വെളുപ്പിനു നാലു മണിക്കാണ് ജോയിയെത്തേടി ആ ദുഃഖവാർത്ത വന്നത് 'കുന്നേൽ ജേക്കബേട്ടന്റെ മകൾ അഞ്ജു കർത്താവിനടുത്തേക്കു യാത്രയായി'. ഫോൺ കട്ട് ചെയ്യാൻ പോലും മറന്നുകൊണ്ട് ജോയി ഒരു ഞെട്ടലോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ഇരുട്ടത്ത് തപ്പിപിടിച്ചു മേശമേൽ വെച്ചിരുന്ന വെള്ളം മൊത്തികുടിച്ചു.
'അഞ്ജു '
- ഈ ലോകത്തേക്കു ഇറ്റു വീഴുമ്പോൾ മഴവില്ലു നിറഞ്ഞ ഒരു മഷിത്തുള്ളിയായിരുന്നു അവൾ. ജീവിതത്തിന്റെ എല്ലാ ഭംഗികളും അഭംഗികളും നിറഞ്ഞു തുളുമ്പുന്ന കുടുന്ന ഒരു മഷിത്തുള്ളി. മേരിചേച്ചിടെ വയറ്റിനുള്ളിൽ നിന്നും വീണു പടർന്നു ഇളംവെയിലു കൊണ്ട് കുന്നേൽ വീട്ടിലെ ഇറയത്തു പ്രകാശം പൊഴിക്കുന്നൊരു കുഞ്ഞായി കിടക്കുന്നതു എത്രയോ തവണ കുഞ്ഞുനാളിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. മാമോദീസക്കു അവൾ കത്രീന ജേക്കബ്, സ്കൂളു കഴിഞ്ഞു ഡിഗ്രി വരെ അഞ്ജു ജേക്കബ്. അന്തമില്ലാതെ നീണ്ടുപോയ അവളോടുള്ള എൻറെ പ്രണയത്തിന്റെയും അതുണ്ടാക്കിയ പ്രശ്നങ്ങളുടെയും ഒടുവിൽ വിട്ടുപിരിഞ്ഞു ദുബായിക്കാരൻ അഗസ്റ്റിനോടൊപ്പം വിവാഹ ഉടമ്പടിയിൽ ഒപ്പുവെച്ച നാളുതൊട്ടു അഞ്ജു അഗസ്റ്റിൻ. ദുബായിൽ Mrs. അഗസ്റ്റിൻ. അസുഖം ബാധിച്ചു ഹോസ്പിറ്റലിലേക്ക് മാറ്റിയപ്പോൾ Mrs. അഞ്ജു ജേക്കബ് അഗസ്റ്റിൻ. ആശുപത്രിയിലെ സമയം കൊല്ലി അഗസ്റ്റിന്റെ ജോലിയെ ബാധിച്ചപ്പോൾ കുട്ടികളെയും വിട്ടു അവൾ അഞ്ജു ജേക്കബ് ആയി നാട്ടിലേക്ക് . ഭേദപ്പെട്ടു എന്നു തന്നെ കരുതിയതാണ്. ഇത്ര പെട്ടെന്ന്..വിശ്വസിക്കാനാകുന്നില്ല.. ഇനി ശീതീകരിച്ച പെട്ടിക്കുമുകളിൽ നിറയുന്ന റീത്തുകളിൽ 'അഞ്ജുവിന്' .. അന്ത്യകൂദാശക്ക് വീണ്ടും കത്രീനാ ജേക്കബ് ആയും മണ്ണിനു മുകളിൽ പതിക്കുന്ന മാർബിളിൽ അഞ്ജു ജേക്കബ് ആയും വന്ന വഴിയേ പേര് തിരിച്ചു പോകും. ആ ജീവനുചുറ്റും ചിലരുടെ ഓർമ്മകൾ മാത്രം വല്ലപ്പോഴും വന്നു സങ്കടം പറഞ്ഞും, മെഴുകുതിരിയായി ഉരുകി ഉറഞ്ഞും അൽപനേരം നിൽക്കും..
ജോയിയെ പൊതിഞ്ഞു നിന്ന മുറിയിലെ ഇരുട്ടിനുള്ളിലേക്കു എവിടെനിന്നോ കാർമേഘം വന്നുമൂടി പിന്നെ മെല്ലെ അറിയാതൊരു കണ്ണുനീർ തുള്ളി ഇറ്റു വീണു. അവൻ വേഗം ലൈറ്റ് ഇട്ടു . മുഖമൊന്നു കഴുകി മുണ്ടും ഷർട്ടും മാറി ടോർച്ചുമെടുത്ത് ജേക്കബേട്ടന്റെ വീട്ടിലേക്കു നടന്നു. വേനലു കനത്തു വരുന്നുണ്ട്, മലമ്പ്രദേശമായതു കൊണ്ട് പക്ഷെ രാത്രിയിൽ മഞ്ഞും തണുപ്പും പതിവാണ്. പറമ്പിലെ വഴിമൂടിക്കിടന്ന പുല്ലുകളൊക്കെ ഉണങ്ങി തലകുമ്പിട്ടു മഞ്ഞുതുള്ളിയിൽ കുതിർന്നു നിൽക്കുന്നു. പാദം നനഞ്ഞു ചെരുപ്പിൽ വഴുക്കലുണ്ടായി തുടങ്ങി. ജോയി ഫോണെടുത്ത് ആദ്യം പള്ളിയിലേക്ക് വിളിച്ചറിയിച്ചു, അവിടെ നിന്നും മണിമുഴങ്ങി, മൈക്ക് വഴി പിന്നാലെ വന്ന അറിയിപ്പ് കൂടുതൽ നാട്ടുകാരെ ഉണർത്തി. അവൻ പിന്നെ അത്യാവശ്യം അറിയിക്കേണ്ടവരെ കുറിച്ചാലോചിച്ചു , , . ജോയി ഷാജുവിനെ വിളിച്ച് വെട്ടുപോത്തിനോട് കുറച്ചു പണവും സംഘടിപ്പിച്ചു വേഗം വരാൻ ഏർപ്പാട് ചെയ്തു. ഷാജു ആ നാട്ടിലെ വിജയികളായ ഗൾഫുകാരിൽ ഒരുവനാണ്. ഇരുപത്തിരണ്ടാം വയസ്സിൽ തുറന്ന ജയിലെന്നു ഓമനപ്പേരുള്ള സൗദിയിലേക്ക് ചേക്കേറിയവനാണ്, കറുത്തിരുണ്ട് ആഫ്രിക്കൻ കോലത്തിലാണ് തിരിച്ചു വന്നത് . അവധിക്കു വന്നിട്ട് മാസം രണ്ടു കഴിഞ്ഞു, കാശൊക്കെ ഏകദേശം തീർന്നിട്ടുണ്ട്. നാളെ ലീവ് കഴിഞ്ഞു തിരിച്ചു പോകും മുമ്പ് അവന്റെ ഒരു ആഗ്രഹം സഫലീകരിക്കാൻ കുറച്ചു കാശ് ബാക്കി വെച്ചിട്ടുണ്ട്!! തന്നെ വലിയ കാര്യമാണ് ,വിശ്വാസമാണ് ..അതുകൊണ്ടുതന്നെ ഒന്നും മറച്ചു വെക്കത്തില്ല , എല്ലാറ്റിനും കൂടെ ചെല്ലണം, ഒരു കാര്യത്തിൽ നിന്നും ഒഴിവാകാൻ സമ്മതിക്കുകേല.പക്ഷെ അവന്റെ ലീവ് കഴിഞ്ഞു പോകുന്നതിനു മുന്നേയുള്ള ആശ കേട്ടിട്ട് ഉണ്ടായ ഞെട്ടൽ ഇതുവരെ പോയിട്ടില്ല. പിന്നെ അങ്ങനെയൊരു ആഗ്രഹം അവൻറെയീ പ്രായത്തിൽ പറഞ്ഞാൽ തെറ്റ് എന്ന് പറയാനാകില്ല. അപ്പൊ പിന്നെ കാശ് അവനോടു ചോദിക്കാനാകുകേല, പിന്നെയുള്ള ഏക വഴി വെട്ടുപോത്താണ്.. അതൊരു വെട്ടുപോത്തു തന്നെയാ.. ഏതൊരു അടിയന്തര സാഹചര്യത്തിലും കാശ് തന്നു സഹായിക്കും. പക്ഷെ ഒരേ ഒരു കണ്ടിഷൻ .. കല്യാണത്തിനാണേൽ താലി കെട്ടും മുമ്പേ, ചോറൂണിനു ഉരുള ഉരുട്ടും മുമ്പ്, മരണത്തിനു അടക്കും മുമ്പ് -കാശ് തിരിച്ചു കൊടുക്കണം. പിന്നെ നാട്ടിലെല്ലാരും കാര്യങ്ങൾ ഒന്ന് കരക്കെത്തിക്കാൻ കാശ് മറിഞ്ഞു വരും വരെ അവനെ ആശ്രയിക്കുകയെ ഉള്ളു പോംവഴി. വെട്ടുപോത്തിൻറെ വേദ പുസ്തകത്തിലെ നിയമപ്രകാരം കാര്യം കഴിഞ്ഞാൽ കാശ് മേടിച്ചവൻറെ പൊടിപോലും കാണത്തില്ല എന്നതാണ്..ഒരു കണക്കിന് ഒരു പരിധിവരെ സത്യവുമാണ്. അതുകൊണ്ടു അവന്റെ കാശ് തിരിച്ചു നല്കിയില്ലെങ്കിലോ ..അവിടെ അവനൊരു ഒറിജിനൽ വെട്ടുപോത്തായി മാറും. സർവത്ര പ്രശ്നമുണ്ടാക്കും, നാണമെന്നൊന്നു അവനില്ല. ജേക്കബേട്ടൻ ഹോസ്പിറ്റലിൽ കെട്ടേണ്ട കാശ് മുതൽ ഇന്ന് വീട്ടിലെ ചടങ്ങിനു വരെയുള്ള കാശ് അവന്റെ കയ്യിൽ നിന്നുമാണ് മറിച്ചത് .. തൽകാലം നിന്ന് പറ്റി കാര്യങ്ങളെല്ലാം അഗസ്റ്റിൻ വരുന്നവരെ ഓടിക്കാൻ ഇതല്ലാതെ വേറൊരു മാർഗമില്ല.
ജോയി തൊടിയിൽ നിന്നും ജേക്കബേട്ടന്റെ മുറ്റത്തേക്കു കയറി...ജേക്കബേട്ടന്റെ വീട്ടിൽ നിന്ന് കരച്ചിൽ ഉയർന്നു കേൾക്കുന്നു .. . വീട്ടിനുള്ളിലേക്ക് നോക്കിയപ്പോൾ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.അവളുടെ കുഞ്ഞിക്കാലുകൾ ഓടിക്കളിച്ച വരാന്തയും ഇടനാഴിയും മുറികളും, ഇടയ്ക്കു കുറച്ചു നാളെങ്കിലും തന്നെയും കാത്ത് തൊടിയിലെക്കു കണ്ണുംനട്ടിരുന്ന ജനാലപ്പടികൾ . മിന്നുകെട്ടിനു തന്റെ മനസ്സിടം തകർത്തു കൊണ്ടു അവൾ ഒരുങ്ങിയിറങ്ങിയ മുറ്റം .. പിന്നെ നാളുകൾക്കിപ്പുറം അസുഖം ബാധിച്ചു വേവലാതികൾ നിറഞ്ഞ മുഖവുമായി ഉരുകുന്ന അന്തരീക്ഷത്തിലേക്ക് അവൾ സ്വയം തളച്ചിട്ടയിടം..എല്ലാം ശെരിയാകുമെന്നു പറഞ്ഞു ചേർത്തുനിർത്തി ആശ്വസിപ്പിക്കണമെന്നു ഒരുപാട് തവണ കരുതിയതാണ് ..
ചിലരങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾക്ക് ഒരു വിലയും തരാതെ സ്വന്തം ഇഷ്ടത്തിനങ്ങു പോകും.. ആർക്കു നഷ്ടം.. അവർക്കുതന്നെ.. ഈയൊരു സ്നേഹവും, കരുതലും കൂടി അനുഭവിക്കാൻ യോഗമില്ല, അത്ര തന്നെ .. പക്ഷെ നഷ്ടം .. അത് ഏകപക്ഷീയമാണോ? ജോയിയുടെ കണ്ണുകൾ നനഞ്ഞു വീഴുന്നുണ്ടായിരുന്നെങ്കിലും പുലർച്ചയുടെ മങ്ങിയ ഇരുട്ടുകൊണ്ടു അവനതു മറച്ചു.
അയൽവാസികളെല്ലാം കൂടിയിട്ടുണ്ട്, ഉറക്കച്ചടവ് വിടാത്ത മുഖങ്ങൾ. ജോയിയെ കണ്ടതും ആ മുഖങ്ങൾ ഒന്ന് വിടർന്നു. ആ നാട്ടിലെ ഏതു കാര്യത്തിനും ജോയിയെ ആശ്രയിക്കുക എന്നത് ഒരു ശീലമാണവർക്ക് .ജോയിയല്ലാതെ മറ്റാരുണ്ടേലും കാര്യങ്ങൾ അങ്ങ് വെടിപ്പാകാത്തതില്ല ..ഏതു പ്രശ്നവും സ്വന്തം കാര്യം പോലെ ഏറ്റെടുത്തു നടത്തിക്കോളും .കൂടി നിന്നവരുടെ കൂട്ടത്തിൽ കുറച്ചു പേരെങ്കിലും കരുതി 'ഇതിപ്പോ ജോയിയുടെ സ്വന്തം കാര്യം തന്നെയല്ലേ??'.
ജോയിയുടെയും അഞ്ജുവിന്റെയും പരിശുദ്ധ ബന്ധത്തെ കുറിച്ച് കേൾക്കാത്തവർ വിരളമാണ്.. ഇല്ല എന്ന് തന്നെ പറയാം. തലമൂത്ത പലരും അങ്ങനൊരു വിഷാദഭാവം കൂടി നിറച്ചാണോ തന്നെ നോക്കുന്നതെന്നു ജോയിക്ക് സംശയവും ഉണ്ടായിരുന്നു. ആണായി പിറന്നവൻ പിടിച്ചു നിൽക്കേണ്ടുന്ന സാഹചര്യങ്ങൾ !!സത്യം പറഞ്ഞാൽ അവൾ ആരെങ്കിലുമാണോ തനിക്കു ?? പിന്നെയെന്തിനാ ഞാൻ വിഷമിക്കുന്നേ ?? ഇവരൊക്കെയെന്തിനാ എന്നെയും കൂടി അവരുടെ സഹതാപത്തിൽ കൂട്ടുപ്രതിയാക്കുന്നെ ?? പക്ഷെ മനസിന്റെ ഏതോ ഭാഗത്തിരുന്നു കണ്ണിലെ നാഡിവ്യൂഹത്തെ നിയന്ത്രിക്കുന്ന തെണ്ടിക്ക്നൊന്നും അറിയേണ്ടല്ലോ? അതിങ്ങനെ നിറച്ചും ഒഴിച്ചും വീണ മീട്ടുവാണല്ലോ ??
ഇനിയും വിളിച്ചറിയിക്കേണ്ടവരെ അറിയിക്കാൻ തോമസേട്ടനോട് പറഞ്ഞേൽപ്പിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നാട്ടിലെ അമരക്കാരായ സുഗുണനും സന്ദീപും ടിങ്കുവുമെല്ലാം പടുതായും, കസേരയും ട്യൂബും കൊണ്ട് കുന്നുംപുറത്തെ ആ ചെറിയ പറമ്പു നിറച്ചു. പള്ളിയിൽ നിന്നും മൈക്ക് സെറ്റും പാട്ടും വന്നു. നേരം വെളുത്തു തുടങ്ങിയിരുന്നു. ഹോസ്പിറ്റലിൽ പോയി അവുടുത്തെ കാര്യങ്ങളൊക്കെ തീർപ്പാക്കി ഷാജുവും വെട്ടുപോത്തും മുന്നേയും ആംബുലൻസിൽ അവളോടൊപ്പം ജേക്കബേട്ടനും രണ്ടു അമ്മാവന്മാരും കൂടി പിന്നാലെയും വന്നു. നേരം വെളുത്തിരുന്നു ..തൊടിയിൽ നിന്നും വെള്ളയിൽ പൊതിഞ്ഞ അവളുടെ ദേഹം വാങ്ങി മുറിയിലേക്ക് കിടത്തുമ്പോൾ ജോയിക്ക് വല്ലാത്ത വിറയൽ തോന്നി.
"അഗസ്റ്റിൻ ദുബായിൽ നിന്ന് തിരിക്കാനുള്ള ഏർപ്പാട് ചെയ്യുന്നേയുള്ളു. കുട്ടികളും ഒക്കെ വരേണ്ടേ ? വൈകും.. ടിക്കറ്റ് ആയിട്ടില്ല. ഇനീപ്പോ എങ്ങനെ നോക്കിയാലും നാളത്തേക്കെ അടക്കം ഉണ്ടാകൂ, അല്ലെ?.." ഷാജു ജോയിയോട് സംശയം ഉന്നയിച്ചു.
ഷാജു അപ്പറഞ്ഞതു കേട്ടോ എന്നറിയാൻ ജോയ് ജേക്കബേട്ടനെ നോക്കി .. അഞ്ജുവിന്റെ വിവാഹ ശേഷം അത്ര നല്ലൊരു സൗഹൃദം അവർക്കിടയിൽ ഇല്ല തന്നെ, എന്നിരുന്നാലും സ്നേഹത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല..'എന്താന്നു വെച്ചാൽ അറിഞ്ഞു കേട്ടു ചെയ്യാൻ' സമ്മതം നൽകും പോലെ ജേക്കബേട്ടൻ ജോയിയുടെ കണ്ണുകളിലേക്കു നോക്കി. ഒരു നിമിഷം ആ നാല് മിഴികളും നിറഞ്ഞു വന്നു..ജോയി മുണ്ടിന്റെ വായ്ത്തലയെടുത്ത് മുഖം തുടച്ചു കണ്ണീർ മറച്ചുകൊണ്ട് മൊബൈൽ മോർച്ചറി ഏർപ്പാടാക്കാൻ ഷാജുവിനെ ഏല്പിച്ചു, പിന്നെ പുറത്തേക്കിറങ്ങി..
"ഉന്നത നൃപനാം മിശിഹാ നാഥാ
മൃതരെല്ലാരും മിന്നിവിളങ്ങും
വദനമോടുണരാൻ വരമരുളേണം ..
വിധിയുടെ നാളിൽ .. വിജയപ്രഭയിൽ -
വിൻതലമെങ്ങും മുങ്ങിമുഴങ്ങും -
കാഹള നാദം പൂജിതമല്ലോ .."
പള്ളിയിൽ നിന്നു വന്ന കൊയർ സംഘം അവൾക്കു യാത്രാമൊഴി പാടിത്തുടങ്ങി.. ജോയി അഞ്ജുവിനെ കിടത്തിയിരുന്ന പെട്ടിയിലേക്കു നോക്കി, തിരശ്ചീനമായി പിന്നിലേക്ക് ഓടുന്ന രണ്ടു നേർ രേഖകളായി അവർ രൂപാന്തരം പ്രാപിച്ചു. നേർരേഖകളിലൊരെണ്ണം ഇന്നലെയോടു കൂടി ദൈവത്തിൻറെ ഏതോ മാലാഖ വരച്ചു നിർത്തിയിരിക്കുന്നു. പണ്ട് ആ വരകൾക്കിടയിലെ ദൂരം അധികമല്ലായിരുന്നു .. ആ ചെറു ദൂരത്തിനിടയിൽ തുറന്നു വെച്ചിരുന്ന ജോയിയുടെ മനസ്സ് അഞ്ജുവിനേക്കാളേറെ എളുപ്പത്തിൽ ജേക്കബേട്ടൻ കണ്ടുപിടിച്ചു. നാട്ടിലറിഞ്ഞതോടെ ആ വരകൾക്കിടയിലെ അകലം കൂടുകയും, അവൾ അകന്നകന്നു മറ്റൊരു വരയിൽ ലയിച്ചു ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ വിഹരിക്കുകയും അതിൽ നിന്നും മറ്റു രണ്ടു ചെറു വരകൾ ഉത്ഭവിക്കുകയും, ഇന്ന് എല്ലാ വരകളിൽ നിന്നും വേർപിരിഞ്ഞു തികച്ചും സ്വാതന്ത്രമായൊരു അദൃശ്യവരയായി മാറുകയും ചെയ്തു.
കണ്ണുകൾക്കും നെഞ്ചിനുമിടയിലെവിടെയോ ആർക്കും നിയന്ത്രിക്കാനാകാതെ ദൈവം ഘടിപ്പിച്ച മനസ്സെന്ന മാന്തിക ജാലകം ചിന്തകളെയും കൊണ്ട് എങ്ങേങ്ങോക്കെയോ ഏതൊക്കെയോ ദിശകളിലൊഴുകുന്ന കാറ്റിൽ പാറിപറക്കുന്നു. ജോയി എന്തുചെയ്യണമെന്നു നിശ്ചയമില്ലാതെ നിന്നു . അഞ്ജുവിനെ കാണുവാൻ വരുന്നവർ ജേക്കബേട്ടനും പിന്നെ പുറത്തുവന്നു ജോയിക്കും അനുകമ്പ നിറച്ച കൈകളും നോട്ടങ്ങളും നൽകി. ഞാൻ!! അല്ല എന്നെയെന്തിനാ ഇക്കണ്ട നാട്ടുകാരൊക്കെ വീർപ്പുമുട്ടിക്കുന്നെ? ജോയിക്ക് അവിടെ നിന്നും എങ്ങോട്ടേക്കെങ്കിലും മാറിയാൽ മതിയെന്നായി ... കവലയിലേക്കു പോയ ഷാജു ഭാഗ്യത്തിനു ആ സമയത്തു തിരികെ തൊടിയിൽ എത്തി. അവൻ കാർ ലോക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ജോയി അവന്റെയടുത്തെത്തി, ജോയിയുടെ ഊതി വീർത്തു കുടം പോലെ നിറഞ്ഞ മുഖം കണ്ടിട്ടു അവനും വിഷമമായി. സത്യത്തിൽ അഞ്ജു ജോയിക്കുള്ളതാണെന്നു കെട്ടവരിൽ നിക്കറു പ്രായത്തിൽ ഷാജുവും ഉൾപ്പെടും.. അവൻ ജോയിയെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. പിന്നെ മെല്ലെ കാതിൽ പറഞ്ഞു "രണ്ടെണ്ണം അടിച്ചാൽ കുറച്ചൊരു ആശ്വാസം ഉണ്ടാകും"
പിന്നെ ചോദ്യ ഭാവത്തിൽ ജോയിയുടെ മുഖത്തേക്ക് നോക്കി .
ജോയി തിരിഞ്ഞു അഞ്ജുവിന്റെ വീട്ടിലേക്കു നോക്കി
"ഉന്നത നൃപനാം മിശിഹാ നാഥാ
മൃതരെല്ലാരും മിന്നിവിളങ്ങും
വദനമോടുണരാൻ വരമരുളേണം .."
കുന്നേൽ വീടിന്റെ മുറ്റത്തിരുന്ന ബോക്സ് ദുഖാർത്തമായി ഗാനമാലപിച്ചു .
'ഇലവീണ ഇടവഴിയിലെ
വഴുക്കുന്ന തറയിൽ
നൂല്മഴ മതിലുകൾക്കപ്പുറം
മാഞ്ഞുപോം സഖിയെ ...
അറിഞ്ഞുവോ??
മഴയോളം പെയ്തുപോയ് കണ്ണുനീർ...'..
മറ്റൊരുവന്റെ കയ്യും പിടിച്ചു അവൾ പള്ളിപടിക്കൽ നിൽക്കുന്ന ചിത്രം മനസ്സിലേറ്റി അലഞ്ഞു നടന്ന രാത്രികളിൽ ഒരിക്കലെന്നോ എഴുതിയ വരികൾ ജോയിക്ക് ഓർമ്മ വന്നു.
താഴെ തൊടിയിലെ അമ്മിണി ചേട്ടത്തിയും സാറാ ചേട്ടത്തിയുമൊക്കെ രാവിലത്തെ അടുക്കള പണിയൊക്കെ ഒതുക്കി മരണത്തിനു കൂടാൻ വേണ്ടി മാത്രം മാറ്റി വെച്ചിരുന്ന അടഞ്ഞ നിറത്തിലെ സാരിയുമുടുത്ത് നെറ്റിയിൽ മാത്രം പൗഡർ പൂശി അങ്ങോട്ടേക്ക് വന്നു.
"ജോയിയേ ..." ഹൃദയം പൊടിയുന്ന പോലൊരു വിളി ജോയിക്ക് നേരെ അവർ നൽകിയിട്ടു പറയാനുള്ളത് മുഴുവൻ ജോയിക്ക് മനസിലായി എന്ന ആശ്വാസത്തിൽ കുന്നിലേക്കു കയറിപ്പോയി.
"ജോയിച്ചേട്ടാ കണ്ടോ, കുട്ടക്കണക്കിനു പൗഡറിട്ട കവിളിൽ കണ്ണീരു വീണു ചാലുകൾ നിവരുന്നത് കനാലിനു കുഴിവെട്ടിയപോലാന്നു നിങ്ങളു പറഞ്ഞെ പിന്നെ ഇതുങ്ങള് നെറ്റിതയിൽ മാത്രമാക്കി മേക്കപ്പ് , ആ പറഞ്ഞതിനു ഇപ്പൊ കണക്കിനു കൃത്യമായി തിരിച്ചു തരുകേം ചെയ്തല്ലോ !! സ്ത്രീകളുടെ ഓരോ നിയമാവലികളെ .."
ഷാജു കാറിന്റെ അകത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
"നിങ്ങളു കയറിക്കേ .. മൊബൈൽ മോർച്ചറി ടൗണിൽ നിന്നെത്താൻ കുറച്ചു സമയമെടുക്കും. വെട്ടുപോത്തിന്റെ പരിചയത്തിലുള്ള ആളാ.. അവനെ ഏല്പിച്ചിട്ടുണ്ട് , തത്കാലം നിങ്ങള് കുറച്ചു സമാധാനപ്പെടൂ "
ജോയി അവനോടൊപ്പം കയറി ..
" ഏക് ഗുഡി .. ജിതാനാ മുഹബ്ബത്ത് ..
വും ഹേ .. വും ഹേ ..."
കാറിനുള്ളിൽ ഉഡ്ഡ്താ പഞ്ചാബ് മുഴങ്ങുന്നു.. ജോയി സീഡീ പ്ലേയർ ഓഫ് ചെയ്തു. എന്നിട്ടു ഷാജുവിനെ തറപ്പിച്ചൊന്നു നോക്കി.
"സോറിയെ " എന്നും പറഞ്ഞു ആ വെട്ടു വഴിയിലൂടെ അവൻ വേഗത്തിൽ കാറോടിച്ചു. അതിനുള്ളിൽ ഗ്ലാസ്സും കുപ്പിയും തമ്മിൽ പോര് നടക്കുന്നുണ്ടായിരുന്നു. എന്താണേലും ആത്മാർത്ഥക്കാരനാ .. ആ വെട്ടുപോത്തിന്റെ മുഖം ഓർക്കുമ്പോഴാ. ഒരു ജോലിയും കൂലിയും ഇല്ലാതെ സാമൂഹിക പ്രവർത്തനവും കൊണ്ട് നടക്കുന്ന ഞാനെങ്ങനെ കാശ് തിരിച്ചു കൊടുക്കും. തന്നോടുള്ള വിശ്വാസത്തിന്റെ പുറത്താണ് ആരോട് ചോദിച്ചാലും കിട്ടുന്നത്. ജോയി പോക്കറ്റിലേക്ക് നോക്കി, പത്തിന്റെയും ഇരുപത്തിന്റെയും കുറെ പഴകിയ നോട്ടു മാത്രം..അഗസ്റ്റിനോട് വെട്ടുപോത്തിന്റെ സ്വഭാവം പറയാൻ പറ്റുമോ? അത് മാത്രമല്ല പിള്ളേരുടെ 'അമ്മ മരിച്ചു കിടക്കുമ്പോൾ താനെങ്ങനാ അടക്കിനു മുമ്പ് കണക്കു പറയുന്നേ.. ജേക്കബേട്ടനു വെട്ടുപോത്തിനെ നന്നായറിയാം എന്നാലും ആ പാവം പൊട്ടിപ്പൊളിഞ്ഞു നിൽക്കുന്ന ഈ സമയത്ത് ..
കുഴപ്പമില്ല , അവരോടൊന്നും കൈ നീട്ടേണ്ട ,എങ്ങനെയും സംഘടിപ്പിച്ചു തനിക്കു തന്നെ കൊടുത്തു വീട്ടണം. അവൾക്കായിട്ടു ഈ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന അവസാനത്തെ ഏറ്റവും വലിയ കാര്യം.. അല്ല എന്നാലും അവൾ .. അവൾ ആരായിരുന്നു എനിക്ക്?? ഞാനെന്തിനാ ഇങ്ങനെ ആവശ്യമില്ലാതെ ഓരോന്നു ചെയ്യുന്നേ? അഞ്ജുവെന്ന ഭംഗിയുള്ള മഷിത്തുള്ളി വരച്ചുതീർത്ത വഴികൾക്കു മറ്റെവിടെയെങ്കിലും ചെന്നവസാനിച്ചാൽ പോരായിരുന്നോ? തിരിച്ചു ഇവിടേയ്ക്ക് തന്നെ ..
ഷാജു പാടത്തിനരികിലെ തെങ്ങിൻ തൊപ്പിനോട് ചേർന്ന് കാറിട്ടു .
ജോയി മൂന്നു പെഗ് ഒറ്റയിരിപ്പിനു മൊത്തിക്കുടിച്ചു.
'ഹോ ആ ഭാരം ഒന്ന് കുറഞ്ഞു.."
"ജോയിച്ചേട്ടാ നാളെ വൈകിട്ടാ ഫ്ലൈറ്റ്..ഞാൻ അടക്കം കഴിഞ്ഞു പോകും. ഞാനൊരു ആഗ്രഹം പറഞ്ഞത്.." ഷാജു ജോയിക്ക് ഒന്നുകൂടി ഒഴിച്ചിട്ടു ചോദിച്ചു ..
"എന്ത്?"
ജോയി മുഖം ചുളിച്ചു
"ഓ .. ഒന്നുമറിയാത്ത പോലെ.. ഒരു വേഴാമ്പൽ.."
അവന്റെ മുഖത്തോരു നാണം..
31 വയസ്സ് കഴിഞ്ഞ , സാമാന്യം നല്ല ശമ്പളമുള്ള ഒരു ഗൾഫ്‌കാരന് കഴിഞ്ഞ രണ്ടു മാസത്തെ അവധിയിൽ നടന്ന 13 പെണ്ണുകാണൽ ചടങ്ങുകളിലും ഒരു നീക്കുപോക്കുണ്ടായിട്ടില്ല . പെൺകുട്ട്യോൾക്കാണോ, കാർന്നോമ്മാർക്കാണോ ഡിമാൻഡ് ? ഉള്ള നല്ല പ്രായമൊക്കെ അവിടെ റിയാലിന് പുറകെ നടന്നു ഒരു പ്രണയം പോലും തരപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന സങ്കടമാണവന്. നാളെ തിരികെപ്പോയാൽ ഇനിയും 700 ദിവസം വേണം ഈ പച്ചപ്പ് വീണ്ടുമൊന്നു കാണാൻ. പോകുന്നതിനു മുമ്പ് ഒരേയൊരു ആഗ്രഹം സാധിക്കണമെന്നു പറഞ്ഞതാ.. താല്പര്യമുള്ള വിഷയമേ അല്ല.. എന്നാലും നിർബന്ധിച്ചപ്പോൾ പൂർണമായിട്ടല്ലെങ്കിലും അന്ന് വഴങ്ങി ..പക്ഷെ ഇപ്പൊ എന്തൊരു വിരോധാഭാസമാണ് ദൈവമേ ?? ജീവനേക്കാളേറെ ഒരു കാലത്ത് സ്നേഹിച്ചവൾ ചേതനയറ്റു കിടക്കുമ്പോൾ ഇവിടെ ഒരുവന് നാണം.. ഹും എന്ത് സ്നേഹം എന്ത് ആത്മാർത്ഥത ?? അവന്റെ കാര്യം കാണാൻ , ആഗ്രഹം പോലും!! എന്നാലും എങ്ങനെ തോന്നുന്നു? ഈയുള്ളവൻ ചങ്കുപൊട്ടി നിൽക്കുന്നു..അന്ത്യകർമങ്ങൾ ഒരല്ലലും ഇല്ലാതെ നടത്തുവാൻ നെട്ടോട്ടമോടുമ്പോൾ അതറിഞ്ഞിട്ടും അവന്റെയൊരു ജീവിതാഭിലാഷം!! അല്ല ഞാനെന്തിനു ആവശ്യമില്ലാതെ എന്റെ ചങ്കു പൊട്ടിക്കുന്നു..
.
ഷാജു വീണ്ടും ആവർത്തിച്ചു " ജോയിച്ചേട്ടാ ചുനരി "
' എടാ ഈ സാഹചര്യത്തിൽ എന്നോട് ഇതേക്കുറിച്ചു പറയുന്നത് പോലും.."
ആപ്പറഞ്ഞതു മുഴുമിക്കുവാൻ അവൻ ഇടം കൊടുത്തില്ല
"ഒരാഗ്രഹം ഉണ്ടായാൽ അത് പറയാൻ ഈ നാട്ടിൽ വിശ്വസിക്കാൻ നിങ്ങള് മാത്രേ എനിക്കുള്ളൂ.." ഷാജുവിന് ദേഷ്യം വന്നു തുടങ്ങി..
" ഒരാഗ്രഹം അല്ല ദുരാഗ്രഹം " ജോയി തിരുത്തി
" ദേ കളിക്കല്ലേ.. ദാഹിച്ചു വലഞ്ഞ അനേകായിരം വേഴാമ്പലുകൾ നിലകൊള്ളുന്നിടമാണ് ഇവിടം, മദന മനോഹര കേരളം, എന്നൊക്കെ ആ ജോണി വാക്കറിന്റെ പോസിൽ പറഞ്ഞതാ അല്ലെ..? അതെ ഇങ്ങട് നോക്ക് "
ജോയിയുടെ മനസ് ഇതിനിടയിൽ നിന്നും കുതറിയോടി അഞ്ജുവിനോടൊപ്പം നിന്നു അൽപനേരം ..
"ഹ എന്തു മനുഷ്യാ.. ഞാനിന്നു സൗദിക്ക് പോയാൽ പിന്നെ രണ്ടു വർഷം കഴിഞ്ഞേ ഒരു പെണ്ണിന്റെ മുഖം പോലും കാണൂ ..ഈ വാട്സ്ആപ്പിലും പോൺ സൈറ്റിലും കണ്ടു മടുത്തു. എനിക്ക് നേരിട്ടൊരു ചുനരിയെ എല്ലാ ഭംഗിയോടെയും കാണണം.. കണ്ടാൽ മതി.. ഒരേ ഒരു തവണ.."
" എടാ ചെക്കാ .. എന്തറിയാം നിനക്ക്? നിയീപ്പറയുന്നതു പോലെ ഒന്നും ഇല്ല. ഒരു ശരീരം അത്ര മാത്രം..നേരിട്ട് കാണുന്നതും മൊബൈലിൽ കാണുന്നതും ഒക്കെ കണക്കാ..ചിലപ്പോൾ നേരിട്ട് കാണുമ്പോൾ അതിനേക്കാൾ വൃത്തികേടായിരിക്കും"
ഷാജു കാറിനുള്ളിൽ നിന്ന് മദ്യമെടുത്ത് ഒന്ന് കീറി.. ജോയി അന്ധാളിച്ചു പോയി. പറമ്പിൽ പകൽ വെളിച്ചത്തിൽ പോലുമൊന്നു മുള്ളാത്തവനാണ് .
"അല്ല ജോയിച്ചേട്ടാ .. നിങ്ങള് തന്നെ പറഞ്ഞിട്ടില്ലേ.. നിങ്ങടൊരു പെൺ സുഹൃത്തിന്റെ കാര്യം? 30 വയസ്സ് വരെ എല്ലാ ആഗ്രഹങ്ങൾക്കും കടിഞ്ഞാണിട്ടുകൊണ്ടു കല്യാണമാകുമോ എന്നവൾ കാത്തിരുന്നു, അന്ന്,30 തികഞ്ഞ ആ ദിവസം, ജീവായുസ്സിന്റെ പകുതിയും കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ആഗ്രഹങ്ങളെ ചങ്ങലക്കിട്ടിട്ടു കാര്യമില്ലെന്നു മനസിലാക്കി അവൾ മദ്യപിച്ചതും, എല്ലാ സുഖങ്ങളും അറിഞ്ഞതും .. അപ്പൊ 31 ആയ എനിക്ക് , ഒരാണായ എനിക്ക് എന്തെ അതൊന്നും പാടില്ലേ? ഞാൻ ആരോടും നിങ്ങളെ പോലെ ഇങ്ങനെ അടുത്ത് സഹകരിക്കില്ല എന്നറിയില്ലേ ?"
എന്നോ ഒരിക്കൽ ലഹരിയുടെ ആവേശത്തിൽ അവനോടു പറഞ്ഞതു താൻ മറന്നു പോയിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഒട്ടും തന്നെ പ്രാധാന്യമില്ലാന്നു തോന്നുന്ന കാര്യങ്ങൾ മറ്റുചിലർ എത്ര ഭദ്രമായിട്ടാണ് സൂക്ഷിക്കുന്നത്.
"മോനേ ഷാജൂ .. പെണ്ണിനോളം എളുപ്പമല്ല ഒരാണിന്" ജോയി തല ചെരിച്ചു തൊടിയിലേക്കു നോക്കി..
വെയിലിനു കളിക്കുവാൻ നിഴലു കളം വരച്ചിട്ടിരിക്കുന്നു. വെട്ടിത്തിളങ്ങുന്ന വെയിൽ. ഉള്ളിലെ വിശപ്പിനു മുകളിലൂടെ ചെന്ന ആൽക്കഹോൾ വയറിനുള്ളിൽ സ്ഫോടനം സൃഷ്ടിച്ചു. പക്ഷെ ആ നീറ്റലിനും ഒരു സുഖമുണ്ടെന്നു ജോയിക്ക് തോന്നി. നെഞ്ചിലെ നീറ്റലിനു പകരം ചോദിക്കുന്ന വയറ്റിന്റെ ആന്തൽ!! എന്ത് മാത്രം കിളികളാണ് ഈ തൊടിയിലിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. ഒരു പക്ഷെ അഞ്ജുവിനെയും എന്നെയും കുറിച്ചാകും..കുറച്ചകലെ പേഴിലിരുന്നു ഒരു വേഴാമ്പൽ ജോയിയെ തല ചെരിച്ചു നോക്കി. പിന്നെ മരക്കൊമ്പിലെ എന്തോ കൊത്തിത്തിന്നു ..
" ജോയിച്ചേട്ടാ .. ദേ കണ്ടോ ഒരു വേഴാമ്പൽ!! നിങ്ങളന്നു പറഞ്ഞപോലെ ..എന്റെ ദാഹവും അതിന്റെയും ഒന്നാകുന്നു .."
ഷാജുവിന്റെ ബഹളം കേട്ടാകണം ആ സുന്ദരി പക്ഷി ജീവനും കൊണ്ട് പറന്നുപോയി.
"നിന്റെ തലവെട്ടം കണ്ടതെ ഉള്ളു"..
"ജോയിച്ചേട്ടാ ഈ ജീവിതത്തിൽ എനിക്ക് വേണ്ടി ഇതൊന്നു മാത്രം ചെയ്യൂ.. " ഷാജു ജോയിയുടെ കൈ കടന്നുപിടിച്ചു.
അവൾക്കു വേണ്ടി ഇനി ഈ ജീവിതത്തിൽ തനിക്കു ഒന്നും ചെയ്യാൻ കഴിയുകയില്ലാലോ .. ജോയിയുടെ മനസ്സുരുകി, ആവി പടർന്നു ഘനീഭവിച്ചു കണ്ണുനീർ ഉറവകൊണ്ടു..
"അത് ശെരി .. അതാണ് .. രണ്ടുപേരും കൂടി ഇവിടിരുന്നു ദുഃഖം പങ്കുവെക്കുകയാണല്ലേ ??
വെട്ടുപോത്തിന്റെ മുഴങ്ങുന്ന ശബ്ദം അവർ രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് കാറിനുള്ളിൽ മുഴങ്ങി.
"ഇതൊരു ശെരിയായ ഏർപ്പാടാണോ? ദുഃഖം എനിക്കുമുണ്ട്.. എല്ലാറ്റിനും എന്നെ വിളിക്കും.. ജോയിയെ.. നിന്നെ ഒന്നു സമാധാനിപ്പിക്കാൻ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു.. ഏതായാലും അവളെ നീ കേട്ടാഞ്ഞത് നന്നായി.." വെട്ടുപോത്ത് കാറിലേക്ക് കടന്നിരുന്ന് കുപ്പിയിൽ ശേഷിച്ചത് മുഴുവൻ ഒറ്റവലിക്ക് അകത്താക്കി വായിൽ നിറഞ്ഞ കശർപ്പു ചീറ്റിച്ചുകൊണ്ടു പറഞ്ഞു.
ചെകിട്ടിനു ഒരെണ്ണം പൊട്ടിക്കാനാണ് ജോയിക്കു തോന്നിയത്.. അവന്റെ ഒരു സമാധാന സംഭാഷണം.
വെയിലൊഴിഞ്ഞു തുടങ്ങി. മൊബൈൽ മോർച്ചറിയുമായി ആംബുലൻസ് എത്തി, വലിച്ചു കെട്ടിയ പന്തലിനു കീഴിൽ വിളക്കുകൾ തെളിഞ്ഞു. . ഇന്നൊരു രാത്രി ഓർത്തോർത്ത് പറഞ്ഞു തീർക്കുവാൻ ആവോളം സങ്കടവുമായി കുന്നേൽ വീട്ടിലേക്കു ജനങ്ങൾ വന്നു പോയിക്കൊണ്ടിരുന്നു. ഇനി കാണുവാൻ വരണ്ടയെന്നു എതിർക്കുവാനാകാത്ത അഞ്ജുവിന്റെ അടുത്തേക്കും, സങ്കടം കൂടുമ്പോൾ ഷാജുവിൻറെ കാറിലേക്കും, അവിടെ നിന്നും പറമ്പിലേക്കും, വയറിനുള്ളിലേക്കു മദ്യത്തിനെയും , ഘനീഭവിക്കുന്ന കണ്ണുനീരിനെയും ഒരു പിടി ഓർമ്മകളെയും ജോയി തൻറെ നേർരേഖയിൽ പിടിച്ചു കെട്ടി സമയത്തിനു മീതെ നടന്നു.. പക്ഷെ കാൽച്ചുവട്ടിലെ മണ്ണിനു പലപ്പോഴും ഇളക്കം തട്ടി .. കണ്ടു നിന്നവർ "അവനു പിന്നെ മനസ്സിനു തട്ടുകേടു കാണുകേലെ !!" എന്നു പറഞ്ഞു നെടുവീർപ്പെട്ടു.
പുലർച്ചെ തൊടിയിൽ വണ്ടി വന്നു ഹോൺ മുഴക്കിയപ്പോഴാണ് ജോയി എഴുന്നേറ്റത്. അഞ്ജു കിടന്നുറങ്ങുന്ന മൊബൈൽ മോർച്ചറിയുടെ കണ്ണാടി ചില്ലിനു മുകളിൽ തല ചേർത്തിരിക്കുകയായിരുന്നു ജോയി. കണ്ണ് തുറക്കുമ്പോൾ തൊട്ടടുത്ത് അഞ്ജുവിനെ കണ്ട് അവന്റെ കണ്ണുകൾ സ്വപ്നത്തിലെന്നപോലെ കീഴ്മേൽ മറിഞ്ഞു. ഒന്നുമറിയാതെ അവൾ സുഖമായുറങ്ങുന്നു. ചിതറിവീണ റോസാ പുഷ്പങ്ങളുടെ ദളങ്ങളിൽ ഇന്നലെയറ്റുപോയ അവളുടെ നിശ്വാസങ്ങൾ നിലകൊണ്ടിരുന്നു. അവൾ യാത്രയായെന്ന ബോധം ലഹരിയുടെ മതിൽക്കെട്ടുകൾ തകർത്ത് മണിക്കൂറുകൾക്കു ശേഷം വീണ്ടും വേട്ടയാടുവാൻ പിന്നിൽ വന്നു നിന്നു . ഇതെപ്പോഴാ ഇവിടെ വന്നിരുന്നതെന്നറിഞ്ഞു കൂടാ.ജോയി പരിസര ബോധം വീണ്ടെടുത്തു , കണ്ണാടി ചില്ലിനു മുകളിലൂടെ അവളുടെ മുഖത്തിനു നേരെ കരങ്ങൾ ചേർത്ത് അവൻ എഴുന്നേറ്റു. ഭാഗ്യത്തിന് ചുറ്റുമുണ്ടായിരുന്ന ബന്ധുക്കൾ എല്ലാം വാടിക്കൊഴിഞ്ഞു വീടിനുള്ളിൽ പലയിടങ്ങളിലായി വീണുകിടക്കുന്നു. താഴെ തൊടിയിൽ നിന്നും വീണ്ടും ഹോൺ മുഴങ്ങി.
പന്തലിൽ ജേക്കബേട്ടൻ ഒഴിഞ്ഞൊരു മൂലയിൽ ഇരുന്നുറങ്ങുന്നു. ജോയി ജേക്കബേട്ടനെ തട്ടി വിളിച്ചു.
" അഗസ്റ്റിനും പിള്ളേരുമാണെന്നു തോന്നുന്നു."
ജോയി വരാന്തയിലെ ക്ലോക്കിലേക്കു നോക്കി. പുലർച്ചെ 4 .30 ആയിരിക്കുന്നു. ജേക്കബേട്ടൻ പെട്ടെന്നു തന്നെ ടോർച്ചുമെടുത്ത് ധൃതിയിൽ താഴെ തൊടിയിലേക്കിറങ്ങി. ജോയി പിന്നാലെ നടന്നു. തലക്കകത്തു വല്ലാത്ത കനവും തൊണ്ട പൊട്ടുന്ന ദാഹവും..
കണ്ണുനീർ മറച്ചുകളഞ്ഞ രണ്ടു നിഷ്കളങ്കമായ കണ്ണുകളാണ് ജോയി ആദ്യം കണ്ടത്. അഞ്ജുവിന്റെ മൂത്ത പുത്രൻ. ഏഴു വയസ്സ് ആയിട്ടുണ്ടാകും. പാവം!!ആദ്യമായിട്ടാണ് കാണുന്നതെങ്കിലും ജോയിക്ക് അവനോടു വല്ലാത്ത ഒരാകർഷണം തോന്നി. ഒരു പക്ഷെ തനിക്കു ജനിക്കേണ്ടിയിരുന്ന മകൻ. ആ കുഞ്ഞു കൈകളിൽ മാറോടു ചേർത്ത് അവനൊരു ചൂരൽ വടി പിടിച്ചിരുന്നു. അവനു പിന്നാലെ അഗസ്റ്റിൻ തോളിലൊരു പെൺ കുഞ്ഞിനേയും ഇട്ടുകൊണ്ട് ജേക്കബേട്ടന്റെ പിന്നാലെ വീട്ടിലേക്കു നടന്നു.
ജോയി അവന്റെ കൈപിടിച്ചു ..."മോന്റെ പേരെന്താ?"
ആകാംശയും നിരാശയും വേദനയും നിറഞ്ഞ അവന്റെ കണ്ണുകൾ ജോയിയെ നോക്കി "ഇവാൻ.. മമ്മിയെന്നെ കുഞ്ഞിവായെന്നു വിളിക്കും".
അവൻ ജോയിയോടൊപ്പം കുന്നുകയറാൻ ആഞ്ഞു ശ്രമിച്ചു. കല്ലും പൂച്ചെടികളും മുള്ളും നിറഞ്ഞ അങ്ങനൊരു പ്രദേശം അവന്റെ കാലുകൾ ആദ്യമായി പരിചയിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടാകും . കൈക്കുഞ്ഞായിരിക്കുമ്പോൾ ഒരു തവണ വന്നിട്ടല്ലേയുള്ളു. ജേക്കബേട്ടനും മേരിചേച്ചിയും മകളുടെ അടുത്തേക്ക് വർഷത്തിൽ ഒരിക്കൽ പോകലാ പതിവ്. ജോയി കുഞ്ഞിവാനെ കയ്യിലെടുത്തു കുന്നു കയറി. പന്തലിനു വെളിയിൽ എത്തിയതേ ഉള്ളു.. കുഞ്ഞിവാൻ ജോയിയുടെ കൈകളിൽ നിന്നു തുള്ളി താഴേക്കിറങ്ങി "മമ്മീ "ന്നും വിളിച്ചുകൊണ്ടു അകത്തേക്ക് പാഞ്ഞു. ജോയി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു.
"മോനേ ഇവാനേ .." എന്നലറി അഗസ്റ്റിനും ജേക്കബേട്ടനും ജോയിയെകടന്ന് വീട്ടിനുള്ളിലേക്ക് പാഞ്ഞു.
ഈ ലോകത്ത് അവളെ തന്നെക്കാൾ പ്രിയപ്പെട്ടതായി കരുതുന്ന എത്രയോ പേരുണ്ട് !!. ജോയി മെല്ലെ മുൻവാതിൽ ചേർന്ന് ചാരി നിന്നു. അഗസ്റ്റിന്റെ തോളിൽ ഉറങ്ങിക്കിടന്ന പെൺകിടാവും കരച്ചിൽ തുടങ്ങി, എന്തിനെന്നറിയാതെ.. ഒരു പക്ഷെ ആ അലർച്ചയും വിളിയുമെല്ലാം കേട്ട് ഭയന്നിട്ടാകണം..
ഇവാൻ അഞ്ജു കിടന്നിരുന്ന മൊബൈൽ മോർച്ചറിയുടെ ചില്ലു ഗ്ലാസ് തുറക്കാൻ ആവതു ശ്രമിച്ചു. ജേക്കബേട്ടനും അഗസ്റ്റിനും അവനെ പിടിച്ചു മാറ്റാൻ നോക്കി. അവൻ നിന്ന് കെഞ്ചി " എനിക്ക് മമ്മിയെ തൊടണം.." പിന്നെ അവനൊരു മഴപോലെ ആർത്താർത്തു കരഞ്ഞു. ആ മഴയുടെ നനവിൽ മുന്നേ ഉറങ്ങി വീണവർ എഴുന്നേറ്റു. അവരുടെ കണ്ണുകളിലെ ഉറക്കം പാടെ മായ്ചുകൊണ്ടു നനവ് ഉണർന്നു. ജോയിക്ക് അവിടെ സംഭവിക്കുന്നതും ചെയ്യുവാനുള്ളതും തമ്മിൽ വേർതിരിക്കാൻ സമയമെടുത്തു . ജോയി ഇവാന്റെ അടുത്തേക്ക് ചെന്നു , അഞ്ജുവിനെ ഇവാനിൽ നിന്നും വേർപെടുത്തിയിരുന്ന കണ്ണാടിച്ചില്ലു മാറ്റി. കുഞ്ഞിവാൻ അഞ്ജുവിന്റെ നെറ്റിയിലും കവിളിലും മാറിമാറി ഉമ്മവെച്ചു. അവന്റെ കണ്ണുനീര് വീണു അവളുടെ മരച്ച ശരീരം ഉപ്പു നീരാൽ കുതിർന്നു. ജോയിക്ക് സങ്കടം സഹിക്കാനായില്ല "കുഞ്ഞിവാനെ.." എന്ന് വിളിച്ചു കൊണ്ട് ജോയി അവനെ കുനിഞ്ഞെടുത്തു . അവൻ കുതറിമാറി നിലത്ത് വെച്ചിരുന്ന ചൂരൽ എടുത്തു ജോയിയെ തലങ്ങും വിലങ്ങും തല്ലി . ജോയി പിന്നോക്കം മാറി, എന്തിനാ അവൻ അത് ചെയ്തത്? ഇവാൻ ആ ചൂരൽ അഞ്ജുവിന്റെ കൈകളിൽ വെച്ചു . ഇവന് പിടിച്ചു മാറ്റാൻ വന്ന ജേക്കബേട്ടനും അഗസ്റ്റിനും ആ രംഗം കണ്ടു തകർന്നു നിലത്തേക്ക് വീണു. ജോയി വീണ്ടും ഇവന്റെ അടുത്തേക്ക് വന്നു.
ബന്ധുക്കൾ, തൊട്ടയൽവാസികൾ, സുഹൃത്തുക്കൾ - നായ്ക്കൾ ..പട്ടികൾ..എല്ലായെണ്ണവും വെറുതെ നോക്കി നിൽക്കുന്നു. കുഞ്ഞിവാനെ ഒന്നുവന്നു ആശ്വസിപ്പിക്കാനോ എഴുന്നേൽപ്പിക്കുവാനോ ഇവറ്റകൾക്കൊന്നും തോന്നാത്തതെന്താണോ?
അഞ്ജുവിന്റെ മുകളിലേക്ക് വീണു കിടക്കുന്ന കുഞ്ഞിവാനെ ജോയി കോരിയെടുത്തു . റബ്ബർ ബാൻഡ് കൊണ്ടു ചുരുട്ടികെട്ടിയ 2000 ൻറെ ഒരു കെട്ട് നോട്ട് ജോയിയുടെ പോക്കറ്റിൽ നിന്നും അഞ്ജുവിന്റെ ദേഹത്തേക്ക് വീണു. ജോയി ഞെട്ടിത്തരിച്ചു പോയി. ഇത്രയും കാശ് എവിടുന്നു വന്നു?? ഇങ്ങനെ ചുരുട്ടി ആരാണ് പോക്കറ്റിൽ ഇട്ടതു??
ജോയി ഇവാനെ മെല്ലെ മാറ്റി അഗസ്റ്റിന്റെ അടുത്തിരുത്തി. മൂടി തിരിച്ചടക്കാൻ കുനിയും വഴി ആരും കണ്ടിട്ടുണ്ടാകില്ല എന്ന വിശ്വാസത്തിൽ ആ നോട്ട്കെട്ടു മെല്ലെ കൈക്കുള്ളിൽ ചുരുട്ടിപ്പിടിച്ചു.
ജേക്കബേട്ടനും അഗസ്റ്റിനും ആകെ തകർന്നിരുന്നു. ജോയി അവരുടെ അടുത്തേക്ക് ചെന്ന് തോളിൽ തട്ടി സമാധാനിപ്പിച്ചു. എന്ത് പറഞ്ഞാ ഒന്നാശ്വസിപ്പിക്കുക?? ദൈവം അവളെ നേരത്തേ വിളിച്ചൂന്നോ?? മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ, വിധിയെന്ന് കരുതണമെന്നോ ??
ജോയി ആകെ വിയർത്തു.. കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ട് കെട്ട് വിയർപ്പിൽ കുതിർന്നു നനവറിയിച്ചു തുടങ്ങി. ജോയി മെല്ലെ പുറത്തേക്കിറങ്ങി. മരണ വീട്ടിൽ നിന്നും അസമയത്തുണ്ടായ ബഹളത്തിൽ അയല്പക്കത്തുകാർ വീണ്ടും കൂടിത്തുടങ്ങി. ജോയി മെല്ലെ കാശ് പോക്കറ്റിലേക്കിട്ടു. വന്നവർ വന്നവർ ജോയിയോട് അഞ്ജുവിന്റെ കാര്യമന്വേഷിച്ചു. പക്ഷെ ജോയിയുടെ മനസ്സിൽ ആ കാശിന്റെ ഉറവിടം തേടുകയായിരുന്നു. ഒരു കണക്കിന് ചോദിച്ചവരോട് കാര്യം പറഞ്ഞൊപ്പിച്ചു. ഉറക്കം പറിച്ചുമാറ്റി ഉരുണ്ട കണ്ണുകളോടെ അന്തംവിട്ടു നിന്ന ഒരമ്മച്ചിയോടു കുറച്ചു കട്ടൻ ഇടാൻ പറഞ്ഞു കൊണ്ട് അവൻ ഇരുട്ടിലേക്കിറങ്ങി. പോക്കറ്റിൽ നെഞ്ചോടു ചേർന്ന് കിടക്കുന്ന നോട്ടുകളുടെ ഭാരം അവനെ വല്ലാതെ വേട്ടയാടി. എവിടെ നിന്നാണ് ഇത്രയും കാശ് വന്നത്. അത് അഞ്ജുവിന്റെ ദേഹത്തേക്ക് തന്നെ വീഴുകയും ചെയ്തു, അതാരെങ്കിലും കണ്ടിട്ടുണ്ടാകുമോ? ഓ കണ്ടാലും കുഴപ്പമില്ല..ഇവിടുത്തെ കാര്യങ്ങൾക്കായി കരുതിയതാണെന്നു വിചാരിച്ചോളും. എന്നാലും ??? ആരെയും അറിയിക്കാതെ ഈ കാര്യങ്ങളൊക്കെ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട് , അഗസ്റ്റിനും ജേക്കബേട്ടനും ചോദിക്കുമ്പോൾ 'അതിലൊന്നും കാര്യമില്ല ' എന്ന് പറഞ്ഞൊഴിയാൻ .. ജേക്കബേട്ടന് ഇപ്പോഴേലും ഈ ജോയിയെ ഒന്ന് മനസിലാകാൻ .. വർഷങ്ങൾക്കു മുമ്പ് 'കുഞ്ഞിനെകിടത്താനുള്ള തീട്ടപ്പായ എങ്കിലും മേടിക്കാനുള്ള ഗതിയുണ്ടാക്കാൻ ' പറഞ്ഞ മനുഷ്യന് ഒരു സുഖമുള്ള സമ്മാനം തിരിച്ചു നൽകാൻ.. ഒരിക്കലും അത് മനഃസാക്ഷി ക്ഷമിക്കുകേലെങ്കിലും, ചെയ്യുവാൻ തോന്നിയെന്നത് സത്യം തന്നെ. പക്ഷെ അതൊന്നുമല്ല !! ഈ കാശ് ആരുടെ? ഇനി താനുറങ്ങിപ്പോയപ്പോൾ ജേക്കബേട്ടൻ തന്നെ കൊണ്ടിട്ടതാണോ??
ജോയിയുടെ ഓർമയയിലൂടെ വെച്ചു കെട്ടിയ ട്യൂബുകൾ നിന്നാടിത്തുടങ്ങി..
വാച്ചിൽ 11.30 സമയം കണ്ടു. രാത്രി വൈകിയും ആളുകൾ വന്നുകൊണ്ടേയിരുന്നു . ജോയി ഇരുളിലേക്ക് മാറി ആരുടേയും കണ്ണിൽപെടാതെ നിൽക്കുന്നു. അല്ല താൻ ഒറ്റക്കല്ലായിരുന്നു. ആംബുലെൻസ് എന്ന് തലതിരിച്ചാണോ എഴുതിയിരിക്കുന്നതെന്നു ഒരു 10 വട്ടമെങ്കിലും ജോയി സൂക്ഷിച്ചു നോക്കി. ജോയിയുടെ മുന്നിൽ മൂന്നുപേരുണ്ട്. ഒരു മെറൂൺ ഷർട്ട്, വെള്ള ഖദർ , ഇളം നീല ഷർട്ട്.. മെറൂൺ ഷർട്ട് മറ്റു രണ്ടു നിറങ്ങളേയും കെട്ടിപ്പിടിച്ചു കരയുന്നു. ഇളം നീല ഷർട്ടും ഖദർ ഷർട്ടും തിരിച്ചു ആശ്വസിപ്പിക്കുന്നു.
സംഭവങ്ങൾ ഓരോന്നായി ജോയിയുടെ മനസ്സിൽ തെളിഞ്ഞു വന്നു. ഇന്നത്തെ ദിവസം ലഹരി ഒഴുകുകയായിരുന്നു. ഷാജുവിന് പിന്നാലെ വെട്ടുപോത്തും തൻറെ ദുഃഖത്തിൽ അറിഞ്ഞു പങ്കാളിയായി. ടൗണിൽ നിന്ന് വന്ന ആംബുലൻസിലെ ഡ്രൈവർക്കു ഒരു രാത്രി കഴിച്ചുകൂട്ടാൻ ധൈര്യം പകർന്നുകൊണ്ട് ഡ്രൈവർ അയ്യപ്പനോടൊപ്പം ആംബുലൻസിന്റെ ക്യാബിനിൽ അയാളുടെ തൊങ്ങലു പിടിപ്പിച്ച ഭീകര മുഖങ്ങളോടൊപ്പം.. കഥകളുടെ ഒടുവിൽ ആ ക്യാബിനുള്ളിൽ ജീവിച്ചു മരിച്ചവരുടെ മണം പിടിക്കാതെ ഷാജുവിന്റെ ശർദിൽ !! അവനെ കുളിപ്പിച്ചെടുത്തു വീട്ടിലേക്കു വിടും മുമ്പ് ഇരട്ടച്ചിറ കുളത്തിന്റെ തിട്ടയിൽ നിന്നും കെട്ടിപ്പിടിച്ചു അവൻറെ കരച്ചിൽ!!ഏറ്റുപറച്ചിൽ !!
"ഈ ജോയിച്ചേട്ടൻ മനസ്സുരുകി ഇല്ലാണ്ടായി നിൽക്കുവാ.. വെട്ടുപോത്തേട്ടാ നിങ്ങടെ കയ്യിന്നു മേടിച്ച കാശ് എനിക്ക് വേണേൽ കൊടുക്കാരുന്നു ..എന്റെ കയ്യിലുണ്ട് ..കണ്ടോ??" അവൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും റബ്ബർ ബാൻഡ് ഇട്ട നോട്ടുകെട്ടെടുത്ത് കാണിച്ചു.
"അതിയായ ആഗ്രഹമുണ്ട് ഇയാളെ സഹായിക്കണമെന്ന്,പക്ഷെ എന്റെ ഒരാഗ്രഹം..ജീവായുസ്സിന്റെ പകുതിയും തീർന്ന ഒരു പുരുഷനായ എനിക്ക് ഒരാഗ്രഹം.. ഇത്രയും നാൾ മറ്റുള്ളവർക്ക് വേണ്ടി ചോര നീരാക്കി. ഇനി മിച്ചമുള്ളതു ഈ കാശാണ്..ഇതും കൂടി ..വേണ്ട എനിക്കിനി ഇത് കയ്യിൽ വെച്ചാൽ ഉരുകും " തടഞ്ഞിട്ടും അവൻ ആ നോട്ടുകെട്ട് ജോയിയുടെ പോക്കറ്റിൽ ഇട്ടു.
വെട്ടുപോത്ത് ഇടിമുഴക്കികൊണ്ടു ചോദിച്ചു " എന്താ എന്റെ കുഞ്ഞിന്റെ പകുതി തീർന്ന ആയുസ്സിന്റെ ഇത്ര വലിയ ആഗ്രഹം ??"
"വേഴാമ്പൽ.. ഒരു ചുനരി ..ഒരു വസന്തം ..ഒന്ന് ഒന്നേയൊന്നു " നാക്കു തിരിയുന്നില്ലെങ്കിലും അവൻ പറഞ്ഞൊപ്പിച്ചു.
"ഏന്തുന്ന ??" അയ്യപ്പന്റെ മുഖത്തു ചുളിവുകൾ വീണു
"ഞാനതു ജോയിചേട്ടനോട് മാത്രേ പറഞ്ഞിട്ടുള്ളു, നിങ്ങളോടു പറയാം.. പക്ഷെ എനിക്കതു വേണം.." ഷാജു കുഴഞ്ഞു മറിഞ്ഞു തറയിൽ ഇരുന്നു. ചെറുതായി മോങ്ങിക്കരയാൻ തുടങ്ങി.
വെട്ടുപോത്തും അയ്യപ്പനും ജോയിയെ നോക്കി..
" ആ അവനു ഭ്രാന്ത്!!" ജോയി കയ്യൊഴിഞ്ഞു.
"ജോയിച്ചേട്ടാ ..!! എനിക്കു നല്ല ബോധമുണ്ട് .. വിഷമം കൊണ്ടാ ഞാൻ കരയുന്നെ ".. ഷാജു വിതുമ്പി..
"എടാ നിന്നെക്കാളും ആയിരമിരട്ടി നീറി നീങ്ങുന്നവനാ ഞാൻ .. ആ എന്നോട് നിൻറെ ഊള വർത്തമാനം പറയരുത് .." ജോയി തല്ലാനോങ്ങി ..
വെട്ടുപോത്തും അയ്യപ്പനും ഇടപെട്ടു .. അവർ ഷാജുവിന്റെ അടുത്തു കുത്തിയിരുന്ന് ആശ്വസിപ്പിച്ചു.." നീ കാര്യം പറയ് മോനെ..ഞങ്ങളുണ്ട്.. ഈ ജോയിയും കാണും, പിന്നെ ഇത്രേം നാളും നിന്നോടൊപ്പം ഉണ്ടായിട്ടു നിനക്കൊരു ആഗ്രഹം വന്നപ്പോൾ.. അതെന്തായാലും ശെരി തന്നെ..ഇത്രയും നീ വിഷമിക്കുന്നുണ്ടേൽ അത് ഞങ്ങള് നടത്തി തരാം.."
"ദേ നിങ്ങളു കാര്യമറിയാതെ വെറുതെ എടുത്ത് ചാടരുത് .. ഞാൻ പോകുവാ.."
ജോയി രംഗം വിട്ടു .. അവൻ നേരെ ജേക്കബേട്ടന്റെ വീട്ടിലേക്കു നടന്നു..
നേരം കുറേ വൈകിയിട്ടാണ് വെട്ടുപോത്തും അയ്യപ്പനും തിരിച്ചു വന്നത്. അവർക്കു ജോയിയെ കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. ജോയി അവരെ വിളിച്ചു മാറ്റി ഇരുട്ടത്തേക്കു നടന്നു.
"ഹ ഈ കിണിയൊന്നു നിർത്ത്. അവനെവിടെ..?"
" ആര് ? ഹെന്റെ ജോയി ഈ ഒരു ചെറിയ കാര്യത്തിനാണോ നീ അവനെ ഇങ്ങനെ ഇട്ടു കരയിക്കുന്നെ?" വെട്ടുപോത്ത് ഊറിച്ചിരിച്ചു കൊണ്ട് ചോദിച്ചു .
"അവനെവിടെയെന്നു??" ജോയി അവരെ വകഞ്ഞുമാറ്റി പിന്നിലോട്ടു നോക്കി
ഷാജു ആംബുലൻസിന്റെ പുറകിൽ കഴുത്തുറയ്ക്കാത്ത കുഞ്ഞിനെ പോലെ ആടിയാടി നിൽക്കുന്നു. അയഞ്ഞുവീണ ഷിർട്ടിനുള്ളിൽ നിന്നും അവൻ കയ്യുയർത്തി കാട്ടി ..
"ജോയിച്ചേട്ടാ താങ്ക്സ് !! എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കപ്പെടാൻ പോകുന്നു. നാളെ പോകുന്നതിനു മുന്നേ.. "
എങ്ങനെ ? ഈ ചെക്കനിതെന്തിന്റെ കേടാ ..ജോയി കാശെടുത്ത് തിരികെ നൽകി .. ഷാജു വീണ്ടും നിർബന്ധിച്ചു ജോയിയുടെ പോക്കറ്റിൽ തിരുകി .
" ഇതെന്റെ കയ്യിലിരുന്നാൽ കളഞ്ഞു പോകും, ഇന്നൊരു രാത്രി സൂക്ഷിക്കു പ്ളീസ് "
ജോയി സിഗരറ്റു കത്തിച്ചു .. എന്നിട്ടു ആംബുലൻസിനു മുന്നിൽ വന്നിരുന്നു.

കണ്ണിനു മുന്നിൽ അരണ്ട വെളിച്ചത്തിൽ ഭൂലോകം എടുത്തടിച്ചു കറങ്ങുന്നു.ആംബുലെൻസ് എന്ന് തലതിരിച്ചാണോ, നേരെയാണോ എഴുതിയിരിക്കുന്നതെന്നു ഒരു 10 വട്ടമെങ്കിലും ജോയി സൂക്ഷിച്ചു നോക്കി. ജോയിയുടെ മുന്നിൽ മൂന്നുപേരുണ്ട്. ഒരു മെറൂൺ ഷർട്ട് അതു ഷാജുവാണ് , വെള്ള ഖദർധാരി വെട്ടുപോത്ത് , ഇളം നീല ഷർട്ട് അയ്യപ്പേട്ടൻ .. പോകെ പോകെ അവർ നിറങ്ങൾ മാത്രമായി ..മെറൂൺ ഷർട്ട് മറ്റു രണ്ടു നിറങ്ങളേയും കെട്ടിപ്പിടിച്ചു കരയുന്നു. ഇളം നീല ഷർട്ടും ഖദർ ഷർട്ടും തിരിച്ചു ആശ്വസിപ്പിക്കുന്നു.മെറൂൺ ഷർട്ട് കാറുമെടുത്ത് ഒരു വഴിക്കും ഖദറും നീലയും ഷർട്ടുകൾ മറ്റൊരു വഴിക്കും പോയി. കുറെ നേരം നിറമില്ലാതെ താൻ മാത്രം അവിടെയിരുന്നു. പിന്നെയെപ്പൊഴോ അഞ്ജുവിന്നടുത്തേക്കും ..
തിരിച്ചറിവിന്റെ വിതുമ്പലിൽ ജോയി പകച്ചു നിന്നു .പോക്കറ്റിൽ കിടന്ന നോട്ടു കെട്ടെടുത്ത് നോക്കി.
അഞ്ജുവിനെ അണിയിച്ചൊരുക്കി രാവിലെ തന്നെ സ്വർഗ്ഗയാത്ര ആരംഭിച്ചു. ആംബുലൻസിനുള്ളിൽ അഗസ്റ്റിനും, ജേക്കബേട്ടനും,മേരിചേച്ചിയും ഇവാനും കുഞ്ഞുമകളും തലകുമ്പിട്ടിരുന്നു. അയ്യപ്പേട്ടൻ ജോയിയെ നോക്കി കയ്യുയർത്തി ചിരിച്ചു കാണിച്ചു. ജോയി മുഖം വെട്ടിച്ചു കളഞ്ഞു. വെട്ടുപോത്തിനേയും ഷാജുവിനെയും കാണുന്നില്ല. അവനെയൊന്നു കാണണം.. ചുരുട്ടികൂട്ടിയ കാശ് അതുപോലെ തന്നെ ഇടുപ്പിൽ വെച്ചിട്ടുണ്ട്, അവന്റെ മുഖത്തേക്കു വലിച്ചെറിയാൻ!!
മരണത്തിനെ യാത്രയാക്കാൻ നീണ്ട നിരയായി പോകുന്നവർക്കിടയിൽ ആംബുലൻസിനു തൊട്ടു പിന്നാലെയായി ജോയി നടന്നു. ഇടുപ്പിൽ കരുതിയ കാശിന്റെ കനം അവന്റെ മനസ്സിനെ കീഴ്പ്പോട്ടു ആഞ്ഞു വലിച്ചിരുന്നു. പള്ളിമുറ്റത്തേക്കു കയറും മുമ്പ് ഷാജുവിന്റെ കാർ ആംബുലന്സിനെ കടന്നു പോയത് ജോയി ശ്രദ്ധിച്ചു.
പള്ളിക്കുള്ളിൽ അന്ത്യശുശ്രൂഷ നടക്കുമ്പോൾ ആരും ശ്രദ്ധിക്കാതെ ഒരു കോണിൽ കിടന്ന ആംബുലൻസിന്റെ പുറകിലെ A/C ക്യാബിനിൽ ആഗ്രഹങ്ങളുടെ വസന്തം ചില്ലകൾ തോറും പടരുകയായിരുന്നു.
ജോയി സെമിത്തേരിയിൽ നിന്നു എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ ഷാജുവിന്റെ കാർ ആംബുലൻസിനടുത്തു കിടക്കുന്നു. അയ്യപ്പൻ ഓടിവന്നു ഷാജു നൽകിയ പണം ചോദിച്ചു.
"തിരക്കാണ് .. അവരെ സെറ്റിൽ ചെയ്തു പറഞ്ഞു വിട്ടിട്ടു വേണം പോകാൻ, ജോയി ഇറങ്ങാൻ കാത്തിരിക്കുവാരുന്നു "
ഈ പണം ചുനരിക്കു നൽകാൻ വേണ്ടി സൂക്ഷിക്കാൻ എന്നെ ചുമതലപെടുത്തി!!.. ജീവനുള്ള ശരീരസുഖത്തിൻറെ വില ആദ്യമുതിർന്നു വീണതു ജീവനറ്റ ശരീരത്തിനു മേൽ !! എന്തൊരു വിരോധാഭാസം !! ജോയിക്ക് വെറുപ്പോ വിദ്വേഷമോ സങ്കടമോ ഒക്കെ കൂടിക്കലർന്നു അസ്വസ്ഥതയുണ്ടായി. അവൻ ആ നോട്ടുകെട്ടു കയ്യിലിട്ടു ഞെരിച്ചു.. കുറച്ചു മുമ്പ് വരെ ഇത്രയും കാശ് കയ്യിലുണ്ടായിരുന്നെങ്കിലെന്നു ആശിച്ചു, ഇപ്പോൾ അത് വെറുമൊരു പേപ്പർ ബോൾ പോലെ അവന്റെ വിയർപ്പിൽ കുതിർന്ന് നിലത്തേക്കു വീണു..
No comments:
Post a Comment