Thursday, April 10, 2014

ഇസ്തിരിപെട്ടി : 2 ( തേച്ചു വടിയാക്കിയ കഥകൾ )

ട്രങ്കുപെട്ടി   ( കാലഘട്ടം :  B M  : before mobile)

കഥ നടക്കുന്ന കാലം നമ്മളീ ഓടുന്ന കാലമല്ല , നമ്മൾ സമാധാനമായി നടന്ന കാലമാണ്..കഥാപാത്രങ്ങൾ നമുക്കു  ചുറ്റുമുള്ളവരും,ഗ്രാമവും, നമ്മളുമൊക്കെ തന്നെയാണ് .. പേരുകൾക്ക് പകരം gender തിരിച്ചു new
generation- ലേക്കു  ആക്കിയെന്നു ഓർത്തു കൊള്ളുക .

  നമ്മുടെ കഥാനായകൻ ആണൂസിന്റെ അപ്പൻ, കാശ് ചേർത്തുവെച്ച് രണ്ടുകൈകൾ മറിഞ്ഞു വന്ന ഒരു കൈനെറ്റിക് ഹോണ്ട സ്വന്തമാക്കി . ആണൂസിന്റെ ഗ്രാമത്തിലെ 10 -) മത്തെ ഇരുചക്രവാഹനമെന്ന പുരസ്കാര ലബ്ധിയോടെ കുണുങ്ങി കുണുങ്ങി ഹോണ്ടകുട്ടി ആണൂസിന്റെ വീട്ടുമുറ്റത്തെത്തി . ( ആ ഗ്രാമത്തിലെ 10 ഇരുചക്ര വാഹനങ്ങളിൽ 5 എണ്ണം  ചെട്ടിയാരുടെ കാളവണ്ടികളാണ് , അതിനിപ്പറഞ്ഞ 2 ചക്രമല്ലേ ഉള്ളു..)

ഏവരെയും  പോലെ സ്വന്തമായി വാങ്ങിയ വാഹനം ആദ്യം ഒറ്റക്കു ഓടിച്ചു കൈതെളിയുവാനുള്ള ഭയാശങ്കകൾ ഉള്ളതിനാൽ വണ്ടിയുടെ ബ്രോക്കെർ കം സാരഥിയെയും കൂട്ടിയാണ് അപ്പൻ വന്നത്.
                    ആണൂസിന്റെ മുത്തശ്ശി ചെമ്പു തട്ടത്തിൽ കർപ്പൂരവും ചന്ദനത്തിരിയുമൊക്കെയായി വന്നു ഹോണ്ടമോളൂനെ സ്വീകരിച്ചാനയിച്ചു .

ഒരു ചൂട് വാർത്ത നാട്ടിൻപുറത്തു പടരാൻ അധികം നേരം വേണ്ടാലോ, കേട്ടവർ കേട്ടവർ ഹോണ്ടമോളൂനെ കാണാൻ ആണൂസിന്റെ മുറ്റത്തേക്കു ഒഴുകിയിറങ്ങി ..

 "പോളിടെക്നിക്  പഠിച്ച  ശ്രീനിവാസനെ" കൊണ്ടു കാറുമേടിപ്പിച്ച ഉർവ്വശിയെ വെല്ലുന്ന നാട്ടിൻപുറത്തെ നാരി ജനങ്ങൾ വയറിനു കുറുകേ കൈ കെട്ടി അതിന്മേൽ അടുത്ത കൈകുത്തി അതു താടിയെല്ലിൽ ഫിറ്റ്‌ ചെയ്തു പ്രത്യേക സ്റ്റൈലിൽ നിന്നു ഒന്നും രണ്ടും പറഞ്ഞുതുടങ്ങി  ..

ആദ്യ നാരി :  " എന്നാലും എടീ വണ്ടിക്കു ചുവന്ന നിറമായിരുന്നു നല്ലത്.."
കൂട്ടുകാരി :   " ഓ .. ഇതിനിപ്പോ കുഴപ്പമെന്താ .. എന്തു  ഭംഗിയാ.. (പിന്നെ സാരഥിയെ നോക്കിയിട്ടു അല്പം രഹസ്യമായി)  ഓടിക്കുന്ന  ആളോ ഉം ഹിഹി ...."

ആ ഡയലോഗ് അടിച്ച നാടൻസുന്ദരിയുടെ നോട്ടം രോമാഞ്ചം വിരിയിച്ചത്  സാരഥിയുടെ ദേഹത്താണ്.
 
" .. എന്തു  ഭംഗിയാ..   ഓടിക്കുന്ന ആളും .."

     സാരഥിയുടെ ഉള്ളിൽ ആ ഡയലോഗ് പിന്നെയും പിന്നെയും മാറ്റൊലി കൊണ്ടു , ആവേശം കൊണ്ടു മുറുകെപ്പിടിച്ചിരുന്ന അക്സിലറെറ്റൊർ സാരഥിയങ്ങു  മൂപ്പിച്ചു..
                                              ഗ്രീീം ഗ്രീീം ...

  ഉള്ളതു പറയാലോ , പുള്ളിക്കത്രേ ഓർമ്മയുള്ളൂ .. ഗിയറും ക്ലച്ചും ഇല്ലെന്നും , അക്സിലറെറ്റൊർ തിരിച്ചാൽ ഹോണ്ടമോളു തുമ്പിയെപ്പോലെ ചീറിച്ചാടുമെന്നും തൊട്ടടുത്ത തെങ്ങിൻ കുഴിയിൽ എഴുന്നേറ്റിരുന്നു സാരഥി ഓർത്തെടുത്തു .ഭാഗ്യത്തിനു ഹോണ്ടമോൾ കുഴിയിൽ വീഴാതെ അടുത്ത വാഴകൂട്ടത്തിലേക്ക് ഇടിച്ചു കയറി ജാം ആയി നില്പ്പുണ്ട്..

" ഹോ .. ഈ നാട്ടുകാരുടെ ഒരു കണ്ണേ .. ഒരു രക്ഷ ഇന്നുതന്നെ  എഴുതിച്ചു വണ്ടിക്കു കെട്ടണേ .." മുത്തശ്ശി അവിടെകൂടിയ ആളുകളെ  ഒന്നിരുത്തി നോക്കി,  പിന്നെ അപ്പനോടായി  പറഞ്ഞിട്ട് കർപ്പൂരം തറയിലേക്കെറിഞ്ഞ് വീട്ടിലേക്കു കയറി ..

    ചെറിയ വളവുകൾ സംഭവിച്ച " കൈതെറ്റിയ " ഹോണ്ടമോളു  അന്നുതന്നെ തട്ടി നിവർത്തപെട്ടു,  അടുത്ത ദിവസം മുതൽ അപ്പന്റെ സംരക്ഷണയിൽ റോഡിൽ ഇറങ്ങിത്തുടങ്ങി ..

  ആ സീറ്റിൽ ഒന്നിരിക്കാൻ .. ആ ബ്രേക്കിൽ ഒന്നു  തലോടുവാൻ ഒരുപാടു കൊതിച്ചു ഒരാൾ ദിവാ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടു ആ വീട്ടിൽ  കഴിയുന്നുണ്ടായിരുന്നു . മറ്റാരുമല്ല .. നമ്മടെ പാവം ആണൂസ് .., ഒരുദിവസം വെറുതെ ഒന്നാ സീറ്റിൽ തൊട്ടു തടവിയത്തിനു  അപ്പൻറെ വക എന്നാ ചുട്ടനോട്ടമാ കിട്ടിയതെന്നോ ?

  അവന്റെ വിഷമം കണ്ടു മുത്തശ്ശി പറയും..
" നിനക്കും ഒരു ദിവസം വരുമെടാ... അന്നു മോൻ കാറു മേടിക്കണം , എന്നിട്ടു അപ്പനേം കൊണ്ടു  സവാരി പോണം കേട്ടോ ..? എന്തിനും ഞാനും കൂടെയുണ്ടാകും മോനെ .. നീ വിഷമിക്കാതെ .. "
         
ഹോണ്ട  മോളുമോത്തൊരു യാത്ര സ്വപ്നം കണ്ടു നടക്കുമ്പോഴാണ് പണ്ടു പട്ടാളത്തിൽ ഉണ്ടായിരുന്ന ചെറിയ മുത്തച്ചൻ അവശതയിലാണെന്നറിഞ്ഞു മുത്തശ്ശിയും അച്ഛനും കൂടി  തറവാട്ടിലേക്കു  പോയത്.. ഇതിലും നല്ലൊരു അവസരമുണ്ടോ നമ്മടെ ആണൂസിനു വന്നു ചേരാൻ .. അവൻ തുള്ളിച്ചാടി ഫോണെടുത്തു കറക്കി കൂട്ടുകാരനെ വിളിച്ചു ..
                         
" അളിയോ .. ഹോണ്ടമോളുന്റെ ചാവി കയ്യേൽ വന്നിട്ടുണ്ടേ .. നീ വേഗം വാ.."

    ഇതുകേട്ട് ആണൂസിന്റെ  അമ്മ  "ആയിക്കോ"  എന്നർത്ഥത്തിൽ
" വേണ്ടെടാ മോനെ.." എന്ന് പറഞ്ഞാരുന്നു . പറയണമല്ലോ ..അമ്മയായ സ്ഥിതിക്ക് മകനു സപ്പോർട്ടും വേണം,  ഇനി അഥവാ എന്തേലും അബദ്ധം പറ്റിയാൽ " ഞാൻ അപ്പോഴേ അവനോടു പറഞ്ഞതാ , അതെങ്ങനാ അനുസരണ എന്നൊന്ന് അടുത്തുകൂടി പോയിട്ടില്ലലോ " എന്നൊരു ഡയലോഗ് കാച്ചുകേം ചെയ്യാലോ ..
 എന്തെ അങ്ങനെ അല്ലെ?

        കൂട്ടുകാരൻസ് ഇടവഴി പലവഴി മറിഞ്ഞ് ആണൂസിന്റെ  വീട്ടിൻ  മുറ്റത്ത്‌ ചരിഞ്ഞു നിൽക്കുന്ന ഹോണ്ടമോളുടെ അരികിലെത്തി തൊട്ടും തടവിയും സുഖിച്ചു നിന്നു ..

  ആണൂസു ചാവി തിരിച്ചു .. ഹോണ്ടമോൾ കീ കീീ ന്നും പറഞ്ഞു ആ ഗ്രാമത്തിന്റെ കവലയിലൂടെ തലങ്ങും വിലങ്ങും ഓടി..
  കാറ്റത്തു  പറന്നു പിന്നോട്ടു എഴുന്നു നിന്നു  തുള്ളിക്കളിക്കുന്ന മുടികലുലുക്കി ഡയലാഗ്സ് വന്നു തുടങ്ങി ..
" എന്താ സുഖം അളിയാ.. ല്ലേ ?"
" നീയാ സ്പീഡ് കൂട്ടിക്കെ .. max എത്രേം പോകുമെന്നു നോക്കാലോ .."
" നോക്കെടാ.. 50 കടന്നു .."

ഗ്രും ഗ്രും ഗ്രും .. ഷ്ഹ്ഹ് .. ഹോണ്ടമോൾ ചെറുതായൊന്നു തുമ്മി , പിന്നെ ചുമച്ചു നെഞ്ചത്തിടിച്ചു നിന്നു .

" എടാ പെട്രോൾ തീർന്നുവെന്നാ തോന്നുന്നേ .." വണ്ടി കുലുക്കി കാതു കൂർപ്പിച്ചു കൊണ്ടു കൂട്ടുകാരൻസ് മൊഴിഞ്ഞു .

" അപ്പന്റെ ഒരു കാര്യം.. കുറച്ചു പെട്രോൾ എങ്കിലും അടിച്ചിട്ടു പോകാരുന്നില്ലേ ..? നിൻറെ കയ്യിൽ കാശു വെല്ലതും ..?"

രണ്ടുപേരും മുഖത്തോടു മുഖം നോക്കി ..  ആകെ കിട്ടിയ ഒരേ ഒരു അവസരമാണ് .. ശ്ശേ !!!!
ആണൂസു വീട്ടിൽ തിരിച്ചെത്തി .. ഉള്ളതൊക്കെ നുള്ളിപെറുക്കി .. എവിടെ? എങ്ങും എത്തുന്നില്ല..
അവൻ അമ്മ കാണാതെ അവസാന ആശ്രയമായ മുത്തശ്ശിയുടെ ട്രങ്ക് പെട്ടി തുറന്നു.. കുറേ ജൌളിയും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ഫോട്ടോകളും ..

"ഇപ്പോ അവശതയിൽ ആയ ചെറിയ മുത്തച്ചൻ പട്ടാളത്തിന്നു പോന്നപ്പോ പുന്നാര പെങ്ങൾക്ക് കൊണ്ടു നല്കിയ സമ്മാനമാ ഈ ട്രങ്ക് പെട്ടി , ഒന്നാന്തരം ഇരുമ്പാ .."
കൂട്ടുകാരൻസിന്റെ തലയിൽ നിന്നും ട്രങ്ക്പെട്ടി ആക്രികടയിലേക്ക് ഇറക്കി വെക്കും വഴി ആണൂസു  പറഞ്ഞു .

 പിന്നെ നിമിഷങ്ങൾ കൊണ്ടാണ് ട്രങ്ക്പെട്ടി ഹോണ്ടയിലേക്ക് പെട്രോൾ ആയി രൂപാന്തരം പ്രാപിച്ചത് ..
പെട്രോൾ ഒഴിച്ചു വയറു നിറഞ്ഞ  ഹോണ്ടമോൾ ആണൂസിന്റെ ഗ്രാമ വീഥികളെ തൊട്ടു തഴുകി വീണ്ടും പാഞ്ഞു ..

" എടാ ഇവിടുള്ളവരൊക്കെ കണ്ടുകഴിഞ്ഞു .. നമുക്ക് "ലവളെ, സുന്ദരിക്കുട്ടിയെ .. "  കാണാൻ പോയാലോ , അവള്ക്കിന്നു കോളേജ് - ൽ  ക്ലാസ്സുണ്ടല്ലോ .. അവിടെ വരെ പോകാൻ എണ്ണയും ഉണ്ട് .. ട്രങ്ക് പെട്ടി വിറ്റതിൽ കുറച്ചു കാശും  ബാക്കിയുണ്ട്.. എന്ത് പറയുന്നു ?" ആയിരം നക്ഷത്രങ്ങൾ കണ്ണിൽ  വിരിയിച്ചുകൊണ്ട് ആണൂസു ചോദിച്ചു .

  അവൾ " സുന്ദരി കുട്ടി " , ആണൂസിനു ജീവിതത്തിൽ ആദ്യമായിട്ടു തോന്നിയ പ്രണയം ..കാലം കുറേ ആയെങ്കിലും ആണൂസിനു  മാത്രം അറിയാവുന്ന രഹസ്യം , ഇപ്പൊ ദേ പറഞ്ഞപ്പോ കൂട്ടുകാരൻസിനും അറിയാം ..

 " പോയാലോ .. നീ എന്ത് പറേണു .. ?"
" ഓ !! പോയേക്കാം " കൂട്ടുകാരൻസിന്റെ  മറുപടി ..

  ഓരോ തണുത്ത നാരങ്ങാവെള്ളവും കുടിച്ചു,  കോളേജ് - ൻറെ  മുന്നിൽ നില്ക്കുമ്പോഴാണ്  .. അവൾ .. സുന്ദരി കുട്ടി .. കൂട്ടുകാരികളോടോത്ത് ഗേറ്റ് കടന്നു വരുന്നത്  ..
 സത്യം പറയാലോ .. ഈ slow motion scenes ജീവിതത്തിൽ ആദ്യമായിട്ടു  ആണൂസു നേരിട്ടു കാണുകയായിരുന്നു ... എന്താ ഭംഗി അവളെ കാണാൻ , ൻറെ പൊന്നേ ..
അല്ലേലും കാമുകിയുടെ എൻ‌ട്രൻസ് ഒരു കാറ്റോടു കൂടിയാണല്ലോ .. !! പാറിപ്പറക്കുന്ന മുടിയിഴകളും .. ചുരിദാറും .. wow

.. " I'm in loveeeee..... " ആണൂസിനു  ഉറക്കെ വിളിച്ചു കൂവാൻ തോന്നി ..

ഒരു ചെറിയ നോട്ടം ആണൂസിനു നേരേ എറിഞ്ഞിട്ടു അവൾ കൂട്ടുകാരികളോടൊപ്പം ബസ്‌ സ്റ്റോപ്പിൽ വന്നു നിന്നു , അവരോടു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് .. അവളുടെ  കൃഷ്ണമണികൾ ഒന്നുകൂടി  തിരിഞ്ഞു കണ്ണും കണ്ണും ഒന്നുടക്കാൻ വേണ്ടി ആണൂസു കഷ്ട്ടപെട്ടു അവളിൽ  നിന്നു നോട്ടമെടുക്കാതെ നിന്നു .

കൂട്ടുകാരൻസ് എന്തൊക്കെയോ പറയുകയോ.. തോണ്ടുകയോ ഒക്കെ ചെയ്യുന്നുണ്ട്..ഓ .. നാരങ്ങാ വെള്ളത്തിന്റെ കാശ് കൊടുക്കാനാകും , അവളിൽ നിന്നും കണ്ണിമ വെട്ടാതെ കീശയിൽ നിന്നും കയ്യിൽ  കിട്ടിയത് അവനു   കൊടുത്തു ..

അവളുടെ   മുഖമല്ലാതെ മറ്റൊന്നും ആണൂസിന്റെ ജീവിതത്തിൽ അപ്പോളുണ്ടായിരുന്നില്ല ..

ബസ്സെത്തി .. അവൾ കയറി.. ആണൂസും കൂട്ടുകാരൻസും കൂടി ബസ്‌ അടുത്ത സ്റ്റോപ്പിൽ എത്തും മുമ്പ് ഹോണ്ടയിൽ കയറി പാഞ്ഞു അവിടെ എത്തുകയും , ബസ്‌ അവിടെ നിന്നു  എടുക്കും വരെയും ആണൂസു  കണ്ണുകൾ അവളിലേക്ക്‌ പതിപ്പിച്ചു വെക്കുകയും ചെയ്തു.. വീണ്ടും അടുത്ത ബസ്‌ സ്ടോപ്പിലേക്ക് , ആ സുന്ദര പ്രതിഭാസം അവരുടെ ഗ്രാമം വരെ തുടർന്നു ..

 അവൾ അവിടെ ഇറങ്ങി വീട്ടിലേക്കുള്ള ചെമ്മണ്‍പാതയിലേക്കു കയറി നടന്നു തുടങ്ങി ..
സ്വർണ്ണ നിറത്തിലേക്കു ചായുന്ന വെയിലിനെ ഏറ്റുവാങ്ങി സൗന്ദര്യം മുഴുവൻ ഒരു നിഴലിലേക്കൊതുക്കി  നടന്നു നീങ്ങുന്ന സുന്ദരിക്കുട്ടിയുടെ മുന്നിൽ സ്റ്റൈലു കാണിച്ചു "ചെത്താൻ" ഹോണ്ടയിൽ ഇനിയുമൊരവസരം കിട്ടില്ല എന്നറിഞ്ഞു തന്നെ  ആ ചെമ്മണ്‍ പാതയിൽ പൊടിപറപ്പിച്ചു ആണൂസു ഹോണ്ട ചരിച്ചു വളച്ചു  ഒരു "S" വരച്ചു കൊണ്ടു അവളുടെ പിന്നിലൂടെ മുന്നിലേക്ക്‌ എടുക്കും വഴി   അറിയാതെ സുന്ദരിക്കുട്ടിയുടെ സുന്ദര മിഴികളിലേക്കൊന്നു നോക്കിപ്പോയി ..

ഒരു നിമിഷത്തേക്കു  നോട്ടം തെറ്റിയ ആണൂസിന്റെ കണ്ണുകൾക്കും via  തലച്ചോറിനും ഡ്രൈവിംഗ് calculate  ചെയ്യാനുള്ള സമയ പരിധിയും + വാഹനത്തിന്റെ വേഗതയും + 'S' വളചെടുക്കലും തമ്മിലുള്ള വ്യത്യാസം =  കൈനെറ്റിക് ഹോണ്ട with 2 guys fall into the paddy field !!! . : ഉണങ്ങി വരണ്ടു പണ്ടാരമടങ്ങിയ പാടത്തേക്കു കുറച്ചു പൊടി  മാത്രം ആ ചെമ്മണ്‍  പാതയിൽ പറപ്പിച്ചു കൊണ്ടു ആ ദാരുണമായ സംഭവം നടന്നു .

                                  ഒരു നിമിഷം സ്തംഭിച്ചുപോയ ആ അന്തരീക്ഷം മടങ്ങിയെത്തിയത് എവിടെയൊക്കെയോ മുറിഞ്ഞു നീറുന്ന , ആണൂസിന്റെ പൊടി  പാറുന്ന ദേഹത്തിന്റെ മുകളിൽ തെളിഞ്ഞ പല്ലുകളിൽ  വിരിഞ്ഞ  വളിച്ചു നില്ക്കുന്ന ചിരിയിലേക്കാണ് .
      പെട്ടെന്നു ബോധം തിരിച്ചെടുത്ത ആണൂസു കണ്ടതു മറ്റൊരു slowmotion ആണ് . അവൾ .. സുന്ദരികുട്ടി ബാഗ്‌ വലിച്ചെറിഞ്ഞു താൻ വീണു കിടക്കുന്ന പാടത്തേക്കു ചാടുകയാണ് .. ഹോ .. അമ്മേ .. എന്താ ഇത് .. ഇത്രേം നാളും എന്നാലും ഇവൾ ഈ ഇഷ്ടം മറച്ചു വെച്ചിരുന്നല്ലോ ?
    ..  പക്ഷെ നീണ്ടു വരുന്ന അവളുടെ കൈകൾ പ്രതീക്ഷിച്ച  ആണൂസു കണ്ടതു  ഒരു നോട്ടം പോലും നല്കാതെ സുന്ദരികുട്ടി  കൂട്ടുകാരൻസിനെ പിടിച്ചെഴുന്നേൽപ്പിച്ചു മുറിവുകളിൽ മൃദുവായി തലോടുന്നതും.. സ്വന്തം ശ്വാസം കൊണ്ടു വേദന ഊതിയകറ്റുന്നതുമാണ് ..
                                       ചങ്കിനിടിച്ചു അങ്ങു ചത്തു കളഞ്ഞാലോ എന്നലോചിച്ചതാണ് .. പക്ഷെ " കൈതെറ്റിയ " ഹോണ്ടയിലേക്ക് നോക്കിയ ആണൂസിന്റെ ചങ്ക്  ഇടിക്കാൻ പോലും ബാക്കിയില്ലാതെ പറിഞ്ഞു പോയി .. എല്ലാം പോയി മോനേ .. സൈക്കിൾ ആയിരുന്നോ കൈനെറ്റിക് ഹോണ്ടയായിരുന്നോ ഇത് എന്നു  ആണൂസിനു സംശയം തോന്നാതിരുന്നില്ല ..

              അവാർഡ്‌ ഫിലിം പോലെ നിർവികാരനായി ഒരക്ഷരം മിണ്ടാതെ കൂട്ടുകാരൻസിനെ ഹൊസ്പിറ്റൽ - ലും "ഹോണ്ട കാണ്ടാമൃഗത്തെ" വർക്ക്‌ഷോപ്പിലും എത്തിച്ചു വീട്ടിലേക്കു കാലെടുത്തു കുത്തിയില്ല..

' നിനക്കു വല്ലതും പറ്റിയോ മോനെ..?" എന്ന് മാത്രം ചോദിയ്ക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല ..

മുത്തശ്ശി : ആ ചാവാൻ കിടക്കുന്ന ആങ്ങള കൊണ്ടു തന്നതാ ആ ഇരുമ്പ് പെട്ടി .. നീയതു  അവൻറെ ചാക്കാലക്കു മുമ്പേ വിറ്റല്ലോടാ ...കാലാ ..

അമ്മ :  ഞാൻ വേണ്ടാ വേണ്ടാന്നു എത്ര വട്ടം പറഞ്ഞതാ.. അതെങ്ങനാ  .. അനുസരണ എന്നതു അയല്പക്കത്തൂടെ പോയിട്ടുണ്ടോ ?

അപ്പൻ  : ( സോറി .. പുള്ളിക്ക് സ്വന്തമായിട്ട് ഒരു ദഹിക്കുന്ന നോട്ടം മാത്രമേ  തരാൻ അറിയൂ )

എല്ലാം നഷ്ടപ്പെട്ടു  മുറിയിലിരുന്നു വെന്തു നീറുന്ന ആണൂസിനു മുന്നിലേക്ക്‌  മുറിവു വെച്ചു കെട്ടി ഏന്തി വലിഞ്ഞു ഒരു തണുത്ത കല്യാണി ബിയർ -ഉം ആയിട്ട് കൂട്ടുകാരൻസ്  എത്തി ..

" നിനക്ക് എങ്ങനെ തോന്നുന്നു ..? എന്നെ ഇങ്ങനെ തേച്ചു വടിയാക്കിയതും പോര .. അവൻറെ അമ്മേട ബിയർ *#^*# . "

         നെറ്റിചുളിച്ചു ആണൂസു അവനെ തറപ്പിച്ചൊന്നു നോക്കി ..

പക്ഷെ കണ്ണു നിറഞ്ഞു കൂട്ടുകാരൻസ് സാഷ്ടാംഗം ആണൂസിന്റെ മുന്നിൽ  വീണു ..
" അളിയാ ഞാനും അവളും തമ്മിൽ ഒരുപാട് നാളായി പ്രണയത്തിലാണ് .. അതു അവൾടെ വീട്ടുകാർ അറിഞ്ഞു.. ആകെ പ്രശ്നമായി .. അവളെ ഒന്ന് കാണാൻ നിവർത്തിയില്ലാതെ നടക്കുമ്പോഴാണ് നീ എന്നെ .വിളിക്കുന്നത്‌. . ഞാൻ പക്ഷെ, അവിടെ വെച്ചു നിന്നോടു ഒരുപാട് തവണ പറയാൻ ശ്രമിച്ചെങ്കിലും.. നീ......... "

  ആണൂസിന്റെ തലയ്ക്കു പിന്നിലൂടെ ഫ്ലാഷ് ബാക്ക്‌ കടന്നു പോയി .. കൂട്ടുകാരൻസ് എന്നെ  തോണ്ടിയത് .. ഓരോ സ്റ്റൊപ്പിലും അവൾ നോക്കിയത് അപ്പോൾ എന്നെയല്ലായിരുന്നു ..
 ശ്ശോ !!  എന്നിട്ടിപ്പോ അവൻ ... ശേ അവൻ കരയുമെന്ന് കരുതിയില്ല .. മോശമായിപ്പോയി ..

"  .. നീ ആ ബിയർ ഇങ്ങെടുത്തെ.. തല ഒന്നു തണുപ്പിക്കട്ടെ ..മുത്തശിയുടെ ട്രങ്ക് പെട്ടി  കൊണ്ട് പോയെന്നും പറഞ്ഞു എന്തോരം  പരാതിയാ .. 'മോനെ നിന്നോടൊപ്പം എന്തിനും ഞാനുണ്ടാകുമെന്നു' എപ്പോഴും പറയുകേം ചെയ്യും ..."
മുത്തശിയെ  അനുകരിച്ചു കൊണ്ടു ആണൂസു 2 കവിൾ ബിയർ മോന്തി .
 
 ഹ്രേം ....

വയറിലെത്തിയ ബിയർ തുറന്നുവിട്ട ഗ്യാസുകൾ ആണൂസു ട്രോപോസ്ഫിയർ- ലേക്ക് റിലീസ് ചെയ്തു .

" അളിയാ നമുക്കൊക്കെ സ്വന്തമായിട്ടുള്ളത് ഒരു പാവം ഹൃദയം മാത്രമല്ലേ.. നീ പറയ്‌ .. ന്താ നിന്റെ പ്രശ്നം " .. പുറത്തേക്കു വിട്ട ഗ്യസിനോപ്പം തലയിലേക്കു കയറിയ തരിപ്പിൽ ആണൂസു ചോദിച്ചു .

അക്കരെ അക്കരെ അക്കരെയിൽ ശ്രീനിവാസൻ ലാലേട്ടന്റെ കാൽകീഴിൽ ഇരിക്കുന്ന പോലെ കൂട്ടുകാരൻസ് ഇരുന്നു ദയനീയതയോടെ ആണൂസിനെ നോക്കി
" അളിയാ . നിനക്കറിയോ അവളും ഞാനും തമ്മിൽ 3 വർഷമായിട്ടു പ്രണയത്തിലാണ് .. നമുക്കു പിരിയാൻ ആകില്ല ..
ആണൂസ്  : ആർക്കു നമുക്കോ? അതോ നിനക്കും അവൾക്കുമോ ?
കൂട്ടുകാരൻസ്  : ശേ നീ തമാശ പറയല്ലേ ..
ആണൂസ് : ഓ അതു  തമാശ .. ശെരി നീ പറയ്‌ ..
കൂട്ടുകാരൻസ് : അങ്ങനെയല്ല .. എടാ വിഷയം ആകെ കൈവിട്ടു പോകുന്ന അവസ്ഥയാ .. ഇപ്പൊ വന്ന ആലോചനയിൽ  കല്യാണം നിശ്ചയിക്കാൻ വേണ്ടി അവൾടെ അച്ഛനും മുത്തശിയും കൂടി തറവാട്ടിലേക്കു പോയേക്കുവാ ..
ആണൂസ്‌ : ഹോ .. അവിടെയും മുത്ത്ശിയോ ?? പ്രശ്നമാണ് അളിയാ ..
കൂട്ടുകാരൻസ് : എടാ ഇന്നു പോലൊരു അവസരം ഇനി കിട്ടില്ല ..?
ആണൂസു : എന്തിനു ? അല്ല എന്താ നിന്റെ "ഉടുദേശം "?
കൂട്ടുകാരൻസ് : എനിക്കെങ്ങനെയും അവളെ സ്വന്തമാക്കണം .. ഇല്ലേൽ പിന്നെ ഞാനുണ്ടാകില്ല അളിയാ ..

കൂട്ടുകാരൻസിന്റെ  കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി .. പിന്നെ മെല്ലെ കസേരക്കാലിൽ  കെട്ടിപിടിച്ചു കരച്ചിലിന്റെ വേഗം കൂടി.. ഏങ്ങലടിച്ചു തുടങ്ങി .. മോങ്ങുന്ന ശബ്ദം മെല്ലെ പുറത്ത് വരാൻ തുടങ്ങി ..
ആണൂസിനു എന്ത് ചെയ്യണമെന്നു അറിയാൻ വയ്യാത്ത അവസ്ഥയായി ..
കൂട്ടുകാരൻസിനെ മെല്ലെ പിടിച്ചെഴുന്നേൽപ്പിച്ചു, കണ്ണൊക്കെ തുടപ്പിച്ചു വീട്ടിനു പുറത്തേക്കിറങ്ങി ..
ട്രങ്ക് പെട്ടി വിറ്റതിൽ അല്പം കാശു മിച്ചമുണ്ട് , ബൂത്തിൽ കയറി ഒന്ന് രണ്ടു പേരെ ആണൂസു വിളിച്ചു .ടാക്സി ഓടുന്ന കാറുമായി മറ്റു 2 സുഹൃത്തുക്കൾ എത്തി .കുറച്ചു കാശു  സംഘടിപ്പിച്ചു  .
നിർവ്വികാരനായിപ്പോയ കൂട്ടുകാരൻസിനെയും കൊണ്ടു അവർ   ബാറിലേക്കു പൊയി .

 വെയിലിൽ തെളിഞ്ഞു നിന്ന നിഴലുകളെയെല്ലാം ഇരുളുവീണു സ്വന്തമാക്കി , ആണൂസിന്റെ മുന്നിലെ മേശയിൽ ചുറ്റിനും 3  പേരുണ്ടിപ്പോൾ , കാലിയായ  8 ബിയർ കുപ്പികൾ മച്ചിൽ കറങ്ങുന്ന ഫാൻ നോക്കിയിരുപ്പുണ്ട് .

ആണൂസ്  : അപ്പോൾ പ്ളാൻ  ഇങ്ങനെയാണ് .. രാത്രി അവളുടെ വീട്ടിൽ  പോകുന്നു ,  കാർ എപ്പോൾ വേണമെങ്കിലും പോകാനുള്ള രീതിയിൽ പുറത്തിടുന്നു , എപ്പോൾ വേണമെങ്കിലും എന്ന് വെച്ചാൽ ഞങ്ങളു വന്നതിനു ശേഷം ... അല്ലാതെ പോകല്ലേ അളിയാ...നിങ്ങൾ 2 പേരും കാറിൽ വെയിറ്റ് ചെയ്യുന്നു..   .. ഞാനും കൂട്ടുകാരന്സും കൂടി മതിൽ ചാടി അവൾടെ റൂമിൽ എത്തുന്നു , അവളേം കൊണ്ടു പുറത്തു വരുന്നു.. എന്തേലും ഉണ്ടേൽ പുറത്തുള്ള നിങ്ങൾ സിഗ്നൽ തരണം , അവിടുന്ന് നമ്മൾ നേരെ പത്തനംതിട്ടയിലെ എൻറെ സുഹൃത്തിന്റെ വീട്ടിലേക്ക്  , രാഷ്ട്രീയത്തിൽ ഉള്ളതിനാൽ അവനു അത്യാവശ്യം പിടിപാടുണ്ട് ,  അവൻ എല്ലാം അറേഞ്ച് ചെയ്യും, നാളെ രാവിലെ അവിടെ രജിസ്റ്റർ ചെയ്യുന്നു o k ..

എല്ലാവരും കൈകൾ കോർത്തു , പ്ലാൻ ഉറപ്പിച്ചു .. എഴുന്നേറ്റു .. ഇരുളിനെ കീറിമുറിച്ചുകൊണ്ട് വികൃതമായ നിഴലുകളെ സൃഷ്ടിച്ച ഹെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അവർ നീങ്ങി .. വയറിലെ കുലുങ്ങുന്ന  ബിയർൻറെ ആവേശത്തിൽ പ്ളാൻ ഒക്കെ റെഡിയായി .. പക്ഷെ പെട്ടെന്നാണ് അതോർമ്മ വന്നത് ..

ആണൂസ് : അല്ല അവൾടെ റൂം നിനക്കറിയോ ?
കൂട്ടുകാരൻസ് : പിന്നെ ഞാൻ അവിടെ എത്രയോ തവണ പോയിരിക്കുന്നു ..

ബിയർ ന്റെ പെരുപ്പിൽ അറിയാതെ കൂട്ടുകാരൻസിനു നാവു പിഴച്ചു .

ആണൂസു : ഓഹോ അപ്പൊ നീ മോശക്കാരനല്ല .. വെറുതെയല്ല ചത്തുകളയുമെന്ന് പറഞ്ഞത് .. പറയെടാ എന്തൊക്കെ സംഭവിച്ചു ..ഇല്ലേൽ ഇപ്പൊ വണ്ടി ഇവിടെ നിർത്തും ..

കൂട്ടുകാരൻസ് നിവർത്തിയില്ലാതെ പറഞ്ഞു
" അല്ല ഞാൻ അവളെ കെട്ടിപ്പിടിച്ചിട്ടുണ്ട് .."

ആണൂസു : ഓ ഓ ഓ അത്രേ ഉള്ളു .. എടാ വണ്ടി തിരിക്ക് ..
കൂട്ടുകാരൻസ് : വേണ്ട വേണ്ട .. ഞാൻ കുറെ ഉമ്മയൊക്കെ കൊടുത്തിട്ടുണ്ട് ..
ആണൂസു : എവിടെയൊക്കെ ..?
കൂട്ടുകാരൻസ് : അളിയാ പ്ലീസ് .. അവളു  നാളെ എൻറെ ഭാര്യയാടാ
ആണൂസ് ( ആത്മഗതം ) ഇന്നുച്ചവരെ എൻറെ കാമുകിയായിരുന്നു ഉം ..

ആ കാർ അവൾടെ വീട്ടിനു പുറത്തു മതിലിനു വെളിയിൽ അല്പം അകലെയായി നിന്നു . ഓഫ്‌ ചെയ്തു കാർ തള്ളി തിരിച്ചിട്ടു ..

ആണൂസും കൂട്ടുകാരൻസും കൂടി മതിൽ  ചാടി..
വഴി നന്നായി അറിയാവുന്ന കൂട്ടുകാരൻസു മുന്നേ നടന്നു .. ആണൂസു പിന്നാലെയും
 ആണൂസ് : ( രഹസ്യമായിട്ടു ) എടാ അവിടെ വേറെ ആരേലും ??
കൂട്ടുകാരൻസ് : അവൾടെ അമ്മ മാത്രേ കാണൂ .. അവരു നേരത്തേ ഉറങ്ങും , നമ്മടെ ബന്ധം അറിഞ്ഞേ പിന്നെ മുത്തശി അവളുടെ കൂടെയായിരുന്നു ഉറക്കം, ഇന്നിപ്പോ അവരില്ലലോ .. പിന്നെ അവൾടെ പപ്പി- പട്ടികുട്ടി .. അതിനെന്നെ വലിയ കാര്യമാ .. നീ ധൈര്യമായിട്ടു വാ ..

ആണൂസു : നിന്നെ മാത്രേ അതിനു കാര്യമുള്ളൂ ..
എടാ ഞാൻ പുറത്ത് നില്കാം , എന്തേലും ഉണ്ടേൽ സിഗ്നൽ തരാം , നീ പെട്ടെന്നു പോയി അവളേം വിളിച്ചോണ്ടു വാ ..

കൂട്ടുകാരൻസ് അവളുടെ  മുറിയുടെ വെളിയിലെത്തി , ജനലിൽ മെല്ലെ മുട്ടി .. അവൾ ജനാല തുറന്നു നോക്കിയിട്ട് വാതിൽ  തുറന്നു കൊടുത്തു .അവൻ അകത്തു കയറി ..
ഉദ്വേഗജനകമായ ആ അവസരത്തിലെക്കു ആരോടും ഒന്നും പറയാതെ ഒരു പെരുമഴയങ്ങു പെയ്തിറങ്ങി ..
" നന്നായി ഇപ്പൊ വേറെ ശബ്ദം ഒന്നും കേൾക്കുകേല .. മഴ തോരും മുമ്പ് ഇവിടുന്നു പോകണം " ആണൂസു കരുതി .

 സമയം നീങ്ങുന്നു .. അകത്തേക്കു പോയവനെ കാണാൻ ഇല്ല .. ആണൂസാണേൽ മഴ നനഞ്ഞു വിറച്ചു തുടങ്ങി .. വയറ്റിലുണ്ടായിരുന്ന ബിയർൻറെ അവസാന എമ്പക്കവും പോയി കഴിഞ്ഞു .. എന്തേലും പ്രശ്നമായോ? മഴകാരണം ഒന്നും കേൾക്കാനും വയ്യ !!!

ആണൂസു മെല്ലെ അവളുടെ മുറിയുടെ ജനാല തുറന്നു നോക്കി ..  ആ കാഴ്ച കണ്ടു അവൻ ഞെട്ടി ..
അകത്തു കയറിയ കൂട്ടുകാരൻസ് അവളെയും കെട്ടിപ്പിടിച്ചു നില്ക്കുന്നു .. ഇത്രേം പേരും ജീവൻ പണയം വെച്ച് ഇവിടെ വെളിയിൽ നിൽക്കുമ്പോ  അവനു ആദ്യ രാത്രി ...

"ഡാ .. " ആണൂസു കീറി വിളിച്ചു .

ഉള്ളിൽ വാരിപ്പുണർന്നു നിന്ന യുവമിഥുനങ്ങൾ ഞെട്ടി അകന്നു മാറി
 ആണൂസു വാതിൽ  വഴി അവളുടെ മുറിയിലേക്കു കയറി .

" എന്തേലും എടുക്കാനുണ്ടെൽ പെട്ടെന്നു എടുക്കു .. എന്നിട്ടു ഇറങ്ങു ..." അവൾടെ മുഖത്തു നോക്കാതെ ആണൂസു പറഞ്ഞു

അവൾ (ആണൂസിനോടായി) : ചേട്ടാ ആ ബാഗ്‌ എടുക്കണേ .. എൻറെ പപ്പിനേം ..

" ചേട്ടനോ ?? ..പപ്പി മാങ്ങാത്തൊലി " ആണൂസിനു ദേഷ്യം വന്നിട്ടുണ്ടല്ലോ .. പക്ഷേ .. ഇറങ്ങി പുറപ്പെട്ടു പോയില്ലേ ...പല്ലിറുമ്മി ആണൂസു ബാഗ്‌ എടുത്തു , കൂട്ടുകാരൻസിന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങും വഴി അവൾ വീണ്ടും മൊഴിഞ്ഞു .." ചേട്ടാ ന്റെ പപ്പി .."

ആണൂസു വെറുപ്പോടെ പപ്പിയേം എടുത്തു .. അത് "കൈ കൂയ്" എന്നു കീറാൻ തുടങ്ങി , അപ്പോഴാണ്‌ ഒരത്ഭുതം  കാണുന്നത് , പപ്പി കിടന്നതിനു സമീപത്തു ദെ.. ഒരു "ട്രങ്ക് പെട്ടി" ..
        തന്റെ മുത്തശിയുടെ ട്രങ്ക് പെട്ടിയാണ് എല്ലാറ്റിനും നിമിത്തമായത് , ഇത് അവൾടെ മുത്തശിയുടെത് ആകും .. ഇത്രെയും തേയ്ക്കപ്പെട്ട താൻ ഈ  ട്രങ്ക് പെട്ടിയെടുക്കുന്നതിൽ എന്തേലും തെറ്റുണ്ടോ ?? ഇല്ല .. അതാണ്‌ ... ഇതു  വീട്ടിൽ  കൊണ്ട് കൊടുത്താൽ മുത്തശിയുടെ വക ആക്ഷേപാരോപണങ്ങൾ ഒന്നു കുറഞ്ഞു കിട്ടും .. പക്ഷെ പൂട്ടിയിരിക്കുന്നതിനാൽ ട്രങ്ക് പെട്ടി തുറക്കാനാകുന്നില്ല , എന്ത് തുറക്കാൻ ,  തൻറെ മുത്തശിയുടെ പെട്ടിപോലെ വല്ല ജൌളിയും കാണും .. പിന്നല്ല ..

ആണൂസു മെല്ലെ അതും കൂടി പൊക്കി ..  പുറത്തിറങ്ങുമ്പോഴേക്കും യുവമിഥുനങ്ങൾ കാറിൽ കയറി ഇരുപ്പായിരുന്നു .
കൂടെയുള്ളവരിൽ ഒരുവൻ ഇറങ്ങി മതിലിനപ്പുറത്ത് നിന്നും  സാധനങ്ങൾ മേടിച്ചു കാറിന്റെ ഡിക്കിയിലേക്കു വച്ചു .കാറിന്റെ വൈപെർ തുടച്ചു നീക്കുന്ന മഴതുള്ളികൾക്കിടയിലൂടെ അവർ മുന്നോട്ടു നീങ്ങി ...

കാര്യങ്ങളെല്ലാം പ്ളാൻ പ്രകാരം നടത്തി , നന്ദി പറയാൻ വാക്കുകൾ കിട്ടാതെ നിന്ന കൂട്ടുകാരൻസിനെ ട്രങ്ക് പെട്ടി ഒഴികെയുള്ളതെല്ലാം  ഏല്പ്പിച്ചു ആണൂസും കൂട്ടരും തിരിച്ചു ..

രംഗം : സുന്ദരികുട്ടിയുടെ വീട് : 
   
സുന്ദരികുട്ടിയുടെ അച്ഛൻ വാലിനു തീ പിടിച്ച പോലെ തെക്കു വടക്കു നടക്കുന്നുണ്ട് .. എന്തെക്കൊയോ പുലമ്പുന്നുണ്ട് .. ബന്ധുക്കളായ കുറച്ചുപേർ  താടിക്കു കൈയ്യും കൊടുത്ത്  " എന്നാലും അവളിങ്ങനെ .... ആരേലും വിചാരിച്ചോ ? പൂച്ചയെ പോലെ നടന്നിട്ട് .. " .. എന്ന സ്ഥിരം ഡയലോഗ് അടിച്ചു ഇരിപ്പുണ്ട് .

അവളുടെ അച്ഛൻ തീ പാറുന്ന ഒരു പ്രഖ്യാപനം നടത്തി

" അവളെ പടിയടച്ചു പിണ്ഡം വെച്ചിരിക്കുന്നു .. ഇനി അങ്ങനൊരു മകൾ ഇല്ല എനിക്ക് .." ..

പെട്ടെന്നു വീട്ടിനുള്ളിൽ ആരോ ചക്ക വെട്ടിയിട്ട പോലെ വീണു
എല്ലാവരും ഓടി ചെല്ലുമ്പോൾ അവളുടെ മുത്തശി ബോധം മറഞ്ഞു കിടക്കുന്നു ..
ആളുകൾ അങ്ങോട്ട്‌ ഓടുന്നു... ഇങ്ങോട്ട് പായുന്നു .. വെള്ളം തളിക്കുന്നു .. കുലുക്കി വിളിക്കുന്നു .. ആകെ കലുഷിതമായ അന്തരീക്ഷം .
ബോധം വീണ ഉടനെ അതുവരെ കണ്ണീരു വരാത്ത മുത്തശി നെഞ്ചത്തടിച്ചു കൊണ്ടു നിലവിളിച്ചു
" എന്നാലും നിന്റെ മോളു പോയപ്പം ഈ വീടിന്റെ ആധാരവും കൂടി കൊണ്ടാണല്ലോടാ പൊയ്ക്കളഞ്ഞത് "

 സുന്ദരിക്കുട്ടിയുടെ അച്ഛൻ ദേഷ്യത്തോടെ എഴുന്നേറ്റിട്ട് : തള്ളെ നിങ്ങളോട് എത്ര തവണ പറഞ്ഞു പറമ്പ് എഴുതാൻ , അതെങ്ങനാ ആധാരം എല്ലാം ആ ട്രങ്ക് പെട്ടിയിലിട്ടു പൂട്ടി താക്കോൽ അരയിൽ കെട്ടിയിട്ടു കുഴിയിലേക്ക് കൊണ്ടു പോകാൻ ഇരിക്കുവല്ലാരുന്നോ ? അതെടുത്തൊന്നു അലമാരയിൽ വെച്ചു പൂട്ടാമെന്നു പറഞ്ഞാലും ഞങ്ങളെ ആരേം വിശ്വാസമില്ലാലോ .. അനുഭവിച്ചോ ?  ..
"( ആത്മഗതം) ഇനി ഞാൻ എങ്ങനെ പിണ്ഡം വെക്കും ..ശേ .. "

ആണൂസും അവൻറെ  മുത്തശിയും കൂടി ട്രങ്ക് പെട്ടിയുടെ  പൂട്ട്‌ കുത്തിതുറക്കാനുള്ള പരിശ്രമത്തിലായിരുന്നു അപ്പോൾ ..

                                                                                  


       

  

No comments: