Wednesday, August 3, 2011

സാക്ഷി

        വെയ്റ്റിംഗ്   ലിസ്റ്റില്‍ ആര്‍ക്കും വേണ്ടാത്ത പോലെ കിട്ടിയ ടിക്കെട്ട് , നല്ല തിരക്കുള്ള സമയം കംപാര്‍ട്ടുമെന്റുകളില്‍ അടുക്കാന്‍ പറ്റുന്നില്ല . ജനറല്‍ കമ്പാര്‍ട്ട്മെന്റിന്   തൊട്ടുമുമ്പ് സ്ലീപ്പേര്‍  തീരുന്ന ഭാഗത്തെ വാതിലിനു   സമീപം ഒരിടം കിട്ടി.തിരക്ക് കൂടുതലായതിനാല്‍ , സുരക്ഷയെ കരുതി വാതിലടച്ചു  ചേര്‍ന്ന് നിന്നു.
                                     "രാജ്യാന്തര സര്‍വീസ് നടത്തുന്ന പബ്ലിക് ടോയെലെട്ടുകള്‍ " എന്ന് ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാം, 'ലേഖകന്‍ - രവി ', ഫോട്ടോയും , അടിക്കുറുപ്പും, ജനങ്ങളുടെ പ്രതികരണവും  മാത്രം പോര,ജനപ്രതിനിധികള്‍ക്ക് പോകുന്ന 'പ്രതികളി'ല്‍ ആ ടോയെലെട്ടിന്റെ നാറ്റവും കൂടി ഉള്‍പെടുത്താന്‍   കഴിഞ്ഞെങ്കില്‍ ..സ്വന്തം ഫോട്ടോ  കാണുവാനെങ്കിലും മാഗസിന്‍ തുറന്നു നോക്കിയാല്‍ ജനസേവകരുടെ മൂക്ക് അടഞ്ഞേനെ .. 
                             അടുത്ത സ്ടെഷന്‍ എത്തുന്നതിനു മുമ്പ് തന്നെ തൊട്ടടുത്ത   കമ്പാര്‍ട്ട് മെന്റില്‍ നിന്നും പല തവണ നിലവിളികള്‍ കേട്ടു..എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും എഴുന്നേറ്റു നിന്നു,ഇനി ആരേലും പുറത്തേക്ക് വീണോ?
                         പെട്ടെന്ന് ശക്തിയേറിയ  തിരമാല പോലെ,  നില്‍ക്കുന്നവരുടെ ഇടയിലേക്ക് തള്ളല്‍ അനുഭവപ്പെട്ടു,അടുത്ത കമ്പാര്‍ട്മെന്റിലെ  കുറെ യാത്രക്കാര്‍  ഈ കമ്പാര്‍ട്ട്മെന്റിലേക്കു  ഇടിച്ചു കയറുന്നു,കുറച്ചു പേര്‍ വാതിലുകള്‍ വഴി പുറത്തേക്കു ചാടി..എന്താണ് സംഭവിക്കുന്നത്‌ എന്നറിയാന്‍ രവി, ചാരി നിന്ന വാതിലു തുറക്കാന്‍ ശ്രമിച്ചു ,അപ്പോഴേക്കും പക്ഷെ, പുറത്തേക്ക് ചാടുവാനുള്ള  മറ്റുള്ളവരുടെ  തിക്കും തിരക്കും കൂടി രവി വാതിലുമായി ചേര്‍ന്ന് അമര്‍ന്നു.. 
                                  പുറത്ത് സംഭവിക്കുന്നതൊന്നും നേരെ  കാണുവാനാകുന്നില്ല,നിലവിളികള്‍ കേട്ടു മുറുകുന്ന  മനസ്സ് ..
                          നക്സല്‍ ??തീവ്രവാദികള്‍ ??ജാതി സംഘടനകള്‍ ??അതോ രാഷ്ട്രീയ പാര്‍ട്ടികളോ??ഇന്ത്യയില്‍ ഈ പറഞ്ഞ വിഭാഗങ്ങള്‍ക്ക് പൊതുശത്രു സാധാരണ ജനം  ആണല്ലോ ?
വില കൂട്ടിയാലും,നിയമം പാസാക്കിയാലും, കൊമ്പത്തെ നേതാവ് വൈരികളുടെ കത്ത്തിക്കിരയായാലും അനുഭവിക്കേണ്ടി വരുന്നതും ശിക്ഷ വാങ്ങുന്നതും ഈ സാധാരണ- ക്കാരാണല്ലോ ?
                    അല്ല അവരാണല്ലോ വോട്ടിട്ട് ജയിപ്പിച്ചു ഇതിനൊക്കെ വളം വെക്കാന്‍ ഓരോരുത്തരെ തലയിലേറ്റി നടന്നത്, വോട്ടിട്ട് കഴിഞ്ഞാല്‍ ആ കൈകള്‍ വെട്ടാന്‍  ഇവര്‍ക്കൊക്കെ എന്താ ഉത്സാഹം..
                                           ഉള്ളില്‍ രോഷം ആളി കത്താന്‍ തുടങ്ങും മുമ്പേ പുറത്ത് തീചൂളകള്‍ കണ്ടു തുടങ്ങി, രവി ആവുന്ന ശക്തിയെടുത്ത്‌ വാതില്‍  പിന്നോട്ട്  വലിച്ചു ,അനങ്ങുന്നില്ല,സ്ലീപ്പേര്‍ ബര്‍ത്തുകളില്‍ കിടന്നവര്‍ തിക്കി തിരക്കുന്നവരുടെ മുകളിലേക്ക് ചാടുന്നു,ചതഞ്ഞും ഒടിഞ്ഞും നീരുകെട്ടി  വിരൂപമായി പുറത്തേക്ക് ഇറങ്ങിയവര്‍ നാലുപാടും ചിതറി ഓടുവാന്‍ തുടങ്ങി..
                 കമ്പാര്‍ട്ട് മെന്റു ഒന്നൊഴിഞ്ഞു തുടങ്ങി, ഒന്ന് നന്നായി ശ്വസിക്കുവാന്‍ കിട്ടിയ ആശ്വാസത്തില്‍ രവി ഒന്ന് നിവര്‍ന്നു,ഇനി കുറച്ചു വൃദ്ധര്‍ മാത്രമേ  അതിനകത്ത് അവശേഷിക്കുന്നുള്ളൂ..ഇനിയും തീരാത്ത ആഗ്രഹങ്ങളുടെ സ്വതന്ത്രത അവരെയും പുറത്തേക്ക് പോകുവാന്‍  ശക്തരാക്കി..
                               രവി , നിന്ന ഭാഗത്തെ വാതിലു തുറന്നു കുറച്ചു പേരെ പുറത്തേക്ക്  വഴി കാട്ടി..പെട്ടെന്ന് ,ഇറങ്ങുവാന്‍ മുന്നോട്ടഞ്ഞ രണ്ടു ജീവനുകള്‍ തുളച്ചു നട്ടെല്ല് കടന്നു  ചോരയുടെ നിറമുള്ള നാക്കുകള്‍ നീട്ടി  ഒരായുധം രവിയുടെ വയറിനെ തൊട്ടു നിന്നു..
                            എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞു മറുവശത്ത് കൂടി ഇറങ്ങുവാന്‍ തുടങ്ങുമ്പോഴേക്കും  കഴുത്തിനു പിന്നിലൂടെ വലം കൈയ്യുടെ താഴെവരെ വെള്ളിടി കീറിയ പോലെ വേദന ആഴ്ന്നിറങ്ങി,രവി കമിഴ്ന്നു വീണു, പാന്റ്സിന്റെ ബെല്‍റ്റില്‍ തൂക്കി രണ്ടു പേര്‍ ചേര്‍ന്ന് രവിയെ ട്രെയിന്‍  ടോയിലെട്ടിനുള്ളിലേക്ക്  വലിച്ചിട്ടു ,നരച്ച നീല നിറത്തിലുള്ള ടോയിലെട്ടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ രവിയുടെ ബോധം മറഞ്ഞു..
                                       
          ചുമരുകള്‍ക്കുള്ളില്‍ അടഞ്ഞുപോയ മനസ്സിനെ ദൂരേക്ക്‌ പായിച്ചു കൊണ്ട് ഭീതിയുടെ വാള്‍ത്തലപ്പില്‍ ചോരക്കുഞ്ഞുങ്ങളുടെ ജീവന്‍ പിടഞ്ഞു, നിലവിളികളും , രോദനങ്ങളും പുരുഷന്റെതോ സ്ത്രീയുടെതോ എന്ന് തിരിച്ചറിയാന്‍ വയ്യാതെ കുഴങ്ങിയ അന്തരീക്ഷം,
   എന്നാല്‍ വാളേന്തിയ ക്രൂര മൃഗങ്ങളുടെ ആര്‍പ്പു വിളികള്‍ കര്‍ണ്ണ പടത്തില്‍ വിള്ളലുകളും, മനസ്സില്‍  പേമാരിയും , വയറ്റില്‍ വിഷവും നിറച്ചു..
                                 കാലുകള്‍  പുറത്തെടുക്കുവാന്‍  ആകാത്ത വിധം ജീവനറ്റ ശരീരങ്ങള്‍ രവിയുടെ ഉടലിനെ ചുറ്റി ധമനികള്‍ വിടര്‍ന്നു  കിടന്നു..  ട്രെയിന്‍ ടോയിലെട്ടിന്റെ ജനാലയുടെ നേര്‍ത്ത വിള്ളലിലൂടെ രവി പുറത്തേക്ക് നോക്കി..ശവങ്ങള്‍ ..ശരീര ഭാഗങ്ങള്‍ ..രക്തം പുരണ്ട ബാഗുകള്‍ . .മാനം നഷ്ടപെട്ട സ്ത്രീ വേഷങ്ങള്‍ ..
                           
             "പറയു ..ആരാണ് ,  ആരാണ് ഇതൊക്കെ ചെയ്തത്..??അവരുടെ വേഷം എന്തായിരുന്നു??അതിന്റെ നിറം എന്തായിരുന്നു??അവര്‍ തൊപ്പി  ധരിചിരുന്നുവോ  ? അതോ കുറി തോട്ടിരുന്നുവോ?? ചുവപ്പോ??പച്ചയോ??നീലയോ ??കാവിയോ??ഏതായിരുന്നു അവരുടെ കോടിയുടെ നിറം?? അവര്‍  എന്തെങ്കിലും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നോ........?..അവരുടെ ആശയങ്ങളോ മറ്റോ???
         നീണ്ട  ചോദ്യങ്ങള്‍ക്കൊടുവില്‍ രവി മുഖമുയര്‍ത്തി..ആ ടോയിലെട്ടിലേക്ക് തള്ളപ്പെട്ട ശവങ്ങളിലോന്നായി മാറുവാന്‍ കഴിയാത്തതില്‍ രവിക്ക് അരിശം തോന്നി..
 ചോദ്യങ്ങള്‍ ആവര്ത്തിക്കപെട്ടു..
                 "അവര്‍ ..." രവി പറഞ്ഞു തുടങ്ങി..
             "അവര്‍ വിവസ്ത്രരായിരുന്നു ..ഉടലും തലയുമില്ലാത്ത ..കൈകളും കാലുകളും  മാത്രമുള്ള ആയുധമേന്തിയ  യന്ത്രങ്ങളായിരുന്നു..അവരുടെ ആശയം ഉന്മൂലനം  മാത്രമാണ് ..സാധാരണക്കാരന്റെ ഉന്മൂലനം.."
        
                 "................ കൂടുതല്‍ വിചാരണക്കായി  ഈ കേസ് അടുത്ത മാസം 20 - )o തിയതിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു.." 
           കണ്ണുകെട്ടിയ പ്രതിമക്കു പിന്നില്‍ മാറ്റി വെക്കപെട്ട  അനേകായിരം  കേസുകളില്‍ ഒരെണ്ണം കൂടി..
        നീണ്ടു പോകുന്ന സാക്ഷി നിരകളുടെ പിന്നില്‍ ഒരാള്‍ കൂടി ചേര്‍ക്കപെട്ടു ..
                           
                                      
                                               
                                 
                                                    
                                   
                                              

No comments: