതിര്‍ത്തിയില്‍ ആണെന്നും , അവിടം ഭരിക്കുന്നത്‌ അസുരന്മാരെന്നും പ്രമാണം, അവരുടെ സാമ്രാജ്യം ഊഹിക്കാമല്ലോ, താങ്കളുടെ വധുവിന്റെ ബന്ധു ഗണത്തില്‍ ചിലരെ ഞങ്ങള്‍ക്ക് ആ നരകം കാണിക്കേണ്ടി വന്നു എന്ന വസ്തുത വിനയപൂര്‍വ്വം അറിയിക്കുന്നു..

     തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കല്ലട എന്ന ത്രീ സ്റ്റാര്‍ ടൂറിസ്റ്റ് ഹോമിന്റെ  103 നമ്പര്‍ a/c റൂമില്‍ പുറത്തേക്ക് തുറക്കുന്ന ജനാലക്കരികില്‍ ചരിച്ചിട്ട മേശമേല്‍ MH - ന്റെ മൂന്നു നാല് കുപ്പികള്‍ ,മിശ്ച്ചര്‍ ,സിഗേറെറ്റു,ചിക്കന്‍ കഷണങ്ങള്‍ , ഗ്ലാസ്സുകള്‍ ..റൂമിലെ കട്ടിലിനരികില്‍ മേശയോട്‌ ചേര്‍ത്തിട്ട  കസേരമേല്‍ ശരീരം കൊണ്ട് വിളിപ്പേര്  അര്‍ത്ഥവത്താക്കിയ കിങ്ങ് എന്ന കപ്പല്‍ നങ്കൂരമിട്ടു കസേര തികയാതെ ഇരിക്കുന്നു.ധ്യാനത്തിലാണ് ...ഗ്ലാസ്സിലേക്ക്‌ സോമരസം പകരുന്നു,വിഴുങ്ങുന്നു..പിന്നെ സ്വതസിദ്ധമായ ദിക്കുകള്‍ കുലുങ്ങുന്ന പൊട്ടിച്ചിരി..ചിരി കേട്ട് മൃതപ്രാണനായി കട്ടിലില്‍ പ്രവീണ്‍ എന്ന സെസ്സിലെ MSD ഡിവിഷനിലെ മുത്തു ഉരുണ്ടു പിരണ്ടു കിടന്നു.ഉറങ്ങാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ കുറെയായി..സമയം എന്തായെന്നാ ??? പാതിരാത്രി 12 മണി .. 
               കപ്പല്‍ , മൊബൈല്‍ എടുത്തു അലറി വിളിച്ചു.."വിനോദ് സാറേ എവിടെയാ?"
അങ്ങേത്തലക്കല്‍ വിനോദ് സര്‍ ഫോണെടുത്തു.. ചാലക്കുടി പാലത്തിനു കീഴില്‍ പുള്ളി പോസ്റ്റായി നില്ക്കാന്‍ തുടങ്ങിയിട്ട് നേരം ഏറെയായി..കൂട്ടിനു TD -യുടെ സഹവള്ളിയായ നാട്ടുകാരന്‍ വികാസുമുണ്ട്‌..2 പോസ്റ്റുകളും നോക്കി നമ്പര്‍  ഇട്ടിട്ടു KSEB - യുടെ ജീവനക്കാര്‍ ഇപോ പോയതെ ഉള്ളു,ഈ നില്‍പ്പ് തുടര്‍ന്നാല്‍ 11kv ലൈന്‍ നാളെ  കണക്ഷന്‍  നല്‍കും..കിട്ടിയ ബസ്സിനു കയറി പോയിരുന്നേല്‍ ഇപ്പോള്‍ കിങ്ങിനു ഒരു കമ്പനി കൊടുക്കാമായിരുന്നു ..
                     "ഹലോ സാറെ വരുന്നില്ലെന്ന് ???" കപ്പല്‍ അലറി..
   "ആ വള്ളി TD 10 മണിക്ക് മുമ്പ് വരുമെന്ന് പറഞ്ഞതാ,അവനെ കാത്തു നിന്ന് ബസ്സും പോയി,
12.30 - നു ഒരെണ്ണം ഉണ്ട്..ഞാനതില്‍ കയറാം.." വിനോദ് മാഷ് 
 "ഹ ഹ ഹ അതല്ലേ സാറെ ഞാന്‍ വള്ളി ചുറ്റാന്‍ നില്‍ക്കാതെ നേരെ ഇങ്ങു പോന്നത്, എനിക്കറിയാമായിരുന്നു ഞാനും post ആകുമെന്ന്..എന്തായാലും പോരെ ഞാന്‍ MH - മായി കാത്തിരിക്കും,103- ന്റെ വാതില്‍ കുറ്റിയിടത്തില്ല  " കപ്പല്‍ 
                        വിനോദ് സര്‍ ഫോണ്‍ ഡയല്‍ ചെയ്തു,കോതമംഗലം കാലടി അങ്കമാലി വഴിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വെളുത്ത  മാരുതി 800 നുള്ളില്‍ TD  ഫോണെടുത്തു,വിനോദ് സര്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുമ്പ് അങ്ങേ തലക്കല്‍ നിന്നും "സാറൊന്നും പറയണ്ട ,കുറെ നേരമായി വെയിറ്റ് ചെയ്യുവല്ലേ?നല്ലതാ..ഒരു 10-15 മിനിറ്റ് ,ഇപോ എത്തും.." ഫോണ്‍ കട്ട്‌. 
                   TD - യുടെ സഹയാത്രികനായ ബ്രീസ് വള്ളി ആക്സിലേറ്ററില്‍ ചവുട്ടി പിടിച്ചു..കാര്‍ ഏറ്റവും കൂടിയ വേഗതയില്‍ ഓടി- 80-85 km.
                        12.30 -ന്റെ ബസ്സും പോയി, പോസ്റ്റുകള്‍ മുഖത്തോടു മുഖം നോക്കി..
"സര്‍ വിഷമിക്കണ്ട പുള്ളി ഇപ്പൊ വരും " വികാസ് വള്ളി 
      വിനോദ് സര്‍ എന്തോ മുറു മുറുത്തുകൊണ്ട്  കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ കുടിച്ചു വറ്റിച്ചു,വയറ്റിലെ ഇരകള്‍  സമയം തെറ്റിയിട്ടും പച്ചവെള്ളം മാത്രം വരുന്നതില്‍ പ്രതിക്ഷേധിച്ച് ടിയര്‍ ഗ്യസുകള്‍ പൊട്ടിച്ചു.
    1 മണി, കറങ്ങുന്ന കണ്ണുകളുമായി  ചാലക്കുടി കാണാതെ 10-20 km മുന്നോട്ടോടി പിന്നെ തിരിച്ചോടി TD പോസ്റ്റുകളുടെ അടുത്തെത്തി..
   മാരുതി വീണ്ടും 80-85 km....
   "അതെ ഞങ്ങള്‍ അങ്ങോട്ട്‌ വരുകയ..എന്തേലും  വാങ്ങണോ??" TD
"എടാ ഇവിടെ കഴിക്കാനൊന്നുമില്ല,ബാറും ഹോട്ടലും ഇവന്മാര് നേരത്തെ അടച്ചു  ( വെളുപ്പിന് 1 മണിക്ക് ) നീ കഴിക്കാനെന്തെലും  വാങ്ങിയിട്ട് വരണേ.." കപ്പല്‍ 
                    ഭാഗ്യത്തിന് ഇരിങ്ങാലക്കുടയില്‍ മൂന്നു ദിവസത്തെ സ്ടോക്ക് തീരാത്ത വിഷമത്തില്‍ തുറന്നു വെച്ച ഒരു ഹോട്ടല് കണ്ടത്തി..വേവിച്ചതിനു ശേഷം ജരാ നരകള്‍ ബാധിച്ച പെറോട്ട,കോഴി,ചപ്പാത്തി  എന്നിവ  പൊതിഞ്ഞു  വാങ്ങി ..
                                 വധൂ  ഗൃഹ സമീപസ്ഥമായ ഇരിങ്ങാലക്കുട കല്ലട ഹോട്ടലിന്റെ ഗേറ്റ് മലര്‍ക്കെ തുറന്നു കിടന്നു,ഇവിടെയാണ്‌ കല്യാണത്തിനു വന്ന വരന്റെ സുഹൃത്തുക്കള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്..ഞങ്ങളെ വരവേല്‍ക്കാന്‍ വരന്‍ ഏല്‍പ്പിച്ച 'പല്ലന്‍' എന്ന അവന്റെ കല്യാണ മാനേജര്‍ കോള്‍ഗേറ്റിന്റെ പരസ്യം പോലെ തിളങ്ങിയ പല്ലുകളുമായി വന്നു..
  ' എന്തുവാടെ പാതിരാത്രിക്കണോ ഫുഡ് വാങ്ങാന്‍ പറയുന്നേ?ഭാഗ്യത്തിന് കിട്ടി,ഞങ്ങള്‍ നാല് പേരുണ്ടാകും എന്ന്  പറഞ്ഞിരുന്നല്ലോ?"TD
"നിങ്ങള്‍ ആറു പേര്‍ക്കുള്ള  ഫുഡ് വാങ്ങി വെച്ചിരുന്നതാ, പക്ഷെ  കപ്പല്‍ .."
ആ ഗദ്ഗദത്തില്‍ എല്ലാം മനസിലാക്കി ഞങ്ങള്‍ 103- നമ്പര്‍ മുറിയിലെത്തി..
നാളുകള്‍ക്കു ശേഷം കാണുന്ന കപ്പല്‍ സന്തോഷാധിക്യത്താല്‍ പൊട്ടിച്ചിരിച്ചു..കെട്ടിപ്പിടിച്ചു..കറങ്ങി ഇരുന്നു..
 "പടെ" ബഹളം കേട്ട് കട്ടിലില്‍ കിടന്നു മയങ്ങി തുടങ്ങിയ പ്രവീണ്‍ ചാടിയെഴുന്നേറ്റു,ഏതോ ദു:സ്വപ്നത്തില്‍ എന്ന പോലെ ഞങ്ങളെ നോക്കി ചിരിച്ചു,വീണ്ടും കിടന്നു..
 അര്‍ജുന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടു,ഒരു ബോധവുമില്ല..പറ്റിയ  കമ്പനി..
ഗ്ലാസ്സുകള്‍ നിറഞ്ഞു,ഒഴിഞ്ഞു..വിനോദ് സാറിന്റെ വയറ്റില്‍ ഇരകള്‍ നീന്തി തുടിച്ചു..സന്തോഷ പൂത്തിരികള്‍ വിരിയിച്ചു..
MH - ന്റെ label നീണ്ടു ഇഴഞ്ഞു കാണാന്‍ തുടങ്ങി..ഉം കിക്കായി..
തമാശ കഥകളുടെ  കെട്ടഴിഞ്ഞു.. ചിരിച്ചി ചിരിച്ചു പൂസിറിങ്ങി..നാറണത്ത് ഭ്രാന്തന്‍ കഷ്ട്ടപെട്ടു പാറയുരുട്ടി കയറ്റും പോലെ അടിച്ചു പൂസാകും,പിന്നെ പാറ താഴേക്കു ഉരുട്ടും പോലെ ചിരിച്ചി ചിരിച്ചു പൂസ് പോകും,ആ പ്രക്രിയയും പ്രതിക്രിയയും തുടര്‍ന്നു..
   ഇതിലൊക്കെ പങ്കു ചേരാനോ ഉറങ്ങാനോ പറ്റാതെ പാവം പ്രവീണ്‍ ..തിരിഞ്ഞു ,മറിഞ്ഞു,കമിഴ്ന്നു പല പോസിഷനുകളില്‍ കിടന്നുറങ്ങി നോക്കി..രാവിലെ അര്‍ജ്ജുന സ്വയം വരത്തിനു പോകേണ്ടതാ..സമയം 3 മണി..
