Saturday, November 12, 2011

മണൽ (based on a true event )

                            മണൽ 

                     നിറഞ്ഞു തൂകുന്ന വെയിലിനെ ശിരസിലേറ്റി തണല്‍ നല്‍കിയ മരത്തിനു ചുവട്ടില്‍ നനുത്ത നീണ്ട വിരലുകളുള്ള അവളുടെ കൈ അവന്‍ കോരിയെടുത്തു ഉള്ളം കൈയില്‍ വെച്ചു .ധമനികള്‍ വന്നു മുറിയുന്ന അവളുടെ കൈവെള്ളയിലെ ചൂട് പകലിനെക്കാളേറെ തീക്ഷ്ണമെന്നവന്  തോന്നി.
           യാത്ര പറയുവാന്‍ വന്നതാണ് , ഉള്ളടക്കം അറിഞ്ഞോ അറിയാതെയോ അവള്‍ സമ്മാനമായി ഒരു പുസ്തകം നല്‍കി, 'ആടുജീവിതം'.
           ഒരുപാട് സ്വപ്നങ്ങളുമായി മണലാരണ്യത്തിന്റെ സുവര്‍ണ്ണ സൌധങ്ങളെ പുല്‍കി ജീവിതം പച്ചപ്പിടിപ്പിക്കാന്‍ കടല്‍കടന്ന നാട്ടിന്‍ പുറത്തുകാരന്‍ ,വിധിയുടെ മണല്‍ കാറ്റില്‍ പെട്ടുഴറി വര്‍ഷങ്ങള്‍ കടന്നു പോയതറിയാതെ,പുറംലോകം കാണാതെ ആടുകള്‍ക്കിടയില്‍ നരകിച്ചു അവസാനം കൂട്ടുകാരനെ മരുഭൂമിക്കു ബലിയര്‍പ്പിച്ചു ദൈവത്തിന്റെ സഹായം കൊണ്ട് മാത്രം ഉറ്റവരുടെ അടുത്തെത്തിപെട്ട ജീവിതം..ആടുജീവിതം..പച്ചയായ മനുഷ്യന്റെ ഉഷ്ണമേറിയ വിയര്‍പ്പുകണങ്ങള്‍ ഓരോ വാക്കിലും ഗന്ധം  പടര്‍ത്തിയിരുന്നു..
                   പുസ്തകം വായിച്ചുതീര്‍ന്നു, മടക്കി പുറം ചട്ടകള്‍ ഒന്നുകൂടി വീക്ഷിച്ചു വിലയിരുത്തി.ഭീതിയുടെ മുള്‍മുനയില്‍ നിന്നും അവന്റെ മനസു പക്ഷെ രക്ഷപെട്ടു വന്നിരുന്നില്ല.താനും യാത്രയിലാണ്..അങ്ങോട്ടേക്കുള്ള യാത്രയില്‍ .. 
            പ്രിയപ്പെട്ടവരുടെ കണ്ണും കയ്യും വിളിയും എത്താത്തിടത്തെക്കുള്ള  യാത്ര..ഉശിരുള്ള ദൈവത്തിന്റെ കൈകള്‍ ഇങ്ങേക്കരയില്‍ നിന്നും കടലിനപ്പുറത്തേക്ക്  മനുഷ്യന്റെ കരളു പറിച്ചു ഒരേറു  വെച്ചു കൊടുക്കുന്നു,അങ്ങേക്കരയില്‍ മണല്‍ത്തരികളോളം സ്വപ്‌നങ്ങള്‍ കണ്ട്‌, അവയെപ്പോലെ ചിലപ്പോള്‍ കാറ്റില്‍ പറന്നു എങ്ങുമെത്താതെയും , ചിലപ്പോഴെല്ലാം കൂനകള്‍ കൂടി യാഥാര്‍ത്യത്തിന്റെയും ഭാഗ്യത്തിന്റെയും ഉയരങ്ങളില്‍ എത്തിപെട്ടവരുമായ അനേകം പേരുടെ വിയര്‍പ്പു പേറുന്ന ഭൂമി,മണ്ണടിഞ്ഞ ജീവജാലങ്ങളുടെ കത്തുന്ന ആത്മാവിനു മുകളില്‍ മണലും,വരണ്ട പ്രകൃതിയെയും കൊണ്ട് മൂടി ദൈവം കാത്ത നിധി,അതിന്റെ പങ്കുപറ്റാന്‍ ഒരാള്‍ കൂടി..അത്യാവശ്യങ്ങള്‍  മറ്റാരേക്കാളും തന്റേതു മാത്രമാണെന്നു  കരുതുന്ന അനേകം വിഡ്ഡികളില്‍ ഒരാള്‍ ..

                 എയര്‍പോര്‍ട്ടില്‍ ഇറങ്ങി വിസ  തരപ്പെടുത്തിയ  ആളെ ഫോണില്‍ വിളിച്ചു."ടാക്സി പിടിച്ചു ബത്ത കേരള മാര്‍ക്കറ്റ്‌ എന്ന് പറയു,വന്നിട്ട് അഷറഫിനെ ചോദിക്ക്..ഞാന്‍ തിരക്കിലാ ..ശരി . " അങ്ങേത്തലക്കല്‍ തിരക്കിന്റെ വേഗത..
             പുറത്തിറങ്ങുമ്പോള്‍ ചുറ്റും അറബികള്‍ ..ഒരു അന്യഗ്രഹത്തില്‍ പെട്ടവനെ പോലെ അവന്‍ പകച്ചു നിന്നു.. നേരം വെളുത്തു തുടങ്ങുന്നതെ ഉള്ളു..തടിച്ച ചുണ്ടും ഉന്തിയ ചുവന്ന കണ്ണുകളുമുള്ള കറുത്തു തടിച്ച ഒരറബി അവനടുത്തെക്ക് വന്നു..
                                                "ടാക്സി ...???"
        വായില്‍ കടിച്ചുപിടിച്ചിരുന്ന മരത്തിന്റെ കമ്പ് ചവച്ചു ഊറി പുറത്തെക്കെടുത്തു അയാള്‍ ചോദിച്ചു..പെട്ടെന്ന് ആടുജീവിതം അവന്റെ മനസിലൂടെ കടന്നു പോയി,തന്നെ അയാള്‍ കൊണ്ടുപോയി ആടുകളുടെ ഇടയിലേക്ക് വലിചെറിയുമോയെന്നവന്‍  ഭയന്നു..എന്നാലും ധൈര്യം സംഭരിച്ചു അവന്‍ ചോദിച്ചു..
                        "ബത്ത കേരള മാര്‍ക്കറ്റ് ???"
അയാള്‍ അവനെ നോക്കി ചിരിച്ചു, കറ പുരണ്ടു കറുത്ത  പല്ലുകള്‍ ,ടൂത്ത് പേസ്റ്റു കമ്പനിക്കാര്‍ കണ്ടാല്‍ പരീക്ഷണാര്‍ത്ഥം ചോദിക്കുന്ന വിലകൊടുത്തു അത് വാങ്ങിയേനെ..മനസ്സില്‍ തോന്നിയ നര്‍മ്മത്തിന് നിറം നല്‍കും മുമ്പേ  അയാള്‍ അവന്റെ കയ്യിലെ ബാഗ് പിടിച്ചു വലിച്ചു, കുറച്ചു തുണികളും ചിതലരിച്ചു തുടങ്ങ്യ കൂരക്കു കീഴില്‍ ഉമ്മ വെച്ചുകെട്ടി നല്‍കിയ അച്ചാറുകളും മാത്രം..തോളിലെ സഞ്ചിയിലാണ് തന്റെ ജീവിതം, പാസ്പോര്‍ട്ടും ,ഐറ്റി വരെ പഠിച്ച സര്‍ട്ടിഫിക്കറ്റും,പിന്നെ അവളുടെ സമ്മാനമായ ആടുജീവിതവും..ആ കുഞ്ഞു ബാഗ്‌ അവന്‍ കയ്യില്‍ മുറുക്കെ പിടിച്ചിരുന്നു..
            അയാളുടെ പെരുമാറ്റത്തിലും  ടാക്സി എന്ന് ബോര്‍ഡ് വെച്ച് കണ്ട വാഹനത്തിലും ആശ്വാസം തോന്നി  ..
 "ഉമ്മ,ബാപ്പ,പ്രിയപ്പെട്ടവളെ ..ഞാന്‍ ഇവിടെ എത്തി.പക്ഷെ യാത്രയിലാണ്.."

                             എയര്‍പോര്‍ട്ട് റോഡില്‍നിന്നും വാഹനങ്ങള്‍ നിരന്നു നിറഞ്ഞു തുടങ്ങ്യ പ്രധാന നിരത്തിലേക്ക് കാര്‍ നീങ്ങി ..ശീതികരിച്ച കാറിനുള്ളില്‍ ആലസ്യം അവന്റെ  കണ്ണിമകളെ മൂടി ..സിഗ്നലുകള്‍ കടന്നു കാര്‍  ഒരു ചെറിയ പാതയിലേക്ക് കയറി...കുടുക്കം അനുഭവപ്പെട്ടപ്പോള്‍ അവന്‍ കണ്ണ് തുറന്നു ..അവനുള്ളില്‍ സംശയം ഉണര്‍ന്നു,ചെറിയ പേടിയും..
                       "ബത്ത കേരള മാര്‍ക്കറ്റ്‌ ..." അവന്‍ വീണ്ടും അയാളോട് വിളിച്ചു പറഞ്ഞു.മുഖം ചെരിച്ചു അയാളൊന്നു ചിരിച്ചു, ഒരു പക്ഷെ ഇതാകാം വഴി.
                     ആ പാത മുറിഞ്ഞ്‌ ചെമ്മണ്‍ പാതയിലേക്ക് കയറി, വിജനമായ വരണ്ട പ്രദേശങ്ങള്‍ക്ക് ഓരം ചേര്‍ന്ന് കല്ലുകൊണ്ട് കെട്ടിയ ഒരാള്‍ പൊക്കം കഷ്ടി ഉള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കു പുറകിലേക്ക് അയാള്‍ വേഗത്തില്‍ ഓടിച്ചു കയറി, ഡോര്‍ തുറന്നു പെട്ടന്ന് പുറത്തിറങ്ങി, പിന്നിലെ ഡോര്‍ തുറന്നു അവന്റെ കഴുത്തില്‍ ഒരു കടാര വെച്ചു..അയാളുടെ മുഖം വലിഞ്ഞു മുറുകി.എന്ത് ചെയ്യണമെന്നറിയാതെ അവന്റെ കണ്ണുകളില്‍ നിന്നും ധാരയായി വെള്ളം ഒഴുകുവാന്‍ തുടങ്ങി, എന്തെങ്കിലും ആലോചിക്കും മുമ്പേ അയാള്‍ അവന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു പുറത്തേക്കിട്ടു, കമിഴ്ന്നു വീണ അവന്റെ ശിരസ്സില്‍ അറബി ആഞ്ഞു ചവുട്ടി, അവന്റെ മുഖം ദൈവത്തിന്റെ മണ്ണില്‍ അമര്‍ന്നു ഞെരിഞ്ഞു, മുഖത്തേക്ക് കൂര്‍ത്ത കല്ലുകളും മണല്‍ത്തരികളും തറച്ചു കയറി..
      "ഉമ്മ, ബാപ്പ, പ്രിയപ്പെട്ടവളെ..ഞാന്‍ മരിച്ചാല്‍ നിങ്ങള്ക്കാരുണ്ട്‌ ...നിങ്ങളെന്റെ ശബ്ദം കാത്തിരിക്കുമ്പോള്‍  ഞാന്‍  ..  ഞാനിവിടെ.."
   അവന്റെ പിന്നില്‍ നിന്നും അയാള്‍ പേഴ്സ് വലിച്ചെടുത്തു ,കുറച്ചു ഇന്ത്യന്‍ രൂപയും മാറിയ റിയാലുകളും,ഇലക്ഷന്‍ ഐഡി കാര്‍ഡും..
     അവന്റെ തലയില്‍ അമര്‍ന്ന കാലിന്റെ ശക്തി അല്പം കുറഞ്ഞു,  മണ്ണില്‍ പുതഞ്ഞ കൈകള്‍ മുറുക്കി അവന്‍ പൂഴി വാരി മുന്നോട്ടു ആഞ്ഞെഴുന്നെറ്റതും   ,അറബിയുടെ തുറിച്ചു നിന്ന കണ്ണുകളിലേക്കു പൂഴി വലിചെറിഞ്ഞതും  ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.  ആഞ്ഞു തറച്ച മണല്‍ത്തരികളില്‍ കാഴ്ചയടഞ്ഞു പോയ അറബിയെ ആഞ്ഞു ചവുട്ടി, അയാള്‍ തുറന്നിട്ട കാറിന്റെ ഡോറിലൂടെ ഉള്ളിലേക്ക് വീണു..ലക്കില്ലാതെ കടാര വീശാന്‍ തുടങ്ങി..മറുവശത്തെ ഡോര്‍ തുറന്നു കുഞ്ഞുബാഗ് കൈക്കലാക്കി അവന്‍ തിരിഞ്ഞോടി..

                അവിടെങ്ങും  ഒരു മനുഷ്യജീവിയെയും കാണുവാനില്ല..ചുട്ടു പോള്ളുവാന്‍ തുടങ്ങിയ മണലാരണ്യം ദിക്കറിയിക്കാതെ അവനുചുറ്റും പരന്നു കിടക്കുന്നു.. പെട്ടന്ന് പിന്നില്‍ നിന്നും ഒരു സൈക്കിള്‍ ബെല്ലടിച്ചു കൊണ്ട് അവനെ കടന്നു നിന്നു..അവന്‍ നിശ്ചലനായി ..ശ്വാസഗതിയും   ഭീതിയും ചൂടും കൊണ്ട് അവന്‍ ചുവന്നു..പിന്നിലേക്ക്‌ വേച്ചു മാറി..
               "നീയെന്തിനാ ഓടുന്നെ..???"
  ദൈവമേ ആശ്വാസമായി..മലയാളി..മണലാരണ്യത്തില്‍ ദൈവം അവനു നല്‍കിയ ആദ്യ നിധി...പക്ഷെ താന്‍ മലയാളിയാണെന്ന് എങ്ങനെ ഇയാള്‍ക്ക് മനസ്സിലായി..??അറിയില്ല..പക്ഷെ ഇപ്പോള്‍ ..
       "നീയാ അറബിയെ ഇടിച്ചിട്ടിട്ട് ഓടിയതാ അല്ലെ? ,വേഗം ഇതിലേക്ക് കയറു."മറ്റൊന്നും ചിന്തിക്കാതെ അവന്‍ സൈക്കിളിലേക്ക് കടന്നിരുന്നു..പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുവാന്‍ മനസിലെ ഭയം അനുവദിക്കുന്നില്ല..
     അയാള്‍ ആഞ്ഞു ചവുട്ടി,സൈക്കിള്‍ വേഗത്തില്‍ മുന്നോട്ടു നീങ്ങി..
"ആ വഴിക്ക് ഒരു മുദീറുണ്ട്‌ (ധനികനായ യജമാനന്‍ ),അവിടെ ഫാമില്‍ സാധനം നല്‍കി തിരിച്ചു വരുമ്പോഴാ കാര്‍ കിടക്കുന്ന കണ്ടേ,അയാള്‍ അറബിയില്‍ തെറി വിളിക്കുന്നുമുണ്ട്,നോക്കുമ്പോള്‍ രംഗം പന്തിയല്ല,അപ്പോഴാ നീ ഓടുന്ന കണ്ടേ.." സൈക്കിള്‍ ചവുട്ടുന്നതിന്റെ കയറ്റിറക്കങ്ങള്‍ക്കിടയില്‍  അയാള്‍ പറഞ്ഞു.
          "എങ്ങോട്ട് പോകുവാനാ  അയാളുടെ കൂടെ ടാക്സിയില്‍ കയറിയേ?"
 " കേരള മാര്‍ക്കറ്റ്‌ .......ആ പേര്..ദൈവമേ..മറന്നു.." സ്ഥലത്തിന്റെ പേര് ഇത്ര വേഗം മറന്നു പോയതില്‍ അവന്‍ ആശ്ചര്യം പൂണ്ടു, ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍ നമ്പര്‍ തിരഞ്ഞു ,കാണുന്നില്ല..പേഴ്സും പോയി,ആകെയുള്ളത് ആ കുഞ്ഞു ബാഗാ ..
  "എന്ന് വെച്ചാല്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണോ?സ്ഥലം എങ്ങോട്ടാ?"സൈക്കിള്‍ യാത്രികന്‍  .
"ഞാന്‍ പുതിയ ആളാ,കയ്യിലുണ്ടായിരുന്ന പണവും അഡ്രസ്സും പോയി,ആ കാട്ടളനുമായുള്ള പിടി വലിയില്‍ .."നെഞ്ചിടിപ്പിന്റെ വേഗത അവന്റെ വാക്കുകളെ മുറിച്ചു..
                              അവര്‍ ഒരു പെട്രോള്‍ പമ്പിനുള്ളിലേക്ക് കടന്നു ,അയാള്‍ കെട്ടിടങ്ങള്‍ക്കു പിന്നിലേക്ക്‌ സൈക്കിള്‍ നിര്‍ത്തി, ഈച്ചകള്‍ പൊതിഞ്ഞു തിന്നുന്ന മലത്തിന്റെ ദുര്‍ഗന്ധം കാറ്റിലേക്ക് വേരുറപ്പിക്കുന്നു,ടിന്നുകളും പ്ലാസ്റ്റിക്‌ ബാഗുകളും കൊണ്ട് കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങള്‍ ..ഒരു ബോട്ടില്‍ വെള്ളം അയാള്‍ അവനു നല്‍കി,അത് കുടിചിറക്കുമ്പോഴേക്കും  ഹോണുകള്‍ തെരുതെരെ മുഴക്കി വലിയ ശബ്ദത്തോടെ രണ്ടു മൂന്നു വാഹനങ്ങള്‍ പമ്പിലേക്കു പാഞ്ഞു കയറി, കറുത്ത്   തടിച്ച പത്തോളം അറബികള്‍ പമ്പിലെ ജീവനക്കാരോട് അറബിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു...
                            "നിന്നെയാ തിരക്കുന്നെ...മറ്റവന്റെ ആളുകളാ, ഇങ്ങോട്ട് മറഞ്ഞു നില്‍ക്ക്.."
            കെട്ടിടങ്ങള്‍ക്കു വിടവിലൂടെ രംഗം വീക്ഷിച്ചു കൊണ്ട് സൈക്കിള്‍ യാത്രികന്‍ പറഞ്ഞു.
     "നീയിവിടെ നില്‍ക്കുന്നത് ആപത്താ,നിന്നെ കണ്ടാല്‍ ..ദൈവമേ.."
  ആ കാട്ടാളന്‍മാരെ  അവരില്‍ നിന്നും മറച്ചു കൊണ്ട് ഒരു ബസ്സ് വന്നു നിന്നു, എന്തോ ബുദ്ധി തോന്നിയ പോലെ അവന്റെ രക്ഷകന്‍ ,  ആ  സൈക്കിള്‍  യാത്രികന്‍ പെട്ടെന്ന് ബസ്സിനടുത്തെക്കു പോയി,വേഗത്തില്‍ തിരിച്ചു വന്നു,പോക്കറ്റില്‍ നിന്നും പത്തിന്റെ രണ്ടു റിയാലുകളെടുത്തു അവന്റെ കയ്യില്‍ പിടിപ്പിച്ചു,"പത്ത് റിയാല് ബസ്സില്‍ കൊടുക്കണം..പിന്നെ..അവിടെ ചെന്ന്..."
                 അപ്പോഴേക്കും ഹോണ്‍ മുഴക്കി ആ അറബികള്‍ ബസ്സിനടുത്ത് കൂടി ഒരു ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളുടെ അടുത്തേക്ക് പോയി, ആ ഇടവേളയില്‍ അയാള്‍ അവനെ ബസ്സിനകത്തേക്ക് തള്ളി വിട്ടു,അവന്റെ ഹൃദയമിടിപ്പ് ബസ്സിനുള്ളില്‍ മുഴങ്ങുന്നതായി അവനു തോന്നി,അതിന്റെ ശക്തി കൂടി ബസ്സിന്റെ കര്‍ട്ടനിട്ടു മറച്ചിരിക്കുന്ന കണ്ണാടി ചില്ലുകള്‍ പോട്ടുമോയെന്നവന്‍ ഭയന്നു.
   "ദൈവമേ എന്തൊരു ശിക്ഷ..'
      ഡ്രൈവറെ കാണുന്നില്ല, ബസ്സ് എന്താണാവോ പുറപ്പെടാത്തെ..
അവനെ തിരയുന്ന അറബികള്‍ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി പലവഴിക്കായി നടന്നു,അവരെ അനുഗമിച്ചു കൊണ്ട് വാഹനങ്ങളും..കര്‍ട്ടനിടയിലൂടെ പുറത്തേക്ക് കണ്ണ് നട്ടിരുന്ന അവന്റെ പുറകില്‍ , ആരോ തോളില്‍ തട്ടി,അവന്റെ കണ്ണില്‍ ഇരുട്ട് കയറി ,തീര്‍ന്നു ജീവിതം ഇവിടെ അവസാനിക്കുന്നു..
പ്രിയ ഉമ്മ,ബാപ്പ,പ്രിയപെട്ടവള്‍ ,സ്വപ്‌നങ്ങള്‍ ..എല്ലാം മനസ്സില്‍ കനലെരിഞ്ഞു നിന്നു..
             
                          "ടിക്കറ്റ്.."
ഡ്രൈവര്‍ അവന്റെ മുഖത്തേക്ക് നോക്കി ..ശ്വാസഗതിയും പരിസര ബോധവും പെട്ടെന്ന് തിരിച്ചെടുത്തു അവന്‍ പണം നല്‍കി,ബസ്സെടുത്തു..
ഭാഗ്യം ആ അറബികള്‍ കണ്ടിട്ടില്ല,അവന്‍ പിന്നിലേക്ക്‌ തിരിഞ്ഞു അവന്റെ രക്ഷകനെ നോക്കി,അയാള്‍ അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു..

വാഹനങ്ങള്‍ക്കിടയില്‍ വരയിട്ടു തിരിച്ച പാതയിലേക്ക് വേഗത്തില്‍ ആ വാഹനം നീങ്ങി..

                                                           ചൂട്,തിളയ്ക്കുന്ന സൂര്യന്‍ ,ദാഹം,വിശപ്പ്‌............ //.......     ....ശിരസ്സിലേറ്റ ചവിട്ടിന്റെ മരവിപ്പ് മാറിയിട്ടില്ല,മുഖത്തെ മുറിവുകള്‍ വിയര്‍പ് തട്ടുമ്പോള്‍ നീറുന്നു,കയ്യിലുണ്ടായിരുന്ന കാശിനു കുറച്ചു വെള്ളം വാങ്ങി കുടിച്ചു,ഭയം വറ്റിച്ചു കളഞ്ഞ വിയര്‍പ്പു കളങ്ങള്‍  നിറച്ചു..അവിടെ സാന്‍ഡ്വിച്ച് കഴിക്കുന്ന അറബികളെ കണ്ടു,അങ്ങോട്ടേക്ക് പോയി,രണ്ടെണ്ണം മതിയാകുമായിരുന്നില്ല,പക്ഷെ പണം..
                             
                          നിരത്തിലൂടെ അനുസരണയുള്ള കുട്ടികളെ പോലെ ഒന്നിന് പുറകെ ഒന്നായി നീങ്ങുന്ന വാഹനങ്ങള്‍ ..അതിനിടയിലൂടെ കടന്നു മറുവശത്ത് കണ്ട മസ്ജിദിലേക്ക് നടന്നു..ഒരു അഭയം കിട്ടുമെങ്കിലോ,ഭീതിയും ഭയവും ദൈവത്തില്‍ അര്‍പ്പിക്കാം , അല്ലാതെ ഇപ്പൊ ആശ്വാസിപ്പിക്കാന്‍ ആരാ..?ഒറ്റപ്പെടലുകളില്‍  മനസ്സില്‍ ഉണരുന്ന ആത്മീയതയും ഭക്തിയും മറ്റെല്ലാം മറക്കാന്‍ പ്രാപ്തമാകും..ഒന്നിരിക്കുവാന്‍ കഴിഞ്ഞെങ്കില്‍ . പുലര്‍ച്ചെ  വന്നതാണ് സ്വപ്നങ്ങളുടെ ഭാരവുമേറി..പ്രഭാത കര്‍മ്മങ്ങള്‍ പോലും നിര്‍വഹിച്ചിട്ടില്ല..
  പെട്ടെന്ന് നിരത്തില്‍  തുടരെ ഹോണടികള്‍ മുഴങ്ങി.. അവന്റെ ഉള്ളം പതറി,അടിവയറ്റില്‍ നിന്നും ഒരു മിന്നല്‍ പിണര്‍ ശിരസ്സിലേക്ക്  പ്രകംബനമുണ്ടാക്കി പാഞ്ഞു കയറി, അവന്‍ തിരിഞ്ഞു നോക്കി..ദൈവത്തിന്റെ മണ്ണില്‍ ശിക്ഷകള്‍ ഇനിയും തീര്‍ന്നില്ലെന്നോ...?
                ഒരു കാര്‍ റോഡിന്റെ മധ്യ ഭാഗത്ത്‌ സിഗ്നല്‍ വളയുംപോള്‍ നിന്നു പോയതാണ്,അവനു ആശ്വാസമായി..പിന്നിലെ വാഹനങ്ങള്‍ അതിനെ കടന്നു ഇരു വശത്ത് കൂടിയും പോകുവാന്‍ തിക്കിത്തിരക്കുന്നു, ആ കാറിനുള്ളിലെ  മനുഷ്യന്‍ പുറത്തിറങ്ങി അധികം വലിപ്പമില്ലാത്ത ആ വാഹനത്തെ റോഡിന്റെ ഒരു വശത്തെക്ക് തള്ളി മാറ്റുവാന്‍ ശ്രമിക്കുന്നു, നടക്കുന്നില്ല,കയ്യുയര്‍ത്തി പിന്നിലെ വാഹനങ്ങളിലേക്ക് ക്ഷമിക്കു എന്നാഗ്യം കാട്ടുന്നുണ്ട്..
                        അടുത്ത സിഗ്നല്‍ വീണു,ഏതോ ഉള്‍പ്രേരണയില്‍ അവന്‍ ഓടി ആ വാഹനത്തിനടുത്തെത്തി ,പിന്നില്‍ നിന്നും തള്ളി ഒരു വശത്തേക്ക് നിര്‍ത്താന്‍ അയാളെ സഹായിച്ചു.
വെളുത്ത കുപ്പായമിട്ട്,വെട്ടിയൊതുക്കിയ നരകയറിയ ദീക്ഷയും ,തിളക്കമേറെയുള്ള  കണ്ണുകളെ മറച്ച കണ്ണാടിയും,വെയില്‍  കൊണ്ട് തുടുത്തു ചുവന്ന കവിളുകളുള്ള അറബി,കാറ്റില്‍ അയാളില്‍  നിന്നും സുഗന്ധം പരക്കുന്നു ,വരകള്‍ വീണു തുടങ്ങിയ കൈകള്‍ അവനു നീട്ടി അയാള്‍ നന്ദി പറഞ്ഞു, പിന്നെ കുപ്പായത്തിന്റെ കീശയില്‍ നിന്നും കുറച്ചു റിയാലുകളെടുത്തു   കയ്യില്‍ പിടിപ്പിച്ചു,പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി, അയാള്‍ അറബിയില്‍ എന്തെക്കെയോ ചോദിച്ചു,കയ്യും തലയും കുലുക്കി അറിയില്ല എന്ന് ആംഗ്യം കാട്ടി മെല്ലെ അവന്‍ നടന്നു തുടങ്ങി,
  "പ്രിയ ഉമ്മ,ബാപ്പ,പ്രിയമുള്ളവളെ, എന്റെ വേദന നിങ്ങള്‍ക്കായി ഞാന്‍ പേറട്ടെ.."
                             
                                              തണല്‍ പറ്റി അറിയാതെ ഉറങ്ങിപ്പോയി..  ഉണരുമ്പോള്‍ നേരം സന്ധ്യയാകുന്നു,വേദനയും ക്ഷീണവും ഒറ്റപ്പെടലും അവനെ തളര്‍ത്തി,മസ്ജിദിന്റെ പുറകിലെ തിട്ട കെട്ടിയ വലിയ പനമരത്തിനു ചുവട്ടിലവന്‍ എഴുന്നേറ്റിരുന്നു..
   ആഴമേറിയ പരന്ന കടലുപോലെ ആഗ്രഹങ്ങള്‍ ,സ്വപ്‌നങ്ങള്‍ ..അതിനു മുകളില്‍ ഒരു കൊതുമ്പു വള്ളം പോലെ ജീവിതം..തുഴയുകയാണ്, ഒരുപക്ഷെ ഏതെങ്കിലും തുരുത്തോ ദ്വീപോ കണ്ടെത്താം,ചിലപ്പോള്‍ വന്‍കരകള്‍ വരെ..അവിടെ കാത്തിരിക്കുന്ന  സൗഭാഗ്യങ്ങള്‍  ഓര്‍ത്തു ആകാംഷയോടെ ചെല്ലുമ്പോള്‍ നരഭോജികളും,ക്രൂര മൃഗങ്ങളുമാണെങ്കിലോ ..??
                           അവന്‍ അടുത്ത് കണ്ട കടയിലേക്ക് നടന്നു ,ചൂണ്ടു വിരല്‍ ഉയര്‍ത്തി,ഒന്നെന്നു ആംഗ്യം  കാട്ടി പറഞ്ഞു
                                    "ചായ "
 ഭാഗ്യം ചായക്ക്‌ ഇവിടെയും അങ്ങനെ പറഞ്ഞ മതില്ലോ..
    പെട്ടെന്ന് പിന്നില്‍ നിന്നു ഒരു ചവിട്ടേറ്റ് അവന്‍ കമിഴ്ന്നു സിമന്റു തറയിലേക്കു വീണു,കയ്യുരഞ്ഞു മുഖമിടിച്ചു തോലുപോട്ടി ചോര വരാന്‍ തുടങ്ങി,എഴുന്നേല്‍ക്കാന്‍ തുടങ്ങും മുമ്പ് അറബിയില്‍ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് വീണ്ടും  ചവുട്ട്,അവന്‍ തറയില്‍ ഉരുണ്ടു തിരിഞ്ഞു,,നോക്കുമ്പോള്‍ ടാക്സി ഡ്രൈവര്‍ , ആ കാട്ടാളന്‍ അറബി ,അയാളുടെ ഒരു കണ്ണ് വെച്ചു കെട്ടിയിരിക്കുന്നു, കൂടെ രണ്ടു കാട്ടാളന്മാരും ,അവര്‍ ബട്ട് ( തലയില്‍ ധരിക്കുന്ന വളയം) എടുത്തു,അത് വട്ടത്തില്‍ ചുഴറ്റി അവനെ തലങ്ങും വിലങ്ങും അടിക്കുവാനും ചുറ്റി നിന്നും ചവുട്ടുവാനും ആക്രോശിക്കുവാനും തുടങ്ങി, ഒന്നും ചെയ്യുവാനാകാതെ അവന്‍ വാവിട്ടു കരഞ്ഞു,ശരീരം മുഴുവന്‍ നുറുങ്ങുന്നു ,തലയും മുഖവുമെല്ലാം മരവിച്ചു,ഒരു കണ്ണ് ചവിട്ടേറ്റു തുറക്കുവാനകാതെ നീര് കെട്ടി,മൂക്കില്‍ നിന്നും കുടു കുടാ ചോര ചാടുവാന്‍ തുടങ്ങി..അവനു ചുറ്റും  ആളുകള്‍ ഓടിക്കൂടി .
                                             
                  വെള്ളത്തുണിയില്‍ പൊതിഞ്ഞ അവന്റെ ജീവനറ്റ ശരീരത്ത്തിനരികെ  അവന്റുമ്മ നെഞ്ചുപൊട്ടി കരഞ്ഞു  ,ആശ്വസിപ്പിക്കാനാകാതെ അവന്റെ പെങ്ങന്മാരും ബന്ധുക്കളും..,മുസ്ലിയാര്‍ യാസീന്‍ ഓതി ദുആ  ഇരന്നു, വിഷാദത്തോടെ നാട്ടുകാര്‍ ആമീന്‍ ചൊല്ലി, നീല ടാര്‍പ്പളിനു കീഴില്‍  ജീവിത കാലം മുഴുവന്‍ ചുമടെടുത്തു തളര്‍ന്ന  അവന്റെ ബാപ്പ വിയോഗ ഭാരം താങ്ങാനാകാതെ ഇരിക്കുന്നു ,പള്ളിയിലേക്ക് എടുക്കും മുമ്പ് ഇനി ആരെങ്കിലും കാണുവാനുണ്ടോ  എന്ന് വിളിച്ചു ചോദിക്കുന്നു , 'ഉണ്ട്..അവള്‍ വരും..ഉണ്ട്..'പുറത്ത് വരാത്ത ശബ്ദത്തില്‍ അവന്റെ ആത്മാവ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു, പക്ഷെ അവള്‍ , അവന്റെ പ്രിയ സ്വപ്നം ,അവസാനമായി ഒരു നോക്ക് കാണുവാന്‍ ആകാതെ,വീട്ടുകാരുടെ ശകാരങ്ങള്‍ കേട്ട് നീറുകയായിരുന്നു,അവന്റെ ആത്മാവിന്റെ കരച്ചില്‍ കേള്‍ക്കാതെ രണ്ടു തട്ടായി വെട്ടിയ കബറിലേക്ക്  അവര്‍ അവനെ വെച്ചു..
                                                      മുഖത്തേക്ക് ആരോ വെള്ളം തളിച്ചു ..അവനൊന്നു ഞെട്ടി,കണ്ണ് മെല്ലെ തുറന്നു,

"പ്രിയ ഉമ്മ,ബാപ്പ,എന്റെ പ്രിയപ്പെട്ടവളെ എന്റെ ജീവന്‍ പോയിട്ടില്ല,ഇല്ല ഞാന്‍ മരിച്ചിട്ടില്ല,.."

                     ആകാംഷയും ,സന്തോഷവും എന്നാല്‍ ശരീരം മുഴുവന്‍ നീറുന വേദനയുമായി അവന്റെ കണ്ണില്‍ കാഴ്ചകള്‍ നിറഞ്ഞു ,തന്റെ തോളില്‍ ഉണ്ടായിരുന്ന  ചെറിയ ബാഗ്‌,അതെവിടെ? അവന്റെ  കണ്ണുകള്‍ പരതി,ചുറ്റും കൂടി നില്‍ക്കുന്നവരുടെ ഇടയില്‍ അത് മണ്ണ് തിന്നു കിടക്കുന്നു,അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചില്ല,ഇഴഞ്ഞു അതിനടുത്തേക്ക് നീങ്ങി,ഒരാള്‍ അതെടുത്തു നല്‍കി,മറ്റൊരാള്‍ അവനരികിലിരുന്നു ഒരു കുപ്പിയില്‍ നിന്നും വെള്ളം പകര്‍ന്നു കൊടുത്തു, അത് കുടിച്ചു കൊണ്ട് അവന്‍ ബാഗില്‍ പരതി, പാസ്പോര്‍ട്ട് ,സര്‍ട്ടിഫിക്കറ്റു പിന്നെ ആടുജീവിതം..അതൊന്നും  നഷ്ടപെട്ടിട്ടില്ല,ഭാഗ്യം
              ശരീരമാസകലം വേദന,നീര് കെട്ടിയ ഒരു  കണ്ണ് ഇനിയും നേരെ തുറക്കുവാന്‍  കഴിയുന്നില്ല,കാല്‍മുട്ടുകള്‍ കൈകള്‍ കൊണ്ട് ചേര്‍ത്ത് കെട്ടി അവന്‍ എഴുന്നേറ്റിരുന്നു, മുഖമുയര്‍ത്തി ആ കാട്ടാളന്മാരായ  അറബികളെ നോക്കി, അവരെ അമ്പാടും കഴുത്ത് ഞെരിച്ചു കൊല്ലുവാന്‍ അവനു തോന്നി..
         അപ്പോഴാണവന്‍  അത് ശ്രദ്ധിച്ചത്,ആ കാട്ടാളന്മാര്‍ക്ക് ചുറ്റും കൂടി നില്‍കുന്നവരില്‍ റോഡില്‍ പെട്ടുപോയി താന്‍ സഹായിച്ച അറബി അവരോടു സംസാരിക്കുന്നു,എഴുന്നെറ്റിരുന്ന  അവനെ കണ്ടു അയാള്‍ പെട്ടെന്ന് അടുത്തേക്ക്  വന്നു,അവന്ടടുത്ത് ഇരുന്നു,പാസ്പോര്‍ട്ട് എടുത്തു..നോക്കി വായിച്ചു.
        "ഷാനു ഷാജഹാന്‍ ,ഇന്ത്യന്‍ .." മരിച്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം പുനര്‍ജനിക്കുവാന്‍ പോകുന്ന  അവനു പുതിയ പേരും ദേശവും നിശ്ചയിച്ചു നല്‍കുന്ന ദൈവത്തിന്റെ സഹായിയായി ആ അറബിയെ അവനു തോന്നി..
 ചുറ്റിലും നിന്നവരില്‍ നിന്നും ഒന്ന് രണ്ടുപേരെ അയാള്‍ വിളിച്ചു,അറബിയില്‍ ചോദിച്ചതൊക്കെയും   മലയാളത്തിലേക്ക് മാറ്റി അവര്‍ സംസാരിച്ചു,
'കള്ളനെന്നു മുദ്രകുത്തിയാണത്രെ  അവര്‍ മര്‍ദ്ദിച്ചത് ,മോഷ്ടിച്ച പണം നല്‍കണം  പോലും..'
നടന്നതെല്ലാം കണ്ണീരോടെ അവന്‍ പറഞ്ഞു കേള്‍പ്പിച്ചു, തൊട്ടടുത്ത്‌ നിന്ന പോലീസുകാരോട് ആ അറബി എന്തൊക്കെയോ സംസാരിച്ചു,ആ കാട്ടാളന്മാര്‍ അപ്പോഴും വലിയ വായില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
  അയാള്‍ അവന്റെ കൈകളില്‍ പിടിചെഴുന്നെല്‍പ്പിച്ചു, അവനെയും കൂട്ടി കാറിനടുത്തെക്കു നീങ്ങി..

"പ്രിയ ഉമ്മ,ബാപ്പ,എന്റെ പ്രിയപ്പെട്ടവളെ..ഞാന്‍ സുരക്ഷിതനാണ്,ദൈവത്തിന്റെ കൈകള്‍ എന്നെ കൊരിയെടുത്തിരിക്കുന്നു,ഇനി നിങ്ങള്‍ക്കെന്റെ ശബ്ദം കേള്‍ക്കാം.."


                                                                                           




2 comments:

sarath chandraprasad said...

ഡിയര്‍ TD ,
സംഭവം അടിപൊളിയായി.
ആ ഫ്ലാഷ് ഫോര്‍വേഡ് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
ചില പദങ്ങളുടെ അവര്‍തന വിരസത ഒഴിവക്കപ്പെടാനാവാതതാണ്.
ഒന്നുകൂടി പറയട്ടെ. കിടു.

TD Aneesh said...

thanks da..I'll try best next time..