Friday, April 20, 2012

സൗദിയിലെ ശരത്കാലം ..

manglur university  യുടെ ഇരുളു നിറഞ്ഞ ഇടവഴികള്‍ താണ്ടി ഒരു യുവാവ്  ഹീലിയം ലൈറ്റുകള്‍ മഞ്ഞവെളിച്ചം വിതറുന്ന നിരത്തിലേക്ക് ഇറങ്ങി .കോളേജു  മതിലിനു അരികു ചേര്‍ന്ന് അവന്‍ നടന്നു.അധികമകലേ അല്ലാതെ മോബയിലിലേക്ക് ചുരുങ്ങാതെ നിന്ന S T D ബൂത്ത് ആയിരുന്നു അവന്റെ ലക്‌ഷ്യം .തമിഴില്‍ " അണ്ണാ ഒരു ഫോണ്‍ പണ്ണണം "എന്നും പറഞ്ഞു അവന്‍ ബൂത്തിന്റെ ചില്ലിട്ട വാതില്‍ തുറന്നകത്തു കയറി .

" ടി ഡി സാറേ നമസ്കാരം "
"ഭ പു. മ. കു. കാ. ത. ...##**#.." മൈലാഞ്ചി മണമുള്ള മാനസ മൈനകള്‍ കേട്ട് ശരത്തോന്നു ചമ്മി .
"എന്റെ പോന്നു സാറേ എനിക്ക് വിളിക്കാന്‍ കഴിഞ്ഞില, സര്‍ട്ടിഫിക്കെറ്റു കോപ്പി ചെയ്തു ഇന്ന് തന്നെ അയച്ചേക്കാം .."
"അയച്ചാല്‍ നിനക്ക് കൊള്ളാം ," അങ്ങേ തലക്കല്‍ ഫോണ്‍ കട്ട് .
  വല്ല കാര്യവുമുണ്ടോ ഒരു പാവപ്പെട്ടവനേം കൂടി മരുഭൂമിയിലേക്ക് കൊണ്ട് വരാന്‍ എന്ത് ഉത്സാഹമാണ് . 
 
കുസാറ്റില്‍ പഠിക്കണമെങ്കില്‍ Ncc വേണമെന്ന് ശഠിച്ച രാജ്യസ്നേഹി,നമ്മുടെ കഥാ നായകന്‍ -.'ശരത് ചന്ദ്രപ്രസാദ്  '.
                Ncc ക്ക് വേണ്ടി ടി ഷര്‍ട്ട്‌ പോലും ഒഴിഞ്ഞു വെച്ച മഹത് വ്യക്ത്വിത്വം .വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു  വഴങ്ങി "Msc കഴിഞ്ഞു നീ Ncc ഉള്ള കോളേജില്‍ പൊയ്ക്കോ "എന്ന മോഹന വാഗ്ദാനത്തില്‍ വീണു പോയ പാവം.
          എത്രയൊക്കെ പറഞ്ഞാലും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്‌ മുള്ളിയാല്‍ പോകില്ലല്ലോ . 
Ncc യുടെ വീര ഗാഥകളുമായി ശരത് വന്നു  കയറിയതോ സരോവര്‍ ഹോസ്റ്റലില്‍ .എന്തിനും ഏതിനും "ഞാന്‍ Ncc  അണ്ടര്‍  ഓഫീസര്‍ ആയിരുന്ന കാലത്ത് ..."എന്നും പറഞ്ഞു എക്സ്: മിലിട്ടറി പോലെ തുടങ്ങും.പോരാഞ്ഞിട്ട് Ncc എന്ന് തുന്നിയ ഒരു ടി ഷര്‍ട്ട്‌ ഇട്ടാണ് നടപ്പ് ഏതു നേരവും,"ഞാന്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്ന കാലത്ത് വെടിവെച്ച 3 ഉണ്ടകളും കൃത്യം കൊണ്ടത്‌ കണ്ടു, കണ്ണ് തള്ളിയ സീനിയര്‍ ഓഫീസര്‍ ഊരി തന്നതാ " രോമഞ്ചകഞ്ചുകനായി പറഞ്ഞു നടന്ന ശരത്തിനു "അണ്ടെര്‍ "എന്ന  പേര് വീഴാന്‍ മറ്റെന്തിങ്കിലും വേണോ ..? .
   Msc കഴിഞ്ഞു phd എന്ന അലക്ഷ്യവുമായി തെണ്ടി തിരിഞ്ഞു ചെറു പ്രണയവും,കൊച്ചു കൊച്ചു പ്രശ്നങ്ങളുമൊക്കെ ആയി കഴിഞ്ഞു വരികയായിരുന്നു .വലിയ ആഗ്രഹങ്ങള്‍ ഒന്നും ഇല്ലെങ്കിലും, മഹാലക്ഷ്മി ഫോണിലൂടെ "കയറി വാ, കയറി വാ,നിനക്ക്  നല്ല ജോലി ഇവിടെ സൌദിയില്‍  വെച്ചിട്ടുണ്ട്.." എന്ന് പറയുമ്പോള്‍ ഒന്ന്മില്ലെങ്കിലും ഒരു missed  കാള്‍  എങ്കിലും തിരിച്ചു കൊടുത്തില്ലേല്‍ കോപിച്ചാലോ ?
                                   'ശകുനി' എന്നോമനപേരില്‍  അറിയപ്പെടുന്ന കേരളത്തിലെ തന്നെ ഒരു "ഡോഗ് ഫാദര്‍ " ആണ് ശരതിനെയും സൗദിയിലേക്ക്  കൊണ്ട്  വരാമേന്നെറ്റിരിക്കുന്നത് ,ശകുനി എന്നെ അറിയിച്ച പ്രകാരം കമ്പനി -യിലേക്ക്,  ഗുരുകാരണവര്‍ റെജിയെട്ടന്‍ വഴി കറങ്ങി  ഞാന്‍ വഴി പോയ വള്ളിയാണ് ശരത്തിനെ ചുറ്റിയതു എന്നതില്‍ ഇനി ദുഖിച്ചിട്ടു  കാര്യമുണ്ടോ?                     
                   ശകുനി അണ്ടെര്‍ -നേ വിളിച്ചു  "അസ്സലാമു അലിയ്ക്കും ..വാ അലയിക്കും മുസ്സലാം" മതി, ഇത്രേം മതി..തല്‍കാലം ഒരു chemist ആയിട്ട് നിയമനം,പിന്നെ പയ്യെ geologist ,ശുക്രനല്ലേ ഉച്ചിയില്‍ തെളിഞ്ഞു നില്‍ക്കുന്നത് ,സത്യത്തില്‍ ഇത് വേറെ ആര്‍ക്കേലും പോകുന്ന ജോലിയ, ഞാന്‍ പറഞ്ഞു നിനക്ക് തരുകയാ.. "-എന്താണോ ആവോ ശകുനിയുടെ വാഗ്ദാനങ്ങള്‍ക്ക് നാടോടിക്കാറ്റിന്റെ മണം..? ശകുനിയെ കുറിച്ച് ഇനി പിന്നാലെ പറയാം .

ഓ എന്തേലും ആയിക്കോട്ടെ ,പോകുവാന്‍  തീരുമാനിച്ചു അണ്ടെര്‍ ബാഗ്‌ നിറച്ചു .

ആ ദിനം വന്നെത്തി .മൂവാറ്റുപുഴയുടെ രോമാഞ്ച  കഞ്ചുക   പുളകിത തള്ളല്‍ അണ്ടെര്‍ പറക്കും മുച്ചക്ര വാഹനാദികളില്‍ കയറി പറന്നുല്ലസിച്ചു മണലാരണ്യത്തിലിറങ്ങി . പുഴയും,തോടും,നടവരമ്പും,തെങ്ങിന്‍ തോപ്പുകളും,റബര്‍ കാടുകളും ,സമരങ്ങളും,കള്ളുഷാപ്പുകളും എല്ലാറ്റിനുമുപരി മഴവില്ലിന്‍ നിറമുള്ള മാലാഖ കുട്ടികളെയും(ചേച്ചിമാരെയും) നോക്കി നടന്ന നാട്ടിന്പുരത്തുകാരന്റെ കണ്ണുകളില്‍ തിളയ്ക്കുന്ന വെയിലും,ദേശീയ പതാകയില്‍ മാത്രം പച്ച നിറവുമുള്ള പുതിയ നാട് ആകാംഷകള്‍  നിറച്ചു .
  യാത്രാ ക്ഷീണവും,പുതിയ ചുറ്റുപാടുകള്‍ തീര്‍ത്ത വിരസതയും  ഓഫീസില്‍ നിന്ന് വാങ്ങി നല്‍കിയ 'കാപ്സ' എന്നാ കോഴി ചോറ് കഴിച്ചുറങ്ങാന്‍ അണ്ടെര്‍ നിര്‍ബന്ധിതനായി .  .
  
  കമ്പനി geotechnical ആണ്, മണ്ണ് പരിശോധിക്കുക ,വെള്ളമുണ്ടെല്‍ അതും,പിന്നെ കോണ്‍ക്രീറ്റ് , കമ്പി , കട്ട  എന്നിങ്ങനെ,ഈ ടെസ്റ്റുകള്‍ കഴിഞ്ഞാല്‍ എങ്ങനെ   അടിസ്ഥാനം കെട്ടാമെന്നു  പറഞ്ഞു കൊടുക്കുക  ,ഒരു വിധത്തില്‍ പറഞ്ഞാല്‍ നാട്ടിലെ മൂത്താശാരി പണി .  കെമിസ്ട്രി ലാബ്‌ എന്നൊക്കെ പറയുമ്പോള്‍ പേരിനു വേണ്ടി ഒരെണ്ണം ,കുറെ കോണിക്കല്‍ ഫ്ലാസ്ക്കുകള്‍ ,ടെസ്റ്റ്‌ ടുബുകള്‍ ,  കുറച്ചു പൂത്ത കെമിക്കല്‍സ് , ആസിഡ് ,എന്നിങ്ങനെ..ടെസ്റ്റുകള്‍ മുഴുവന്‍ ചെയ്യുന്നത് പുറത്ത് വേറെ  കൊടുത്താണ് ,എന്നാലും  ഒരു ഷോ 'ക്ക് വേണ്ടി വരുന്ന  സാമ്പിള്‍  ഒക്കെ രണ്ടു ദിവസത്തേക്ക്  അവിടെയും ഇവിടെയും ഇട്ടു വെക്കും .
                            അണ്ടെര്‍ -ന്‍റെ ആദ്യ ദിനം-കുസാറ്റിലെ  കെമിസ്ട്രി ലാബിലെ അനുഭവ പാഠങ്ങള്‍ പൊടി തട്ടിയെടുത്തു ,വലതു കാല്‍ വെച്ച് ,കഴുത്ത് നീട്ടി ,ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട്  ഓഫീസിലെ കെമിസ്ട്രി ലാബിലേക്ക് വലതു കാല്‍ വെച്ച്  ഗൃഹ  പ്രവേശം ചെയ്തു .രാവിലെ 7  മണിക്കാണ് ജോലി തുടങ്ങുന്നേ .ലാബില്‍ കയറിയതും കണ്ടതോ മണ്ണിന്റെ സാമ്പിള്‍ ഇട്ടു വെച്ചിരിക്കുന്ന  ബീക്കറുകളും-
                                        "പുത്തനച്ചി പുരപ്പുറം തൂക്കും "
         വൃത്തിയായിട്ട് പണി തുടങ്ങാം, അത് മാത്രവുമല്ല ഒരു impression  ആയിക്കോട്ടെ .ബീക്കറുകള്‍ മുഴുവന്‍ കഴുകി വൃത്തിയാക്കി, ഇരുന്ന മണ്ണും  കട്ടയും എല്ലാം വേസ്റ്റ് പെട്ടിയില്‍ കൊണ്ട് പോയി ഇട്ടു തുടച്ചു വൃത്തിയാക്കി .
  അണ്ടെര്‍ -ന്‍റെ ബോസ്സ്   "ചേടത്തി " എന്ന് അറിയപ്പെടുന്ന  ,വെളുത്തു തുടുത്തു,ചെന്തളിര്‍ ചെന്താമര പോലുള്ള കവിളും  കൊച്ചു മീശയും ഒക്കെ ഉണ്ടേലും ഒരു  20.71% ചാന്തുപൊട്ടും ,വിശ്വലോക രസതന്ത്രഞ്ജനുമായ ഒരു തനി വടക്കന്‍ ചായവുള്ള വെടക്കനാണ് .വളരെ നല്ല രാശിയുള്ള ആളായതിനാല്‍ ഒരു വര്‍ഷത്തിനു മുകളില്‍ ആരും ആ മഹത് വ്യക്തിയുടെ കീഴില്‍ പണി എടുത്തിട്ടില്ല. പക്ഷെ ഒന്നുണ്ട് , ചേടത്തിയുടെ ചെന്തളിര്‍ ചെകിട്ടത്ത് ചെമ്മാം  കുടിയുടെ തകിലു കൊട്ടി ദക്ഷിണ നല്‍കാതെ ആരും   പിരിഞ്ഞു പോയ   ചരിത്രമില്ല.  
                                    രസതന്ത്രവും 'സ്വ'തന്ത്രവും ചേര്‍ത്തിണക്കിയ  പുതിയ സംഹിതകളിലൂടെ  മാത്രം നടക്കുന്ന    'താന്‍ ഭരണം   ചേടത്തിയുടെ അണ്ടറൂമായുള്ള   ആദ്യ  കൂടിക്കാഴ്ച..
  "ഓ പുതിയ പയ്യന്‍ വന്നതല്ലേ ,ആദ്യമേ ഒന്ന് വിരട്ടി നിര്‍ത്തിയേക്കാം , ഇന്റര്‍ വ്യൂ   ചെയ്യാനോ കമ്പനി സമ്മതിക്കില്ല,എന്നാല്‍ പിന്നെ ജോലിക്ക് കയറുമ്പോ എന്റെ വക ഒരെണ്ണം ആയിക്കോട്ടെ .ആദ്യമേ രണ്ടു കൊടുത്തു ഒതുക്കിയില്ലേല്‍ എന്താണോ ആവോ ഉറക്കം വരില്ല"  ചേടത്തി ഒരു തടിച്ച പുസ്തകവും ചുമന്നു സൗദിയില്‍  കിട്ടാവുന്നത്ര കാറ്റ് വലിച്ചു കയറ്റി അണ്ടെര്‍   - ന്‍റെ  അടുത്ത്  എത്തി .
  അണ്ടെര്‍ ചാടി എഴുന്നേറ്റു  " ഗുഡ് മോര്‍ണിംഗ് സര്‍  .." 
" ഉം മോര്‍ണിംഗ് .." പറ്റാവുന്ന ഗാംഭീരത്തില്‍ അണ്ടെര്‍ -നെ അടിമുടി നോക്കി   ചേട്ടത്തി  പറഞ്ഞു .മീശയോന്നുമില്ലാതെ  എല്ലിച്ച ഒരു പയ്യന്‍ .അത്യാവശ്യം പൊക്കമൊക്കെ ഉണ്ട് .ചേടത്തി അണ്ടെര്‍   -നു  കൈ  കൊടുത്തു .അതൊരു അടവാണ്..കൈക്ക്   എത്രത്തോളം തഴമ്പ് ഉണ്ടെന്നറിയാന്‍ .
                "ഉം വലിയ   കുഴപ്പമില്ല ..ഇത്തവണ പല്ലിനു ആട്ടം ഉണ്ടാകില്ല ,ചെറുതായിട്ട് ഒന്ന് ചുവക്കും കവിള്‍ ,അത്രേ ഉള്ളു " ചേട്ടത്തി മനസ്സില്‍ ആശ്വസിച്ചു.പിന്നെ 'കന' ഗാംഭീര്യത്തോടെ ചോദിച്ചു "ഉം രാവിലെ വന്നിട്ട് ഇതുവരെ എന്തുചെയ്തു  ?"
       "സാര്‍ ,ഇവിടെ എന്ത് പൊടിയും വേസ്റ്റ് -ഉം  ആയിരുന്നു  ,ഞാന്‍ എല്ലാം വളരെ വൃത്തിയായി കഴുകി തുടച്ചു വെച്ചു " ജോസ് പ്രകാശിന്റെ സ്റൈലില്‍ weldon  മൈ ബോയ്‌  ' കിട്ടുമെന്ന് കരുതി അണ്ടെര്‍ ആവേശത്തോടെ നിന്നു ..
വാഷ്‌ ബെയ്സിനിലേക്ക് നോക്കിയാ ചേട്ടത്തിയുടെ കയ്യിലിരുന്ന തടിച്ച പുസ്തകം താഴെ വീണു ,വലിച്ചു കേറ്റി  സുരക്ഷിതമാക്കി  വെച്ചിരുന്ന കാറ്റ് ശരീര ദ്വാരങ്ങള്‍ വഴി പുറത്തേക്ക് പോയി ..ചെന്തളിര്‍ ചെന്താമര കവിള്‍ കരിഞ്ഞു വീണു  ..
                " ഒന്നായ നിന്നെയിഹ    
                    രണ്ടെന്നു  കണ്ടളവില്‍
                  ഉണ്ടായോരിന്ടല്‍ ബത 
                   മിണ്ടാവതല്ല   മമ .."
ടെസ്റ്റ്‌ ചെയ്യാന്‍ ബീക്കറില്‍ ഇട്ടു വെച്ചിരുന്ന മണ്ണ്,കല്ല്‌, കട്ട എല്ലാം കളഞ്ഞല്ലോ ദൈവമേ,ഞാനിനി ഇതൊക്കെ എവിടുന്നു വാരി കൊണ്ട് വരും..!! ചേടത്തി അണ്ടെര്‍ -നെ ഒന്ന് നോക്കി.മലപോലെ വന്നത് ചേടത്തി പോലെ പോയി ..
             വൈകുന്നേരം വരെ മിണ്ടാട്ടമില്ലാതെ ചേടത്തി കസേരയില്‍ ഇരുന്നു, പിന്നെ പെട്ടെന്ന് ഒരു കഷ്ണം കടലാസ്സു എടുത്തു കുറെ അക്കങ്ങള്‍   എഴുതി  ,കൂട്ടിയും  കുറച്ചും ഗുണിച്ചും പിന്നെ പൂജ്യം വെട്ടി കളിച്ചും ഒരു ലിസ്റ്റ് ഉണ്ടാക്കി .അണ്ടെര്‍ -നെ വിളിച്ചു .

 "Mr.sharath you go and ഇതൊക്കെ ടൈപ്പ് ചെയ്തു കൊണ്ട് വാ , fast ."
മംഗ്ളീഷിലെ സ്ഥിരം ശൈലിയില്‍ ചേടത്തി പറഞ്ഞു .
അണ്ടെര്‍ -നു ആശ്വാസമായി,എന്തായാലും കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൂടി കിട്ടിയാലോ,നന്ദി ദൈവമേ..ഇപോ  നോക്കിക്കോ ബോസ്സ് എഴുന്നേറ്റു നിന്ന് കൈ തരും ..അണ്ടെര്‍ കമ്പ്യൂട്ടര്‍ നു  മുന്നിലേക്ക്‌   ഇരുന്നു.
   ഓഫീസില്‍ wi-fi connection  ഉണ്ടേ ,'സൗദിയിലേക്ക് വരുന്നതിനാല്‍ ഒരാഴ്ചയോളമായി മെയില്‍  ചെക്ക്‌ ചെയ്തിട്ട് .ഏതായാലും ടേബിള്‍ തീര്‍ക്കാന്‍ ഒരു 20 minute വേണം,മെയില്‍ കൂടി തുറന്നേക്കാം' അണ്ടെര്‍ കരുതി  ..
      "കളിംഗ്" മെയില്‍ തുറന്നതും ആരോ ചാറ്റി വീണു ,അണ്ടെര്‍ വിടുമോ ? തിരിച്ചു ചാറ്റി .
"കളിംഗ്,കളിംഗ് കളിംഗ് .."മൂന്നാലുപേര്‍ ഒന്നിന് പുറകെ ഒന്നായി ചാറ്റി വീണു ..
                       hai under ,how are you? 
                        wer r u ? how's life ?
                       ooooooohhhhh saudiiiii....
                        wen? wer ? how's job???
                        njoyingaa ?? kochu kalaaaa..." തുടങ്ങി ചാറ്റല്‍ മഴ ഇടി വെട്ടി പെയ്തു,പേമാരിയായി .
പത്ത് മിനിട്ടോളം കഴിഞ്ഞു ,ഇനിയെങ്കിലും ടേബിള്‍ തുടങ്ങിയില്ലേല്‍ ബോസ്സ് എഴുന്നേറ്റു നിന്ന് വെടിവെക്കും, അണ്ടെര്‍ മെയില്‍ മിനിമൈസു ചെയ്തു,ടേബിള്‍ preperation  തുടങ്ങി..
              വീണ്ടും " കളിംഗ് കളിംഗ് കളിംഗ് .."ഇദാര  ഇപ്പൊ ..മനസ്സിന്‍ ചില്ലു ജാലകത്തിന്‍ കൂട്ടില്‍ 'അവള്‍ '  വന്നു വിളിക്കുന്നത്‌ പോലെ..അണ്ടെര്‍ -ന്റെ മന:സാനിദ്ധ്യം നഷ്ടമായി..വീണ്ടും     ചാറ്റിലേക്ക്   , കൂടെ ടേബിള്‍ preperation  ..
 ഏതായാലും 20 മിനിട്ടിനകം ടേബിള്‍ ചെയ്തു കഴിഞ്ഞു കോപ്പി ചെയ്തു ചേടത്തിയുടെ മുന്നിലെത്തിച്ചു . 'ആദ്യമായി ചെയ്യനെല്പ്പിച്ച പണിയല്ലേ, രാവിലെ കിട്ടിയ 'പണി' യെക്കാളും എത്ര നല്ലതാണെന്ന് നോക്കാം.'ചേടത്തി ടേബിള്‍ തുറന്നു  ..

Cl
Hai hw r u?
21

Ca
Pinne podi..
9
Ok da.
K
Oru kuththu vechu tharum ..
.17
J
P
Kalikkalle..
6
Mathiyo?
C2
L
.18
Ipo varaave..
Etc-





    ചേടത്തി മുഖമുയര്‍ത്തി അണ്ടെര്‍ -നെ നോക്കി ,ഒരു വെരി ഗുഡ് കിട്ടുമെന്ന ആവേശത്തില്‍ അണ്ടെര്‍ വെളുക്കെ ചിരിച്ചു നിന്നു .പക്ഷെ തൃശൂര്‍ പാറമേക്കാവ് സാമ്പിള്‍  വെടിക്കെട്ട്‌  നടന്നതായി  റിപ്പോര്‍ട്ട്‌  .
ടേബിള്‍ ഉണ്ടാക്കിയാല്‍ മാത്രം പോര ,ഒരു തവണയെങ്കിലും വായിച്ചു നോക്കാന്‍ ഗുണപാഠം .
        അണ്ടെര്‍ -ന്റെ കലാപരിപാടികളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു പിന്നീടങ്ങോട്ട് .
3  നിലകളില്‍ നില്‍ക്കുന്ന   ഓഫീസിന്റെ മുകളിലത്തെ 2  നിലകളും  താമസിക്കുവാന്‍  പാകത്തിനാണ് , മുറിയില്‍   കയറുമ്പോള്‍ ഇടുങ്ങിയ ഇടനാഴിയിയുടെ ഒരു വശത്ത് അകത്തേക്ക്  സജ്ജീകരിച്ചിരിക്കുന്ന   ചെറിയ   അടുക്കള- ഇലക്ട്രിക്‌ stove ,സിങ്ക്,ചെറിയ ഫ്രിഡ്ജ്‌ ,kabord എന്നിവ  ,മറുവശത്ത്   കുളിമുറി കക്കൂസ് ആദിയായവ, ഇടനാഴി കഴിയുമ്പോള്‍ 2 ബെഡ് ഇരുവശത്തുമായി,നടുവില്‍ ഒരു സോഫ,പിന്നെ t  v .എല്ലാം കൂടി ഒറ്റ മുറിയിലാണ് .അണ്ടെര്‍ പാചകം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് .നാട്ടിന്‍ പുരത്തുകാരന്റെ വൃത്തിയും വെടിപ്പും ലാബില്‍ മാത്രമല്ല   ..
          കുളികഴിഞ്ഞു ഈറനുടുത്തു ദേഹത്ത് നിന്നും തോര്‍ന്നു തീരാത്ത നീരുറവയുമായി അണ്ടെര്‍ ഇലക്ട്രിക്‌ stove - ന്‍റെ plug  എടുത്തു കുത്തി .കത്തി നിന്ന വയറിന്റെ ചൂടില്‍ കയ്യില്‍ നിന്നും ഇറ്റു വീണ വെള്ളത്തിന്റെ നനവില്‍   "ഡും " എന്നൊരു ഒച്ചയും,ചെറിയൊരു   തീപ്പൊരിയും   മുറിയില്‍ പാറി വീണു . ആ   നിലയിലെ ഫ്യൂസ് അടിച്ചു പോയി ,എല്ലാ മുറിയിലുള്ളവരും  ഇരുട്ടില്‍ .
  പാചകം തുടങ്ങിയവര്‍ ,ജോലി കഴിഞ്ഞെത്തി തുണിയൂരി തുടങ്ങിയവര്‍ ,കഴിഞ്ഞവര്‍ ,closettil  ഇരിക്കാന്‍ തുണി പോക്കിയവര്‍ ..അങ്ങനെ പല കോലത്തില്‍ പലരും ഇരുട്ടില്‍ തപ്പി .ഒടുവില്‍ സെക്യൂരിറ്റി എത്തി ബ്രെക്കെര്‍ ശെരിയാക്കി. അവിടെ തെളിഞ്ഞിരുന്ന ലൈറ്റ് അണ്ടെര്‍ -ന്‍റെ മുറിയുടെതും .വന്നപാടെ എല്ലാവരെയും ഇരുട്ടിലാഴ്ത്തിയ അണ്ടെര്‍ -നെ അവിടുത്തുകാര്‍ " അമാവാസി  "എന്ന് വിളിച്ചു .പിന്നെ 'അന്ധകാരം'  എന്നായി എന്ന് കേള്‍ക്കുന്നു .
          ഇതൊന്നും ഒന്നുമല്ല എന്ന് തെളിയിച്ചു കൊണ്ട് കഴുകിയ   വെള്ളത്തോട് കൂടി ചീനച്ചട്ടി stove  -ല്‍ വെക്കുക,വെളിച്ചെണ്ണ,കടുക്,മുളക് , ഉള്ളി തുടങ്ങിയവ ആ വെള്ളത്തിലേക്ക് നിക്ഷേപിക്കുക,എല്ലാം കൂടി പുകഞ്ഞു  പൊട്ടി തെറിക്കുമ്പോള്‍ നേരെ ഫ്രിഡ്ജില്‍ വെക്കുക .
 ഒരു കോഴി  പോലും കരിഞ്ഞുണങ്ങിയ    കാലുകളുമായല്ലാതെ അണ്ടെര്‍ -ന്‍റെ കറി പാത്രത്തില്‍ നിന്നും രക്ഷപെട്ടിട്ടില്ല. 
 ചോദിച്ചാലോ  " സാറേ  ഞാന്‍ ഈ കറി വെചൊന്നും കഴിക്കില്ലേ ,ഞാന്‍ മൂവാറ്റുപുഴ ആറില്‍ നിന്നും കൊമ്പന്‍ സ്രാവിനെ പിടിച്ചാല്‍ കമ്പില്‍  കുത്തി കോര്‍ത്തു  കറക്കി ചുട്ടു തിന്നുവല്ലേ ..  
"അല്ല , ,ഈ കൊമ്പന്‍ സ്രാവ്..???മൂവാറ്റുപുഴ  ??"
"പിന്നെ..ഞാന്‍ ഒറ്റക്കല്ലയോ  പോയി പിടിക്കുന്നെ ..ചൂണ്ടയിട്ടു .."
   ഓര്‍മ്മ   വരുനത്‌   അമരം   സിനിമയിലെ അശോകനെ ആണ്. 
"നിങ്ങ    പറേണ    പോലെ അല്ല കേട്ടാ..ഞാനും ഒരു ഒന്നാന്തരം മരക്കാന്‍ ആണ് കേട്ടാ.."
"അല്ല അമാവാസി.., ഈ കൊമ്പന്‍ സ്രാവല്ലാതെ  വേറെ  ഇറച്ചി  വല്ലതും   ..?"
"പിന്നെ,നല്ല  ഒന്നാന്തരം കാട്ടാനയുടെ ഇറച്ചി  ..വെടിവേചിടും..വലിയ ആര്‍ക്കവാളിനു  വെട്ടി കീറിയാല്‍  ഒരു മാസത്തേക്ക്   കാണും .."
"അപ്പൊ നാട്ടിലു  ഉത്സവത്തിനു   ആന എഴുന്നള്ളിക്കലുണ്ടാകില്ല അല്ലെ  ?നിന്നെ   പേടിച്ചു  ?"
പിന്നെ കുറച്ചു  നേരത്തേക്ക്    അതെന്താന്നു ആലോചിക്കും,പിന്നെ വീണ്ടും തുടങ്ങും "ഞാന്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്ന കാലത്ത് കാട്ടു പോത്ത്,ആന,മയില്‍ ,മാന്‍ ,പാമ്പ്.."
     
 ഏറ്റവും  വലിയ സംഭവം  അണ്ടെര്‍ -ന്‍റെ മുറിയുടെ  നേരെ എതിര്‍  വശത്തുള്ള മുറിയിലാണ് ചേടത്തി താമസിക്കുന്നത് എന്നതാണ്..ഈ പുകയലും  പൊട്ടലും  ചീറ്റലുമെല്ലാം ചേടത്തിയെ കൂടുതല്‍ തിളപ്പിച്ചു ..
  നാളുകള്‍ കടന്നു   പോയി,ചേടത്തിയുടെ അമര്‍ഷം അണ്ടെര്‍ -നു മേല്‍  കൂടി   കൂടി വന്നു .എന്നാല്‍  അണ്ടെര്‍ ആ സമയമാകെ ലാബില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെ  പഠിക്കുകയായിരുന്നു  ,ക്രമേണെ  പുറത്ത്    കൊടുത്തു ചെയ്തിരുന്ന പല ടെസ്റ്റു കളും ഓഫീസില്‍ ലാബില്‍ ചെയ്തു തുടങ്ങി,ചേടത്തി അണ്ടെര്‍ - നെ ഇഷ്ടപ്പെട്ടു  വരികയായിരുന്നു .
     ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന അണ്ടെര്‍ -നെ എല്ലാവര്ക്കും  വലിയ കാര്യമായി  ,ഒരു വലിയ സൌഹൃദ  വലയം  കെട്ടി  ഉറപ്പിക്കുന്നതില്‍  അവന്‍  വിജയിച്ചു  .ലാബില്‍ ഉണ്ടായ  മാറ്റങ്ങള്‍ , റിസള്‍ട്ട്‌ കള്‍  ,പുറമേ കാട്ടിയില്ലെങ്കിലും ചേടത്തിക്ക് അവനെ നന്നായി  ബോധിച്ചു  .മേലധികാരികളില്‍  ഒരു നല്ല   പേര്  വാങ്ങിയെടുക്കാന്‍  അണ്ടെര്‍ -നു കഴിഞ്ഞു .
      ഒരാളുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുക   എന്നത് നന്മ. അസൂയ തോന്നുക   എന്നത് എത്തിപിടിക്കാന്‍  കഴിയാത്തവരുടെ  അവസ്ഥ. അല്ലെങ്കില്‍ അതിനു ശ്രമിക്കാത്തവരുടെ,അതുമല്ലെങ്കില്‍ മത്സരിക്കാന്‍ ശ്രമിക്കുന്നവരുടെ അവകാശം.സ്വപ്രയത്നം  കൊണ്ട് നേടുന്നവനെ അന്ഗീകരിക്കുക എന്നതു മനുഷ്യ ഗണത്തില്‍ പ്രതേകിച്ചു മലയാളികള്‍ക്കിടയില്‍  പൊതുവേ കുറഞ്ഞു വരുന്ന ഒന്നാണെങ്കിലും ,പന്നി മലത്തല്‍ കളിയിലൂടെ അവന്റെ ചോറില്‍ മണ്ണ് വാരിയിടുക എന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രം സിദ്ധിച്ചിട്ടുള്ള കഴിവത്രേ .ആ ഗണത്തില്‍ പെടുന്ന അപൂര്‍വ്വ ജന്മമാണ്  ഞാന്‍ ആദ്യം പറഞ്ഞ ശകുനി .
       ജീവന്‍   അവശേഷിപ്പിച്ചു  നിര്‍ത്തികൊണ്ട്‌   പ്രജ്ജയും ചിന്തയും അഭിമാനവുമെല്ലാം കുരുതി കഴിപ്പിക്കാന്‍ തക്ക ശേഷിയുള്ള വാക്ക് സാമര്‍ത്ഥ്യം ശകുനിക്കുണ്ടായിരുന്നു .എങ്ങനെ എന്നറിയില്ല 2 പേരെ തമ്മിലടിപ്പിക്കാന്‍ ഒരു വല്ലാത്ത കഴിവാണ് .പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'പട്ടി പുല്ലു തിന്നുകയുമില്ല,പശുവിനെ ഒട്ടു തീറ്റിക്കയുമില്ല 'തനിക്കു ഒരു കോട്ടവും,നേട്ടവുമില്ലെങ്കിലും മറ്റൊരാള്‍ക്ക് ഒരു വിധത്തിലും ഉയര്‍ച്ച ഉണ്ടാകാന്‍ ശകുനി ജീവിച്ചിരിക്കുമ്പോള്‍ സമ്മതിക്കില്ല. ഇതിലും  എത്രെയോ ഭേദം മഹാഭാരതത്തിലെ ശകുനി .
               അണ്ടെര്‍ -നു ലാബിലും ഓഫീസിലും കിട്ടുന്ന പൊതുസമ്മതം ശകുനിയുടെ കാതുകളില്‍ വന്നു പതിഞ്ഞത് മുതല്‍ , ഒരു വിധത്തില്‍ കരിച്ചും പുഴുങ്ങിയും കുടിച്ചു കൊണ്ടിരുന്ന അണ്ടെര്‍ -ന്റെ കഞ്ഞിയില്‍ ഇടാനായി , പാറ്റ പിടിക്കാന്‍ ശകുനി ചൂട്ടും കത്തിച്ചു ഇറങ്ങുന്നത് വരെയെത്തി .
          ശകുനി ആദ്യത്തെ  പാറ്റയും കൊണ്ട് അണ്ടെര്‍ -ന്റെ  അടുത്തെത്തി .
" നീ ഇങ്ങനെ ലാബ്‌ എന്നും പറഞ്ഞു നടന്നോ ,നീ ഒരു geologist  ആകാനല്ലേ ഇങ്ങോട്ട് വന്നത്?നിന്റെ ബോസ്സ് ചേട്ടത്തി എന്തെല്ലാം നിന്നെ കുറിച്ച് പരാതി പറയുന്നു എന്നറിയോ?നീ കഴിവില്ലാത്തവനാണ്,വന്നതിനു ശേഷം ലാബ് ഒരു പടി കൂടി താഴേക്കു പോയി, ഒരു ടെസ്റ്റ്‌ പോലും ഇത്രയും നാളായിട്ട് ചെയ്യാനറിയില്ല.."
    അണ്ടെര്‍ - ന്റെ Ncc രക്തം തിളച്ചു പൊങ്ങി വീണു ശകുനിയുടെ കയ്യിലിരുന്ന 2 പാറ്റകള്‍ വെന്തു ചത്തു .
"ഹും അയാള്‍ അങ്ങനെ പറഞ്ഞോ ?"
ശകുനിക്ക് മനസിലായി ഇതാണ് സമയം ,ഇപോ ഒന്ന് ഉരസിയാല്‍ തീ പിടിക്കും "നീ അയാളുമായി പ്രശ്നം ഉണ്ടാക്കണം, ലാബില്‍ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറയണം,മാനേജര്‍ ചോദിച്ചാല്‍ ചേട്ടത്തിയുടെ കീഴില്‍   ജോലി ചെയ്യാന്‍ പറ്റില്ല എന്ന് ഉറപ്പിച്ചങ്ങു പറയണം..അടുത്ത ദിവസം നീ geologist  ആയിട്ട് സൈറ്റില്‍ ഇറങ്ങും ."{ആന കൊടുത്താലും ആശ കൊടുക്കലല്ലേ ..}
                     ശകുനി വിരല്‍ നഖങ്ങള്‍ ഉരച്ചു ഉരച്ചു നടന്നു .സംഭവങ്ങള്‍ ശകുനിയുടെ തിരക്കഥ പോലെ നടന്നു. പക്ഷെ ഒരു കാര്യത്തില്‍ ശകുനിയുടെ കണക്കു കൂട്ടല്‍ തെറ്റി, പ്രശ്നം ഉണ്ടാക്കിയാല്‍ അണ്ടര്‍ -നുള്ള സ്ഥാനം പോകുമെന്നും ,ഇത്രയും വിഷയം ഒരു ലാബില്‍ ഉണ്ടാക്കുന്നവനെ ഒരിക്കലും സൈറ്റില്‍ ഇറക്കില്ല എന്നും കരുതിയ  ശകുനിയുടെ ചിന്തകളെ തകിടം മറിച്ചു കൊണ്ട് അണ്ടെര്‍ -നേ geologist ആക്കാനുള്ള ഓര്‍ഡര്‍ മാനേജര്‍ അറിയിച്ചു .
         സൈറ്റില്‍ ഇറങ്ങും മുമ്പ് ഒരാഴ്ച അണ്ടെര്‍ -നു ട്രെയിനിംഗ് നല്‍കി ,ഹെല്‍മെറ്റ്‌,ലോഗ് ഷീറ്റ് ,സഫെടി ഷൂ ,എന്ന് തുടങ്ങി എല്ലാം നല്‍കി.
                        ശകുനിയോ , പാറ്റകളുടെ സംസ്ഥാന സമ്മേളനം വിളിച്ചു കൂട്ടി.അണ്ടെര്‍ -നു കിട്ടാന്‍ പോകുന്ന നല്ല കാലത്തെ കുറിചോര്‍ത്തു  വെന്തു വെണ്ണിറായ ശകുനിയുടെ നെഞ്ചകം കണ്ടു പാറ്റകള്‍ തെക്ക് വടക്ക്  ഓടി ..
                            ചിരകാല അഭിലാഷമായ geologist എന്ന പോസ്റ്റ്‌ കിട്ടിയതില്‍   ഏറ്റവും കൂടുതല്‍  കടപ്പാട് ശകുനിയോടു തോന്നിയ അണ്ടെര്‍ ഉടനെ ഈ വിവരം ശകുനിയെ അറിയിച്ചു .
        "ആഹ നന്നായി,നിനക്ക് എന്തായാലും ആഗ്രഹിച്ചത്‌ കിട്ടിയല്ലോ,ഞാന്‍ ഏതായാലും നിനക്ക് ഏതു സൈറ്റ് ആണെന്ന് അറിയാന്‍   മാനേജര്‍ ഒന്ന് വിളിക്കട്ടെ ."ശകുനി ഇത് പറയുമ്പോള്‍ മനസ്സില്‍ കരുതിയത്‌ എന്തായിരിക്കുമെന്നുള്ളത് അണ്ടെര്‍ സൈറ്റില്‍ പോകാന്‍  കച്ചകെട്ടി  ഇറങ്ങും വരെയും അറിഞ്ഞിരുന്നില്ല.
  ആ ദിവസം വന്നെത്തി .."സര്‍ ഏതു സൈറ്റില്‍ പോകണം .."ആവേശത്തോടെയും അത്യധികം സന്തോഷത്തോടെയും അണ്ടെര്‍ ഓഫീസില്‍ ചോദിച്ചു .
"നിങ്ങള്‍ ലാബില്‍ chemist  ആയിട്ട് വന്നതല്ലേ ?പിന്നെ സൈറ്റ് ??വേണമെങ്കില്‍ ഇവിടെ ജോലി ചെയ്യുക.."
ഭൂമി പിളര്‍ന്നു ഉള്ളിലേക്ക് വീണു പോകുന്ന പോലെ തോന്നി അണ്ടെര്‍ -നു .കണ്ണിനു ചുറ്റും കാഴ്ചകള്‍ കീഴ്മേല്‍ മറിഞ്ഞു,  നില്‍ക്കുന്ന മുറി തലയ്ക്കു ചുറ്റും ചുറ്റിത്തിരിയുന്നു ..ഒന്നും മിണ്ടാതെ അണ്ടെര്‍ മുറിയിലേക്ക് പോയി..കുറച്ചു നേരം ശൂന്യതയിലേക്ക് നോക്കി ഇരുന്നു.. പിന്നീട് ഫോണ്‍ എടുത്തു ശകുനിയെ വിളിച്ചു ..
"സര്‍ ,ഇപ്പോള്‍ പറയുന്നു ലാബില്‍ വേണമെങ്കില്‍ വര്‍ക്ക്‌ ചെയ്തോളാന്‍ ."
ഉള്ളില്‍ ഊറി ചിരിച്ചു കൊണ്ടും, നീ ഇപോ അങ്ങനെ രക്ഷപെടെണ്ട എന്ന് കരുതി വെച്ച ആപ്പ് ആസനത്തില്‍ തന്നെ കൊണ്ടതില്‍ സന്തോഷിച്ചും  ,എന്നാലോ വിഷാദ മൂകനായി ശകുനി ചോദിച്ചു     " ഹെന്ത് ???? അതെങ്ങനെ സംഭവിച്ചു..???ഞാന്‍ വിളിച്ചപ്പോഴും നീ ഇന്ന് മുതല്‍ സൈറ്റില്‍ പോകുമെന്ന് ഓഫീസില്‍ നിന്നും പറഞ്ഞതാണല്ലോ,ഓ ഞാന്‍ shocked ആയി പോയി.." പിന്നെ കുറെ നേരത്തേക്ക് ശകുനിയുടെ വഴിപാടായി മൌനം ." ഏതായാലും ഞാന്‍ ഒന്ന് സംസാരിച്ചു നോക്കാം ' ശകുനി ഫോണ്‍ വെച്ചു.
10 മിനിട്ടുകള്‍ക്ക് ശേഷം വീണ്ടും അണ്ടെര്‍ -നു ശകുനിയുടെ ഫോണ്‍ "ഇത് ഓഫീസിലുള്ള പലരും കളിച്ചതാണ്,മനപൂര്‍വ്വം നിന്നെ ഒതുക്കാന്‍ ", ഇതൊന്നും അറിയാത്ത ചേടത്തി മുതല്‍ കുറെ പേരുടെ ,അതും അഡ്മിന്‍ -ലെ കുറെ മലയാളികളുടെ പേരും  പറഞ്ഞു .
                         വളരെ  വൈകി  ഈ ഉള്ളു കളികള്‍ ഞങ്ങള്‍ അറിയുമ്പോഴേക്കും അണ്ടെര്‍ ഓഫീസില്‍ ഉള്ളവരുമായി മാനസികമായി അകന്നു കഴിഞ്ഞിരുന്നു .
                        അന്ന് വൈകിട്ട് നന്ദി പ്രകാശമായി പാറ്റക ള്‍ക്ക്    മുഴുവന്‍ ശകുനിയുടെ വക ഫാന്റസി പാര്‍കില്‍ വന്‍ പാര്‍ട്ടി ഉണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു .

 വിശ്വസിക്കാന്‍ പ്രയാസമേറിയ ഇത്തരം വിഷവിത്തുകള്‍ പാകി അണ്ടെര്‍ ഉള്‍പ്പെടെ സുഹൃത്ത് ബന്ധം സ്ഥാപിക്കുന്ന,കഴിവുകള്‍ കൊണ്ട് പേരു നേടുന്ന പലരെയും മുളയിലെ നുള്ളുവാന്‍ ശകുനിക്ക് കഴിഞ്ഞു .എന്നാല്‍ ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ ചെറിയൊരു പണി ശകുനിക്ക് വെച്ചിരുന്നു,അത് ഈന്തപ്പഴത്തിന്റെ വലിപ്പത്തില്‍ മൂത്രാശയത്തില്‍ ഒരു കല്ലായി അടിവയറ്റില്‍ കിടന്നു കുത്തുവാന്‍ തുടങ്ങി .
  ഇരിക്കുവാനും നില്‍ക്കുവാനും മുള്ളുവാനും തൂറുവാനുമാകാതെ ശകുനി കിടന്നു പിടഞ്ഞു .ഒരേ കിടപ്പ് .മിക്കവാറും എല്ലാവരും തന്നെ ശകുനിയുടെ 'സ്നേഹ   വാത്സല്യത്തിന്  ' പാത്രമായിട്ടുള്ളതിനാല്‍
ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിരുന്നില്ല .ശകുനിയുടെ ആരോമല്‍ പാറ്റകള്‍ തെക്ക് വടക്ക് നടക്കുന്നുണ്ടായിരുന്നു എന്നല്ലാതെ ..
   പ്രകൃതിയുടെ  കോലങ്ങളും  ഭാവങ്ങളും  ഭാവഭേദങ്ങളും  ഭൂമിയിലെ എല്ലാ ചരാ ചരങ്ങളിലും പ്രതിഫലിക്കും എന്നുള്ളത് എത്ര വാസ്തവം .ശരത്കാലം പോലെ സുന്ദരമായ  നന്മകള്‍  നിറഞ്ഞ        ശരത്തിന്റെ  മുറിയുടെ ചുവരിനപ്പുറം വേദനയാല്‍  ഞരങ്ങുന്ന   ശകുനിയെ കണ്ടില്ല എന്ന് നടിക്കാന്‍   അവനായില്ല .
                                             കുഴലിട്ടു പുറത്തേക്കൊഴുകുന്ന മൂത്രവും,വിസര്‍ജ്ജ്യങ്ങളും എടുത്തുമാറ്റി,തുടച്ചു വൃത്തിയാക്കി ,ശകുനി തന്നെ ഒരിക്കല്‍ ഇട്ട പാറ്റയുടെ മണം പേറുന്ന   ആഹാരവും നല്‍കി ഊട്ടിയുറക്കി , സമയാസമയങ്ങളില്‍ മരുന്ന് നല്‍കി ,ആശുപത്രിയില്‍ കൊണ്ടുപോയി ജോലി സമയത്തെക്കാളേറെ ,വീട്ടുകാര്‍ക്ക് നോക്കാവുന്നതിലുമധികം ശുശ്രൂഷിച്ചു . ശര്തകാലതിന്റെ നൈര്‍മല്യം പേറി ശകുനിയുടെ ഈന്തപ്പഴം,അതിന്റെ കുരുവിന്റെ വലിപ്പത്തില്‍ കത്തി വെച്ചു കീറാതെ മൂത്രിച്ചു പുറത്തുപോയി .
                              കുമാരനാശാന്റെ കരുണയിലെ വാസവദത്ത പോലും കരുണയും  സ്നേഹവും മനസിലാക്കുന്നു.എന്നിട്ടും ഈയവസ്ഥയില്‍ എത്തിപെട്ടു  ,കരകയറിയിട്ടും  ശകുനിയുടെ അവസ്ഥ
                                   " വിശപ്പിനു വിഭവങ്ങള്‍  വെറുപ്പോളമശിചാലും
                                     വിശിഷ്ട   ഭോജ്യങ്ങള്‍ കാണ്കില്‍ കൊതിയാമാര്‍ക്കും " എന്ന പോല്‍ .
ശരത്തിനെ ആവോളം ദ്രോഹിച്ചത് മതിയാകാതെ ,ഇനിയൊരിക്കലും ജോലിയില്‍  തുടര്‍ന്ന് പോകുവാന്‍ കഴിയാതെ  എന്നേക്കുമായി പിരിഞ്ഞു പോകാന്‍ മാനസികമായി വെറുപ്പിച്ചു കൊണ്ടായിരുന്നു ശകുനി കിടക്ക വിട്ടു എഴുന്നേറ്റത് .
   
"എന്റെ നീരുറവകള്‍ നിങ്ങളെത്ര തടഞ്ഞാലും   മറ്റൊരു   വഴിയില്‍    ഞാന്‍ പിറവി   കൊള്ളുക   തന്നെ ചെയ്യും   ,ഇത് എന്റെയും   ,നിങ്ങള്‍  ഉള്‍പ്പെടുന്ന ലോകത്തിന്റെയും   നിയമമാണ്   ,  നില  നില്പാണ്  ..".
                           
 ശരത് ഇന്ന്‍ സ്വപ്ന  സ്വര്‍ഗ്ഗ  തുല്യമായ ഗോവയില്‍   ,പകുതി  വഴിയില്‍ ഉപേക്ഷിക്കേണ്ടി  വന്ന  phd  യുമായി  ജീവിതം  ആഘോഷിക്കുന്നു .
                                        ശകുനി പുകയുന്ന സിഗറെറ്റുകള്‍ക്ക് പിന്നില്‍ ഇന്നലെയും,ഇന്നും,നാളെയും തലപോക്കുന്നവന്റെ കഞ്ഞിയില്‍ ഇടുവാന്‍ പാറ്റകളെ തേടി നടക്കുന്നു .
                               
                                     "ലോലമാം ക്ഷണമേ വേണ്ടു ബോധമുള്ളില്‍ ജ്വലിപ്പാനു
                                       മാല  ണക്കും തമസ്സാകെ  മാഞ്ഞുപോവാനും."
                  
       

  കടപ്പാട് : കാവ്യം സുഗേയം{ http://kavyamsugeyam.blogspot.com/2009/12/1.html }, മലയാളം .                                  


                   
    

Saturday, November 12, 2011

മണൽ (based on a true event )

                            മണൽ 

                     നിറഞ്ഞു തൂകുന്ന വെയിലിനെ ശിരസിലേറ്റി തണല്‍ നല്‍കിയ മരത്തിനു ചുവട്ടില്‍ നനുത്ത നീണ്ട വിരലുകളുള്ള അവളുടെ കൈ അവന്‍ കോരിയെടുത്തു ഉള്ളം കൈയില്‍ വെച്ചു .ധമനികള്‍ വന്നു മുറിയുന്ന അവളുടെ കൈവെള്ളയിലെ ചൂട് പകലിനെക്കാളേറെ തീക്ഷ്ണമെന്നവന്  തോന്നി.
           യാത്ര പറയുവാന്‍ വന്നതാണ് , ഉള്ളടക്കം അറിഞ്ഞോ അറിയാതെയോ അവള്‍ സമ്മാനമായി ഒരു പുസ്തകം നല്‍കി, 'ആടുജീവിതം'.
           ഒരുപാട് സ്വപ്നങ്ങളുമായി മണലാരണ്യത്തിന്റെ സുവര്‍ണ്ണ സൌധങ്ങളെ പുല്‍കി ജീവിതം പച്ചപ്പിടിപ്പിക്കാന്‍ കടല്‍കടന്ന നാട്ടിന്‍ പുറത്തുകാരന്‍ ,വിധിയുടെ മണല്‍ കാറ്റില്‍ പെട്ടുഴറി വര്‍ഷങ്ങള്‍ കടന്നു പോയതറിയാതെ,പുറംലോകം കാണാതെ ആടുകള്‍ക്കിടയില്‍ നരകിച്ചു അവസാനം കൂട്ടുകാരനെ മരുഭൂമിക്കു ബലിയര്‍പ്പിച്ചു ദൈവത്തിന്റെ സഹായം കൊണ്ട് മാത്രം ഉറ്റവരുടെ അടുത്തെത്തിപെട്ട ജീവിതം..ആടുജീവിതം..പച്ചയായ മനുഷ്യന്റെ ഉഷ്ണമേറിയ വിയര്‍പ്പുകണങ്ങള്‍ ഓരോ വാക്കിലും ഗന്ധം  പടര്‍ത്തിയിരുന്നു..
                   പുസ്തകം വായിച്ചുതീര്‍ന്നു, മടക്കി പുറം ചട്ടകള്‍ ഒന്നുകൂടി വീക്ഷിച്ചു വിലയിരുത്തി.ഭീതിയുടെ മുള്‍മുനയില്‍ നിന്നും അവന്റെ മനസു പക്ഷെ രക്ഷപെട്ടു വന്നിരുന്നില്ല.താനും യാത്രയിലാണ്..അങ്ങോട്ടേക്കുള്ള യാത്രയില്‍ .. 
            പ്രിയപ്പെട്ടവരുടെ കണ്ണും കയ്യും വിളിയും എത്താത്തിടത്തെക്കുള്ള  യാത്ര..ഉശിരുള്ള ദൈവത്തിന്റെ കൈകള്‍ ഇങ്ങേക്കരയില്‍ നിന്നും കടലിനപ്പുറത്തേക്ക്  മനുഷ്യന്റെ കരളു പറിച്ചു ഒരേറു  വെച്ചു കൊടുക്കുന്നു,അങ്ങേക്കരയില്‍ മണല്‍ത്തരികളോളം സ്വപ്‌നങ്ങള്‍ കണ്ട്‌, അവയെപ്പോലെ ചിലപ്പോള്‍ കാറ്റില്‍ പറന്നു എങ്ങുമെത്താതെയും , ചിലപ്പോഴെല്ലാം കൂനകള്‍ കൂടി യാഥാര്‍ത്യത്തിന്റെയും ഭാഗ്യത്തിന്റെയും ഉയരങ്ങളില്‍ എത്തിപെട്ടവരുമായ അനേകം പേരുടെ വിയര്‍പ്പു പേറുന്ന ഭൂമി,മണ്ണടിഞ്ഞ ജീവജാലങ്ങളുടെ കത്തുന്ന ആത്മാവിനു മുകളില്‍ മണലും,വരണ്ട പ്രകൃതിയെയും കൊണ്ട് മൂടി ദൈവം കാത്ത നിധി,അതിന്റെ പങ്കുപറ്റാന്‍ ഒരാള്‍ കൂടി..അത്യാവശ്യങ്ങള്‍  മറ്റാരേക്കാളും തന്റേതു മാത്രമാണെന്നു  കരുതുന്ന അനേകം വിഡ്ഡികളില്‍ ഒരാള്‍ ..

                 എയര്‍പോര്‍ട്ടില്‍ ഇറങ്ങി വിസ  തരപ്പെടുത്തിയ  ആളെ ഫോണില്‍ വിളിച്ചു."ടാക്സി പിടിച്ചു ബത്ത കേരള മാര്‍ക്കറ്റ്‌ എന്ന് പറയു,വന്നിട്ട് അഷറഫിനെ ചോദിക്ക്..ഞാന്‍ തിരക്കിലാ ..ശരി . " അങ്ങേത്തലക്കല്‍ തിരക്കിന്റെ വേഗത..
             പുറത്തിറങ്ങുമ്പോള്‍ ചുറ്റും അറബികള്‍ ..ഒരു അന്യഗ്രഹത്തില്‍ പെട്ടവനെ പോലെ അവന്‍ പകച്ചു നിന്നു.. നേരം വെളുത്തു തുടങ്ങുന്നതെ ഉള്ളു..തടിച്ച ചുണ്ടും ഉന്തിയ ചുവന്ന കണ്ണുകളുമുള്ള കറുത്തു തടിച്ച ഒരറബി അവനടുത്തെക്ക് വന്നു..
                                                "ടാക്സി ...???"
        വായില്‍ കടിച്ചുപിടിച്ചിരുന്ന മരത്തിന്റെ കമ്പ് ചവച്ചു ഊറി പുറത്തെക്കെടുത്തു അയാള്‍ ചോദിച്ചു..പെട്ടെന്ന് ആടുജീവിതം അവന്റെ മനസിലൂടെ കടന്നു പോയി,തന്നെ അയാള്‍ കൊണ്ടുപോയി ആടുകളുടെ ഇടയിലേക്ക് വലിചെറിയുമോയെന്നവന്‍  ഭയന്നു..എന്നാലും ധൈര്യം സംഭരിച്ചു അവന്‍ ചോദിച്ചു..
                        "ബത്ത കേരള മാര്‍ക്കറ്റ് ???"
അയാള്‍ അവനെ നോക്കി ചിരിച്ചു, കറ പുരണ്ടു കറുത്ത  പല്ലുകള്‍ ,ടൂത്ത് പേസ്റ്റു കമ്പനിക്കാര്‍ കണ്ടാല്‍ പരീക്ഷണാര്‍ത്ഥം ചോദിക്കുന്ന വിലകൊടുത്തു അത് വാങ്ങിയേനെ..മനസ്സില്‍ തോന്നിയ നര്‍മ്മത്തിന് നിറം നല്‍കും മുമ്പേ  അയാള്‍ അവന്റെ കയ്യിലെ ബാഗ് പിടിച്ചു വലിച്ചു, കുറച്ചു തുണികളും ചിതലരിച്ചു തുടങ്ങ്യ കൂരക്കു കീഴില്‍ ഉമ്മ വെച്ചുകെട്ടി നല്‍കിയ അച്ചാറുകളും മാത്രം..തോളിലെ സഞ്ചിയിലാണ് തന്റെ ജീവിതം, പാസ്പോര്‍ട്ടും ,ഐറ്റി വരെ പഠിച്ച സര്‍ട്ടിഫിക്കറ്റും,പിന്നെ അവളുടെ സമ്മാനമായ ആടുജീവിതവും..ആ കുഞ്ഞു ബാഗ്‌ അവന്‍ കയ്യില്‍ മുറുക്കെ പിടിച്ചിരുന്നു..
            അയാളുടെ പെരുമാറ്റത്തിലും  ടാക്സി എന്ന് ബോര്‍ഡ് വെച്ച് കണ്ട വാഹനത്തിലും ആശ്വാസം തോന്നി  ..
 "ഉമ്മ,ബാപ്പ,പ്രിയപ്പെട്ടവളെ ..ഞാന്‍ ഇവിടെ എത്തി.പക്ഷെ യാത്രയിലാണ്.."

                             എയര്‍പോര്‍ട്ട് റോഡില്‍നിന്നും വാഹനങ്ങള്‍ നിരന്നു നിറഞ്ഞു തുടങ്ങ്യ പ്രധാന നിരത്തിലേക്ക് കാര്‍ നീങ്ങി ..ശീതികരിച്ച കാറിനുള്ളില്‍ ആലസ്യം അവന്റെ  കണ്ണിമകളെ മൂടി ..സിഗ്നലുകള്‍ കടന്നു കാര്‍  ഒരു ചെറിയ പാതയിലേക്ക് കയറി...കുടുക്കം അനുഭവപ്പെട്ടപ്പോള്‍ അവന്‍ കണ്ണ് തുറന്നു ..അവനുള്ളില്‍ സംശയം ഉണര്‍ന്നു,ചെറിയ പേടിയും..
                       "ബത്ത കേരള മാര്‍ക്കറ്റ്‌ ..." അവന്‍ വീണ്ടും അയാളോട് വിളിച്ചു പറഞ്ഞു.മുഖം ചെരിച്ചു അയാളൊന്നു ചിരിച്ചു, ഒരു പക്ഷെ ഇതാകാം വഴി.
                     ആ പാത മുറിഞ്ഞ്‌ ചെമ്മണ്‍ പാതയിലേക്ക് കയറി, വിജനമായ വരണ്ട പ്രദേശങ്ങള്‍ക്ക് ഓരം ചേര്‍ന്ന് കല്ലുകൊണ്ട് കെട്ടിയ ഒരാള്‍ പൊക്കം കഷ്ടി ഉള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കു പുറകിലേക്ക് അയാള്‍ വേഗത്തില്‍ ഓടിച്ചു കയറി, ഡോര്‍ തുറന്നു പെട്ടന്ന് പുറത്തിറങ്ങി, പിന്നിലെ ഡോര്‍ തുറന്നു അവന്റെ കഴുത്തില്‍ ഒരു കടാര വെച്ചു..അയാളുടെ മുഖം വലിഞ്ഞു മുറുകി.എന്ത് ചെയ്യണമെന്നറിയാതെ അവന്റെ കണ്ണുകളില്‍ നിന്നും ധാരയായി വെള്ളം ഒഴുകുവാന്‍ തുടങ്ങി, എന്തെങ്കിലും ആലോചിക്കും മുമ്പേ അയാള്‍ അവന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു പുറത്തേക്കിട്ടു, കമിഴ്ന്നു വീണ അവന്റെ ശിരസ്സില്‍ അറബി ആഞ്ഞു ചവുട്ടി, അവന്റെ മുഖം ദൈവത്തിന്റെ മണ്ണില്‍ അമര്‍ന്നു ഞെരിഞ്ഞു, മുഖത്തേക്ക് കൂര്‍ത്ത കല്ലുകളും മണല്‍ത്തരികളും തറച്ചു കയറി..
      "ഉമ്മ, ബാപ്പ, പ്രിയപ്പെട്ടവളെ..ഞാന്‍ മരിച്ചാല്‍ നിങ്ങള്ക്കാരുണ്ട്‌ ...നിങ്ങളെന്റെ ശബ്ദം കാത്തിരിക്കുമ്പോള്‍  ഞാന്‍  ..  ഞാനിവിടെ.."
   അവന്റെ പിന്നില്‍ നിന്നും അയാള്‍ പേഴ്സ് വലിച്ചെടുത്തു ,കുറച്ചു ഇന്ത്യന്‍ രൂപയും മാറിയ റിയാലുകളും,ഇലക്ഷന്‍ ഐഡി കാര്‍ഡും..
     അവന്റെ തലയില്‍ അമര്‍ന്ന കാലിന്റെ ശക്തി അല്പം കുറഞ്ഞു,  മണ്ണില്‍ പുതഞ്ഞ കൈകള്‍ മുറുക്കി അവന്‍ പൂഴി വാരി മുന്നോട്ടു ആഞ്ഞെഴുന്നെറ്റതും   ,അറബിയുടെ തുറിച്ചു നിന്ന കണ്ണുകളിലേക്കു പൂഴി വലിചെറിഞ്ഞതും  ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.  ആഞ്ഞു തറച്ച മണല്‍ത്തരികളില്‍ കാഴ്ചയടഞ്ഞു പോയ അറബിയെ ആഞ്ഞു ചവുട്ടി, അയാള്‍ തുറന്നിട്ട കാറിന്റെ ഡോറിലൂടെ ഉള്ളിലേക്ക് വീണു..ലക്കില്ലാതെ കടാര വീശാന്‍ തുടങ്ങി..മറുവശത്തെ ഡോര്‍ തുറന്നു കുഞ്ഞുബാഗ് കൈക്കലാക്കി അവന്‍ തിരിഞ്ഞോടി..

                അവിടെങ്ങും  ഒരു മനുഷ്യജീവിയെയും കാണുവാനില്ല..ചുട്ടു പോള്ളുവാന്‍ തുടങ്ങിയ മണലാരണ്യം ദിക്കറിയിക്കാതെ അവനുചുറ്റും പരന്നു കിടക്കുന്നു.. പെട്ടന്ന് പിന്നില്‍ നിന്നും ഒരു സൈക്കിള്‍ ബെല്ലടിച്ചു കൊണ്ട് അവനെ കടന്നു നിന്നു..അവന്‍ നിശ്ചലനായി ..ശ്വാസഗതിയും   ഭീതിയും ചൂടും കൊണ്ട് അവന്‍ ചുവന്നു..പിന്നിലേക്ക്‌ വേച്ചു മാറി..
               "നീയെന്തിനാ ഓടുന്നെ..???"
  ദൈവമേ ആശ്വാസമായി..മലയാളി..മണലാരണ്യത്തില്‍ ദൈവം അവനു നല്‍കിയ ആദ്യ നിധി...പക്ഷെ താന്‍ മലയാളിയാണെന്ന് എങ്ങനെ ഇയാള്‍ക്ക് മനസ്സിലായി..??അറിയില്ല..പക്ഷെ ഇപ്പോള്‍ ..
       "നീയാ അറബിയെ ഇടിച്ചിട്ടിട്ട് ഓടിയതാ അല്ലെ? ,വേഗം ഇതിലേക്ക് കയറു."മറ്റൊന്നും ചിന്തിക്കാതെ അവന്‍ സൈക്കിളിലേക്ക് കടന്നിരുന്നു..പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുവാന്‍ മനസിലെ ഭയം അനുവദിക്കുന്നില്ല..
     അയാള്‍ ആഞ്ഞു ചവുട്ടി,സൈക്കിള്‍ വേഗത്തില്‍ മുന്നോട്ടു നീങ്ങി..
"ആ വഴിക്ക് ഒരു മുദീറുണ്ട്‌ (ധനികനായ യജമാനന്‍ ),അവിടെ ഫാമില്‍ സാധനം നല്‍കി തിരിച്ചു വരുമ്പോഴാ കാര്‍ കിടക്കുന്ന കണ്ടേ,അയാള്‍ അറബിയില്‍ തെറി വിളിക്കുന്നുമുണ്ട്,നോക്കുമ്പോള്‍ രംഗം പന്തിയല്ല,അപ്പോഴാ നീ ഓടുന്ന കണ്ടേ.." സൈക്കിള്‍ ചവുട്ടുന്നതിന്റെ കയറ്റിറക്കങ്ങള്‍ക്കിടയില്‍  അയാള്‍ പറഞ്ഞു.
          "എങ്ങോട്ട് പോകുവാനാ  അയാളുടെ കൂടെ ടാക്സിയില്‍ കയറിയേ?"
 " കേരള മാര്‍ക്കറ്റ്‌ .......ആ പേര്..ദൈവമേ..മറന്നു.." സ്ഥലത്തിന്റെ പേര് ഇത്ര വേഗം മറന്നു പോയതില്‍ അവന്‍ ആശ്ചര്യം പൂണ്ടു, ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍ നമ്പര്‍ തിരഞ്ഞു ,കാണുന്നില്ല..പേഴ്സും പോയി,ആകെയുള്ളത് ആ കുഞ്ഞു ബാഗാ ..
  "എന്ന് വെച്ചാല്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണോ?സ്ഥലം എങ്ങോട്ടാ?"സൈക്കിള്‍ യാത്രികന്‍  .
"ഞാന്‍ പുതിയ ആളാ,കയ്യിലുണ്ടായിരുന്ന പണവും അഡ്രസ്സും പോയി,ആ കാട്ടളനുമായുള്ള പിടി വലിയില്‍ .."നെഞ്ചിടിപ്പിന്റെ വേഗത അവന്റെ വാക്കുകളെ മുറിച്ചു..
                              അവര്‍ ഒരു പെട്രോള്‍ പമ്പിനുള്ളിലേക്ക് കടന്നു ,അയാള്‍ കെട്ടിടങ്ങള്‍ക്കു പിന്നിലേക്ക്‌ സൈക്കിള്‍ നിര്‍ത്തി, ഈച്ചകള്‍ പൊതിഞ്ഞു തിന്നുന്ന മലത്തിന്റെ ദുര്‍ഗന്ധം കാറ്റിലേക്ക് വേരുറപ്പിക്കുന്നു,ടിന്നുകളും പ്ലാസ്റ്റിക്‌ ബാഗുകളും കൊണ്ട് കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങള്‍ ..ഒരു ബോട്ടില്‍ വെള്ളം അയാള്‍ അവനു നല്‍കി,അത് കുടിചിറക്കുമ്പോഴേക്കും  ഹോണുകള്‍ തെരുതെരെ മുഴക്കി വലിയ ശബ്ദത്തോടെ രണ്ടു മൂന്നു വാഹനങ്ങള്‍ പമ്പിലേക്കു പാഞ്ഞു കയറി, കറുത്ത്   തടിച്ച പത്തോളം അറബികള്‍ പമ്പിലെ ജീവനക്കാരോട് അറബിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു...
                            "നിന്നെയാ തിരക്കുന്നെ...മറ്റവന്റെ ആളുകളാ, ഇങ്ങോട്ട് മറഞ്ഞു നില്‍ക്ക്.."
            കെട്ടിടങ്ങള്‍ക്കു വിടവിലൂടെ രംഗം വീക്ഷിച്ചു കൊണ്ട് സൈക്കിള്‍ യാത്രികന്‍ പറഞ്ഞു.
     "നീയിവിടെ നില്‍ക്കുന്നത് ആപത്താ,നിന്നെ കണ്ടാല്‍ ..ദൈവമേ.."
  ആ കാട്ടാളന്‍മാരെ  അവരില്‍ നിന്നും മറച്ചു കൊണ്ട് ഒരു ബസ്സ് വന്നു നിന്നു, എന്തോ ബുദ്ധി തോന്നിയ പോലെ അവന്റെ രക്ഷകന്‍ ,  ആ  സൈക്കിള്‍  യാത്രികന്‍ പെട്ടെന്ന് ബസ്സിനടുത്തെക്കു പോയി,വേഗത്തില്‍ തിരിച്ചു വന്നു,പോക്കറ്റില്‍ നിന്നും പത്തിന്റെ രണ്ടു റിയാലുകളെടുത്തു അവന്റെ കയ്യില്‍ പിടിപ്പിച്ചു,"പത്ത് റിയാല് ബസ്സില്‍ കൊടുക്കണം..പിന്നെ..അവിടെ ചെന്ന്..."
                 അപ്പോഴേക്കും ഹോണ്‍ മുഴക്കി ആ അറബികള്‍ ബസ്സിനടുത്ത് കൂടി ഒരു ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളുടെ അടുത്തേക്ക് പോയി, ആ ഇടവേളയില്‍ അയാള്‍ അവനെ ബസ്സിനകത്തേക്ക് തള്ളി വിട്ടു,അവന്റെ ഹൃദയമിടിപ്പ് ബസ്സിനുള്ളില്‍ മുഴങ്ങുന്നതായി അവനു തോന്നി,അതിന്റെ ശക്തി കൂടി ബസ്സിന്റെ കര്‍ട്ടനിട്ടു മറച്ചിരിക്കുന്ന കണ്ണാടി ചില്ലുകള്‍ പോട്ടുമോയെന്നവന്‍ ഭയന്നു.
   "ദൈവമേ എന്തൊരു ശിക്ഷ..'
      ഡ്രൈവറെ കാണുന്നില്ല, ബസ്സ് എന്താണാവോ പുറപ്പെടാത്തെ..
അവനെ തിരയുന്ന അറബികള്‍ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി പലവഴിക്കായി നടന്നു,അവരെ അനുഗമിച്ചു കൊണ്ട് വാഹനങ്ങളും..കര്‍ട്ടനിടയിലൂടെ പുറത്തേക്ക് കണ്ണ് നട്ടിരുന്ന അവന്റെ പുറകില്‍ , ആരോ തോളില്‍ തട്ടി,അവന്റെ കണ്ണില്‍ ഇരുട്ട് കയറി ,തീര്‍ന്നു ജീവിതം ഇവിടെ അവസാനിക്കുന്നു..
പ്രിയ ഉമ്മ,ബാപ്പ,പ്രിയപെട്ടവള്‍ ,സ്വപ്‌നങ്ങള്‍ ..എല്ലാം മനസ്സില്‍ കനലെരിഞ്ഞു നിന്നു..
             
                          "ടിക്കറ്റ്.."
ഡ്രൈവര്‍ അവന്റെ മുഖത്തേക്ക് നോക്കി ..ശ്വാസഗതിയും പരിസര ബോധവും പെട്ടെന്ന് തിരിച്ചെടുത്തു അവന്‍ പണം നല്‍കി,ബസ്സെടുത്തു..
ഭാഗ്യം ആ അറബികള്‍ കണ്ടിട്ടില്ല,അവന്‍ പിന്നിലേക്ക്‌ തിരിഞ്ഞു അവന്റെ രക്ഷകനെ നോക്കി,അയാള്‍ അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു..

വാഹനങ്ങള്‍ക്കിടയില്‍ വരയിട്ടു തിരിച്ച പാതയിലേക്ക് വേഗത്തില്‍ ആ വാഹനം നീങ്ങി..

                                                           ചൂട്,തിളയ്ക്കുന്ന സൂര്യന്‍ ,ദാഹം,വിശപ്പ്‌............ //.......     ....ശിരസ്സിലേറ്റ ചവിട്ടിന്റെ മരവിപ്പ് മാറിയിട്ടില്ല,മുഖത്തെ മുറിവുകള്‍ വിയര്‍പ് തട്ടുമ്പോള്‍ നീറുന്നു,കയ്യിലുണ്ടായിരുന്ന കാശിനു കുറച്ചു വെള്ളം വാങ്ങി കുടിച്ചു,ഭയം വറ്റിച്ചു കളഞ്ഞ വിയര്‍പ്പു കളങ്ങള്‍  നിറച്ചു..അവിടെ സാന്‍ഡ്വിച്ച് കഴിക്കുന്ന അറബികളെ കണ്ടു,അങ്ങോട്ടേക്ക് പോയി,രണ്ടെണ്ണം മതിയാകുമായിരുന്നില്ല,പക്ഷെ പണം..
                             
                          നിരത്തിലൂടെ അനുസരണയുള്ള കുട്ടികളെ പോലെ ഒന്നിന് പുറകെ ഒന്നായി നീങ്ങുന്ന വാഹനങ്ങള്‍ ..അതിനിടയിലൂടെ കടന്നു മറുവശത്ത് കണ്ട മസ്ജിദിലേക്ക് നടന്നു..ഒരു അഭയം കിട്ടുമെങ്കിലോ,ഭീതിയും ഭയവും ദൈവത്തില്‍ അര്‍പ്പിക്കാം , അല്ലാതെ ഇപ്പൊ ആശ്വാസിപ്പിക്കാന്‍ ആരാ..?ഒറ്റപ്പെടലുകളില്‍  മനസ്സില്‍ ഉണരുന്ന ആത്മീയതയും ഭക്തിയും മറ്റെല്ലാം മറക്കാന്‍ പ്രാപ്തമാകും..ഒന്നിരിക്കുവാന്‍ കഴിഞ്ഞെങ്കില്‍ . പുലര്‍ച്ചെ  വന്നതാണ് സ്വപ്നങ്ങളുടെ ഭാരവുമേറി..പ്രഭാത കര്‍മ്മങ്ങള്‍ പോലും നിര്‍വഹിച്ചിട്ടില്ല..
  പെട്ടെന്ന് നിരത്തില്‍  തുടരെ ഹോണടികള്‍ മുഴങ്ങി.. അവന്റെ ഉള്ളം പതറി,അടിവയറ്റില്‍ നിന്നും ഒരു മിന്നല്‍ പിണര്‍ ശിരസ്സിലേക്ക്  പ്രകംബനമുണ്ടാക്കി പാഞ്ഞു കയറി, അവന്‍ തിരിഞ്ഞു നോക്കി..ദൈവത്തിന്റെ മണ്ണില്‍ ശിക്ഷകള്‍ ഇനിയും തീര്‍ന്നില്ലെന്നോ...?
                ഒരു കാര്‍ റോഡിന്റെ മധ്യ ഭാഗത്ത്‌ സിഗ്നല്‍ വളയുംപോള്‍ നിന്നു പോയതാണ്,അവനു ആശ്വാസമായി..പിന്നിലെ വാഹനങ്ങള്‍ അതിനെ കടന്നു ഇരു വശത്ത് കൂടിയും പോകുവാന്‍ തിക്കിത്തിരക്കുന്നു, ആ കാറിനുള്ളിലെ  മനുഷ്യന്‍ പുറത്തിറങ്ങി അധികം വലിപ്പമില്ലാത്ത ആ വാഹനത്തെ റോഡിന്റെ ഒരു വശത്തെക്ക് തള്ളി മാറ്റുവാന്‍ ശ്രമിക്കുന്നു, നടക്കുന്നില്ല,കയ്യുയര്‍ത്തി പിന്നിലെ വാഹനങ്ങളിലേക്ക് ക്ഷമിക്കു എന്നാഗ്യം കാട്ടുന്നുണ്ട്..
                        അടുത്ത സിഗ്നല്‍ വീണു,ഏതോ ഉള്‍പ്രേരണയില്‍ അവന്‍ ഓടി ആ വാഹനത്തിനടുത്തെത്തി ,പിന്നില്‍ നിന്നും തള്ളി ഒരു വശത്തേക്ക് നിര്‍ത്താന്‍ അയാളെ സഹായിച്ചു.
വെളുത്ത കുപ്പായമിട്ട്,വെട്ടിയൊതുക്കിയ നരകയറിയ ദീക്ഷയും ,തിളക്കമേറെയുള്ള  കണ്ണുകളെ മറച്ച കണ്ണാടിയും,വെയില്‍  കൊണ്ട് തുടുത്തു ചുവന്ന കവിളുകളുള്ള അറബി,കാറ്റില്‍ അയാളില്‍  നിന്നും സുഗന്ധം പരക്കുന്നു ,വരകള്‍ വീണു തുടങ്ങിയ കൈകള്‍ അവനു നീട്ടി അയാള്‍ നന്ദി പറഞ്ഞു, പിന്നെ കുപ്പായത്തിന്റെ കീശയില്‍ നിന്നും കുറച്ചു റിയാലുകളെടുത്തു   കയ്യില്‍ പിടിപ്പിച്ചു,പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി, അയാള്‍ അറബിയില്‍ എന്തെക്കെയോ ചോദിച്ചു,കയ്യും തലയും കുലുക്കി അറിയില്ല എന്ന് ആംഗ്യം കാട്ടി മെല്ലെ അവന്‍ നടന്നു തുടങ്ങി,
  "പ്രിയ ഉമ്മ,ബാപ്പ,പ്രിയമുള്ളവളെ, എന്റെ വേദന നിങ്ങള്‍ക്കായി ഞാന്‍ പേറട്ടെ.."
                             
                                              തണല്‍ പറ്റി അറിയാതെ ഉറങ്ങിപ്പോയി..  ഉണരുമ്പോള്‍ നേരം സന്ധ്യയാകുന്നു,വേദനയും ക്ഷീണവും ഒറ്റപ്പെടലും അവനെ തളര്‍ത്തി,മസ്ജിദിന്റെ പുറകിലെ തിട്ട കെട്ടിയ വലിയ പനമരത്തിനു ചുവട്ടിലവന്‍ എഴുന്നേറ്റിരുന്നു..
   ആഴമേറിയ പരന്ന കടലുപോലെ ആഗ്രഹങ്ങള്‍ ,സ്വപ്‌നങ്ങള്‍ ..അതിനു മുകളില്‍ ഒരു കൊതുമ്പു വള്ളം പോലെ ജീവിതം..തുഴയുകയാണ്, ഒരുപക്ഷെ ഏതെങ്കിലും തുരുത്തോ ദ്വീപോ കണ്ടെത്താം,ചിലപ്പോള്‍ വന്‍കരകള്‍ വരെ..അവിടെ കാത്തിരിക്കുന്ന  സൗഭാഗ്യങ്ങള്‍  ഓര്‍ത്തു ആകാംഷയോടെ ചെല്ലുമ്പോള്‍ നരഭോജികളും,ക്രൂര മൃഗങ്ങളുമാണെങ്കിലോ ..??
                           അവന്‍ അടുത്ത് കണ്ട കടയിലേക്ക് നടന്നു ,ചൂണ്ടു വിരല്‍ ഉയര്‍ത്തി,ഒന്നെന്നു ആംഗ്യം  കാട്ടി പറഞ്ഞു
                                    "ചായ "
 ഭാഗ്യം ചായക്ക്‌ ഇവിടെയും അങ്ങനെ പറഞ്ഞ മതില്ലോ..
    പെട്ടെന്ന് പിന്നില്‍ നിന്നു ഒരു ചവിട്ടേറ്റ് അവന്‍ കമിഴ്ന്നു സിമന്റു തറയിലേക്കു വീണു,കയ്യുരഞ്ഞു മുഖമിടിച്ചു തോലുപോട്ടി ചോര വരാന്‍ തുടങ്ങി,എഴുന്നേല്‍ക്കാന്‍ തുടങ്ങും മുമ്പ് അറബിയില്‍ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് വീണ്ടും  ചവുട്ട്,അവന്‍ തറയില്‍ ഉരുണ്ടു തിരിഞ്ഞു,,നോക്കുമ്പോള്‍ ടാക്സി ഡ്രൈവര്‍ , ആ കാട്ടാളന്‍ അറബി ,അയാളുടെ ഒരു കണ്ണ് വെച്ചു കെട്ടിയിരിക്കുന്നു, കൂടെ രണ്ടു കാട്ടാളന്മാരും ,അവര്‍ ബട്ട് ( തലയില്‍ ധരിക്കുന്ന വളയം) എടുത്തു,അത് വട്ടത്തില്‍ ചുഴറ്റി അവനെ തലങ്ങും വിലങ്ങും അടിക്കുവാനും ചുറ്റി നിന്നും ചവുട്ടുവാനും ആക്രോശിക്കുവാനും തുടങ്ങി, ഒന്നും ചെയ്യുവാനാകാതെ അവന്‍ വാവിട്ടു കരഞ്ഞു,ശരീരം മുഴുവന്‍ നുറുങ്ങുന്നു ,തലയും മുഖവുമെല്ലാം മരവിച്ചു,ഒരു കണ്ണ് ചവിട്ടേറ്റു തുറക്കുവാനകാതെ നീര് കെട്ടി,മൂക്കില്‍ നിന്നും കുടു കുടാ ചോര ചാടുവാന്‍ തുടങ്ങി..അവനു ചുറ്റും  ആളുകള്‍ ഓടിക്കൂടി .
                                             
                  വെള്ളത്തുണിയില്‍ പൊതിഞ്ഞ അവന്റെ ജീവനറ്റ ശരീരത്ത്തിനരികെ  അവന്റുമ്മ നെഞ്ചുപൊട്ടി കരഞ്ഞു  ,ആശ്വസിപ്പിക്കാനാകാതെ അവന്റെ പെങ്ങന്മാരും ബന്ധുക്കളും..,മുസ്ലിയാര്‍ യാസീന്‍ ഓതി ദുആ  ഇരന്നു, വിഷാദത്തോടെ നാട്ടുകാര്‍ ആമീന്‍ ചൊല്ലി, നീല ടാര്‍പ്പളിനു കീഴില്‍  ജീവിത കാലം മുഴുവന്‍ ചുമടെടുത്തു തളര്‍ന്ന  അവന്റെ ബാപ്പ വിയോഗ ഭാരം താങ്ങാനാകാതെ ഇരിക്കുന്നു ,പള്ളിയിലേക്ക് എടുക്കും മുമ്പ് ഇനി ആരെങ്കിലും കാണുവാനുണ്ടോ  എന്ന് വിളിച്ചു ചോദിക്കുന്നു , 'ഉണ്ട്..അവള്‍ വരും..ഉണ്ട്..'പുറത്ത് വരാത്ത ശബ്ദത്തില്‍ അവന്റെ ആത്മാവ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു, പക്ഷെ അവള്‍ , അവന്റെ പ്രിയ സ്വപ്നം ,അവസാനമായി ഒരു നോക്ക് കാണുവാന്‍ ആകാതെ,വീട്ടുകാരുടെ ശകാരങ്ങള്‍ കേട്ട് നീറുകയായിരുന്നു,അവന്റെ ആത്മാവിന്റെ കരച്ചില്‍ കേള്‍ക്കാതെ രണ്ടു തട്ടായി വെട്ടിയ കബറിലേക്ക്  അവര്‍ അവനെ വെച്ചു..
                                                      മുഖത്തേക്ക് ആരോ വെള്ളം തളിച്ചു ..അവനൊന്നു ഞെട്ടി,കണ്ണ് മെല്ലെ തുറന്നു,

"പ്രിയ ഉമ്മ,ബാപ്പ,എന്റെ പ്രിയപ്പെട്ടവളെ എന്റെ ജീവന്‍ പോയിട്ടില്ല,ഇല്ല ഞാന്‍ മരിച്ചിട്ടില്ല,.."

                     ആകാംഷയും ,സന്തോഷവും എന്നാല്‍ ശരീരം മുഴുവന്‍ നീറുന വേദനയുമായി അവന്റെ കണ്ണില്‍ കാഴ്ചകള്‍ നിറഞ്ഞു ,തന്റെ തോളില്‍ ഉണ്ടായിരുന്ന  ചെറിയ ബാഗ്‌,അതെവിടെ? അവന്റെ  കണ്ണുകള്‍ പരതി,ചുറ്റും കൂടി നില്‍ക്കുന്നവരുടെ ഇടയില്‍ അത് മണ്ണ് തിന്നു കിടക്കുന്നു,അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചില്ല,ഇഴഞ്ഞു അതിനടുത്തേക്ക് നീങ്ങി,ഒരാള്‍ അതെടുത്തു നല്‍കി,മറ്റൊരാള്‍ അവനരികിലിരുന്നു ഒരു കുപ്പിയില്‍ നിന്നും വെള്ളം പകര്‍ന്നു കൊടുത്തു, അത് കുടിച്ചു കൊണ്ട് അവന്‍ ബാഗില്‍ പരതി, പാസ്പോര്‍ട്ട് ,സര്‍ട്ടിഫിക്കറ്റു പിന്നെ ആടുജീവിതം..അതൊന്നും  നഷ്ടപെട്ടിട്ടില്ല,ഭാഗ്യം
              ശരീരമാസകലം വേദന,നീര് കെട്ടിയ ഒരു  കണ്ണ് ഇനിയും നേരെ തുറക്കുവാന്‍  കഴിയുന്നില്ല,കാല്‍മുട്ടുകള്‍ കൈകള്‍ കൊണ്ട് ചേര്‍ത്ത് കെട്ടി അവന്‍ എഴുന്നേറ്റിരുന്നു, മുഖമുയര്‍ത്തി ആ കാട്ടാളന്മാരായ  അറബികളെ നോക്കി, അവരെ അമ്പാടും കഴുത്ത് ഞെരിച്ചു കൊല്ലുവാന്‍ അവനു തോന്നി..
         അപ്പോഴാണവന്‍  അത് ശ്രദ്ധിച്ചത്,ആ കാട്ടാളന്മാര്‍ക്ക് ചുറ്റും കൂടി നില്‍കുന്നവരില്‍ റോഡില്‍ പെട്ടുപോയി താന്‍ സഹായിച്ച അറബി അവരോടു സംസാരിക്കുന്നു,എഴുന്നെറ്റിരുന്ന  അവനെ കണ്ടു അയാള്‍ പെട്ടെന്ന് അടുത്തേക്ക്  വന്നു,അവന്ടടുത്ത് ഇരുന്നു,പാസ്പോര്‍ട്ട് എടുത്തു..നോക്കി വായിച്ചു.
        "ഷാനു ഷാജഹാന്‍ ,ഇന്ത്യന്‍ .." മരിച്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം പുനര്‍ജനിക്കുവാന്‍ പോകുന്ന  അവനു പുതിയ പേരും ദേശവും നിശ്ചയിച്ചു നല്‍കുന്ന ദൈവത്തിന്റെ സഹായിയായി ആ അറബിയെ അവനു തോന്നി..
 ചുറ്റിലും നിന്നവരില്‍ നിന്നും ഒന്ന് രണ്ടുപേരെ അയാള്‍ വിളിച്ചു,അറബിയില്‍ ചോദിച്ചതൊക്കെയും   മലയാളത്തിലേക്ക് മാറ്റി അവര്‍ സംസാരിച്ചു,
'കള്ളനെന്നു മുദ്രകുത്തിയാണത്രെ  അവര്‍ മര്‍ദ്ദിച്ചത് ,മോഷ്ടിച്ച പണം നല്‍കണം  പോലും..'
നടന്നതെല്ലാം കണ്ണീരോടെ അവന്‍ പറഞ്ഞു കേള്‍പ്പിച്ചു, തൊട്ടടുത്ത്‌ നിന്ന പോലീസുകാരോട് ആ അറബി എന്തൊക്കെയോ സംസാരിച്ചു,ആ കാട്ടാളന്മാര്‍ അപ്പോഴും വലിയ വായില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
  അയാള്‍ അവന്റെ കൈകളില്‍ പിടിചെഴുന്നെല്‍പ്പിച്ചു, അവനെയും കൂട്ടി കാറിനടുത്തെക്കു നീങ്ങി..

"പ്രിയ ഉമ്മ,ബാപ്പ,എന്റെ പ്രിയപ്പെട്ടവളെ..ഞാന്‍ സുരക്ഷിതനാണ്,ദൈവത്തിന്റെ കൈകള്‍ എന്നെ കൊരിയെടുത്തിരിക്കുന്നു,ഇനി നിങ്ങള്‍ക്കെന്റെ ശബ്ദം കേള്‍ക്കാം.."


                                                                                           




Monday, September 26, 2011

മുള്ളല്‍ക്കഥകള്‍

മുള്ളല്‍ക്കഥകള്‍ I 

         "എന്നാലിനിയൊരു  കഥവുര ചെയ്യാം..
           തുള്ളലിലല്ലിതു മുള്ളലിലാണ്..
           കാലം തെറ്റി കോലം തെറ്റി 
            ഇടവും തെറ്റി മുള്ളിയ കഥകള്‍ .."

 കഥ നടക്കുന്നത് അങ്ങ് കൊച്ചിയില്‍ , കായലിന്റെ അരികുപറ്റി വടിവൊത്ത മേനിയില്‍ കുളിര്കോരി കിടക്കുന്ന കൊച്ചിന്റെ ക്ഷമിക്കണം കൊച്ചിയുടെ ഉച്ചിയില്‍ തെറിച്ചു കിടക്കുന്ന പ്രതിഭകളുടെ കൂടാരമായ സരോവറില്‍ . 
                  
                            കഥാപത്രങ്ങള്‍ സോമരസം പകര്‍ന്നു cheers അടിച്ചു ലക്കില്ലാതെ ഇരിക്കുന്നു .
നമ്മുടെ നായക കഥാപാത്രം സരോവര്‍ മെസ്സിലെ ജീവനക്കാരനാണ് .പുള്ളിയെ പേരെടുത്തു വിളിക്കുന്നത്‌ ശരിയല്ലാ എന്നൊരു തോന്നല്‍ ,അപ്പൊ "മെസ്സന്‍ " എന്നൊരു പേര് കൊടുത്തേക്കാം .
                    നമ്മുടെ മെസ്സനും സഹമെസ്സന്മാരായ അയ്യപ്പ ബൈജു , ബിനീഷ് , ബിജു പിന്നെ വിനോദു മാഷും , t  d    -യും , ഗോവയില്‍ നിന്നും t  d   ഇറക്കുമതി ചെയ്ത മദ്യത്തിന്റെ ടേസ്റ്റ്' - "ടെസ്റ്റ്‌" ചെയ്യുന്ന സദസ്സാണ് . 
             
                  " അപ്പോഴേ പെരെന്തെന്നാ പറഞ്ഞെ..?? " മെസ്സന്‍ t  d    യോട് .
15 -)൦ തവണ പേര് പറയുന്ന വിഷമം ഉള്ളിലൊതുക്കി t  d   പറഞ്ഞു ..
                    " t  d    എന്ന് വിളിച്ചാല്‍ മതി .."
 മെസ്സന്‍ പൊട്ടിച്ചിരിച്ചു "ഹ ഹ ഹ.......... t  d    ഐ ലവ് യു ...വിനോദ് മാഷേ അടുത്ത കുപ്പി പൊട്ടിക്കൂ.."
വിനോദ് മാഷ് t  d   യുടെ മുഖത്ത് നോക്കി ,..t  d    മെസ്സന്റെ മുഖത്ത് നിന്നും കണ്ണ് എടുക്കുന്നില്ല..
സഹമെസ്സന്മാരില്‍ അയ്യപ്പ ബൈജു നാടന്‍ പാട്ടുപാടി തളര്‍ന്നു ശ്വാസം കിട്ടാതെ ജനാലക്കമ്പികളില്‍ ചുറ്റിപിണഞ്ഞു നിന്നു . കയ്യിലെ ഗ്ലാസ്സില്‍ മുറുക്കെ പിടിച്ചു തല കിഴുക്കാം തൂക്കായി ബിജു ഉറങ്ങി , ബിനീഷ് എന്തിനും പോന്ന പോരാളിയെ പോലെ അവസാന പെഗ്ഗില്‍ ഒരു ഷെയറ് കാത്തു ഇരിക്കുന്നു ..
  
മെസ്സന്‍ അലറി " എടൊ വിനോദേ..വയറു നിറച്ചു കുടിക്കണം എനിക്കിന്ന് ,t  d   വന്ന ദിവസമല്ലേ..മദ്യം എടുക്കെടോ..."
      
       സത്യത്തില്‍ ആദ്യമായിട്ടാ മെസ്സനെ t  d   കാണുന്നെ.. മദ്യപാന സദസ്സില്‍ മെസ്സന്മാര്‍ സര്‍വ്വ സാധാരണമാണ് , പിറ്റേന്ന് വെളുപ്പിന് പാചകത്തിന് പോകേണ്ടതിനാല്‍  ഒരു 2 മണിവരെയെ സദസ്സുണ്ടാകൂ .അതിനിടയില്‍ രാത്രി എപ്പോഴെങ്കിലും വിശന്നാല്‍ മെസ്സില്‍ പോയി പാചകം തുടങ്ങും,മെസ്സിന് പുറകിലെ 'ഔട്ട്‌ ഹൌസ്' എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന ഷെഡില്‍ തീറ്റയും കുടിയുമായി പിന്നെ കഴിഞ്ഞു കൂടും .അങ്ങനെയുള്ള ദിവസങ്ങളില്‍ സദസ്സ് കൂടുവാനുള്ള തീരുമാനമെടുക്കുന്നത് തന്നെ രാത്രി 9 മണിക്ക് ശേഷമാണ് .
             ഇതിപ്പോള്‍ നേരത്തെകൂടി എല്ലാം പ്ലാന്‍ ചെയ്തു തുടങ്ങിയതാണ്‌ , എന്നിട്ടും മദ്യത്തിന്റെ സ്ടോക്ക് തീര്‍ന്നു .
        വിനോദ് മാഷിന്റെ പഴയ പോളിസി പുതിയ കുപ്പിയില്‍ കയറി രംഗത്ത് വന്നു .

      "t  d   , മദ്യപാന സദസ്സില്‍ തൃപ്തിയാകാതെ ആരും പോകാന്‍ പാടില്ലാ  .."
  
  24 മണിക്കൂറും തുറന്നും അടഞ്ഞും പ്രവൃത്തിക്കുന്ന 'സദ്യ' ബാര്‍ തലയില്‍ ലഡ്ഡു പൊട്ടിച്ചു ..പിന്‍വാതില്‍ നിയമനം എന്നപോലെ കിളിവാതില്‍ കച്ചവടം നടത്തുന്ന അരുമയായ ബാര്‍ ' .
ബാറിന്റെ ഷട്ടറിനു പുറത്തുള്ള കിളിവാതില്‍ 11 മണിക്ക് ബാര്‍ അടക്കുമ്പോള്‍ തുറന്നു വരും .രാവിലെ ഷട്ടര്‍ തുറക്കുമ്പോള്‍ കിളിവാതില്‍ അടയും .കിളിവാതിലിലൂടെ എത്ര രൂപ നല്‍കിയാലും അതിനു സമവാക്യമായ കുപ്പി അല്‍പ സമയത്തിനകം എത്തും ..ബ്രാന്‍ഡ്‌ മാത്രം ചോദിക്കരുത് ..പലപ്പോഴും പേരും ..
                     ആരുടെയൊക്കെയോ ബൈക്ക് എടുത്തു ബിനീഷും t  d  യും പോയി വാങ്ങി വന്നു .അപ്പോഴേക്കും അയ്യപ്പ ബൈജു മുറിയുടെ ജനാലക്കമ്പികള്‍ വിട്ടു ഭൂഗുരുത്വാകര്‍ഷണത്തിനു വിധേയനായി സിമെന്റു തറയിലേക്കു നിലം പതിച്ചിരുന്നു .കിഴുക്കാം തൂക്കായ ബിജുവിന്റെ തല ഉറക്കം തൂങ്ങി പലതവണ മേശമേല്‍ തല്ലി അവസാനം മേശയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു കെട്ടിപ്പിടിച്ചു കിടന്നു .എങ്കിലും ആത്മാര്‍ത്ഥതയും ധീരതയും അപ്പോഴും താഴെ വീണു പോകാതെ മുറുക്കെ പിടിച്ച ഗ്ലാസ്സില്‍ തിളങ്ങി നിന്നു .

                  മെസ്സന്‍ ഏതോ തമാശകഥ വലിയ വായില്‍ വിനോദ് മാഷിനോട് പറയുന്നുണ്ട് .വിനോദ് മാഷ്‌ മറ്റേതോ തമാശകഥ മെസ്സനോടും ..കഥയുടെ ഇടവേളകളില്‍ രണ്ടുപേരും ആര്‍ത്തു ചിരിക്കുണ്ട്.. സ്വയം പര്യാപ്തത നേടിയ മദ്യപന്മാര്‍ !!!

                കൊണ്ടുവന്ന കുപ്പിയിലെ ബ്രൈറ്റ്ലൈറ്റ് അടിച്ചാലും മറുവശം കാണുവാന്‍ കഴിയാത്ത കറുത്ത ദ്രാവകം ഗ്ലാസ്സുകളിലേക്ക് പകര്‍ന്നു , വെള്ളം ഒഴിച്ച് എത്ര നേര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും നിറത്തിന് ഒരു മാറ്റവുമില്ല, "കരിഓയില്‍ " എന്ന വിശേഷണം തികച്ചും ചേരുന്ന സാധനം .

           സമയം വെളുപ്പിന് 4 -30  ആയി , H  m t  -യില്‍ സൈരെന്‍ മുഴങ്ങി .ഏതോ പുകയുടെ ആലസ്യത്തില്‍ ടി ഡി പായ വിരിച്ചു , പിന്നെ പായക്ക്‌ വെളിയില്‍ നല്ല സിമന്റ്‌ തറയില്‍ കിടന്നുറങ്ങി . t  d  -യുടെ മങ്ങിയ കാഴ്ചയില്‍ കസേരയുടെ ആകൃതി കൊണ്ട് മാത്രം ഇരിക്കുകയാണെന്നു പറയാവുന്ന 3 പേര്‍ ആടിയുലഞ്ഞു ..
           പച്ചപ്പ്‌ വിരിച്ച മലനിരകള്‍ക്കു ചുവട്ടില്‍ ഓടു  മേഞ്ഞ ഒരു കുഞ്ഞു വീട് .മഞ്ഞു വീണു ഉറഞ്ഞ  ചില്ലുജാലകങ്ങള്‍ക്ക് പുറത്ത് തെളിനീരോഴുകുന്നൊരു കുഞ്ഞരുവി ..
                         ആ ജാലകം തുറന്നു ..അത് ചുമരില്‍ തട്ടി ശബ്ദം ഉണ്ടാക്കി .."ടക്ക് "
 സിര്ര്ര്ര്ര്ര്‍ ..ബ്ലും ബ്ലും ..കുഞ്ഞോളങ്ങളില്‍ പ്രുകൃതിയുടെ മാസ്മരികത നിറഞ്ഞ പുഞ്ചിരി .

    'എന്താ ഒരു മൂത്ര നാറ്റം ..??ഏതേലും തല തിരിഞ്ഞവന്മാര്‍ പ്രുകൃതിയെ അശുദ്ധമാക്കിയോ ?"

                       t  d   മെല്ലെ കണ്ണ് തുറന്നു. ചെറിയൊരു പുകചിലോട് കൂടി രംഗം വ്യക്തമായി . 'ഓ സ്വപ്നമായിരുന്നോ ?' സൂര്യന്‍ ഉദിച്ചു കഴിഞ്ഞു ,അപ്പോഴാണ്‌ മുറിയുടെ വാതിലിനരികില്‍ ആരോ ആടിയാടി നില്‍ക്കുന്നത് കണ്ടത് .
     നോക്കുമ്പോ മെസ്സന്‍ ''' .വാതില്‍ ചാരി നില്‍ക്കുന്നു ...സിര്ര്ര്ര്ര്‍ ബ്ലും ബ്ലും 
                          നായ മുള്ളും പോലെ വാതില്‍ ചാരിനിന്നു മെസ്സന്‍ പരിപാടി കഴിക്കുന്നു . ബോധം തീരെ തൊട്ടു തീണ്ടാത്തതിനാല്‍ മെസ്സന്റെ ഉടുമുണ്ട് വഴി ചാല് കീറിയാണ്‌ യൂറിയ വെള്ളം "ബ്ലും ബ്ലും"!!! ";
             
        'ദൈവമേ അപ്പൊ ചില്ലുജാലകം തുറന്നിട്ട ശബ്ദം ഈ വാതില്‍ അടച്ചതാണോ ? ഉം ഉം കുഞ്ഞരുവി ഒഴുകിയിറങ്ങുന്നുണ്ട് ...എന്താ ഭാവന ..എന്താ സ്വപ്നം .." t  d  മനസ്സില്‍  ഓര്‍ത്തുകൊണ്ട്‌ ആഞ്ഞു വിളിച്ചു " ഡോ..."

   അടുത്ത് കിടന്ന വിനോദ് മാഷ്‌ t  d  യെ നോക്കിയിട്ട് 
" ശ്ശ്ശ് ..മിണ്ടല്ലെ ...കഴിയട്ടെ ..'

t  d  : സാറെ നിങ്ങളിത് നോക്കി രസിച്ചു കിടക്കുവാണോ ?

വിനോ.മാഷ് :  എടൊ പുള്ളി എഴുന്നേറ്റു കതകു തുറന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു .മെസ്സന്‍ തുറന്ന കതകു ചാരി കുറച്ചു നേരം നിന്നുറങ്ങി .പിന്നെ അകത്തു നിന്നു വാതിലടച്ചു .പുള്ളി വിചാരിച്ചു കാണും കതകു തുറന്നു ടോയിലെറ്റില്‍ എത്തിയെന്ന് .ഇപ്പൊ അടച്ചത് ടോയിലെട്ടിന്റെ കതകെന്നും .പിന്നെ അടച്ച കതകില്‍ ചാരി നിന്നു തുടങ്ങിയ പരിപാടിയാ ..
        
              t  d  ചാടിയെഴുന്നേറ്റു , മെസ്സനെ പിടിക്കാന്‍ അടുത്തേക്ക് അടുക്കുവാന്‍  ആകുന്നില്ല. 
ചുറ്റും മൂത്രപ്രളയം ഉണ്ടാക്കി  അതിനുള്ളില്‍ നില്‍ക്കുന്നു .മെസ്സന്‍ അവസാന തുള്ളിയും ഇറ്റിച്ചു, തിരിഞ്ഞു ടാപ്പ്‌ തപ്പുന്നു .ടാപ്പ്‌ കാണാത്ത വിഷമത്തില്‍ മെല്ലെ കണ്ണ് തുറന്നപ്പോള്‍ ദേ പായും തലയിണയും വിനോദ് മാഷും ...ഹോ ഇത്ര പെട്ടന്ന് മുറിയിലെത്തിയല്ലോ എന്നാ സന്തോഷത്തില്‍ മൂത്രക്കുളത്തില്‍ കുഞ്ഞുകുട്ടികളെ പോലെ യൂറിയ വെള്ളം തട്ടിത്തെറിപ്പിച്ചു വിനോദ് മാഷിന്റെ മുഖത്തും പരംബിലും  തളിച്ചു . പിന്നെ മാണ്ട് വീണു ഉറങ്ങി ..
t  d  : നല്ലതാ രാവിലെ പുണ്യാഹം മുഖത്തും മുറിയിലും തളിച്ചല്ലോ ..'#%!#

                        ഹാങ്ങ്‌ ഓവറും ഉറക്കവും മാറാത്ത വിനോദ് മാഷിന്റെ മുഖത്ത് അപ്പോഴുണ്ടായ ഭാവം ....ഹോ ...ആശ്ചര്യം തന്നെ..ഗംഭീരം ..

                             
             മുള്ളല്‍ക്കഥകള്‍ II 


 " ഇനിയൊരു കഥയുണ്ടത് കേട്ടാല്‍ 
   37  -നു തൊഴുകൈ നല്‍കും 
   മൂക്കിന്‍ തുമ്പില്‍ വിരലും വെക്കും .."

                         ആഗ്രഹങ്ങളും സ്വപ്നങ്ങളും ബുദ്ധിജീവി ചിന്താഗതികളും ചര്‍ച്ചയും പ്രണയവും അഭിനിവേശവും എല്ലാം എല്ലാം മദ്യത്തിനോട് മാത്രം തോന്നിയിരുന്ന സുവര്‍ണ്ണ മദ്യ നവോതഥാന കാലഘട്ടത്തിലെ ഒരു മഴക്കാലം . ദേശാടനപക്ഷികള്‍ ലീവെടുത്ത് കേരളത്തില്‍ നിന്നും ടൂര്‍ പോയിരിക്കുന്ന സമയം . വഴിതെറ്റി ബംഗ്ലൂരില്‍ നിന്നും ഒരു പക്ഷി  സരോവറില്‍ 37 - ന്റെ വാതില്‍ പഴുതിലൂടെ അകത്തു കടന്നു . വന്ന ദേശത്തെങ്ങും ബാര്‍ബര്‍ ഷോപ്പില്ല എന്നാ നഗ്ന സത്യം നീട്ടി വളര്‍ത്തിയ മുടിയിലും ദീക്ഷയിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു .

                    മേനോന്‍ കുട്ടി എന്ന് നമുക്കീ കഥാപാത്രത്തെ വിളിക്കാം ..

                  വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന പഴയ ഷാപ്മേറ്റിനോട് ഈ തണുത്ത പകലില്‍ ഒരു ഗ്ലാസ്‌ മുട്ടിച്ചു മനസ് പങ്കുവെക്കുന്ന സുഖം സ്വര്‍ഗീയാനുഭൂതികളില്‍ ഒന്നെന്നു തോന്നി . കുളിച്ചിട്ടും നനച്ചിട്ടും നാളുകളേറെ ആയങ്കിലും മേനോന്‍ കുട്ടിയില്‍ സൌഹൃദത്തിന്റെ സുഗന്ദം നിറഞ്ഞൊഴുകി . കെട്ടിപ്പിടിച്ചു ഒരുപാട് പറയാനുള്ള വ്യഗ്രതയില്‍ എവിടെ തുടങ്ങണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ദേ വരുന്നു വിനോദ് മാഷ്‌ . കഴിഞ്ഞ രാത്രിയില്‍ എവിടെയോ ട്വന്റി -8 മാച്ചു കഴിഞ്ഞു ക്ഷീണിച്ചു തലയില്‍ തോര്‍ത്തും കെട്ടി വരുന്നു .

വിനോദ്മാഷ്  : ഏതാട ഈ കാട്ടുവള്ളി ? തലയിലും മുഖത്തും  നിറച്ചു വള്ളിയാണല്ലോ ? ദേ t d  ഇവനെയൊന്നും ഇവിടെ പറ്റത്തില്ല..

മേനോന്‍ കുട്ടി : ഹ ഹ്  ഹ ഹ അയ്യോ മാഷേ ഇത് ഞാനാ, എന്നെ മനസിലായില്ല അല്ലെ ?
 ( ഗദ്ഗദം : അപ്പൊ നേരെ വീട്ടില്‍ പോകഞ്ഞത് നന്നായി ) എങ്ങനുണ്ട് എന്റെ മാറ്റം ??

വിനോ. മാഷ് .: ഹ നീയാ ? മാറ്റമല്ല നാറ്റം ..പോയി കുളിച്ചിട്ട് ഇതിനകത്ത് കടന്നാ മതി ..പോ പോ ..

                                     മേനോന്‍ കുട്ടി കുളിച്ചു തണുത്തു വിറച്ചു വെള്ളത്തില്‍ വീണ കോഴിയെ പോലെ എത്തിയപോഴേക്കും നമ്മടെ മെസ്സന്മാര്‍ 37  -ന്റെ  നടുമുറ്റത്ത് വട്ടം കൂടിയിരുന്നു . പരിചയം പുതുക്കലും പരിചയപ്പെടലും കഴിഞ്ഞപ്പോഴേക്കും ആദ്യ കുപ്പിയെത്തി ..

                                         വിറച്ചു ഇറ്റു വീഴുന്ന വെള്ളവുമായി നിന്ന മേനോന്‍ കുട്ടിയുടെ നെറുകയില്‍ നിന്നും നീരാവി ഊതിക്കൊണ്ടു അന്നനാളത്തിലൂടെ 'റം' പുഷ് - പുള്‍ ട്രെയിന്‍ പോലെ ഇരചിറങ്ങി ...നനഞ്ഞ തോര്‍ത്തുമുണ്ട് ഉണങ്ങും മുമ്പേ കുപ്പി കാലി .
                  ഒരു തുള്ളി മഴനീര് വീണു ജലദോഷം പിടിക്കാതിരിക്കുവാന്‍  വാത്സല്യം കൊണ്ട് മൂടിപ്പിടിച്ച  കുപ്പികള്‍ 37  - ല്‍ ഒഴിഞ്ഞു വീണുരുണ്ടു ...
                         
                           യാത്രയും ഇത്രയും നേരം പുഷ് പുള്‍ ട്രെയിനില്‍  കഷ്ട്ടപെട്ട ക്ഷീണവും മേനോന്‍ കുട്ടിയെ ആലസ്യത്തിലേക്ക്‌ ഉരുട്ടിയിട്ടു . കട്ടിലിലെ മൂട്ടകള്‍ റമ്മിന്റെ വീര്യമുള്ള രക്തത്തിനായി 
കടി പിടികൂടി .
                           സമയം വൈകുന്നേരം 4  മണിയാകുന്നു .മേനോന്‍ കുട്ടി നല്ല ഉറക്കം .ഉച്ചയൂണ് കഴിക്കാതെ സോമരസം പകര്‍ന്ന ഞങ്ങളുടെ വയറ്റില്‍ തീ നാമ്പുകള്‍ ..മേനോന്‍ കുട്ടിയെ കുലുക്കി വിളിച്ചിട്ടും ഒരു രക്ഷയുമില്ല ...വായും തുറന്നു കിടന്നുറങ്ങുവാ ..
       
                താഴെ മെസ്സില്‍ ക്ലാസ്സു കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ ചായ കുടിക്കനെത്തി, ഇവിടെ ചോറുണ്ണാന്‍ പോകുന്നേയുള്ളൂ  ..എന്താ വിധിവൈപര്യത്വം ..!!!
  
                  മുകളില്‍ 37  - ല്‍ മേനോന്‍കുട്ടി റമ്മിന്റെ മത്തില്‍ ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി , മുറിയുടെ ജാലകത്തിനു പുറത്തെ വലിയ തണല്‍ വൃക്ഷം മരം പെയ്തു നിന്നു . .            
സമയം നീങ്ങി ..മേനോന്‍ കുട്ടിക്ക് ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ അടിവയറിന്റെ അസ്ഥാനത്ത് നിന്നും യുറേക്കാ..യുറേക്കാ ..എന്നൊരു നിലവിളി ..
  "നാശം ഉറങ്ങുമ്പോഴാണോ  ഒരു മൂത്രശങ്ക .."

                         കണ്ണ് രണ്ടും തുറക്കാനുള്ള മടിയില്‍ മേനോന്‍ കുട്ടി ഒരു മിഴി പാതി വിടര്‍ത്തി ആടിയുലഞ്ഞു പ്രകാശം കണ്ട ഭാഗത്തേക്ക് നടന്നു ..
                                             " ഹെന്റമ്മേ .." വാതിലിനു പകരം തുറന്നിട്ട ജനാലയിലെക്കാ പുള്ളി നടന്നെ .. അവിടെ അരപോക്കത്തില്‍ ജനാലപ്പടിയിലെ പഠിപ്പു മേശമേല്‍ മേനോന്‍ കുട്ടിയുടെ യുറേക്ക തട്ടി ഉറീക്ക ആയി ..

                   നേരെ തിരിഞ്ഞു എങ്ങനെയോ വാതില്‍ തുറന്നു ഇടനാഴിയില്‍ എത്തി ..ക്ലാസ്സു കഴിഞ്ഞു വന്ന വിദ്യാര്‍ത്ഥികള്‍ 'തലേപിലെന്നും' പറഞ്ഞു പരക്കം പായുന്നു .ആകെ ട്രാഫിക്‌ ബ്ലോക്ക് .ബ്ലോക്ക് തീരട്ടെ എന്നു കരുതി മേനോന്‍ കുട്ടി വാതില്‍ ചാരി 37  -ന്റെ മുന്നില്‍ നിന്നുറങ്ങി .ചാരിയ വാതില്‍ മെല്ലെ പിന്നോക്കം പോയപ്പോള്‍ ഉണ്ടായ ചെറിയൊരു ബോധോതയത്തില്‍ 
" കുറെ നേരമായല്ലോ ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് ..! ടോയ്ലെറ്റ് എവിടെ ?" എന്ന വെളിപാടില്‍ പാതിതുറന്ന കണ്ണില്‍ പെട്ട വാതില്‍ തുറന്നു അകത്തു കയറി ..

                   "ഉം ഉം ..ടോയിലെറ്റൊക്കെ എന്താ പട്ടുമെത്ത പോലെ .? പൂസായത് കൊണ്ട് തോന്നുന്നതാകും..ആഹ ഹാ.."
         "ഒന്ന് നിര്‍ത്തുന്നുണ്ടോ ???"  യുറേക്കയോട് ചോദിയ്ക്കാന്‍ തല കുനിച്ചപ്പോള്‍ ദേ ഒരു dunlop  മെത്ത. " ഹ റൂമിന്റെ സെറ്റ് അപ്പ്‌ ആകെ മാറിയല്ലോ ?അപോ ടോയിലേറ്റ് സ്വപ്നമായിരുന്നോ?അതോ  ....??? ആ എന്തെലുമാകട്ടെ നല്ല ഉറക്കം .."മേനോന്‍ കുട്ടി ആ മെത്തയിലേക്ക് കമിഴ്ന്നു വീണു , സുഖമായുറങ്ങി ..

   മഴപെയ്തു മണ്ണില്‍ നീരുറവകള്‍ പൊട്ടി ..
   മുള്ളല്‍ പേമാരിയില്‍ dunlop മെത്തയില്‍ യുറിയ ഉറവകള്‍ കിനിഞ്ഞു പൊട്ടി ..
   താഴെ മെസ്സില്‍ ചായ കുടിക്കാന്‍ പോയ ആ റൂമിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചു വന്നു,ആ വര്‍ണ്ണ        മനോഹര കാഴ്ച കണ്ടപ്പോള്‍ ആ പാവം ഹിന്ദിക്കാരുടെ തലയില്‍ ഒരു ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി ..

       മുടി നീട്ടിവളര്‍ത്തി അലക്കാത്ത  ജുബ്ബയുമിട്ട് കമിഴ്ന്നു കിടക്കുന്ന മേനോന്‍ കുട്ടിയെ ആ ഹിന്ദിക്കാര്‍ക്കുണ്ടോ അറിയുന്നു ??ഏതോ പിച്ചക്കാരനോ  ഭ്രാന്തനോ മുറിയില്‍ കയറിയെന്നു കരുതി ആകെ ബഹളവും നിലവിളിയുമായി ..

                  ഇതൊന്നുമറിയാതെ ചോറ് കഴിച്ചു മഴയുടെ ഭംഗിയില്‍ മെസ്സിന്റെ ഔട്ട്‌ ഹൌസില്‍ ഞങ്ങള്‍ മുട്ടന്‍ കഥകള്‍ അടിചിരിക്കെ ഹോസ്ടലിന്റെ മുകളിലത്തെ നിലയില്‍ നിന്നൊരു കോലാഹലവും നിലവിളിയും ..ഓടി മുകളിലെത്തി നോക്കുമ്പോള്‍ ഇടനാഴിയില്‍ 37 - ന്റെ മറുവശത്തുള്ള റൂമിലേക്ക്‌ വിദ്യാര്‍ഥി  സമൂഹം ഉറ്റു നോക്കുന്നു .ഞാന്‍ 37 - ന്റെ വാതില്‍ തുറന്നു നോക്കി , മേനോന്‍ കുട്ടിയെ കാണ്മാനില്ല.. 
കൂടിനിന്നവരെ മാറ്റി അടുത്ത മുറിയിലെത്തിയപ്പോള്‍ 2 - 3  ഹിന്ദി പയ്യന്മാര്‍ വിനോദ് മാഷിനോട് ഹിന്ദിയില്‍ എന്തെക്കെയോ വെച്ചലക്കുന്നു .അതുകേട്ടു കുടിച്ച പൂസിറങ്ങി കണ്ണ് തളളി വിനോദ് മാഷും മെസ്സന്മാരും .. അപ്പോഴാണത് കണ്ണില്‍ പെട്ടത് അവരുടെ മുറിയുടെ തറയില്‍ ഇട്ടിരുന്ന മെത്തയില്‍ മേനോന്‍ കുട്ടി കമിഴ്ന്നു കിടന്നുറങ്ങുന്നു , വളരെ  ശാന്തനായി.. .. ബെഡില്‍ നിന്നും അപ്പോഴും വെള്ളം ഇറ്റിറ്റു പുറത്തേക്ക് ഒഴുകുന്നു ..റൂമില്‍ വല്ലാത്ത വാട..

                         ഹിന്ദിക്കാരെ ഒരു വിധത്തില്‍ മലയാളത്തിലും മുറി ഹിന്ദിയിലും എന്തെക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി ,നടന്നില്ല,വിട്ടു തരുന്ന ഭാവമില്ല..പിന്നെ നമ്മടെ പച്ച മലയാളത്തില്‍  നീട്ടി  #**&$%##***%#$  പറഞ്ഞങ്ങു ഒതുക്കി .. 
                     മേനോന്‍ കുട്ടിയുടെ നടുവിന് ചവുട്ടി  വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ല. അവസാനം ഞങ്ങളെല്ലാരും കൂടി പൊക്കിയെടുത്ത് പായ വിരിച്ചു 37  -ല്‍ കിടത്തി .

                   അന്ന് രാത്രിയില്‍ പുതിയ മെത്തയും തലയിണയും ഷീറ്റും ഹിന്ദിക്കാര്‍ക്ക് നല്‍കാന്‍ വാങ്ങി റൂമില്‍ തിരിച്ചു എത്തുമ്പോഴേക്കും മേനോന്‍ കുട്ടി ഉറക്കമെഴുന്നേറ്റു. ആ ഹിന്ദിക്കാര്‍ മുറിയിലുണ്ടായിരുന്ന സമയമാണ്  മേനോന്‍ കുട്ടിയുടെ അതിക്രമമെങ്കിലോ എന്നാലോചിച്ചു പോരുമ്പോള്‍  പുള്ളി ആശ്ചര്യത്തോടെ ചോദിക്കുവാ ..
    "കൊള്ളാലോ സാറേ മെത്തയോ ? ഓ എനിക്കിതൊന്നും വേണ്ടായിരുന്നു ..ഈ കാശിനു 2 കുപ്പി വാങ്ങായിരുന്നില്ലേ ??

കുറിപ്പ് : സത്യം എത്ര പറഞ്ഞിട്ടും മേനോന്‍ കുട്ടിക്ക് വിശ്വാസമായില്ല ,പിന്നെ അവന്‍ കളങ്കപ്പെടുത്തിയ മെത്തയില്‍  ആ സത്യം ദര്‍ശിച്ചു മണത്തറിഞ്ഞു ..പിന്നെന്താ പുകില്‍ .. ക്ഷമ പറച്ചില്‍ ..നിങ്ങള്‍ ക്ഷമിചില്ലേല്‍ മുറി വിട്ടു പോകത്തില്ല എന്ന ഘട്ടം വന്നപ്പോള്‍ അവര്‍ തിരിച്ചു കാലുപിടിച്ചു..