 അപ്പോഴതാ ഒരു ഫോണ്‍ കാള്‍ , സെസ്സിലെ മുത്തിന്റെ മുത്തായ എല്‍ദോസ്, കൂട്ടുകാരന്‍ ഒരു കലാകാരന്‍ സിനിമാക്കാരന്‍ വള്ളി പുള്ളിയുമായി കല്ലട ഹോട്ടലിന്റെ ഗേറ്റില്‍ വന്നു കിടന്നു കറങ്ങുന്നു. മുഖം അല്‍പ്പം മുകളിലേക്കുയര്‍ത്തിയാല്‍  ഹോട്ടലിന്റെ ബോര്‍ഡു കാണാം,പക്ഷെ എല്‍ദോസ് മുകളിലേക്ക് നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ മാത്രമേ കാണുന്നുള്ളൂ..പുണ്യ ജന്മം..
         അവരെത്തിയപ്പോഴേക്കും പരാജിതനായ  പ്രവീണ്‍ കുളിച്ചു റെഡി ആകാന്‍ പോയി.
              പിന്നെ പറയണോ പൂരം.സിനിമാക്കഥയും , നാടക രചനയും ,പിന്‍ സ്റ്റേജിലെ വിശേഷങ്ങളും കഴിഞ്ഞപ്പോഴേക്കും അനന്ത ശയനത്തില്‍ തറയിലും ,കട്ടിലിലും,മേശമേലും  കഥ കേട്ട് കിടന്നവര്‍ പ്രതിമ കണക്കെ ഉറങ്ങിക്കഴിഞ്ഞിരുന്നു..
     സുപ്രഭാതം..ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ ആരെക്കെയോ വന്നു കുളിച്ചു റെഡി ആയി പോയി..
"എനിക്കൊരു അയണ്‍ ബോക്സ് താടാ " ഓ അന്‍വര്‍ എത്തി..മൂന്നാറില്‍ നിന്ന്.പോരുമ്പോ കൊണ്ട് വന്നൂടെ,ഉറക്കത്തില്‍ ഞാന്‍ എവുടുന്നു കൊടുക്കാന,ഉറക്കവും പോയി..തല ചൊറിഞ്ഞ് TD എഴുന്നേറ്റു  
ഹോട്ടലില്‍ വിളിച്ചു അയണ്‍ ചെയ്യുവാനുള്ള കാര്യം ശെരിയാക്കി ,മുഖം കഴുകി,പല്ല് തേച്ചു,,അപ്പോഴാണ്‌ കഴിഞ്ഞ രാത്രിയില്‍ കൂടെ ഉണ്ടായിരുന്നവരെ കുറിച്ച് ഓര്‍മ്മ വന്നത്..
  പല്ലനെ വിളിച്ചു ബുക്ക് ചെയ്ത എല്ലാ റൂമിന്റെയും നമ്പര്‍  വാങ്ങി..ഭാഗ്യം ഒരു റൂമു പോലും ലോക് ചെയ്തിട്ടില്ല, നാട്യ  ശാസ്ത്രത്തിന്റെ A B C D പോലെ പല പൊസിഷനില്‍ എല്ലാവരും കിടപ്പുണ്ട്..പക്ഷെ കപ്പല്‍ രാവിലെ മുങ്ങി..
         നിമിഷങ്ങള്‍ക്കകം ഹോട്ടലിന്റെ ഇടനാഴിയില്‍ ഒറ്റ തോര്‍ത്ത് മുണ്ട് ഉടുത്തു പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന പ്രായത്തിലുള്ള നാലഞ്ചു യുവാക്കള്‍ തേരാ പാരാ നടന്നു..
     പകുതി തീര്‍ന്ന കുപ്പി ആലസ്യം വിട്ട കണ്ണുകളില്‍ ആശകള്‍ നിറച്ചു..കുളിചിട്ടാകാം..
TD യുടെ ഫോണ്‍ ബെല്ലടിച്ചു..VIP...vipin cod..!!! താരം ദെ താഴെ ഗേറ്റിനടുത്ത് നില്‍ക്കുന്നു..പുള്ളി റൂമിലെത്തിയ ഉടന്‍ എന്തോ പരതാന്‍ തുടങ്ങി..കുറച്ചു കഴിഞ്ഞു ഏതോ റൂമില്‍ നിന്നും അച്ചാറും കൊണ്ട് വന്നു , ആശകള്‍ വിരിയിച്ച പകുതി കുപ്പി കാലി കുപ്പിയാക്കി..
     കുളികഴിഞ്ഞു ഈറന്‍ ഉടുത്തു ഓരോരുത്തരായി റൂമില്‍ വന്നു .ഒഴിഞ്ഞ കുപ്പി നോക്കി 
                                   "ഒന്നുമില്ല അല്ലെ "..
പിന്നെ ഒന്നും മിണ്ടാതെ  നിരാശയോടെ പോയി..പിന്നെ ഒന്നും ആലോചിച്ചില്ല താഴെ ബാറില്‍ വിളിച്ചു കുപ്പികള്‍ വരുത്തിച്ചു.
യുവതലമുറയിലെ ചെറുപ്പക്കാര്‍ ആത്മാര്‍ത്ഥതയുടെ പ്രതീകങ്ങളായി മാറി..
                          
                              കൃത്യം മുഹൂര്‍ത്തം കഴിഞ്ഞതും എല്ലാ പാമ്പുകളും കല്യാണത്തിനെത്തി ,,ഫോട്ടോ സെഷന്‍ നടക്കുന്നു,അര്‍ജുന്‍ ആകെ ആവേശത്തിലാണ്,പാമ്പുകള്‍ എല്ലാരും നവ മിഥുനങ്ങളുടെ ഇരു വശത്തുമായി നിരന്നു നിന്നു, വധൂ വരന്മാരുടെ കഴുത്തില്‍ പൂമാല ഉണ്ടായിരുന്നത് കൊണ്ട് അവര്‍ രക്ഷപ്പെട്ടു,പക്ഷെ ഫോട്ടോ ഗ്രഫര്‍മാരും ബന്ധുക്കളും...ആ ആര്‍ക്കറിയാം..
            സദ്യക്ക് വേണ്ടി മുന്‍വശത്തെ വാതിലില്‍ തള്ളോട് തള്ള് ..മുന്‍പരിചയം ഉണ്ടായിരുന്നത് കൊണ്ട് TD എല്ലാ പാമ്പുകളെയും അടുക്കള വഴി നയിച്ചു .സദ്യക്ക് സമയം ആകുന്നതുവരെ 
പാമ്പുകള്‍ പലതും തൂണിലും,ചെമ്പ് കലത്തിന്റെ അടപ്പിലും ചുറ്റി ഇരുന്നു വിശ്രമിച്ചു.
  വിശാലമായ ഗംഭീര സദ്യ, പുറത്തിറങ്ങുമ്പോള്‍ അഭിവന്ദ്യരായ സെസ്സിലെ ഗുരുനാഥന്മാര്‍ ..എല്ലാവരെയും  കണ്ടു പരിചയം പുതുക്കി. 
                     ഒന്ന് വിശാലമായി മുറുക്കി ചുവപ്പിച്ചു നില്‍ക്കുമ്പോഴാ കാണുന്നെ പഴയ സുഹൃത്തുക്കളായ  ഷാജി, നിഷ ,ടിങ്കിള്‍ ,രേനോഷ് ഇത്യാധികളെ നയിച്ചു കൊണ്ട് അന്‍വര്‍ ,കുറച്ചു ഫോട്ടോ എടുത്തു ,പിന്നെ അവരെയും നയിച്ചു കൊണ്ട് ജാഥയായി അന്‍വര്‍ എങ്ങോട്ടോ പോയി.
   പാമ്പുകളെല്ലാം  അര്‍ജുനോടും പത്നിയോടും യാത്ര പറഞ്ഞു വീണ്ടും കല്ലട ടൂറിസ്റ്റ് ഹോമിലെ മുറിയിലേക്ക് മടങ്ങി..
          കല്യാണ മാനേജര്‍  പല്ലന്‍ അവര്‍കള്‍ പോകുവാനുള്ള ഒരുക്കത്തിലാണ്, ഇനി വിരുന്നു കോഴിക്കോട് അര്‍ജുന്റെ ഗൃഹത്തിലാണ്,കല്യാണം കഴിഞ്ഞാലുടന്‍ റൂമുകള്‍ ഒഴിയാമെന്ന ആഗ്രഹം വെറും അതിമോഹമായി പാവം പല്ലന്റെ മനസ്സില്‍ വീണുടഞ്ഞു,കല്യാണത്തിനു വന്ന മറ്റു സുഹൃത്തുക്കളും കൂടി മുറിയിലേക്ക് വന്നപ്പോള്‍ ഗംഭീരമായി..
              സഭയിലേക്ക് വിഭവങ്ങള്‍ ഓരോന്നായി വന്നു തുടങ്ങി..കുപ്പികള്‍ , ചിക്കന്‍ ചില്ലി, പെപ്പെര്‍ ചിക്കെന്‍,പന്നി,പോത്ത്, എരുമ, കരള്‍ ,ഇതൊക്കെ ഉലത്തിയത്‌ പൊരിച്ചത് കരിച്ചത് മുറിച്ചത് പൊതിഞ്ഞത്..വന്ന ബില്ലുകള്‍ മുറി എടുത്ത ആളിന്റെ പേരിലാ..TD യും എല്ദോസും മത്സരിച്ചു ഒപ്പിട്ടു ബില്ലുകള്‍ കൊടുത്തയച്ചു..
  എല്ലാം ടേസ്റ്റു നോക്കി പകുതി കഴിച്ചു ബാക്കി വെക്കുന്ന കാരണം വെയ്റ്റ്ര്‍ക് എടുത്തു കൊണ്ട് പോകുവാനും വയ്യ, 
           കൈ കഴുകാന്‍ മടിയായത് കാരണം എല്ലാരും തൊട്ടു നക്കിയ വിഭവങ്ങളുടെ ബാക്കി പത്രം ബെഡ് ഷീറ്റില്‍ ചിത്രകല നടത്തി രസിച്ചു..ആകെപ്പാടെ മുന്സിപാലിറ്റി വകയായി സ്യൂട്ട് റൂം ..
  അവിടം ആകെ നശിച്ചു നാറാണകല്ല്‌ പിടിച്ചതും എല്ലാവരും ഒരു തീരുമാനമെടുത്തു.
  "ഇനി അടുത്ത റൂമില്‍ പോയി കലാപരിപാടികള്‍ തുടങ്ങാം."
സ്യൂട്ട് റൂം വെക്കെറ്റു ചെയ്തു.
ക്ലീന്‍ ചെയ്യാന്‍ വന്നവര്‍ സ്വബോധം നശിച്ചു നെഞ്ചത്തടിച്ചു കൊണ്ട് ഇറങ്ങിയോടി,ആ നിലവിളി കേട്ട് ഹോട്ടല്‍ മാനേജര്‍  എത്തി,..അപ്പോഴാണ്‌ ആ നഗ്ന സത്യം ഞങ്ങള്‍ അറിയുന്നത്..റൂം ബുക്ക്‌ ചെയ്തത് വധുവിന്റെ ബന്ധു ജനങ്ങളാണത്രെ..മാനേജര്‍  ആ റൂമിന്റെ ഫോട്ടോകള്‍ പല ആങ്കിളില്‍ തെരു തെരെ എടുത്തു ,ബുക്ക്‌ ചെയ്ത ആ പാവങ്ങളെ അത് കാണിച്ചു പിഴിയാനാകും,പക്ഷെ അയാള്‍ ഒരു ശപഥം ചെയ്തു.."ഇനി അവര്‍ക്ക്  ഒരു കാരണവശാലും റൂം നല്‍കില്ല."
പിന്‍ കുറിപ്പ്  : മുന്‍കുറിപ്പില്‍  ഞാന്‍ പറഞ്ഞില്ലേ നരകം കാട്ടേണ്ടി വന്നുവെന്ന്..പക്ഷെ ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല കേട്ടോ..
"അര്‍ജുന്‍, നീ എന്നും ഞങ്ങളോട് കടപ്പെട്ടവനാണ് എന്ന് മാത്രം മനസിലാക്കുക.."

അവസാന താങ്ങ് ( END PUNCH ) : ഞങ്ങള്‍ ഒരു രാത്രി കൂടി അവിടെ ഉണ്ടായിരുന്നു,അടുത്ത റൂമില്‍ ..പേടിക്കണ്ട  എല്ലാം തഥൈവ: 
   
                     
                

No comments: