Sunday, June 12, 2011

ഒരു വേനല്‍ അവധിക്കാലത്ത്‌ ... specially dedicated to anwar,vinod sir&robin

       സമയം ഉച്ചയോടടുത്തു, വെയില് കനത്തു നിന്നു, ഇലകള്‍ നിറഞ്ഞ മാവ് ചാഞ്ഞു തണലും തണുപ്പും ശുദ്ധ വായുവും നല്‍കുന്ന അജന്തയിലേക്ക് ഞാന്‍ നടന്നു,ഒരുപാട് ഓര്‍മ്മകള്‍ പേറുന്ന ആ മുത്തച്ചന്‍ മാവിന്റെ ചുവട്ടില്‍ പുറത്തേക്ക് അടവുകളോന്നുമില്ലാതെ തള്ളി നില്‍ക്കുന്ന മുകളിലെ വരാന്തയില്‍ വൃത്താകൃതിയിലെ  മേശക്കരികില്‍ ഞാന്‍ ഇരുന്നു, ഒറ്റയ്ക്ക് അങ്ങനെ ഇരിക്കുമ്പോഴും ചുറ്റും പാട്ടുപാടി  ആ ഹ്ലാദിക്കുന്ന, തമാശകളും കളിയാക്കലുകളും കൊണ്ട് നിറഞ്ഞ അന്തരീക്ഷമായിരുന്നു മനസ്സില്‍ - റോബിന്‍,വിനോദ്,വിനോദ് സര്‍ ,ആശാന്‍,മനു,VIP,അര്‍ജുന്‍,ഗിരീഷ്‌...എല്ലാവരും ചുറ്റുമിരിക്കുന്നു..കുഴഞ്ഞു തുടങ്ങിയ നാവുകളും,ഇനിയും തുറക്കാനാകാതെ അന്തം വിട്ടു ചിരിക്കുന്ന വായും,വാരിവലിച്ചിട്ട കുപ്പിയും ഗ്ലാസും,വൃത്തി ഹീനമാക്കിയ മേശവിരിയും, ചുരുളഴിക്കുന്ന തമാശക്കഥകളും..
         എല്ലാം നഷ്ടപ്പെടുത്തി ...വെയിറ്റര്‍  വന്നു, സ്വര്‍ഗത്തിലെ കട്ടുറുമ്പേ നിനക്ക് ഞാന്‍ ടിപ്പു തരത്തില്ല..
തണുപ്പിക്കാനല്ല ചൂടാക്കാനാണ് തോന്നിയത്, വീര്യമുള്ള ബ്രാണ്ടി ആകാം, വിനോദ് സര്‍ വരാമെന്നെറ്റിട്ടുണ്ട് റോബിനും......, ; പറഞ്ഞു പറ്റിച്ച വിനോദും  മനുവും VIP യും പോയി തുലയട്ടെ..  മൂന്നാറില്‍ സസുഖം വാഴുന്ന അന്‍വറിന്റെ സസുഖം തീത്ത് അസുഖം ആക്കുവാന്‍ പോകുവാനുള്ള പ്ലാനിലാ,വിനോദ് സര്‍ എത്തീട്ടില്ല ,ബസ്സില്‍ വന്നു കൊണ്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ ഉണ്ട്, റോബിനെ വിളിച്ചിട്ട് കിട്ടുന്നുമില്ല..യാത്ര മുടങ്ങണെന്നു മൂന്നാറില്‍ നിന്നും ഒരു മനസുരുകി പ്രാര്‍ത്ഥന പോയിട്ടുണ്ടാകും..
            രണ്ടെണ്ണം തീര്‍ത്തു ചുണ്ട് തുടച്ചു ഫോണെടുത്തു, ഒരു വര്‍ഷവും രണ്ടു മാസവും മണലാരണ്യത്തില്‍ കയ്യും കാലുമിട്ടടിച്ചിട്ടു നാട്ടില്‍ വന്നതാ,എല്ലാവരെയും ഒന്ന് കണ്ടു പഴയ പോലെ ഒന്ന് കൂടാം,എവിടെ ??ഓരോര്‍ത്തര്‍ക്കും തിരക്ക്,മുടിഞ്ഞ തിരക്ക്..ഒരു യാത്രയുള്‍പ്പെടെ 24 മണിക്കൂര്‍  ജീവിതത്തില്‍ മാറ്റിവെക്കാന്‍ ആര്‍ക്കും ഇല്ല, ഇനിയൊരിക്കലും അങ്ങനെയൊന്നു ,ഒരു കൂടിച്ചേരല്‍ പ്രതിക്ഷിക്കെണ്ടതില്ല,എല്ലാവരും സസുഖം വാഴട്ടെ..ഒരിക്കലും നഷ്ടപെടുത്തിയ നല്ല സമയങ്ങളിലേക്ക് തിരിഞ്ഞു നോക്കതിരിക്കട്ടെ..ഒരു പക്ഷെ അത് ഒരു പാട് വേദനിപ്പിചേക്കും..ഞാന്‍ ആ വേദന അറിയുന്നുണ്ട്.. 
               തോളില്‍ കോളേജു പിള്ളര്‍ സ്റ്റൈലില്‍ ബാഗു തൂക്കി കുട്ടി ഷര്‍ട്ടിട്ട്ബുള്‍ഗാന്‍ വെച്ച് ഒരു മാറ്റവുമില്ലത്ത നിഷ്കളങ്കമായ ,സ്നേഹം തുളുമ്പുന്ന സ്വതസിദ്ധമായ ചിരിയുമായി വിനോദ് സര്‍ എത്തി,മുറുക്കെ കെട്ടി പിടിച്ചു,നാളുകള്‍ക്കു ശേഷം കാണുന്നു,പുള്ളിയുടെ വിവാഹ വിശേഷങ്ങളും വല്ലപ്പോഴും എത്തി നോക്കി ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ സൗഹൃദം പങ്കിടാന്‍ ശ്രമിക്കുന്ന കൂട്ടുകാരെ കുറിച്ചും സംസാരിച്ചു,
 കുപ്പി തീര്‍ന്നു,പുതിയത് ശിരസ്സ്‌ ഭേദിക്കപെട്ടു ,ഉള്ളിലെ വീര്യം  ഗ്ലാസ്സിലെക്കും,സോഡാ ചേര്‍ന്ന് കുടലിലേക്കും , അവുടെ നിന്ന് ചോരയില്‍ കലര്‍ന്ന് തലച്ചോറിലേക്കും കുറച്ചു മൂത്രാശയത്തിലെക്കും പോയി..
ചുവന്ന   vox wagon പോളോ അജന്തയുടെ ഗേറ്റിനു മുന്നില്‍ വളഞ്ഞു തിരിഞ്ഞു പാര്‍ക്ക്‌ ചെയ്തു.വെളുത്തു ,ചുവന്നു , ക്ലീന്‍ ഷേവ് ചെയ്തു റോബിന്‍ സര്‍ എത്തി, വന്നയുടനെ "സൗദി രാജാവേ" എന്ന് നീട്ടി വിളി,മാറി മാറി കെട്ടിപ്പിടിച്ചു, പിന്നെ ആവേശം മൂത്തു.."വേഗം ഇറങ്ങു ഇപ്പൊ തന്നെ മണി  മൂന്നായി , ഇരുട്ടും മുമ്പ് അവിടെ എത്തണം,വന്യ  മൃഗങ്ങളോക്കെയുള്ള സ്ഥലാ.."
(11 മണിക്ക് കൃത്യം വരാമെന്ന് പറഞ്ഞവനാ..) 
ഞാന്‍ : ഓ എന്നാട രണ്ടെണ്ണം വിടടാ..
റോബിന്‍: ഇല്ല സാറേ വണ്ടി ഓടിക്കാനുള്ളതാ..
( ഒരു മാന്യന്‍ !! പണ്ട്  മദ്യപിച്ചു വണ്ടി ഓടിച്ചു ക്യാമ്പസ്സിനു മുന്നില്‍ വെച്ച് പോലീസ്  പൊക്കിയപ്പോള്‍ "അളിയാ  നിന്നെ പിന്നെ  എടുത്തോളാഡാ .."എന്ന് അവരോടു പറഞ്ഞ ടീമാ ..ഇപ്പൊ വണ്ടി ഓടിക്കണം പോലും..)
    മുന്‍ സീറ്റില്‍ റോബിന്‍ പൈലറ്റും വിനോദ് സാറും പിന്നില്‍ ഞാനും,cums-ല്‍ പോയി  ഗിരീഷിനെയും  ഷൈജു മാഷിനെയും മുഖം കാണിച്ചു അനുഗ്രഹം വാങ്ങി യാത്ര തുടങ്ങി,തേയിലയുടെ പച്ചപ്പിലേക്ക്,മൂന്നാറിലേക്ക്..അവിടെ ഫോറെസ്റ്റ്  ഓഫീസില്‍ ജോലി ചെയ്യുന്ന അന്‍വറിന്റെ സാമ്രാജ്യത്തിലേക്ക്...
   യാത്ര തുടങ്ങിയപ്പോഴേക്കും ഭക്തിഗാനം കാറില്‍ തുളുമ്പി തുടങ്ങി,അത് താഴെ വീണു  തൂകാതെ വിനോദ് സര്‍ ഓഫ് ചെയ്തു പിന്നെ കാറിന്റെ ഗ്ലാസ്സ് മെല്ലെ താഴ്ത്താന്‍ തുടങ്ങി,പെട്ടെന്ന് റോബിന്‍ ഞെട്ടിത്തിരിഞ്ഞു,വിനോദ് സര്‍ വെട്ടിത്തിരിഞ്ഞു..
  റോബിന്‍ : സാറേ ഗ്ലാസ്സ് താക്കല്ലേ..കാറിനകത്ത് പൊടിയാകും..കണ്ടോ ലെതെര്‍ സീറ്റാ   ..
വിനോദ് സര്‍ : എടാ പുറത്തെ കാറ്റ് കൊണ്ട് പോകുന്ന സുഖം...
റോബിന്‍ : ഒന്നും പറയണ്ട a/c ഉണ്ടല്ലോ അത് മതി ..

             പോകുന്ന വഴിക്കെല്ലാം 'കള്ള്,കള്ള്.."എന്നെഴുതിയ ബോര്‍ഡുകള്‍ കണ്ടു ഞാന്‍ വിനോദ് സാറിനോട് പറഞ്ഞു'സാറെ കള്ള്.."
വിനോദ് സര്‍ : ഇരുമ്പനത്ത് ഒരു ഷാപ്പുണ്ട്,നല്ല  കള്ളാ ..രാജേഷ്‌ llb യുടെ കൂടെ വന്നപ്പോ കഴിച്ചിട്ടുണ്ട്,പക്ഷെ അവിടെ വരെ എത്തുമ്പോള്‍ സമയം ..
   പിന്നെ വഴിക്ക് കണ്ട ഷാപ്പിലെല്ലാം കയറി..എവിടെ ഒരു തുള്ളി കള്ള് എടുക്കാനില്ല..കേരളത്തിന്റെ പുരോഗതി കള്ളിലൂടെ..അധ്വാനിക്കുന്ന ജനവിഭാഗമേ ഇനിയും കള്ള് ചെത്തിയിറക്കൂ ..ഞങ്ങള്‍ക്ക് ദാഹിക്കുന്നു..
      കള്ള് കിട്ടാത്ത വിഷമത്തില്‍ ഒരു കാലി ചായ അടിച്ചു യാത്ര തുടര്‍ന്നു,അടിമാലിയെത്തി,ദൈവത്തിന്റെ നാട്ടിലെ സോമരസ വില്‍പ്പന കേന്ദ്രം ഇനി മൂന്നാറിലെ ഉള്ളു.രണ്ടു കുപ്പി വാങ്ങി..രാത്രി മണ്ണിനെ മൂടിക്കഴിഞ്ഞിരുന്നു..
             വളഞ്ഞു പുളഞ്ഞു തിരിഞ്ഞു ചാടി കാറ് മലകയറി..ഞാനോ പിന്‍ സീറ്റില്‍ ഇരുന്നു ആടി ഉലഞ്ഞു ചാടി ഇരുന്നു വയറു കലങ്ങി മറിഞ്ഞു ഒരു പരുവമായി..കരിമ്പാറ  പോലെ വിനോദ് സര്‍ കഥകള്‍ പറഞ്ഞു ചിരിച്ചും രസിച്ചും ഇരുന്നു,ആ റോഡിലൂടെയുള്ള ഡ്രൈവിങ്ങില്‍ രസം പൂണ്ടു റോബിനും..
      ആകെ മന്ദതയിലാണ്    മൂന്നാര്‍ സിറ്റിയില്‍ എത്തിയത്, ചാടിയിറങ്ങി റോഡിന്റെ വക്കത്തു നിരന്നു നിന്ന് മൂത്രമൊഴിച്ചു,പുറത്ത് നല്ല തണുപ്പ്, മഞ്ഞിറങ്ങി അന്തരീക്ഷത്തില്‍ വേരുറപ്പിച്ചു അനങ്ങാതെ നില്‍ക്കുന്നു,...എന്റെ വയറില്‍ നിന്നും ചായയും ചാരായവും ഇണ ചേര്‍ന്ന് തികട്ടി വന്നു,പക്ഷെ വാളായി പുറത്തേക്ക് വന്നില്ല..
                  അന്‍വറിനെ വിളിചു ,എടുത്താല്‍ പൊങ്ങാത്ത കോട്ടും,വെളുത്ത ചിരിയുമായി കോതിയോതുക്കിയ മുടിയിഴകള്‍ പാണ്ടിലോറി പോകുന്ന കാറ്റില്‍ ഉലച്ചു സ്റ്റൈലില്‍ നില്‍ക്കുന്നു..
                    കൈകൊടുത്ത്,കെട്ടിപ്പിടിച്ചു..പരാതികളും,പരിഭവങ്ങളും പറഞ്ഞു,അല്ലെങ്കിലും അങ്ങനെയാണ്..കൂട്ടുകാര്‍ ഒത്തുചേരുമ്പോള്‍ രാത്രിയോ പകലോ സ്ഥലകാല ബോധമോ പോകും, ഏത് പ്രായത്തിലും..; ദൈവത്തിനു നന്ദി ..നീ ഭൂമിയിലേക്ക്‌ അനുഗ്രഹമായി ചൊരിഞ്ഞ സൗഹൃദങ്ങള്‍ക്ക്‌ ആയിരം നന്ദി ..
         തിരക്ക് കുടി ദോശയും ഓം ലെറ്റും ,അപ്പവും,പുട്ടും ഒന്നിച്ചു വേവിച്ചെടുക്കുന്ന അപൂര്‍വ്വ വേഗതയുള്ള തട്ട് കടയില്‍ നിന്നും അപ്പവും,കപ്പയും കോഴിയും വാങ്ങി തെയിലക്കാട്‌ കയറുവാന്‍  തുടങ്ങി.. 
 കാറിനുള്ളിലിരുന്നു അന്‍വര്‍ കൈചൂണ്ടി കാണിച്ച ഭാഗത്ത് ഇരുട്ടണെന്നും,എന്നാല്‍ വെളിച്ചം വീണാല്‍ അവിടം തേയില തോട്ടവും ഇപ്പുറത്തെ ഭാഗം കണ്ണീര്‍ ചാലിട്ടോഴുകുന അരുവിയാണെന്നും മനസിലായി..  
    ഫോറെസ്റ്റ് ചെക്ക് പോസ്റ്റില്‍ അന്‍വര്‍ സാറിന്റെ വരവും കാത്തു കാവല്‍ക്കാരന്‍.( വലിയ പുള്ളിയ..) അവുടുന്നു ഉയരത്തിലേക്ക് മലയെ വളഞ്ഞു കയറുന്ന റോഡ്‌ ..
   റോബിന്‍: എടാ വഴി പറഞ്ഞു തരണേ ഒരു വശത്ത് നല്ല താഴ്ചയാ..
അന്‍വര്‍ : എടാ വലത്തേക്ക് വളച്ചോ..
     റോബിന്‍ ചെറുതായൊന്നു വളച്ചു ..മുന്നില്‍  മല..വീണ്ടും വളച്ചു.... മല ..വീണ്ടും വളച്ചു...
 റോബിന്‍ :എടാ റോഡില്ലേ...?????
അന്‍വര്‍ : എടാ പൊട്ടാ നല്ല വളവാ..ആഞ്ഞു വളക്കു..
 റോ : മ*$##** ..ആദ്യമേ പറയണ്ടേ..വളചോന്നു മാത്രം പറഞ്ഞാല്‍..
അന്‍ : "എനിക്കറിയോ നിനക്കറിയോ ??"
വിനോ : എന്താ.... ഹ ഹ ഹ ഹ 
ഞാനും ഹ ഹ ഹ ഹ ഹ 
    റോബിന്‍ റിവേര്‍സ് എടുത്തു..വീണ്ടും കയറി..
അന്‍ : എടാ ഇടത്തോട്ടു വളച്ചോ..
                  റോബിന്‍ ആഞ്ഞു വളച്ചു..പക്ഷെ ഭാഗ്യത്തിന് ചെറിയ വളവായിരുന്നു..റോഡ്‌ കഴിഞ്ഞു വീണ്ടും വളഞ്ഞു കാര്‍ നിരത്തിന് താഴെയിറങ്ങി ചവുട്ടി നിര്‍ത്തി..
റോ : നീ പറയണ്ടേ പട്ടി , ചെറിയ വളവാണെന്ന്..*##*&;$**
അന്‍ : ഞാന്‍ അറിഞ്ഞോ നീ ഇങ്ങനെ വളചെടുക്കുമെന്നു ..
ഞാനും വിനോദ് സാറും ഹ ഹ ഹ ഹ ...
    അടുത്ത വളവിനു മുന്നിലായി ഫോറെസ്റ്റ് ഓഫിസിനു മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു..ടോര്‍ച്ചേടുത്തു  ആഹാരവുമെടുത്ത് അന്‍വര്‍ ഇരുട്ട്  മാത്രം നിറഞ്ഞു നിന്ന ഭാഗത്തേക്ക് ഇറങ്ങി.. 
റോ : എടാ നീ ഏത് കൊക്കയിലെക്കാടാ  ഞങ്ങളെ  കൊണ്ട് പോണേ ..?
 ഇടതൂര്‍ന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഉരുണ്ടു പിരണ്ട കല്ലുകളും കൊഴിഞ്ഞുണങ്ങിയ  ഇലകളും കുറ്റിചെടികളും കൊണ്ട് നിറഞ്ഞ അവിടെ വഴി പോലെ എന്തോ ഉണ്ട്..അന്‍വറിന്റെ പിന്നാലെ നമ്മള്‍ മൂവരും കൂടി.. 
  കുറ്റ കുറ്റിരുട്ടു..അന്‍വര്‍ തിരിഞ്ഞു നിന്നു..
"എടാ ഇവിടെ പുലിയിറങ്ങും .
റോ :  നമ്മളെ ഉദ്ധെശിച്ചാണോ ? അത്രയ്ക്ക് വേണ്ടട..
അന്‍ : സൂക്ഷിച്ചു നടക്കണേ പാമ്പ് ഉള്ളതാ..
വിനോ : ശെരിയാ T D പുറകെ വരുന്നുണ്ട്..
       എല്ലാരും ഹ ഹ ഹ ഹഹ.. 
          കുറച്ചകലെ വൈദ്യുതി ദീപം കണ്ടു, ആശ്വാസമായി .നിരന്നു ഓടിട്ട കെട്ടിടങ്ങള്‍ ,കൊട്ടെയ്സ്  ആണ്,അതിനുചുറ്റും വലിയ കിടങ്ങ് കുഴിച്ചിരിക്കുന്നു, കിടങ്ങിനു മുകളിലൂടെ തടികൊണ്ട് നിര്‍മ്മിച്ച ചെറിയ മരപ്പാലം-ഒരാള്‍ക്ക്‌ കഷ്ടി  നടക്കാനുള്ള വീതി..ഞാന്‍ കയറിയപ്പോള്‍ അതൊന്നാടി,വളഞ്ഞു !!
അന്‍ : ഓടിക്കാതെ ഇങ്ങു വാടെ..
  ആദ്യം കണ്ട കൊട്ട്യേസ്  അന്‍വറിന്റെയാണ് ,വൈദ്യുതി ബള്‍ബിന്റെ വെളിച്ചം വീഴുന്ന ഭാഗം മാത്രം കാണാം,അതിനെ കൂടി മറക്കുവാന്‍ ഇരുട്ട് കിണഞ്ഞു ശ്രമിക്കുന്നു,കണ്ണിലിട്ടു കുത്തിയാല്‍ വായില്‍ കൊള്ളുമെന്നു പറഞ്ഞ അവസ്ഥ..
                        ഈ അന്‍വറിന്റെ കാര്യം ആ ഇരുട്ടത്ത് പിന്നിലേക്ക്‌ കൈചൂണ്ടി കാണിച്ചിട്ട് പറയുവാ 'അതാ ആനമുടിയെന്നു..!!!',ദൈവമേ എന്തൊരു പരീക്ഷണം, ഞാനും റോബിനും മുഖത്തോടു മുഖം നോക്കി,വിനോദ് സര്‍ അവന്‍ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി തലകുലുക്കുന്നു,നല്ല കാഴ്ചശക്തി ആണെന്ന് തോന്നുന്നു,x-ray കണ്ണുകളാകും  .
             വേഷം മാറി....കുപ്പികള്‍ പൊട്ടി... പെട്ടെന്ന് ഒരു ഫോണ്‍ കോള്‍ .. 
വിനോ : അതെ,... ഭാര്യയ്യാണ്,ഞാനിവിടെ എത്തിയോ എന്നറിയാന്‍ വിളികുകയാ,മിണ്ടല്ലെ..
   നിശബ്ദത..ഭയങ്കര നിശബ്ദത..വിനോദ് സര്‍ അറ്റെന്‍ഷനില്‍  നിന്നു ..
'ഹലോ ഞാനെത്തി കേട്ടോ, സുഹൃത്തുക്കളൊക്കെയുണ്ട്,പിന്നെ തണുപ്പായത്  കൊണ്ട്  'അവന്മാര്‍ '2 കുപ്പി ബിയര്‍ എടുത്തിട്ടുണ്ട് ( 2 കുപ്പി ബിയര്‍ ?? ? ഞങ്ങള്‍ എടുത്തത് കൂടാതെ ഒരു ബോട്ടില്‍ അന്‍വര്‍  വാങ്ങി വെച്ചിട്ടുണ്ട്, അതും ബ്രാണ്ടി..!!)
       "ഞാനോ ? ഞാന്‍ കഴിക്കത്തില്ലന്നറിയാലോ ,എന്നാലും ഒരു ഗ്ലാസ് ബിയര്‍ കഴിക്കുവേ..ഒരു കമ്പനിക്കു.."
 പിന്നെ ഞങ്ങളെ പരിചയപ്പെടുത്തി, ഒരു മുഴം കയറിലും 2 ബോല്‍ട്ടിലും ഓടുന്ന സംഭവമല്ലേ ദാമ്പത്യം..
      ഫോണ്‍ വെച്ചു,  ഞങ്ങള്‍ മൂവരും വിനോദ് സാറിന്റ മുഖത്ത് നോക്കി ആഞ്ഞൊന്നു ചിരിച്ചു..
                                             ഇങ്ങനെ ചിരിക്കുവാന്‍ കഴിയുമ്പോള്‍ ജീവിതം എത്ര സുന്ദരം,ഒരു ടെന്ഷനില്ല,വിഷമങ്ങളില്ല,ജീവിത ഭാരങ്ങളില്ല,കെട്ടുപാടുകളില്ല..മനസ്സില്‍ സന്തോഷം മാത്രം..മനസറിഞ്ഞു ആര്‍ത്തു ചിരിക്കുവാന്‍ ഈ സൌഹൃദ സദസ്സും..
  
 റോ : എടാ കുപ്പി എല്ലാം അടിച്ചു  തീര്‍ക്കുന്ന കൊള്ളാം, ആരും വാളുവെക്കരുത്..ഗവ : കൊട്ട്യേസാ  ഓര്‍മ്മ വേണം..
  ഞങ്ങള്‍ : ആഞ്ജ പോലെ രാജാവേ..ഹ ഹ ഹ ആഹ 
                                  പൊട്ടിച്ചിരികളും ,കഥപറച്ചിലും, ..ബഹളം കേട്ട് അടുത്ത കോട്ട്യ്സിലെ  ആള്‍ക്കാര്‍ എഴുന്നേറ്റു,ലൈറ്റിട്ടു,പുറത്തിറങ്ങി-അന്‍വറിന്റെ കൊട്ടെയ്സില്‍ ആണെന്നറിഞ്ഞു മൂത്രമൊഴിച്ചു പിന്നെയും അകത്തുകയറി കതകടച്ചു മുഖം വഴി മൂടിപ്പുതച്ചു, പക്ഷെ വെളുപ്പിന് 3 മണിവരെ നമ്മള്‍ അവരെ ഉറക്കീല,സത്യം ..മദമിളകി നിന്ന ഒറ്റയാന്‍ പോലും ഓടിക്കാണും, പിന്നെയാ..ദൈവമേ ഇങ്ങനൊരു ഭാഗ്യം അവര്‍ക്കിനിയും കൊടുക്കുവാന്‍ ഞങ്ങള്‍ക്കവസരം നല്‍കണേ.. 
            കുപ്പികള്‍ ചത്തുമലച്ചു..കോഴിക്കാലുകള്‍ അടുത്ത ജന്മത്തില്‍ പോലും നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടിച്ചുപോട്ടിച്ചു ചന്നം പിന്നം പാളീസാക്കി...
                                                        സമയം രാത്രി 2 മണി , ഇപ്പോഴാണ് നോസ്ടാല്‍ജിയ ഉണരുന്നത്,  നിലവില്‍ ലൈന്‍ കിട്ടുന്ന എല്ലാ സുഹൃത്തുക്കളെയും വിളിചെഴുന്നെല്‍പ്പിച്ചു,കഥകള്‍ തുടങ്ങി..മാറി മാറി സംസാരിച്ചു.. അവന്മാര്‍ക്ക് വരാന്‍ കഴിയാത്തതിന്റെ വിഷമവും,ഉറക്കം പോയതിന്റെ നിരാശയും,....എങ്കിലും രസമാണ്..ഒരുപാട് നേരം..ഒരുപാട് പേര്‍ ..
             റോബിന്‍ ഇതിനിടയില്‍ ഒന്ന് മുള്ളാന്‍ പോയി-
      "ബാഏ ബാഏ ബേആ   .."
അന്‍  : എന്താടാ മുള്ളുമ്പോള്‍ ഇങ്ങനെയൊരു ശബ്ദം..?
ഞാ :  അളിയാ, ഉറുമിയും ഉടവാളും..എടാ ഗവ : കോട്ട്യ്സാ മറന്നോ നീ..
  റോബിന്‍ അങ്കത്തട്ടില്‍ നിന്നും ഓടി വന്നിട്ട്..
"പോടാ പട്ടി..**##** വന്നാല്‍ പിന്നെ വക്കാതിരി....ബാഏ ബേആ ..""""
                           ഉണരുമ്പോള്‍ 9 മണി, ഞാന്‍ വീണ്ടും കിടന്നുറങ്ങി, 
10 മണി.. 
അന്‍വര്‍ എഴുന്നേറ്റു ഓഫീസില്‍ പോയി ( ഫേസ് ബുക്കില്‍ കയറാന്‍..!!!)
  സമയം 11 മണി :
റോ : സാറെ വരയാടിനെ കാണണം,ആനമുടി കാണണം,തേയിലത്തോട്ടം കാണണം, വിശക്കുന്നു ചോറ് കഴിക്കണം..
വിനോ : ഏതാ ആദ്യം വേണ്ടേ ?
റോ : കക്കൂസില്‍ പോകണം..
ഞാ : പിന്നെ അതിനിമ്മിണി പുളിക്കും,ഇവിടെ ആകെയുള്ള ക്ലോസെറ്റില്‍ ഞാനിരിക്കുവാ..'
    
 അന്‍വര്‍ വന്നു,ഞങ്ങള്‍ റെഡി ആയി, അവന്റെ ഓഫീസില്‍ പോയി,കാമറ പട പട ക്ലിക്ക് ചെയ്തു..ആരുമില്ലകെട്ടോ അവിടെ,അന്‍വറും ഒരു പയ്യനും മാത്രം..പക്ഷെ നല്ല സെറ്റ് അപ്പ്‌ .
                                            പുറത്തുപോയി ചോറ് കഴിച്ചു,ക്യാരറ്റു വാങ്ങി, തേയില വാങ്ങി, കറങ്ങി നടന്നു..
പിന്നെ സീസണില്‍ മാത്രം പുറത്തുള്ളവര്‍ക്ക്  അനുമതിയുള്ള ടൂറിസ്റ്റ് ഏരിയയില്‍ സീസണ് 2  മാസം ബാക്കി നില്‍ക്കെ ഞങ്ങള്‍ പോയി..അന്‍വര്‍ നിനക്ക് നന്ദി ,നിനക്ക്   ജോലി നല്‍കിയ ഫോറെസ്ടുകാരെ നന്ദി .. വരയാടിനെ കണ്ടു...വളരെ അടുത്ത്..ഫോട്ടോകള്‍ എടുത്തു..പേര് പോലെ വരയുള്ള ആടല്ല കേട്ടോ പാറയുള്ള ഭാഗങ്ങളില്‍ മാത്രം കാണുന്നത് കൊണ്ട് തമിഴില്‍ പാറ എന്നര്‍ത്ഥം വരുന്ന വരയാട് എന്നാക്കിയത,മലയാളത്തില്‍ മലയാട് എന്ന് പറയാം .പുള്ളി , ചാരനിറത്തില്‍ നല്ല വെടിക്കെട്ട്‌ കൊമ്പൊക്കെ വെച്ച്‌ സുന്ദരനാ..  
           ഒരു മലയില്‍ നിന്നും മറ്റൊന്നിലേക്കു പടര്‍ന്നു കയറുന്ന റോഡ്‌...കിഴുക്കാം തൂക്കായ പാറകളില്‍ ,മേഘങ്ങളില്‍  നിന്നും വറ്റാതെ വെള്ളം ശേഖരിച്ചു ആ മലയാടിവാരം പച്ചയില്‍ പുതപ്പിക്കുന്ന നീര്‍ച്ചാലുകള്‍ ..നേരമധികമായിട്ടില്ല എങ്കിലും  നേര്‍ത്ത മഞ്ഞ് ഇലത്തലപ്പുകളില്‍ തട്ടി മണ്ണിനെ നോക്കി നിന്നു ..
  റോ : എടാ ഇവിടെ വേറെ വന്യ മൃഗങ്ങളുണ്ടെന്നു പറഞ്ഞിട്ട് എവിടെ ?ഒന്നിനേം കാണുന്നില്ലല്ലോ? 
അന്‍ : വരും,പക്ഷെ വല്ലപ്പോഴുമൊക്കെ; ഭാഗ്യമുണ്ടെല്‍ കാണാന്‍ പറ്റും,അത്ര തന്നെ...!
 റോ : അയ്യോ !! അപ്പൊ സീസണില്‍ വന്നാലും അതിനെയൊന്നും കാണാന്‍ പറ്റില്ലേ ????
അന്‍ : ഒരുകാര്യം ചെയ്യാം..
റോ : ഹാ അങ്ങനെ പറയ്‌..
അന്‍ : അല്ലെ, സീസണ്‍ ആകുമ്പോ അവറ്റകള്‍ വന്നില്ലേല്‍ ഞങ്ങളെല്ലാരും കൂടി കാട്ടില്‍ പോയി അതിനെയൊക്കെ പിടിച്ചു ,ചങ്ങലക്കിട്ടു , വരുന്നവര്‍ക്ക് കാണാന്‍ ഇവുടെ കൊണ്ട് നിര്‍ത്താം ,എന്തെ? 
 റോബിന്‍ 'ബ്ലും.. ', ഞാനും വിനോദ് സാറും ഹ ഹ ഹ ഹ 
              സഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവസാന പോയിന്റിലെത്തി, വിശാലമായ പുല്‍മേട്‌.. സീസണ് മുന്നേ ,ആദ്യമായി കാണുന്ന ഞങ്ങളെ നോക്കി പൂക്കള്‍ അത്ഭുതം കൂറി.
   പൊടിയടിക്കുമെന്നു ഭയന്ന് , ആ കാലാവസ്ഥയിലും അടച്ചിട്ട ഗ്ലാസ്സുകള്‍ തുറക്കാത്ത റോബിന്റെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തണുത്ത കാറ്റ്..
  ഞങ്ങള്‍ പുല്‍മെട്ടിലേക്ക് കയറി,ഓരോ സിഗരറ്റ് കത്തിച്ചു...
അന്‍ : എടാ അവുടെ നിന്നു കത്തിക്കല്ലേ..പെട്ടെന്ന് തീ പിടിക്കും..
വിനോ : എന്തിനു സിഗരറ്റിനോ  ??
അന്‍ : അല്ല ഈ പുല്ലില്‍..പിന്നെ വലിയ പാടാ ..
     ഞങ്ങള്‍ സിഗരെറ്റ്‌ ചവുട്ടി അണച്ചു.
 അന്‍വര്‍ പുല്‍മെട്ടിലേക്ക് കയറി,സമുദ്രനിരപ്പില്‍ നിന്നും എത്രയോ അടി ഉയരത്തില്‍  ,
 ( ക്ഷമിക്കണം, മറന്നു പോയി,)ഉള്ള അവുടെ നിന്നു കിഴുക്കാം തൂക്കായ മലയുടെ അടിവാരത്തെ കാഴ്ചകള്‍ കാണിച്ചു തന്നു..ചെറിയ പൊട്ടു പോലെ വാഹനങ്ങള്‍ മല കയറുന്നു,വീടുകള്‍ . .അരുവി..തണുപ്പില്‍ നിന്നു രക്ഷ നേടാന്‍ മൂന്നാര്‍ പുതച്ച നല്ല പച്ച നിറമുള്ള കമ്പിളി പോലെ തേയിലത്തോട്ടം..-ഒരു നല്ല പെയിന്റിംഗ്  കാണും പോലെ.. ഹാ ഭൂമി എത്ര സുന്ദരം..
      അന്‍വര്‍ അവിടെ നിന്നു ഒരു സിഗരെറ്റ്‌ കത്തിച്ചു..
 ഞങ്ങള്‍ : എടാ പട്ടി ഞങ്ങളോട് പാടില്ല എന്ന് പറഞ്ഞിട്ട് ..???
അന്‍ : ഞാന്‍ നിങ്ങളെ പോലെയല്ല, എനിക്കെ പുല്‍മേട്ടില്‍ തീ പിടിക്കാതെ വലിക്കാനറിയാം..
ഞങ്ങള്‍ : ഹോ ഹോ ഹോ..പിന്നെ..ഹ ഹ് ഹ ആഹ ഹ 
            പിന്നീട് തെയിലത്തോട്ടങ്ങള്‍ക്കിടയിലേക്ക് പോയി, ക്യാമറ പാടാ പട ക്ലിക്ക് ചെയ്തു, അകലെ വലിയ മല നിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.. 
  അന്‍ : ദേ അതാണ്‌ ആനമുടി..
 ഞാന്‍ : ഏതു മല കണ്ടാലും നിനക്ക് ഉടനെ ആനമുടിയാണോ?
റോ : ഇന്നലെ കൊട്ടെയ്സിനു പിന്നില്‍ കാണിച്ചു ഒരു ആനമുടി..നിനക്ക് സത്യത്തില്‍ ഈ ആനമുടി അറിയോ?
അന്‍: എടാ ആ മലയില്ലേ അത് അവുടുന്നു വളഞ്ഞു... പുളഞ്ഞു... തിരിഞ്ഞു... 
വിനോ : ഇന്നെങ്ങാനും ഇങ്ങേത്തുമോ ? അത് പോട്ടെ നീ പോയിട്ടുണ്ടോ?
അന്‍ : പിന്നെ , പക്ഷെ നമുക്ക് പോലും പോകുവാന്‍ ജില്ലാ ഓഫിസ്സിന്നു പ്രത്യേക പെര്‍മിഷന്‍ വേണം, ഇപോ അതും കൊടുക്കുന്നില്ല..
                                                ' റോബിന്‍ കെഞ്ചി..
           "എടാ എനിക്ക് ഒരു അവസരം താടാ... അവിടെ പോകാന്‍.."
അന്‍ : എടാ നമുക്ക് പോലും ഇപോ കിട്ടത്തില്ല..
റോ : അങ്ങനെ പറയല്ലെടാ, ഒരു അവസരം താടാ അവിടെ പോകാന്‍.. , പ്ലീസ് മുത്തെ.. 
അന്‍ : എടാ അളിയാ പറ്റത്തില്ലടാ
റോ : എടാ പ്ലീസേടാ ,ഒരവസരം താടാ...
ഞാനും വിനോട് സാറും ഹ ഹ ഹ ഹ ആഹ ഹ ഒരവസരം കൊടുക്കെടാ.. 
         റോബിന്റെ മുഖം ഠിം..
   നീലക്കുറുഞ്ഞി  പൂക്കുന്ന ചെടി കണ്ടു,അതിനി 2024 -ലോ  മറ്റോ പൂക്കുകയുള്ളൂ.ഫോറെസ്റ്റ് ഓഫീസില്‍ കയറി യാത്ര പറഞ്ഞു, വീണ്ടും ആലിംഗനങ്ങള്‍ ...
             "അന്‍വര്‍ ..ശേരിയെടാ..."
          ആടിയുമുലഞ്ഞും മലയടി വാരത്തിലെത്തി  , ആദ്യം കണ്ട കള്ള് ഷാപ്പില്‍ കയറി,അങ്ങനെ ആ മോഹവും പൂവണിഞ്ഞു,പക്ഷെ ആ പൂ പെട്ടെന്ന് വാടി..കുറച്ചു വളവുകള്‍ തിരിഞ്ഞു മറിഞ്ഞു ഞാന്‍ കാറ് നിര്‍ത്തിച്ചു, ചാടിയിറങ്ങി നിലവിലെ  ഗുരു കാരണവരായ റോബിനില്‍ നിന്നും അനുഗ്രഹം വാങ്ങി റോഡരികിലെ പോസ്റ്റില്‍ പിടിച്ചു ചാരി നിന്നു കച്ച കെട്ടി നെടു നീളന്‍ വാളുകള്‍ കാഴ്ച വെച്ചു ....
   റോബിന് ആശ്വാസമായി,അങ്കത്തട്ടില്‍ ഒറ്റക്കായില്ലല്ലോ..
                 പിന്നെ  കരിമ്പാറ പോലെ മൂവാറ്റുപുഴ ബസ്സ് സ്റ്റാന്റ്  വരെ..
  ഇവിടെ , ഞങ്ങള്‍ പിരിയുകയാണ്...അടുത്ത അവധിക്കാലം വരെ...ഇവിടെ കുറിച്ചതും അല്ലാത്തതുമായ  ഒരുപാട് ഓര്‍മ്മകള്‍ ..ഓര്‍ക്കുമ്പോള്‍ ചിരിയും ..,ഒന്ന് കൂടി പറഞ്ഞു ചിരിക്കാന്‍ ഇനി ഒരുമിച്ചു കാണുന്ന കാലത്തിന്റെ ദൂരമോര്ത്ത് വിഷമവും..
       സുഹൃത്തുക്കളേ ......കണ്ണ് നനയുന്നു...
                    ഞങ്ങളെല്ലാരും ഹ ഹ ഹ ഹ ഹ ഹ് ആഹ ....

                       
              

1 comment:

Karnann said...

Aliya...onnum parayan illa...

veendum orikkal koodi...ennekilum orikkal...