Friday, February 1, 2013

ബാച്ച്ലര്‍ ജല്പനങ്ങള്‍ .

                                  "hota hai apna hoshna duniya ki kuch khabar ..
                                     hoti hai dil ki aesi bhi halat kabhi kabhi ...."

                      " എടാ പട്ടരെ ..P  ..P  ..തെണ്ടി ..ധൈര്യമുണ്ടെല്‍ ഇറങ്ങി വാടാ .."

 പരപരാ വെളുപ്പാന്‍ കാലത്തു ' ശായരിയില്‍ '  സ്വപ്നങ്ങളെ സ്വയം തളച്ചിട്ടു സ്വസ്ഥമായി ഉറങ്ങുകയായിരുന്ന P P  വെല്ലുവിളി കേട്ടു ഒരു ഞെട്ടലോടെ കണ്ണ് തുറന്നു .മഴവില്ല് പോലെ പച്ചയും ചുവപ്പും മഞ്ഞയും നീലയും  കലര്‍ന്ന പുതപ്പു ,മുഖം വഴി മൂടി കാഴ്ച മറച്ചിരിക്കുന്നു . മഴവില്ല് കണി കണ്ടുണരാന്‍ ആഗ്രഹിച്ച p p  കണ്ടു പിടിച്ച മാര്‍ഗം ആണ്  ആ  പുതപ്പിന്റെ രൂപത്തില്‍ ..സര്‍ഗാത്മകതയുടെ പ്രതിബിംബം  ..

                                     " ഭ !! എടാ പട്ടരേ ..പൊട്ടാ ..നീ പോട്ടനാടാ പൊട്ടാ .."
  "ശോ ഈ സൗദിയിൽ ആകെ കിട്ടുന്ന ഒരു അവധി ദിവസമാണു ഈ വെള്ളിയാഴ്ച ...ഉച്ചക്കു 12 മണിവരെ സുഖായിട്ട് ഉറങ്ങുന്നതാ ..എന്ത് പണ്ടാരമാണോ ഈ വെളുപ്പാന്‍ കാലത്തു വെല്ലുവിളിയും ആയിട്ടു.." 
  പച്ചക്കറിയുടെ നാരായ വേരുകള്‍ മാത്രം ഭക്ഷിച്ചു തണുപ്പിച്ച p p എന്ന പാവം പട്ടരുടെ   രക്തത്തിനു ആ തണുപ്പേറിയ പുലര്‍ച്ചയില്‍ ചൂട് കയറുന്ന പോലെ ..
                                               " dalthi huyi raat keh rahi hai,..
                                                    jaltey huye din na laut aayen .."
                               ശായരിയും പറഞ്ഞുകൊണ്ട് p p  കട്ടിലില്‍ നിന്നെഴുന്നേറ്റു ..

"superman costume" - ല്‍ മാത്രം  കിടന്നുറങ്ങി ശീലിച്ച p p  നാണം മറക്കാന്‍ ഒരു വരയന്‍ കുട്ടി തോര്‍ത്തു കൂടി  ചുറ്റി .
   മുറിയുടെ വാതില്‍ മെല്ലെ തുറന്നു ..തലയിട്ടു പുറത്തേക്കു നോക്കി ..വിശാലമായ വലിയ ഫ്ളാറ്റ് ..

ഇടനാഴിയുടെ ഇരു വശത്തുമായി 3 ബെഡ് റൂമുകള്‍ ,പിന്നെ toilet ,ഇടനാഴി ചെന്നവസാനിക്കുന്നത് ഹാളിലും ,അതിനു വശത്തേക്ക് മാറിയുള്ള അടുക്കള കാണുവാന്‍ ആകുനില്ല ..ഹാളില്‍ നിന്ന് പുറത്തേക്കുള്ള വാതിലില്‍ നോക്കി .. പൂട്ടിയിട്ടുണ്ട് ..ആരാ പിന്നെ രാവിലെ വെല്ലു വിളിക്കുന്നേ ??
 മറ്റുള്ള 2 മുറികളിലും കൂടി 7 പേരുണ്ട് ആകെ ആ ഫ്ളാറ്റില്‍ , പക്ഷെ ജോലിയുമായി എല്ലാവരും വളരെ ദൂരെയാണ് ..p p  യാണ് ഇപ്പോള്‍ അധികാരം കയ്യാളുന്നത് .
 
             നടന്നു മെല്ലെ ഹാളില്‍ എത്തി .അടുക്കളയിലേക്കു ഒളിഞ്ഞു നോക്കി ,ആരുമില്ല ..പിന്നെ ധൈര്യമായി ..നെഞ്ചും വിരിച്ചു വാതിലിന്റെ ലെന്‍സിലൂടെ പുറത്തേക്കു കണ്ണോടിച്ചു ..ശൂന്യം !!
       "തേങ്ങാ ..!!" രാവിലെ ഓരോന്ന് തോന്നിക്കോളും ..ഉറക്കം കളയാന്‍ ..എന്നും വെളുപ്പിനു 4-30നു  എഴുന്നേല്‍ക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയാണുള്ളതു  "വെള്ളിയാഴ്ച ആകണേ  എന്ന് "  വെള്ളിയാഴ്ച ആയാലോ  ..അപോ ദെ ഇങ്ങനെ കുറെ മാരണങ്ങള്‍ ..
             പോയ ഉറക്കം മെല്ലെ തലയ്ക്കു തിരിച്ചു പിടിപ്പിച്ചു മണ്ടി മണ്ടി വീണ്ടും കട്ടിലു ലക്ഷ്യമാക്കി നടന്നു തുടങ്ങുമ്പോഴേക്കും .. വീണ്ടും വെല്ലു വിളി ..

                " ഹാ ..!! പേടിച്ചു തിരികെ പോകുവാണോടാ ..എവിടാടാ കണ്ണ് പൊട്ടാ നീ നോക്കുന്നെ ..ദെ ..ഇവിടെ ഇവിടെ ..ഇങ്ങോട്ട് നോക്കെടാ .."
   മയക്കം പറ്റിപിടിച്ച കഴുകാത്ത കണ്ണുകള്‍ തിരുമ്മി തുറന്നു ഒരു ഞെട്ടലോടെ p p ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി ..ആരെയും കാണുന്നില്ല ..ഉള്ളില്‍ ഒരു ചെറിയ ഭയം പൂവിട്ടു..വിരിഞ്ഞു ..പുഴു കയറി ..
                                                    " ഡാ ..ഇവിടെ .."
അപ്പോഴാണ് p p  അടുക്കളയുടെ നിലത്തേക്ക് നോക്കിയത് .. ആ കാഴ്ച കണ്ടവന്‍ ഞെട്ടി ..
10-50 ഓളം വരുന്ന  'മുറ്റു'പാറ്റകളും പാറ്റികളും ..വടിയും കമ്പും കോലുമായി നില്‍ക്കുന്നു ..

ഫ്ളാറ്റിലെ  7 അംഗങ്ങളില്‍ ഒരു ചാര്‍ഖണ്ട്കാരന്‍ ഉണ്ട് .. വൃത്തിയും വെടുപ്പും വളരെ കൂടുതല്‍ ഉള്ള ആളായത് കൊണ്ടാകണം, ആ മഹാന്റെ പെട്ടിയില്‍ നിന്നുമാണ് ഫ്ളാറ്റില്‍ പാറ്റകളുടെ ആദവും ഹവ്വയും സൃഷ്ടിക്കപെട്ടത്‌ .2 എണ്ണത്തിനും  വേറെ പണിയൊന്നുമില്ലാതെ ഇരുന്നിട്ട് , 'പാറ്റിഹവ്വ' ചുമ്മാ പേറോട്  പേറായിരുന്നു... എല്ലാം കൂടി പെറ്റു  പെരുകി പുത്തന്‍ ഫ്ളാറ്റിന്റെ അടുക്കളയിലെ മണം  പിടിച്ചു  കബൊര്‍ഡിലും പാത്രങ്ങള്‍ക്കിടയിലും ഫ്രിഡ്ജില്‍ ഉല്‍പ്പെടെ   എല്ലാം വീട് വെച്ചു ഹൌസിംഗ് കോളനികള്‍ പൊക്കി  ..
 
               കഴിഞ്ഞ ദിവസം p p  ജോലി കഴിഞ്ഞെത്തി ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ തുടങ്ങുമ്പോഴേക്കും തിരുനെറ്റിക്ക്  ആരോ കല്ലെറിഞ്ഞ പോലെ ..നോക്കുമ്പോഴുണ്ട്‌ ഒഴിഞ്ഞ വലിയ ചോറ് ചെമ്പിനകത്തു , ഒത്ത നടുക്ക് , ഒരുവന്‍ ബാറ്റും ഉയര്‍ത്തിപിടിച്ചു നില്കുന്നു .
   പാറ്റകളുടെ നഗര വികസനത്തിന്റെ ഭാഗമായാണെന്നു തോന്നുന്നു ഫ്ളാറ്റില്‍  എല്ലാവരും ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കുന്ന വലിയ ചോറ് ചെമ്പിനെ stadium ആക്കി മാറ്റിയിരിക്കുന്നു .ചെമ്പിന്റെ വക്കിലെല്ലാം ആവേശത്തോടെ  പാറ്റകള്‍ ഇരുപ്പുണ്ട്‌  .
  കലി  മൂത്ത p  p  " സച്ചിനേ  ക്ഷമിക്കണേ .." എന്നും പറഞ്ഞു "ചെമ്പു stadium" മറിച്ചിട്ട് ..കിട്ടിയതിനെ എല്ലാം ചവുട്ടി അരച്ചു  ..

               അപ്പൊ അതിന്റെ കൊട്ടേഷന്‍ ആയിരിക്കും ഈ നില്‍ക്കുന്ന പാറ്റ  പട !!

       " നീ ആരന്നാട നിന്റെ വിചാരം ?? ഇന്നലെ 20-20 കളിചോണ്ടിരുന്ന ഞങ്ങടെ പിള്ളേരെ നീ ചവുട്ടിയരച്ചു ..ഇനി നിന്നെ ഇവിടെ വെച്ചു പൊറുപ്പിക്കില്ല .. ഇന്ന് നിന്റെ അവസാനമാടാ .."
                      മുന്നില്‍ ആ പടയെ നയിച്ച്‌ നിന്ന പാറ്റ  നേതാവ് വിളിച്ചു പറഞ്ഞു ..
          ദേഷ്യം മൂത്ത p p  " എന്റെ ഉറക്കം കളയാനും വേണ്ടി നിയൊക്കെ ആയോടാ .." എന്നാക്രോശിച്ചു കൊണ്ട് ആകെ ഉടുത്തിരുന്ന വരയന്‍ തോര്‍ത്തു ഊരി തലങ്ങും വിലങ്ങും വീശി ..

ആ രംഗം കണ്ടു " അമ്മേ  .. ദെ സൂപ്പര്‍മാന്‍ " എന്നും പറഞ്ഞു ഒരു പാറ്റിതള്ളയുടെ ഒക്കത്തിരുന്ന പാറ്റകുഞ്ഞു പിടിവിട്ടു p p  യുടെ അടുത്തേക്കോടി ..
                                                          "സൂപ്പര്‍ മാന്‍ ചേട്ടാ ..."
ആ വിളി തീരും മുമ്പ് വീശിയ വരയന്‍ തോര്‍ത്തിന്റെ കാറ്റില്‍ പെട്ട് തെറിച്ചു പോയ പാറ്റ കുഞ്ഞു ഉരുണ്ടു പിരണ്ടു എഴുന്നേറ്റു " തള്ളേ  ...ഈ മറുദാക്കു ഭ്രാന്താ .." എന്ന് നിലവിളിച്ചു ഓടിയൊളിച്ചു ..
               "നാണമില്ലാത്തവനെ ..പാറ്റികുഞ്ഞി ദൈവം നിന്നോട് ഇതിനൊക്കെ പകരം ചോദിക്കുമെടാ .."എന്നൊരു ശാപവും ചൊരിഞ്ഞു പാറ്റ  നേതാവ് കമ്മിറ്റി പിരിച്ചു വിട്ടു  .

 " നിന്നെയൊക്കെ വേരോടെ നശിപ്പിചിട്ടെ ഇനി എനിക്കുറക്കമുള്ളൂ " എന്ന് പ്രഖ്യാപിച്ച p  p
അവറ്റകളെ ഇല്ലായ്മ ചെയ്യാനുള്ള  വഴികളെ മെടഞ്ഞെടുത്തു ..ഒരു കുടിലും കെട്ടി .
      1.  വന്ധീകരണം
      2. അബോര്‍ഷന്‍
      3. എന്‍ഡോ സള്‍ഫാന്‍
      4. സുനാമി
      5. കൊട്ടേഷന്‍
      6. അല്ലേല്‍  പിന്നെ വെടിവെച്ചു അങ്ങ് കൊല്ലുക  ..
  വീണ്ടും തലചൊറിഞ്ഞു p  p  തെക്ക് വടക്ക് നടന്നു .. ഒന്നും ശരിയാകത്തില്ല.. മതി നടന്നു ആലോചിച്ചത് .. ക്ഷീണിച്ചു .. ഇനി കിടന്നു ആലോചിക്കാം ..
   കിടന്നത് മാത്രേ ഓര്‍മ്മയുള്ളൂ ..ഉറക്കത്തിലേക്കു വഴുതി വീണ p  p  പാറ്റകളുമായി ഏറ്റുമുട്ടുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ 100% ആക്ഷനില്‍ കണ്ടു ..
               അതില്‍ p  p  ക്ക് "Big B" യിലെ  മമ്മുക്കന്റെ രൂപം ആയിരുന്നു ..ഡയലോഗും ഉണ്ട് ..
                 
                          " ഈ പാറ്റടെ ബാപ്പയാ ..സൗദിന്നു ലിവിനു വന്നതാ .."
                                        ഉം ഉം p  p  ...ഹേ  ഹേ  p  p  ..

                 ശോ !! ഞെട്ടി ഉണര്‍ന്നപ്പോഴേക്കും നേരം ഉച്ചയായിരുന്നു ..
               വിശന്നു പൊരിഞ്ഞ ഉണ്ണി കുടവയര്‍ തടവി അടുകളയില്‍ എത്തി ..
 കൊള്ളാം!! അവിടെ പിഫ  (പാറ്റ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോ.) ലോകകപ്പു നടക്കുന്നു..              
        കലി മൂത്ത p  p  അയല്‍വാസിയായ സുഹൃത്തിനോട്‌ വഴി ആരാഞ്ഞു .ആ മഹത് വ്യക്തി നല്‍കിയ പാറ്റ കൊല്ലി സ്പ്രേ അടുക്കളയിലും, stadium ,പത്രങ്ങള്‍ മുഴുവന്‍ അടിച്ചു .വിഷമേറ്റു  കിറുങ്ങിയ പാറ്റകള്‍  ഡ്രൈ ആയിട്ട് ഒരു പൈന്റ് അടിച്ച ലഹരിയില്‍ കിറുങ്ങി നടന്നു .കലിപ്പ് തീരാതെ  മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപിച്ച പോലെ എല്ലാറ്റിനേം പുറകെ നടന്നു p p  സ്പ്രേയില്‍ കുളിപിച്ചു ..പണി പാളിയ പാറ്റകള്‍ ചത്തൊടുങ്ങി .
                     p  p  ക്ക് സമാധാനമായി ..ഇനിയൊരെണ്ണം ഉണ്ടാകില്ല എന്ന ആശ്വാസത്തില്‍ കുറച്ചു തണുത്ത വെള്ളം കുടിക്കാനായി ഫ്രിഡ്ജു  തുറന്നു .
       
                  " ഹറാം  സാലെ ..മാരേഗാ ..കാശ്മീര്‍ ആനേകേലിയെ  ഇതന ഹിമ്മത് .."
                     തലയില്‍ കെട്ടും കയ്യിലൊരു A K 47 ഉം ആയിട്ടൊരു പാറ്റ  'കാക്ക' ..
                                                 p p  ഞെട്ടി ...കാശ്മിരോ ??
                          ഓര്‍ക്കാപുറത്ത് ഹിന്ദി കേട്ട p p  യുടെ നാവില്‍ ശായരി തുളുമ്പി ..
                           "main kahin bhook se na mar jaoon ae ameer-e-sheher,
                                  gar mustaqbil hoon tumhara bachaa lo mujh ko ..."

                                                              വാ ഉസ്താദ് വാ ..
                         ഞെട്ടലു മാറാതെ p  p മെല്ലെ ഫ്രിഡ്ജിന്റെ വാതിലു  ചാരി . .
കാശ്മീര്‍ ആണ് പോലും .. തണുപ്പുള്ളതല്ലേ  പ്രശ്നം ..??ഇപ്പൊ ശെരിയാക്കി തരാം ..
                                 p  p  ഫ്രിഡ്ജിന്റെ കണക്ഷന്‍ ഊരി ..
         
               അന്നത്തെ ദിവസം ഭക്ഷണം ഒക്കെ പുറത്ത് നിന്ന് കഴിച്ചു .. വൈകുന്നേരമായപ്പോള്‍ അടുക്കളയിലേക്കു വെറുതെ ഒന്നു നോക്കി ..
          പാറ്റകള്‍ സമാധാനത്തിന്റെ വെള്ളകൊടിയും പൊക്കിപിടിച്ച് ഒരു കത്തുമായി നില്‍ക്കുന്നു . p p  യെ കണ്ടതും കവറും  നിലത്തിട്ടു അവറ്റകള്‍ 4 പാടും പാഞ്ഞു ..
                                                   p p കത്തെടുത്തു പൊട്ടിച്ചു ..

                                            " ഉടമ്പടി ..സമാധാനം സന്തോഷം .."
അതി ശക്തനും അതിലോപരി ദയാലുവും ചെകത്താന്‍തുല്യനുമായ താങ്കള്‍ അറിയുന്നതിന് .
ഈ മനോഹരമായ അങ്ങയുടെ ആലയം ഞങ്ങള്‍ക്ക് കൂടി ഉള്ളതല്ലേ ?
ഇത്രയും കാലം ഒരെതിര്‍ അഭിപ്രായം പറയാതെ അതിനു അനുവദിച്ചു തന്നതിന് വളരെ നന്ദി .
എന്നാല്‍ അഹങ്കാരം മൂത്ത് കണ്ണു കാണാതെ, ഞങ്ങള്‍ക്ക് മുകളില്‍ ആരും ഇല്ല എന്നാ ഭാവത്തില്‍ ,   മുഴുവന്‍ നശിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത് .വെള്ളത്തിന്റെ സ്രോതസ്സുകള്‍ ,ആഹാരം എല്ലാം ഞങ്ങള്‍ നശിപ്പിച്ചു .അതിനുള്ള ശിക്ഷ ഞങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു .ഇനിയും ഇവിടെ ജീവിക്കാന്‍ .വയ്യ .അവ്വിധം ഇവിടം നശിക്കപെട്ടു കഴിഞ്ഞു .
                                                    ഞങ്ങളുടെ റിസര്‍ച്ച്‌ വിങ്ങ് തൊട്ടടുത്ത ഫ്ളാറ്റിലെക്ക് ഒരു                     "പാറ്റ കുരിയോസിറ്റി "വിക്ഷേപിച്ചിട്ടുണ്ട് .അതിന്റെ റിസള്‍ട്ട് കിട്ടിയാല്‍ ഉടനെ തന്നെ അങ്ങോട്ട്‌ താമസം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് .ദയവായി അത്രയും നാള്‍ കൂടി ഇവിടെ തങ്ങാന്‍ അനുവദിക്കണം .
                                                                                                                എന്ന് ,
                                                                                                               പ്രസിഡന്റു,
                                                                                                               പാറ്റമേരിക്കന്‍ യുണിയന്‍ ,
                                                                                                                 ഒപ്പ്  - തുപ്പ്‌ #*^%$
     "  ഹും ഇവിടം  നശിപ്പിച്ചതു പോരാ ..ഇനി അടുത്ത ഫ്ലാറ്റും കൂടി കുളം തോണ്ടിക്കോ .. ഇല്ലെഡാ തിന്നും തൂറിയും മുടിച്ച ഇവിടം കൊണ്ട് തന്നെ നിയൊക്കെ തീരണം.."  p p  മനസിലോര്‍ത്തു ..പിന്നെ ഉടമ്പടി വലിച്ചു കീറി ..കഷണം കഷണം ആക്കി തറയില്‍ ഇട്ടു ചവുട്ടി ..
       
                             പാറ്റകള്‍ പ്രധാനമായും പട്ടിണി കൂടാതെ കഴിഞ്ഞു പോന്ന അടുക്കള p p ഉപയോഗിക്കാതായി.. ആഹാര സാധനങ്ങള്‍ ഇല്ല ..വെള്ളം ഇല്ല .2-3 ദിവസം അങ്ങനെ നീങ്ങി ..പിന്നീടു അതി കഠിനമായ വിഷം p  p  പ്രയോഗിച്ചു ": മണം കിട്ടിയാല്‍ പാറ്റകള്‍ തിന്നു പോകുന്നതും ,കഴിച്ചാല്‍ വയറു പെരുകി പണി പാളുന്നതുമായ ഉഗ്രന്‍ സാധനം ".
                            ചത്തു  മലച്ച പാറ്റകളെയെല്ലാം വാരി കൂട്ടി വൃത്തിയാക്കി അടുക്കള കഴുകി തുടച്ചു..
പനിനീരു തളിച്ചു ,ചന്ദനം കത്തിച്ചു ..പരിമളം ചുറ്റും ഒഴുകി ..
  വീണ്ടും നാളുകള്‍ക്കു ശേഷം p p  യുടെ നാവില്‍ ശായരി  വന്നണഞ്ഞു..
                                                      "dalti huyi raat keh rahi hai..
                                                       jaltey huye din na laut aayen ..."
                      
                              ആരവങ്ങളൊഴിഞ്ഞ പുലരിയില്‍ ..പുതുമയുടെ സുഗന്ധം പേറുന്ന അടുക്കളയിലേക്കു p p  ചെന്നു .കിഴക്കിനെ നോക്കുന്ന ജനല്‍ച്ചില്ലിലൂടെ സൂര്യന്‍ ഇളം ചൂടിനെ കൊണ്ട് വന്നു . ഉണര്‍ന്നു പുല്‍കുന്ന സൂര്യനെ സൂപ്പര്‍മാന്‍ "costumil" നോക്കി ,പാറി പറന്ന , ഉറക്കത്തില്‍ മരശിഖരങ്ങളായി മാറിയ ശിരോ രോമങ്ങളെ മാടിയൊതുക്കി ( പച്ച മലയാളത്തില്‍ തല ചോറിഞ്ഞെന്നു പറയാം ) നിന്ന p p  ക്ക് ശായരി പോലെ ഒരു ചായ കുടിക്കാന്‍ മോഹം .നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം പാല്‍ ,പഞ്ചസാര,തേയില എന്നിവ വാങ്ങി വെച്ചതാ ..
                 ചായ പത്രം കഴുകി വൃത്തിയാക്കി പാല്‍ അതിലേക്കു ഒഴിച്ചു ..
                              
                                                  !! പാലിന്റെ മണം !!

                    "ശ്ശോ " ! ഇനിയിപ്പോ ഈ മണം പിടിച്ചു പാറ്റകള്‍  വീണ്ടും വരുമോ ?
ആകെ വിഷമ വൃത്തത്തിലായ p p , ഒഴിച്ച പാലു അതെ പടി കളഞ്ഞു .. മണമുണ്ടാകാതിരിക്കാന്‍   സോപ്പ് പൊടിയിട്ടു നന്നായി കഴുകി .
                             അങ്ങനെ പുതിയ ഒരു ചരിത്ര സത്യം കണ്ടു പിടിക്കപെട്ടു ..
                      " പാചകം ചെയ്യാതിരിക്കലാണ് പാറ്റകളെ ഒഴിവാക്കാനുള്ള ഏക വഴി "
             
                        നാളുകള്‍ക്കു ശേഷം ഞാന്‍ തിരികെ വരുമ്പോള്‍ കണ്ട കാഴ്ച !!
           പൊടിയടിച്ചു നിറം മങ്ങിയ സ്ടോവ് ,പൂപ്പല്‍ പിടിച്ച വാഷ്ബേസിനും ഐസു മൂടിയ ഫ്രിഡ്ജും ,ഉള്ളില്‍ എന്നോ നിക്ഷേപിച്ച ചീഞ്ഞു പോയ കുറച്ചു പച്ചക്കറികളും .
 
     തെരണ്ടിവാല്‍ : ഓര്‍മ്മ വരുന്നത് ഒരു പഴഞ്ചൊല്ലാണ്‌ .: എലിയെ പേടിച്ചു ഇല്ലം ചുടുക !! "
                                       ഈ അവസരത്തില്‍ അതിനെ " പാറ്റയെ പേടിച്ചു പട്ടരു പട്ടിണിയായി"    എന്നാക്കാം  ..

കടപ്പാട്  : നമ്മുടെ സ്വന്തം pp യുടെ മുകളില്‍ കുറിച്ച 'imaginations' .
               : www.ranjish.com/shayari         .                              

    








No comments: