Sunday, March 10, 2013

കാഴ്ചയിലേക്കുള്ള ദൂരം .. (കഥ)

മുന്നൊരുക്കം  .. 



പ്രിയ ഇസഹാഖ് ,

                      ആ കണ്ണുകളുടെ തീക്ഷ്ണത എന്നെ വേട്ടയാടുന്നു ,  നിങ്ങള്‍ അടുത്തുണ്ടാകുന്ന  സമയം ഞാന്‍ പറയേണ്ടുന്ന കാര്യങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞു ..

                                                                                                           മീര  .


                                                ഒരു ന്യൂസ്‌ പേപ്പര്‍ ഫോട്ടോയിലാണ് മീര ആദ്യമായി അയാളെ കാണുന്നത് ,ഏതോ സമര മുഖത്ത് തീക്ഷ്ണമായ നോട്ടമെറിഞ്ഞു നില്കുന്ന  ചെറുപ്പക്കാരന്‍ . ആ നോട്ടം മീരയില്‍ വീഴ്ത്തിയ ചെറിയ മുറിവ് ,പിന്നീട് നിരന്തരം കുത്തിനോവിക്കുന്ന നീറ്റലായി മാറുകയായിരുന്നു .പേരുപോലും അറിയാത്ത അയാള്‍ , അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നതു അവിടെ നിന്നുമാണ് ..  പിന്നീടു ദിനപത്രങ്ങള്‍ അവള്‍ സ്ഥിരമായി മറിച്ചു  നോക്കി .
                               നാളുകള്‍ക്കു ശേഷം  25 -)o  പിറന്നാളിനു,  സപ്ലിമെന്റില്‍ അയാളുടെ   ഫോടോയുമായി  വന്ന ഒരു നാലുവരി കവിത ,അതിനു കീഴില്‍  ഇസഹാഖ് എന്ന പേരും .
                  ആ ഫോട്ടോയും കവിതയും അവള്‍ കണ്ണാടിയുടെ അരികില്‍ ചേര്‍ത്ത്   വെച്ചു  , തന്റെ മുഖത്തോടൊപ്പം ചേര്‍ത്തു കാണുവാന്‍ .
                    പലപ്പോഴും പലയാവര്‍ത്തി ആ കവിത വായിച്ചുവെങ്കിലും അതോര്‍ത്തെടുക്കുവാന്‍ പലപ്പോഴും വളരെ കഷ്ടപെട്ടു .ചിലപ്പോള്‍ ആദ്യ വരി മാത്രം , അല്ലെങ്കില്‍ ഇടയില്‍ നിന്ന് ഒരു വരി ..  അത്ര മാത്രമായി ആ കവിത മനസ്സില്‍ കിടന്നു ..

ഒരുപാടു ചിന്തകള്‍ക്കൊടുവിലാണു  മീര പത്രത്തിന്റെ എഡിറ്റിങ്ങ് ഡെസ്കിലേക്കു ഇസഹാഖിന്റെ പേരില്‍ അങ്ങനെ ഒരു കത്തയച്ചത്   ..

                                                                  ...........................


       "കാണുന്ന സ്വപ്നങ്ങളെ പിന്നീട് കണ്മുന്നില്‍ യാഥാര്‍ത്യമായി കാണാറുണ്ടോ മീര ?ചില സ്ഥലങ്ങള്‍ ,സംഭവങ്ങള്‍ ,മുഖങ്ങള്‍ കാണുമ്പോള്‍    ..  അവ്യക്തമായി മുമ്പെങ്ങൊ  ഞാനിതു സ്വപ്നത്തില്‍ കണ്ടിരുന്നല്ലോ എന്നു തോന്നും .. ഉണര്‍ന്നാല്‍ കഴിയാത്തതു പിന്നീട്  ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നതു അതുമായി സാദൃശ്യമുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് ..  അതിനെ കുറിച്ചു  പറഞ്ഞെങ്കിലും ആരും അതത്ര കാര്യമായിട്ടെടുക്കുന്നില്ല , അതു കൊണ്ടാകണം വിശ്വാസയോഗ്യമല്ലാത്ത ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസു തന്നെ വേണ്ടന്നു വെച്ചത് .. "

                              ഇസഹാഖ്,  മീരയുടെ മുഖത്തേക്കു നോക്കി ..


               എത്ര ശരിയാണ് .... എന്റെ  സ്വപ്നങ്ങളുടെ അവസ്ഥയും മറിച്ചല്ല ..

മീര , പറയുവാന്‍ തുനിഞ്ഞെങ്കിലും നാവിന്‍ തുമ്പില്‍ നിന്നും വാക്കുകള്‍ ഓര്‍മ്മകളായി മനസിലേക്ക് തിരിചൊഴുകി   ..

                    മീര  ഒരു സ്വപ്ന ജീവിയാണെന്ന്  അവളുടെ അമ്മ എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു , ഒട്ടുമിക്ക  പെണ്‍കുട്ടികളെയും പോലെ അമ്മയായിരുന്നു അവളുടെയും ഏറ്റവും അടുത്ത സുഹൃത്ത്‌  .വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞിരുന്ന നാളുകളില്‍ കാണുന്ന സ്വപ്നങ്ങളെ കുറിച്ചും അവള്‍ വാചാലയാകുമായിരുന്നു ,അന്തം വിട്ടു വായും പൊളിച്ചു അവര്‍ അതു  കേട്ട് നില്‍ക്കും , പിന്നെ പറയും
" ചുമ്മാ ദൈവ വിചാരമില്ലാതെ ഉറങ്ങാന്‍ കിടന്നിട്ടാ , നന്നായിട്ടു പ്രാര്‍ഥിചിട്ടു വേണം എന്നും കിടക്കാന്‍ ... "
         ചിലപ്പോഴെല്ലാം മീര  കണ്ട സ്വപ്‌നങ്ങള്‍ ഫലിക്കുമ്പോള്‍ നെഞ്ചില്‍ കൈ വെച്ച് അവര്‍ ദൈവത്തെ സ്തുതിക്കും " ദൈവം മോളുടെ കൂടെയുണ്ട് .. എപ്പോഴും .. കണ്ടോ , വരാന്‍  പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കാട്ടുന്നെ .. !! "

                      കാലം കടന്നു പോയപ്പോള്‍ അമ്മയോട് പറയേണ്ടതും , അല്ലാത്തതുമായ കാര്യങ്ങള്‍ മീര  വേര്‍തിരിച്ചു .
അത് അറിഞ്ഞുകൊണ്ട്  എവിടെയും തൊടാത്ത ഒരു ഒറ്റമൂലി പ്രയോഗത്തിന്റെ പരിഭവത്തില്‍ അവര്‍ പറയും  " എനിക്കെല്ലാം മനസിലാകുന്നുണ്ട് !!

 എത്ര പെട്ടെന്നാണ് മനസിന്റെ ചിറകുകള്‍ നമ്മെയും കൊണ്ട് ഓര്‍മ്മകളുടെ , പ്രതീക്ഷിക്കാത്ത തുരുത്തുകളില്‍ പോയി മടങ്ങുന്നത് ..

                       ടൂറിസത്തിന്റെ പറുദീസയായ ഗോവയുടെ ഹൃദയത്തിലൂടെ ഒഴുകി വന്നിണ  ചേരുന്ന മണ്ടോവി ,സുവാരി നദികളുടെ സംഗമ സ്ഥാനത്താണ്‌ ഡോണ പോള എന്ന ചെറിയ പാര്‍ക്കും , അതിനു മോടികൂട്ടുന്ന ചെറിയ കുന്നും  . തീരത്തുനിന്നും വേറിട്ട്‌ നില്‍ക്കുന്ന അവിടേക്ക് നടപ്പാലം നീണ്ടു കിടക്കുന്നുണ്ട്  .
                              ഗോവയിലെ ഒരു പോര്‍ച്ചുഗീസ് വൈസ്രോയിയുടെ  പ്രിയപ്പെട്ട മകളായിരുന്നു "ഡോണ പോള " ..  അവള്‍ ഒരു മുക്കുവ യുവാവുമായി  അഗാധ പ്രണയത്തിലായി  , മനസുകളെ അകലാന്‍ വേണ്ടി മാത്രമായുള്ള സാമൂഹിക നീതികളെ കാറ്റില്‍ പറത്തി  , ജീവിതത്തില്‍    ഒന്നിക്കുവാന്‍ ആകാതെ മരണമേറ്റു വാങ്ങി  പ്രണയം വിജയിപ്പിച്ച കമിതാക്കള്‍ . അവരുടെ  ഓര്‍മ്മയും പേരുമാണ് ഈ പ്രദേശത്തിന്  .

                                 അവര്‍ കണ്ടുമുട്ടിയത് മുതല്‍ ആഴിയിലേക്കു താഴ്ന്നു പോകും വരെ നിശബ്ദം മാറോടു ചേര്‍ത്ത് സ്നേഹിച്ച, ഇന്നും അവരുടെ ഓര്‍മ്മകളുടെ പ്രതിമകള്‍ പേറുന്ന  ഒരു വെറും മൊട്ടകുന്ന് ..
ആ കുന്നിന്‍ മുകളിലെ ബെഞ്ചില്‍ ഇരുളിനെ കീറിമുറിച്ചു ദൂരെ നിന്നും പടരുന്ന  ഹീലിയം ലൈറ്റുകളുടെ മങ്ങിയ  പ്രകാശത്തിന്‍ കീഴില്‍ അവരിരുന്നു
                     
                       കാലമേറെ കടന്നു പോയി
                       പാദങ്ങളിന്നും ഉപ്പുവെള്ളമേറ്റും
                        മുഖമെന്നും ഉപ്പുകാറ്റെറ്റും
                        കണ്ണുകള്‍ പൂട്ടാതെ കാല്പാടുകള്‍
                        പേറി , ഉരഞ്ഞും ഉതിര്‍ന്നും
                        പകുതിയും ശോഷിച്ചും
                        ഇന്നുമവശേഷിപ്പൊരു പ്രണയത്തിന്‍ -
                        പ്രതീകമായി ..
   മീര ആശ്ചര്യപെട്ടു .. ഈ കുന്നിന്‍ മുകളില്‍ വന്നിരിക്കുമ്പൊഴെല്ലം ഈ കഥ ഓര്‍ക്കാറുണ്ട്,പക്ഷെ ഇത്ര പെട്ടെന്ന് ഒരു കവിത തന്റെ നാവില്‍ എങ്ങനെ പിറന്നു ..നിമിഷ  കവിയായി രൂപാന്തരം പ്രപിച്ചുവോ  ??
            ഇയാള്‍ ..തന്റെ  അരികില്‍ ഇരിക്കുന്ന ഇസഹാഖ് എന്ന പുരുഷന്‍    .. അയാളുടെ സാമീപ്യം ആകണം  ശാസ്ത്രത്തോട്‌ സന്ധി ചെയ്തു ലാബുകളില്‍ വിഹരിക്കുന്ന മനസിനെ ഈയൊരു തലത്തില്‍ എത്തിച്ചത് ...
           
                     അവളുടെ ചിന്തകളെ മുറിച്ചുകൊണ്ട് ഇസഹാഖ് തുടര്‍ന്നു


" സമര മുഖങ്ങളാണ് ഒരിക്കല്‍ എന്നെ ഏറ്റവും ഭയപ്പെടുത്തിയിരുന്നത്‌ ,  പക്ഷെ ഇപ്പോള്‍ എനിക്കേറ്റവും ഇഷ്ടം സമരങ്ങളാണ് ,അല്ല അത് ഒരു തരത്തില്‍ യുദ്ധങ്ങള്‍ തന്നെയാണ് . ഒരു പ്രത്യയ ശാസ്ത്രത്തിലും ,പ്രസ്ഥാനത്തിലും ഞാന്‍ കലൂന്നിയല്ല നില്കുന്നത് .  എന്റെ പ്രത്യയ ശാസ്ത്രം , സമരങ്ങള്‍ എല്ലാം മനുഷ്യന് വേണ്ടിയാണ് .  അനേകം  സമരങ്ങളില്‍ ഞാന്‍ പങ്കാളിയായി ,ഏതു  കൊടിയുടെ  കീഴില്‍ എന്ന് ഞാന്‍ നോക്കിയില്ല ,അവരുടെ ലക്‌ഷ്യം മാത്രമായിരുന്നു എന്റെ ആശയം .Freedom, justice , Honor , duty, mercy  അങ്ങനെ നിരവധി ..
 as paulo said "it's soldiers, they know they could die at any moment .. and that's why , for them , life is one long celebration .. " .. ഫ്ലാസ്കില്‍ മിക്സ്‌ ചെയ്ത റഷ്യന്‍ വോഡ്ക ഇസഹാഖ് ഒരു കവിള്‍  കൂടി കുടിച്ചു
           
          കാറ്റിനു തണുപ്പേറിയിട്ടും ,ഇസഹാഖിന്റെ രക്തത്തിന് ചൂട് കുറഞ്ഞിരുന്നില്ല .
ഗോവയുടെ രാത്രികള്‍ എപ്പോഴും തണുത്ത കാറ്റുമായി എങ്ങു നിന്നോ വന്നു ചേര്‍ന്ന അതിഥികളെ സ്വീകരിക്കുവാന്‍ വെമ്പി നില്കും . ആ കാറ്റ് നിലക്കാതെ അവരെ തഴുകി കൊണ്ടേയിരുന്നു .
       
                             ഇസഹാഖ് എന്ന ഒരേയൊരു ഓമന പുത്രനെ ദൈവത്തിനായി അര്‍പ്പിക്കാന്‍ ബലിപീOത്തിലേക്കു നയിച്ച പിതാവിന്റെ  കഥ മീര ഓര്‍ത്തു . ലോകത്തെ വിഖ്യാതമായ 2 മത ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപെടുന്ന പേര് . ഏതു  മതത്തിലാണ് അയാളുടെ വിശ്വാസമെന്ന് ചോദിക്കുവാന്‍ പക്ഷെ  മീര ധൈര്യപെട്ടില്ല . അയാള്‍ ആരെന്നോ ,എന്തെന്നോ മീരക്ക് വ്യക്തമായി അറിയില്ല ,അയാളുടെ മനസ്സില്‍ അണയാത്ത തീക്കനലുകള്‍ ആവോളം അവശേഷിക്കുന്നു എന്ന് മാത്രം അറിയാം , ഒരു വാള്‍ തലപ്പു പോലെ തിളങ്ങുന്ന , മൂര്‍ച്ചയേറിയ , തീക്ഷ്ണമായ കണ്ണുകള്‍ ..
                   
                                 ഉയര്‍ന്ന ശമ്പളത്തിലെ ജോലിക്കും ,അതിലൂടെ സ്വന്തം സുഖ സൗകര്യങ്ങളും  മാത്രം ലക്‌ഷ്യം വെച്ച് ജീവിക്കുന്ന ഒരു തലമുറയിലൂടെ നടന്നു പോകേണ്ട മനുഷ്യനാണ് ,പക്ഷെ തലയ്ക്കു പിടിച്ച വിപ്ളവ  ചിന്തകളാണ് ജോലിയുപേക്ഷിച്ചു , അദ്ധ്യപനത്തിലെക്കു തിരിയാന്‍ അയാളെ പ്രേരിപ്പിച്ചത് . പിന്നീടങ്ങോട്ട് യാത്രകളും , പോരാട്ടങ്ങളും ആയിരുന്നു വഴി നിറയെ .. മനസു  നിറയെ ..  ചെഗുവേരയെ അഗാധമായി ആരാധിക്കുന്ന , ആഗ്രഹങ്ങള്‍ക്കു പിന്നാലെ പോകുന്നവരെക്കാള്‍ സ്വപ്‌നങ്ങള്‍ തേടിപ്പിടിക്കാന്‍ ത്യാഗങ്ങള്‍ നേരിടുന്ന ഒരു ചെറുപ്പക്കാരന്‍ .
                        തെറ്റുകളെ തിരുത്താതെ , ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്നു  കരുതി പിന്തിരിഞ്ഞു നടക്കുന്നവരുടെ കൂട്ടത്തില്‍ തിരിഞ്ഞു നിന്ന ഒരാള്‍ .. കൈയും ,ശബ്ദവും , നെഞ്ചുമുയര്‍ത്തിയ  , ഒരു തന്റേടി   .  അത്രയുമാണ് അയാള്‍ ആഗ്രഹിച്ചത് ..
                                             follow your dreams , it only cost risk ..
                               
             അയാളുടെ നീണ്ട വാക്കുകള്‍ക്കിടയില്‍ അവള്‍ ഗ്രഹിച്ചതു  ഇത്ര മാത്രം ..
                       
                   ഇസഹാഖ് തുടര്‍ന്നും സംസാരിച്ചു കൊണ്ടേയിരുന്നു   .. " ജീവിതത്തിലെ , ഒരു ദിവസത്തിലെ ഏതാനും മിനിട്ടുകള്‍ മാത്രം ചുറ്റുപാടിനായി ,സമൂഹത്തിനായി മാറ്റിവെക്കുവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെങ്കില്‍ ഈ ലോകത്തിനു ഉണ്ടാകേണ്ട മാറ്റം മീരക്ക് ഊഹിക്കാനാകുമോ ?? "

  " എന്റെ ലോകം ചെറുതാണ് ഇസഹാഖ് , വലിയ കാര്യങ്ങളും ,ലോകവുമൊന്നും ഒരിക്കലും എന്റെ കണ്മുന്നില്‍ വന്നിട്ടില്ല ,നമുക്ക് ചെറിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാം .. പുതിയ സിനിമകളെ കുറിച്ചോ , നിങ്ങളുടെ യാത്രകളെ പറ്റിയൊ ,ഈ ദിവസത്തെ പറ്റിയോ .."

പലയാവര്‍ത്തി ഇസഹാഖിന്റെ സംസാരത്തിനിടയില്‍ ഇടപെട്ടു ഇത്രയും പറയാന്‍ അവള്‍  ആഗ്രഹിച്ചു .
 ഇത്തരം കാര്യങ്ങളൊന്നും ഗ്രഹിക്കാനുള്ള താല്പര്യം മീരക്കുണ്ടായിരുന്നില്ല  ,എന്നാലും ഇടമുറിയാതെ ഇസഹാഖ് സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിനിടയില്‍ ഒരു താല്പര്യകുറവ്  പ്രകടിപ്പിക്കാനോ, പലപ്പോഴും ശ്രദ്ധിക്കുവാനോ ,  മറുത്ത് എന്തെങ്കിലും പറയാനോ അവള്‍ക്കു   കഴിഞ്ഞില്ല .

                         താന്‍ പറയുന്നത് മീരക്ക് ദഹിക്കുന്നുണ്ടോ എന്നൊരു സംശയം ഇസഹാഖിനും തോന്നി, ഒരു പെണ്ണിനോട് അടുത്തിടപഴകുവാന്‍ ലഭിക്കുന്ന അവസരത്തില്‍ എന്ത് കാര്യങ്ങളാണ്‌ പറയേണ്ടതെന്നറിയാത്ത ഒരുപാട് പേരില്‍ ഒരാളായി .. പിന്നെ തനിക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറയുക ,അത് വിരസമാണെങ്കിലും , നിശബ്ദതയെക്കാള്‍ ശബ്ദങ്ങളാണ് നല്ലതെന്ന തോന്നലാണ് ഇസഹാഖിന്റെ മനസ്സില്‍ നിലനിന്നത് .

                  അയാള്‍ തുടര്‍ന്നു  ..
       
            "ടിയര്‍ ഗ്യസുകളും ,ഗ്രനേഡുകളും ,റബ്ബര്‍ ബുള്ളറ്റുകളും ലാത്തിയും എന്റെ ശരീരത്തെ മുറിപ്പെടുത്തി , പക്ഷെ ഈ ഹൃദയത്തെ തൊടുവാന്‍ ,തോല്പിക്കുവാന്‍ വേദനിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല .
                             ഇസഹാഖ് ഇടതു നെഞ്ചിലേക്ക് വലം കൈ ചേര്‍ത്തു പറഞ്ഞു , അയാളുടെ   നെഞ്ചിന്റെ അപ്പോഴുള്ള താളം ചെവിയോര്‍ത്തു കേള്‍ക്കുവാന്‍ മീര  ആഗ്രഹിച്ചു .
                             ഇടതു നെഞ്ചിനു മുകളില്‍ ഹൃദയത്തിന്റെ ചൂടേറുന്ന  കൈപത്തിക്ക് മുകളില്‍ അവള്‍ മുഖം ചേര്‍ത്തുവെങ്കിലെന്നു ഇസഹാഖും .
                 അവരുടെ കണ്ണുകള്‍ കുറച്ചു സമയം പരസ്പരം  കോര്‍ത്തു നിന്നു .

               അകലെ അറബിക്കടലിനോട് ചേര്‍ന്ന വാസ്കോയിലെ തുറമുഖത്തു നിന്നും രാത്രിയുടെ നെഞ്ചിലേക്കു ആഴ്ന്നിറങ്ങി വേരുകള്‍ പടര്‍ത്തി, പാറിവീഴുന്ന  പ്രകാശത്തില്‍ ,ആ കുന്നിന്‍ മുകളില്‍ , അതിഥികള്‍ക്കായി ഒരുക്കിയ ബെഞ്ചില്‍ ,  അടുത്തിരിക്കുന്ന ഇസഹാഖിന്റെ കൈകളിലും മുഖത്തും ഉണങ്ങാതെ അവശേഷിക്കുന്ന മുറിവുകളില്‍ മീര വേദനയോടെ നോക്കി ..
           
              ഡോണയും അവളുടെ പ്രിയതമനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആസ്വദിച്ച ആ തണുത്ത കാറ്റിനെ മീരയും ഇസഹാഖും അറിഞ്ഞു ..  ചൂടേറിയ ഒരുപാട് നിശ്വാസങ്ങള്‍ പേറിയെങ്കിലും തണുത്തു വിറങ്ങലിച്ച കാറ്റ് അവരുടെ ശ്വസനാളങ്ങളില്‍ കുളിരേറിയ ശുദ്ധ വായു നിറച്ചു .
                     
         "മീരക്ക് ഈ തണുപ്പു ശീലമാണോ ..? " ചോദിക്കണമെന്ന് ഇസഹാഖ് ഒരുപാട് വട്ടം ആഗ്രഹിച്ചു . പക്ഷെ അവളുടെ സാമീപ്യം .. അതു മനസ്സില്‍ ഇപോഴുണ്ടാക്കുന്ന സുഖം ..
                 
                          " നമുക്ക് ഇവിടം വിട്ടു പോകാം " എന്നവള്‍ പറഞ്ഞാല്‍ ....

സ്ത്രീകളോട് എന്നല്ല പുരുഷന്മാരോട് പോലും അമിതമായ ഒരു സുഹൃത്ത് ബന്ധം അയാള്‍ക്കുണ്ടായിരുന്നില്ല , ഉള്ളതു നിലനിര്‍ത്താന്‍ കഷ്ടപ്പെടാറില്ല ,യാത്രകളിലാണ് ..   ആ ദിനങ്ങളില്‍ ഒന്നാണ് മീരയുടെ കത്ത്  പോസ്റ്റ്‌ ബോക്സില്‍ വന്നു കിടന്നത് ..
                     
                        മാസങ്ങളോളം ആ കത്തിലെ വരികള്‍  ഇസഹാഖിന്റെ  മനസ്സില്‍ തെളിഞ്ഞു കിടന്നു . ലഹരി തലയ്ക്കു പിടിച്ച ഒരു രാത്രിയില്‍ ഇരുളു  മൂടിയ മുറിയിലേക്ക് അരണ്ട വെളിച്ചം വീഴ്ത്തുന്ന ജനാലകള്‍ തുറന്നിട്ടു , പ്രകൃതിയുടെ രാത്രി സഞ്ചാരികളെ തൊട്ടറിഞ്ഞു അടുക്കും ചിട്ടയും ഒട്ടുമില്ലാത്ത മേശയിലിരുന്നു അയാള്‍ മറുപടി എഴുതി ..

 മീര  ,

                   നിന്റെ വിശുദ്ധി എന്റെ കണ്ണുകളെ നനയ്ക്കില്ല എങ്കില്‍ ഞാനതു  കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു
             
                                                                                                 ഇസഹാഖ് .

   പോസ്റ്റ്‌ ചെയ്തു കഴിഞ്ഞ ശേഷമാണു ആ കത്തിലെ 'വിശുദ്ധി ' എന്ന വാക്ക്  ഓര്‍മ്മ വന്നത്, പെണ്ണിന്റെ വിശുദ്ധിക്കായി അഗ്നി ശുദ്ധി വരുത്തിയ ഭാരതമാണ്‌ .. പക്ഷെ  മനസിനെയാണ് സങ്കല്പിച്ചത് എന്ന് ഇനി തിരുത്താന്‍ ആകുമോ ?

     പക്ഷെ മീരയില്‍ ആ വാക്ക് ചലനങ്ങള്‍ ഉണ്ടാക്കിയില്ല ,അവള്‍ തിരിച്ചെഴുതി .

 " നിങ്ങളുടെ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലെ  ഒരു ദിവസം ഞാന്‍ ആവശ്യപ്പെടുന്നു,വളരെ വിചിത്രമാണ് എന്നറിയാം,പക്ഷെ നിവൃത്തിയില്ല "
 
  ഇസഹാഖ് ആകാശത്തിലേക്കു മുഖമുയര്‍ത്തി പറഞ്ഞു   " എന്റെ ഓരോ രാത്രികള്‍ക്കും ഓരോ സ്വാദാണ് , ചിലത് സമര പന്തലിലെ ആഹാരം കഴിച്ചു ഉറങ്ങും ,ചിലപ്പോള്‍ ലഹരി പിടിച്ച തലയുമായി ഏതെങ്കിലും  സിമന്റു തറയില്‍ ,ചിലപ്പോള്‍ ഓടികൊണ്ടെയിരിക്കുന്ന ട്രെയിനില്‍ , ചിലപ്പോള്‍ .. അതങ്ങനെ ആണ് ..  ഈ ലോകത്തെ സര്‍വ ജീവനുകളും ഇണയെ തേടുന്ന പോലെ ഒരു സ്ത്രീയുടെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചുവെങ്കിലും ശരീരങ്ങള്‍ മാത്രമാണു ലഭിച്ചത് .."
         
     " ശരീരങ്ങള്‍ " എന്ന വാക്ക് ചെറിയ മുള്ളുകള്‍ പോലെ കുത്തി നോവിച്ചു കൊണ്ട്  മീരയുടെ മനസ്സില്‍ ആവര്‍ത്തിച്ചു കേട്ടു  ..പക്ഷെ നേരിനെ നേരായി പറയുന്ന മനസിനെ അവള്‍ കണ്ടു .

                 അയാള്‍ തിളങ്ങുന്ന കണ്ണുകളെ മീരയുടെ മിഴികളില്‍ ലയിപ്പിച്ചു പറഞ്ഞു

"ഇപ്പോള്‍ , ഈ നിമിഷം   ഞാന്‍ സ്നേഹമുള്ള മനസിന്റെ സാമീപ്യം അറിയുന്നു , വളരെ ആഴത്തില്‍   "

ഒരു യോദ്ധാവിന്റെ രക്തത്തിനും ശബ്ദത്തിനും ഇത്രയും നിര്‍മ്മലമാകുവാന്‍ കഴിയുമെന്നവള്‍ തിരിച്ചറിഞ്ഞു ..
                               
                                  പിന്നെ അതിയായ സന്തോഷത്തോടെ ഓര്‍ത്തു ..  " അപ്പോള്‍ എന്റെ സാമീപ്യത്തില്‍ ഇയാള്‍ സന്തോഷിക്കുന്നു "                      

                     സ്കൂള്‍ കാലഘട്ടത്തിലെയും  ,കലാലയ ജീവിതത്തിലെയും എല്ലാ പ്രണയങ്ങളും മീര  മനസ്സില്‍ സൂക്ഷിച്ചിരുന്നു ,ചില മുഖങ്ങള്‍ മറന്നു പോയെങ്കിലും ആരുടേയും പേരുകള്‍ മറന്നിട്ടില്ല, ആ ചുറ്റുപാടിന്റെ ,പ്രണയം മനസ്സില്‍ നില നിന്ന കാലത്തിന്റെ വായുവിലെ ചൂട് ഇന്നും അവള്‍ക്കു ഓര്‍മ്മയുണ്ട് ..
                    ജീവിതത്തില്‍ ഒരാളോട് മാത്രം പ്രണയം തോന്നുക എന്നത് ഒരിക്കലും നടപ്പുള്ള കാര്യമല്ല എന്ന് മീര വിശ്വസിച്ചു . ഒന്നിലധികം പേരോട് അഗാധമായ ഇഷ്ടം തോന്നാം .. ചിലപ്പോള്‍ ഒരേ സമയം .. പക്ഷെ അത് തെറ്റാണു , പാപമാണ് എന്നൊക്കെ കണ്ടു പിടിക്കപെട്ടിടുണ്ടത്രേ , ആരാണ് ആ  മഹാന്‍ എന്നുള്ളത് മാത്രം ലോകത്തിനിതുവരെ അറിയില്ല , അങ്ങനെ പ്രണയം തോന്നാതിരിക്കണം  എങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് പല സൈക്കൊളജിസ്റ്റുകളും , ചിന്തകരും കുറിച്ച് വെച്ചു ,അവരുടെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായതിനു ശേഷം മാത്രം ആകണം അവര്‍ക്കും മറിച്ചു  ചിന്തിക്കാന്‍ കഴിഞ്ഞത് ..
                 
                                            ജീവിതത്തിന്റെ ഓരോ പടിയിലും ഒരാണ്‍ കുട്ടി വീതം മീരയെ പ്രണയിച്ചു ,ചിലരെയൊക്കെ അവള്‍ തിരിച്ചും ,അഗാധമായ സ്നേഹവും ,വാത്സല്യവും , കാമവും മനസ്സില്‍ നിറഞ്ഞു കൂടിയിടുണ്ട് , എങ്കിലും ഓട്ടോഗ്രാഫുകളിലും ,നോട്ടുബുക്കിന്റെ പേജുകളിലും , എഴുതി തീര്‍ത്ത സ്നേഹത്തിനപ്പുറം പിന്നീട് ആരും ജീവിതത്തിലേക്ക് കടന്നു വന്നിരുന്നില്ല , പലപ്പോഴും കണ്ടില്ല എന്ന് നടിച്ചു , അതാണ് സത്യം . വഴി പിരിഞ്ഞു പോയ ജീവിതത്തിലേക്ക് അവള്‍  ആരെയും തിരഞ്ഞു പോയതുമില്ല .
           പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു പുരുഷനെ ആഗ്രഹിച്ചത്‌ , അയാള്‍ തന്റെ അരികില്‍  കണ്ണുകളിലേക്കു അദൃശ്യമായ ചലനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .

                       മീര മെല്ലെ ഇസഹാഖിന്റെ നെറുകയില്‍ ചുണ്ടുകള്‍ അമര്‍ത്തി  .

ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമായിരുന്നു അവളുടെ പെരുമാറ്റം , എന്തിനിപ്പോള്‍ താന്‍ അത് ചെയ്തു എന്ന് മീര ആശ്ചര്യപെട്ടു .പിന്നെ  പരിസര ബോധം വീണ്ടെടുത്ത് പെട്ടെന്നെഴുന്നേറ്റു .
                                 
  " നമുക്ക് നടക്കാം " ഇസഹാഖില്‍ നിന്നൊരു മറുപടിക്കായി കാത്തു നില്‍ക്കാതെ മീര നടന്നു തുടങ്ങി    ..

                     കാറ്റ്,  ആ കുന്നിന്‍ മുകളിലെ വൃക്ഷത്തലപ്പുകളെ കൂസാതെ അവരുടെ ശരീരങ്ങളെ പിടിച്ചുലച്ചു ,ചുറ്റിവരിഞ്ഞു ,പിന്നെ കായലിനു കുറുകെ ആഞ്ഞു വീശി , തണുപ്പ് കൂടിയിരിക്കുന്നു, അതോ, വളരെ മുമ്പേ ഇത്രയും തണുപ്പുണ്ടായിരുന്നോ ? ഈ നേരം വരെയും കാറ്റിനെയോ തണുപ്പിനെയോ  കുറിച്ചോര്‍ത്തിരുന്നില്ല ,  ഇടക്കോര്‍മ്മ  വന്നിരുന്നെങ്കിലും സൂചിപ്പിച്ചില്ല .. അതിനു മുതിര്‍ന്നില്ല . ഒരു കൈത്തലത്തിന്റെ ദൂരത്തില്‍ മാത്രം ഇരുന്ന 2 ശരീരങ്ങളിലെ പഞ്ചേന്ദ്രിയങ്ങളും ,തെല്ലൊരു ഞെട്ടലോടെ,  ഓരോ ചലനങ്ങളിലും  , ഓരോ വാക്കുകളിലും  ,  പരസ്പരം മുഴുകി , അങ്ങനെ...  അങ്ങനെ ... രാത്രിയുടെ വിജനത ആസ്വദിക്കുകയായിരുന്നു . അവിടെ അറിയാതെ ഉയര്‍ന്ന ശരീരോഷ്മാവ് അവര്‍ക്കു ചുറ്റും മറ്റൊരു വലയം സൃഷ്ടിച്ചിരുന്നു .

   വരണ്ട ചുണ്ടുകള്‍ നാവു കൊണ്ട് നനച്ചു , കൈകള്‍ നെഞ്ചോടു ചേര്‍ത്തു കെട്ടി അവള്‍ കുന്നിനു മുകളില്‍ നിന്ന് ചെരിവിലൂടെ കെട്ടിയ പടികള്‍ ഇറങ്ങി .
                 
           പടികള്‍ ഇറങ്ങുമ്പോള്‍ മീരയുടെ  മനസു  നിറയെ ചെയ്തു പോയതിനെ കുറിച്ചു ഇസഹാഖ് എന്തു  വിചാരിക്കുമെന്ന ചിന്തയായിരുന്നു , " ദൈവമേ  , ഏതു  ദുര്‍ബല നിമിഷത്തിലാണോ അങ്ങനെ ചെയ്യാന്‍   .. ."
 
 ജീവിതം എത്ര വിചിത്രമാണ് , ഒരു പ്രത്യേക ആകര്‍ഷണം ഉള്ള മനുഷ്യന്‍ , അങ്ങനെ തോന്നിയ ആരാധനയാണ് ഒരിക്കല്‍ കണ്ടുമുട്ടണം എന്ന ആഗ്രഹത്തിലേക്ക് നയിച്ചത് .. പിന്നെ കുറച്ചു സമയം കൂടെയുണ്ടാകണം എന്നായി .. പിന്നെ അടുത്തറിയണം .. ഇപ്പോള്‍ ഒരു പക്ഷെ, ഒരിക്കലും ഈ ബന്ധം അറ്റു പോകാത്ത വിധം ഇണക്കി ചേര്‍ക്കണമെന്നായിരുന്നു . ഇതേ അഗ്രഹങ്ങളുമായിട്ടാണോ അയാള്‍ ഇവിടെ വന്നതു എന്ന് ചോദിച്ചില്ല , പക്ഷെ തന്റെ കൂടെയുള്ള ഒരു ദിവസം എന്ന ആവശ്യം അയാള്‍ പരിഗണിച്ചിരിക്കുന്നു , .. ആ സമയത്താണ് ചാടിക്കയറി ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നിയതു  ..
                 തിരിച്ചു കിട്ടുക എന്നല്ലാതെ തിരിചെടുക്കാനാകാത്ത സ്നേഹം ..... അതു  തെറ്റായിപ്പോയോ  ?? "
 
      അവള്‍ കായലിനെ മുറിച്ചു തീരവുമായി ബന്ധിപ്പിക്കുന്ന നടപ്പാതയില്‍  എത്തി .. കൂട്ടുകാരുമായി ഒരുപാടു  വട്ടം അവിടെ മുമ്പും വന്നിരുന്നു എങ്കിലും , നിലത്തു പാകിയിരുന്ന തറയോടുകളുടെ ആകൃതി അപ്പോഴാണ്‌ ശ്രദ്ധിക്കുന്നത് ,  ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ ഓരോ തറയോടിലും  അവള്‍ ചുവടു വെക്കുവാന്‍ ശ്രമിച്ചു ..
               
                        വീണു ചിതറുന്ന വഴിവിളക്കിന്റെ പ്രകാശം തെളിഞ്ഞും ഒളിഞ്ഞും ചിത്രം വരച്ച മീരയുടെ ശരീര വടിവുകളില്‍ ഇസഹാഖിന്റെ കണ്ണുകള്‍ ഒഴുകി വീണു , ഒരിക്കലും അങ്ങനെയൊന്നു പാടില്ല എന്ന  ചിന്തയാല്‍ അയാള്‍ നോട്ടം മററെവിടെക്കോ തിരിച്ചു , പക്ഷെ കണ്ണുകളെ ചലിപ്പിക്കുന്ന മാംസ പേശികള്‍ക്കു തലച്ചോറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ പലപ്പോഴും ഉത്സാഹം കൂടുതലാണല്ലോ ..
           " കാണരുതേ .. എന്ന തോന്നലുണ്ടാകും മുമ്പേ മിഴികള്‍ അതിനെ ഒപ്പിയെടുത്തിരിക്കും ..
          അങ്ങനെയല്ലേ ??  , പുരുഷന്റെ കണ്ണുകള്‍ക്കു  സ്ത്രീയുടെ മുഖത്തേക്കു മാത്രമായി നോക്കുവാന്‍  കഴിയുമോ ??
                            കഴിയണം .. മാംസമല്ല മനസ്സാണു കാണേണ്ടത്  ..

           തണുപ്പിനു  കൂടുതല്‍ ശക്തിയാര്‍ജിച്ചിരുന്നു  , പക്ഷെ ഇസഹാഖിന്റെ നെറ്റിതടത്തില്‍ , മീരയുടെ ചുണ്ടുകള്‍ പതിഞ്ഞ ഭാഗം മാത്രം ചൂടു  മാറാതെ മരവിച്ചു , ശരീരത്തിലെ ഓരോ അണുവും ആ ഭാഗത്തേക്ക്  ശ്രദ്ധിക്കുന്നത് പോലെ ..

 അയാളുടെ സാമീപ്യം പിന്നില്‍ തന്നെയുള്ളതവള്‍  തിരിച്ചറിഞ്ഞു ..  മീരയുടെ ശരീരത്തിനു വീണ്ടും ചൂടു  കൂടുന്ന പോലെ ..
             
                  കണ്ണുകളെ നിയന്ത്രിക്കുവാന്‍ അയാള്‍ കുറച്ചു കൂടി വേഗത്തില്‍ നടന്നു .. അവളുടെ ഒപ്പമെത്തി ..
                                              നടപ്പാതയിലെ വഴിവിളക്കുകള്‍ ഇരുട്ടിനെ അകറ്റാന്‍ നന്നായി പാടുപെടുന്നുണ്ട്.  ഇരു വശത്തും ഉയരത്തില്‍ ഘടിപ്പിച്ച വഴിവിളക്കുകളുടെ പ്രകാശം അവരുടെ നിഴലിനെ അടുത്തേക്ക് ചേര്‍ക്കുകയും , കുറുകി ഒന്നാക്കുകയും , പിന്നെ വേര്‍പിരിച്ചു അകലങ്ങളിലേക്കു നീട്ടുകയും ചെയ്തു ..   ഒരു പ്രകാശത്തിന്റെ നിഴല്‍ അകലുമ്പോള്‍ മറ്റൊരു പ്രകാശത്തില്‍ ആ നിഴലുകള്‍ ഒന്ന് ചേരുകയായിരുന്നു ..  ആ നിഴലുകള്‍ അവരുടെ മനസ് തന്നെയായിരുന്നില്ലേ ? .
                     
                                          ആ നടപ്പാതയിലെ  അവസാന ലൈറ്റ് അവരുടെ നിഴലുകളെ അകറ്റി നീളം കൂട്ടികൊണ്ടെയിരുന്നു  .

               പാര്‍ക്കിംഗ് ഏരിയ കഴിഞ്ഞു കയറ്റത്തിലേക്ക്  വളഞ്ഞു പോകുന്ന റോഡിന്റെ ഒരു വശത്തു റിസോര്‍ട്ട്കളാണ് , ഓഫ് സീസണ്‍ ആയതിനാല്‍ ഉള്ളിലേക്കുള്ള പ്രകാശങ്ങള്‍ നന്നേ കുറവായിരുന്നു , പക്ഷെ മുന്നിലെ ബോര്‍ഡുകളില്‍  ഫാന്‍സി ലൈറ്റുകള്‍ മിന്നി അണഞ്ഞു കത്തുന്നുണ്ടായിരുന്നു ..
                  മറുവശത്തു കടല്‍ത്തിരകള്‍ വന്നു മുട്ടുന്ന തീരത്തു ഇരുളില്‍ മയങ്ങിക്കിടങ്ങുന്ന മുക്കുവ കുടിലുകള്‍ .. അവിടേക്ക് നോക്കി ഇസഹാഖ് പറഞ്ഞു ..
         
                        "ഇതു കാണുമ്പോള്‍ പഴയ ഗോത്രങ്ങളാണ്  ഓര്‍മ്മ വരുന്നത് .. മറ്റുള്ള എല്ലാ സാമൂഹിക നിയമങ്ങള്‍ക്കും അതീതമായി അവര്‍ക്കു മാത്രം എന്നായി ഒരു അലിഖിത നിയമം നില നില്‍ക്കുന്നുണ്ടാകും ,  കുടിലുകള്‍ക്കിടയിലെ കൂട്ടങ്ങള്‍ക്കിടയില്‍ അവര്‍ ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും , ശിക്ഷിക്കുകയും , രക്ഷിക്കുകയും ചെയ്യുന്നുണ്ടാകണം .. ബൊളീവിയന്‍  കാഴ്ചപാട് പോലെ ..
                    ഒരു പെണ്ണിനു ഒരാണു മാത്രം എന്ന വ്യവസ്ഥ സമൂഹത്തിനിടയില്‍ ഇന്നു നിലനില്‍ക്കുവാന്‍ കാരണം എന്താണെന്നു മീരക്കറിയുമോ ??
           മീരയുടെ മുഖത്തെ അപ്പോഴത്തെ ഭാവങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ലൈറ്റിന്റെ അരണ്ട പ്രകാശം നന്നേ കഷ്ടപെട്ടു  ..
            നിശബ്ദതയെ തകര്‍ത്തു കൊണ്ട് ഇസഹാഖു പറഞ്ഞു

 " ഗോത്ര വര്‍ഗങ്ങള്‍ പണ്ട് ഒരു പുരുഷന് ഒരു സ്ത്രീ മാത്രമാണെന്ന് ഒരു കര്‍ശന നിയമം മുന്നോട്ടു വെച്ചു , പെറ്റു   പെരുകുന്ന തലമുറകളെ ഉള്‍കൊള്ളുവാനുള്ള വസ്ത്രം , ആഹാരം ,പാര്‍പ്പിടം എന്നിങ്ങനെ  ശേഷി കുറഞ്ഞപ്പോഴാണ് അവര്‍ അങ്ങനെ ചിന്തിച്ചത് ..
അവര്‍ക്കിടയില്‍ നില നിനിരുന്ന അവിഹിത ബന്ധങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ ജീവനുകള്‍ ബലി കൊടുത്തു , ദൈവ കൊപമെന്നു പറഞ്ഞു ഭയപ്പെടുത്തി . ആ ഭയം തലമുറകള്‍ കൈമാറി , പിന്നീട് വന്ന പുരോഗമന ചിന്താഗതികള്‍ പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായ ബന്ധം മാത്രമല്ല നിലനിര്ത്താനാകുക , അവരുടെ ശരീരങ്ങളുടെ മറു പുറത്ത് ഏതൊരു മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വം ആകാമെന്ന് തിരിച്ചറിഞ്ഞു .. പ്രണയം ദൈവീകമാണ്‌ , പാപമല്ല .. പാപം എന്ന വാക്ക് കണ്ടു പിടിച്ചത് മനുഷ്യനാണ് .. "

  " ഹോ .. പിന്നെയും വലിയ വലിയ കാര്യങ്ങള്‍ .. " പക്ഷെ  ചിലപ്പോഴൊക്കെ തോന്നാറുണ്ട്, സമൂഹം വിലക്കിയ ചില കാര്യങ്ങള്‍ .. അങ്ങനല്ല എങ്കില്‍ കൂടി, പാപമെന്നു മുദ്രകുത്തപെട്ട കാര്യങ്ങള്‍ ..   ,  മനസ്സില്‍ ചിന്തിച്ചു തുടങ്ങുമ്പോള്‍ ഫുള്‍ സ്റ്റോപ്പ്‌ ഇടുന്ന ഇത്തരം കാര്യങ്ങള്‍ മറ്റൊരാള്‍  പറഞ്ഞു കേള്‍ക്കുമ്പോള്‍ ,  അങ്ങനെ ചിന്തിച്ചത് തെറ്റല്ല എന്ന ആശ്വാസം .. ഒരു പക്ഷെ ഇയാളുടെ ഈ ചിന്താഗതികള്‍ തന്നെയാകണം ചിറകുകള്‍ സ്വതന്ത്രമാക്കുവാന്‍ കൊതിക്കുന്ന തന്നെ ഒരുപാട് ആകര്‍ഷിച്ചത് ..നമ്മുടെ മനസ്സുകള്‍ ഒരേ പാതയിലാണ് സഞ്ചരിക്കുന്നതു  ഇസഹാഖ് ..
         
                            മീര , അയാളുടെ വിരലുകള്‍ കോര്‍ത്തു പിടിക്കുവാന്‍ അതിയായി ആഗ്രഹിച്ചു .. നടക്കുന്നതിനിടയില്‍ അറിയാതെ അവളുടെ കാലുകള്‍ അയാളോടടുത്തു . കൈകള്‍ മെല്ലെ അടുപ്പിച്ചു .. ഇസഹാഖ് പിന്നെയും എന്തെക്കെയോ പറയുന്നു ..  അവളുടെ ശ്രദ്ധ മുഴുവന്‍ പക്ഷെ ഒന്നു ചേര്‍ക്കാന്‍ പോകുന്ന വിരലുകളില്‍ ആയിരുന്നു .. കാന്തിക വലയത്തിലെന്നപോലെ അവര്‍ വളരെയടുത്തു കൊണ്ടേയിരുന്നു , കൈകള്‍ക്കു മുമ്പേ പക്ഷെ തോളുകള്‍ ചേര്‍ന്നുരുമ്മി , ഒരു ഞെട്ടലോടെ അവര്‍ വീണ്ടും തെല്ലകലെക്കു നീങ്ങി നടന്നു , പിന്നെയും അതേ പ്രതിഭാസം ,
ആ കാന്തിക മണ്ഡലത്തിന്റെ സയന്‍സ് എന്തെന്നൊരു നിമിഷം അവളോര്‍ത്തു .. " ദൈവത്തിനു മാത്രമറിയാവുന്ന പ്രതിഭാസമെന്നു " ഉത്തരവും നല്‍കി ..

 ഇടമുറിഞ്ഞു പോകുന്ന ചിന്തകളും ഇടമുറിയാത്ത വാക്കുകളും പ്രതീക്ഷകളും ചേര്‍ത്തു നടന്നു തീര്‍ത്ത വഴികള്‍ അവരെ, മീരയുടെ കൊട്ടെയ്സ് നില്‍ക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട്  വക റസിഡന്‍ഷ്യല്‍ കോളനിയുടെ മതില്‍   കെട്ടിനുള്ളിലെത്തിച്ചു . ഇരു നിലകളും  3 നിലകളിലുമായി തീര്‍ത്ത , കുടുംബങ്ങളും, വിദ്യാര്‍ത്ഥികളും തിങ്ങി പാര്‍ക്കുന്ന  അവിടെ , ധമനികള്‍ പോലെ ഓരോ കെട്ടിടത്തെയും യോജിപ്പിക്കുന്ന ഇലകള്‍ വീണു നിറഞ്ഞ,  വീതി കുറഞ്ഞ വഴിയുടെ വശങ്ങളിലെ  പാര്‍ക്കിംഗ്  ഷെഡില്‍ യജമാനന്മാരെ കാത്തു കിടക്കുന്ന വാഹനങ്ങള്‍ ..
                     വളഞ്ഞു പോകുന്ന വഴികളെ തൊട്ടടുത്ത ഹയര്‍ സെക്കണ്ടറി സ്കൂളുമായി വേര്‍തിരിക്കുന്ന മതിലിനോട് ചേര്‍ന്ന് ആ കോളനിയുടെ അറ്റത്തായി  ഇരുമ്പ് ഗേറ്റ് തീര്‍ത്തു വേര്‍തിരിച്ച വളരെ ഉയരത്തിലുള്ള  ഒരു വാട്ടര്‍ ടാങ്കുണ്ട് , അവിടെ കുറ്റിച്ചെടികള്‍ വളര്‍ന്നു മൂടിയ മണ്ണില്‍ ,  പാദങ്ങളുരഞ്ഞു നേര്‍ത്ത വരയായി തെളിഞ്ഞ ഒരു ചെറുപാത ..

                ഇസഹാഖ് അവിടേക്ക് നോക്കി നിന്നു .. ടാങ്കിനു പിന്നിലെ തണല്‍മരം സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തെ ഇലകളില്‍ ഏറ്റുവാങ്ങി നില്‍ക്കുന്നു ..
          "മീരാ  .. സ്വപ്നങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ലേ ?? നോക്കു ഈ സ്ഥലം ഈ വാട്ടര്‍ ടാങ്ക് ,അതിനു പിന്നിലെ ആ തണല്‍ മരം .. ഇതു  ഞാന്‍ എന്റെ ഏതോ സ്വപ്നത്തില്‍ , വളരെ മുമ്പ് എപ്പോഴോ കണ്ടിട്ടുണ്ട് .. വിശ്വാസം വരുന്നില്ലേ ? എന്നാല്‍ ഒന്നു  കൂടി പറയട്ടെ ?? ഈ ടാങ്കിനു കീഴില്‍ ഒരു ചെമ്പരുന്തിന്റെ കൂടുണ്ട്‌ .. അറിയോ മീരക്ക് ??"

പിന്നൊരുക്കം 

           മീര കണ്ണ് തുറന്നു , വെള്ള പൂശിയ റൂഫില്‍ ഫാന്‍ വലിയൊരു വൃത്തം വരച്ചു കൊണ്ട് കറങ്ങുന്നു .. അവള്‍ മെല്ലെ ചരിഞ്ഞു മുഖമുയര്‍ത്തി ..
          " ആരാ ഈ ജനാലകളൊക്കെ ഇങ്ങനെ തുറന്നിട്ടത് ??"
പകുതി തുറന്ന കണ്ണുകളുമായി അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു ..
                             ഇസഹാഖ് ....
                             കത്തുകള്‍ .....
                             ഡോണ പോള ....
                             വാട്ടര്‍ ടാങ്ക് .....
                             പിന്നെ .. എന്താ .. ഒരു ... ആ .. ചെമ്പരുന്ത് .. !!
      എന്തൊക്കെയാ  സംഭവിച്ചത് ??

കഴിഞ്ഞ രാത്രിയില്‍ തന്റെ 25 )o  പിറന്നാളിന്‍റെ ആഘോഷമായിരുന്നുവെന്നു ഹാങ്ങ്‌ ഓവര്‍ വിടാത്ത തലയിലേക്ക് ഓര്‍മ്മ തിരിച്ചെത്തിയത്‌ , ഉറക്കം വിടാത്ത കണ്ണുകളെ പൂര്‍ണ്ണമായി തുറപ്പിച്ചു ..
  കട്ടിലിന്‍ ചുവട്ടില്‍ കറങ്ങുന്ന ഫാന്‍ നോക്കി മിഴിച്ചിരിക്കുന്ന വോഡ്കയുടെ കുപ്പി കാലുകൊണ്ട്‌ ഉള്ളിലേക്ക് നീക്കി അവള്‍ വേഗത്തില്‍ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി ..
                   ആഘോഷത്തിനിടയില്‍ വാരിത്തേച്ച ബ്ളാക്ക് ഫോറെസ്റ്റ് തലയിലും മുഖത്തുമെല്ലം അതേപടി ഒട്ടിപ്പിടിച്ചു ഇരുപ്പുണ്ട്‌ ..
                         
                                       ഇസഹാഖ്  ....

വീണ്ടും മനസിലേക്ക് അയാളുടെ ചിന്തകള്‍ വന്നു നിറയുന്നു ..

കണ്ണാടിയുടെ വശങ്ങളിലൊന്നും ഇസഹാഖിന്റെ ഫോട്ടോയോ കവിതയോ ഒന്നും തന്നെയില്ല ..
ഈ ഭാഗത്തായി പശ തേച്ചു പിടിപ്പിച്ചതാണല്ലോ ?? അവള്‍ വിരലുകള്‍   കൊണ്ട് കണ്ണാടിയില്‍ ഉരച്ചു നോക്കി,  ഇനിയിപ്പോ ഇളക്കി കളഞ്ഞതാകുമോ ?? ..

            പിന്നെ പെട്ടെന്നു എന്തോ ഓര്‍മ്മ വന്ന പോലെ മേശ തുറന്നു .. ഡയറിയുടെ താളുകള്‍ മറിച്ചു നോക്കി .. അതിനുള്ളില്‍ ഭദ്രമായി മടക്കി വെച്ച ഇസഹാഖിന്റെ ഫോട്ടോയും അച്ചടിച്ചു വന്ന കവിതയും ..
             
                    മീരയുടെ മുഖത്തു ചെറിയ ചിരി വിടര്‍ന്നു , അവള്‍ കൈകൊണ്ടു തലക്കു തട്ടി ..
" ആഘോഷങ്ങളൊക്കെ കഴിഞ്ഞു എല്ലാവരും പോയിട്ടു ഒട്ടിക്കണമെന്നു കരുതി സൂക്ഷിച്ചു വെച്ചതാണ് ..
                           അപ്പോള്‍ കണ്ടതൊക്കെ ... ?? "

   തെല്ലൊരു ദൈര്‍ഘ്യത്തിനൊടുവില്‍ വീണ്ടും മനസ്സില്‍ മിന്നി മാഞ്ഞ കാഴ്ചകളില്‍ നിന്നുമുണര്‍ന്നു    അവള്‍ ഡയറി മടക്കി മേശയിലേക്ക്‌ ഇട്ടു , മുഖം കഴുകി എന്ന് വരുത്തി , ചെരുപ്പുകള്‍ ധൃതിയില്‍ കയറ്റി വാട്ടര്‍ ടാങ്കിനു അടുത്തേക്ക് നടന്നു , അവധി ദിവസമായതിനാല്‍ കോളനി ഉറക്കം വിട്ടു എഴുന്നേല്‍ക്കുന്നതേ ഉള്ളൂ , റോഡില്‍ ആരെയും കാണുവാനില്ല .
                                           ചെടി നനക്കുവാനും ,കൂടെ  കോളനിയിലെ ഏതോ പുതിയ പ്രണയ കഥയുടെ ഗോസ്സിപ്പ് പങ്കുവെക്കാനും ബാല്‍കണിയില്‍ നിന്ന 2 സ്ത്രീകള്‍ മീരയുടെ പരവേശവും ഓട്ടപാച്ചിലും കണ്ടു എന്തോ പറഞ്ഞു ചിരിച്ചു .. അവള്‍ കുറച്ചു കൂടി വേഗത്തില്‍ നടന്നു , ഇങ്ങനെ തലമുഴുവന്‍ കേക്ക് തേച്ചു ഷോക്ക്‌ തട്ടിയ പോലെ ഈ കോലത്തില്‍  കണ്ടാല്‍ പിന്നെ ആരാ ചിരിക്കാത്തത്  .. കൂടുതല്‍ പേരുടെ കണ്ണില്‍പെടും മുമ്പ് തിരിച്ചെത്തണം .
 
          ഒരു പാടു തവണ ആ ടാങ്കിനു മുന്നിലൂടെ നടന്നിടുണ്ടെങ്കിലും അങ്ങോട്ടേക്കു  ശ്രദ്ധിചിട്ടെയില്ല .. ചെമ്പരുന്ത് .... അതെ അങ്ങനെ ഒരു കാര്യം ... അതു കണ്ടു പിടിക്കണം ..  അത്ര മാത്രം ..
             
           വേലി തീര്‍ത്ത , ഗേറ്റിനുള്ളിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നു ടാങ്കിന്റെ മുകളിലേക്കുള്ള പടികളെ ബന്ധിപ്പിക്കുന്ന,  നേര്‍ത്ത വരപോലെ ആ പച്ചപ്പിനിടയില്‍ , ഇസഹാഖിനോടൊപ്പം സ്വപ്നത്തില്‍ കണ്ട അതേ നേര്‍ത്ത വഴി .. അവള്‍ മെല്ലെ ഗേറ്റ് തുറന്നു ആ വഴിയിലൂടെ നടന്നു .. തലയുയര്‍ത്തി നില്‍ക്കുന്ന ടാങ്കിന്റെ തൂണുകളില്‍ കൈകള്‍ ചേര്‍ത്തു .. ടാങ്കിനു മുകളിലേക്കു നോക്കി .. തണല്‍ മരം ഇലകള്‍ പൊഴിച്ചു അവളോട്‌ എന്തൊക്കെയോ സംസാരിച്ചു ..
         
           എവിടെ നിന്ന് എന്നറിയില്ല .. ഒരു ചെമ്പരുന്ത് ആ ടാങ്കിനു മുകളിലേക്കു പറന്നു വന്നിരുന്നു, പിന്നെ അവിടെ നിന്നു  താഴ്ന്നു പറന്നു ,മുഖം ചെരിച്ചു മീരയെ നോക്കി ,പിന്നെ ആ ടാങ്കിനടിയിലേക്ക് ഊളിയിട്ടു പറന്നു കയറി ..
                                                     
           തിരിച്ചു നടക്കുമ്പോള്‍ മീരയുടെ മനസ് നിറയെ ഇസഹാഖ് ആയിരുന്നു ..   അവള്‍ നടന്ന വഴികളെ കുറിച്ചോ , അവിടെ ബാല്‍കണിയിലെ ഗോസ്സിപുകളെ കുറിച്ചോ  .. അവളുടെ നേരെ നീളുന്ന നോട്ടങ്ങളെ കുറിച്ചോ അറിഞ്ഞില്ല ..

    തന്റെ സ്വപ്നത്തില്‍ മറ്റൊരാളുടെ സ്വപ്നത്തെ കുറിച്ച് കേള്‍ക്കുക .. പിന്നെ സ്വപ്നത്തില്‍ അതു യാഥാര്‍ത്ഥ്യമാകുന്നത് കാണുക ...  . ഇപ്പോള്‍ അതേ സ്വപ്നത്തെ നേരില്‍ തൊട്ടറിയുക ..
എത്ര വിചിത്രം ..
           
മുറിയിലെത്തിയ ഉടന്‍ അവള്‍ വീണ്ടും മേശ തുറന്നു ഇസഹാഖിന്റെ ഫോട്ടോയും കവിതയും ഒന്നു  കൂടി നോക്കി ..
   പിന്നെ ഒരു പേപ്പറില്‍ എഴുതി ...
     

  ഇസഹാഖ് ,
   
                       ആ കണ്ണുകളുടെ തീക്ഷ്ണത എന്നെ വേട്ടയാടുന്നു ,  നിങ്ങള്‍ അടുത്തുണ്ടാകുന്ന  സമയം ഞാന്‍ പറയേണ്ടുന്ന കാര്യങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞു ..
                                       
                                                                                                                              മീര .
                     
       
   

             

       

                         


         
 
           

                           

Friday, February 1, 2013

ബാച്ച്ലര്‍ ജല്പനങ്ങള്‍ .

                                  "hota hai apna hoshna duniya ki kuch khabar ..
                                     hoti hai dil ki aesi bhi halat kabhi kabhi ...."

                      " എടാ പട്ടരെ ..P  ..P  ..തെണ്ടി ..ധൈര്യമുണ്ടെല്‍ ഇറങ്ങി വാടാ .."

 പരപരാ വെളുപ്പാന്‍ കാലത്തു ' ശായരിയില്‍ '  സ്വപ്നങ്ങളെ സ്വയം തളച്ചിട്ടു സ്വസ്ഥമായി ഉറങ്ങുകയായിരുന്ന P P  വെല്ലുവിളി കേട്ടു ഒരു ഞെട്ടലോടെ കണ്ണ് തുറന്നു .മഴവില്ല് പോലെ പച്ചയും ചുവപ്പും മഞ്ഞയും നീലയും  കലര്‍ന്ന പുതപ്പു ,മുഖം വഴി മൂടി കാഴ്ച മറച്ചിരിക്കുന്നു . മഴവില്ല് കണി കണ്ടുണരാന്‍ ആഗ്രഹിച്ച p p  കണ്ടു പിടിച്ച മാര്‍ഗം ആണ്  ആ  പുതപ്പിന്റെ രൂപത്തില്‍ ..സര്‍ഗാത്മകതയുടെ പ്രതിബിംബം  ..

                                     " ഭ !! എടാ പട്ടരേ ..പൊട്ടാ ..നീ പോട്ടനാടാ പൊട്ടാ .."
  "ശോ ഈ സൗദിയിൽ ആകെ കിട്ടുന്ന ഒരു അവധി ദിവസമാണു ഈ വെള്ളിയാഴ്ച ...ഉച്ചക്കു 12 മണിവരെ സുഖായിട്ട് ഉറങ്ങുന്നതാ ..എന്ത് പണ്ടാരമാണോ ഈ വെളുപ്പാന്‍ കാലത്തു വെല്ലുവിളിയും ആയിട്ടു.." 
  പച്ചക്കറിയുടെ നാരായ വേരുകള്‍ മാത്രം ഭക്ഷിച്ചു തണുപ്പിച്ച p p എന്ന പാവം പട്ടരുടെ   രക്തത്തിനു ആ തണുപ്പേറിയ പുലര്‍ച്ചയില്‍ ചൂട് കയറുന്ന പോലെ ..
                                               " dalthi huyi raat keh rahi hai,..
                                                    jaltey huye din na laut aayen .."
                               ശായരിയും പറഞ്ഞുകൊണ്ട് p p  കട്ടിലില്‍ നിന്നെഴുന്നേറ്റു ..

"superman costume" - ല്‍ മാത്രം  കിടന്നുറങ്ങി ശീലിച്ച p p  നാണം മറക്കാന്‍ ഒരു വരയന്‍ കുട്ടി തോര്‍ത്തു കൂടി  ചുറ്റി .
   മുറിയുടെ വാതില്‍ മെല്ലെ തുറന്നു ..തലയിട്ടു പുറത്തേക്കു നോക്കി ..വിശാലമായ വലിയ ഫ്ളാറ്റ് ..

ഇടനാഴിയുടെ ഇരു വശത്തുമായി 3 ബെഡ് റൂമുകള്‍ ,പിന്നെ toilet ,ഇടനാഴി ചെന്നവസാനിക്കുന്നത് ഹാളിലും ,അതിനു വശത്തേക്ക് മാറിയുള്ള അടുക്കള കാണുവാന്‍ ആകുനില്ല ..ഹാളില്‍ നിന്ന് പുറത്തേക്കുള്ള വാതിലില്‍ നോക്കി .. പൂട്ടിയിട്ടുണ്ട് ..ആരാ പിന്നെ രാവിലെ വെല്ലു വിളിക്കുന്നേ ??
 മറ്റുള്ള 2 മുറികളിലും കൂടി 7 പേരുണ്ട് ആകെ ആ ഫ്ളാറ്റില്‍ , പക്ഷെ ജോലിയുമായി എല്ലാവരും വളരെ ദൂരെയാണ് ..p p  യാണ് ഇപ്പോള്‍ അധികാരം കയ്യാളുന്നത് .
 
             നടന്നു മെല്ലെ ഹാളില്‍ എത്തി .അടുക്കളയിലേക്കു ഒളിഞ്ഞു നോക്കി ,ആരുമില്ല ..പിന്നെ ധൈര്യമായി ..നെഞ്ചും വിരിച്ചു വാതിലിന്റെ ലെന്‍സിലൂടെ പുറത്തേക്കു കണ്ണോടിച്ചു ..ശൂന്യം !!
       "തേങ്ങാ ..!!" രാവിലെ ഓരോന്ന് തോന്നിക്കോളും ..ഉറക്കം കളയാന്‍ ..എന്നും വെളുപ്പിനു 4-30നു  എഴുന്നേല്‍ക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയാണുള്ളതു  "വെള്ളിയാഴ്ച ആകണേ  എന്ന് "  വെള്ളിയാഴ്ച ആയാലോ  ..അപോ ദെ ഇങ്ങനെ കുറെ മാരണങ്ങള്‍ ..
             പോയ ഉറക്കം മെല്ലെ തലയ്ക്കു തിരിച്ചു പിടിപ്പിച്ചു മണ്ടി മണ്ടി വീണ്ടും കട്ടിലു ലക്ഷ്യമാക്കി നടന്നു തുടങ്ങുമ്പോഴേക്കും .. വീണ്ടും വെല്ലു വിളി ..

                " ഹാ ..!! പേടിച്ചു തിരികെ പോകുവാണോടാ ..എവിടാടാ കണ്ണ് പൊട്ടാ നീ നോക്കുന്നെ ..ദെ ..ഇവിടെ ഇവിടെ ..ഇങ്ങോട്ട് നോക്കെടാ .."
   മയക്കം പറ്റിപിടിച്ച കഴുകാത്ത കണ്ണുകള്‍ തിരുമ്മി തുറന്നു ഒരു ഞെട്ടലോടെ p p ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി ..ആരെയും കാണുന്നില്ല ..ഉള്ളില്‍ ഒരു ചെറിയ ഭയം പൂവിട്ടു..വിരിഞ്ഞു ..പുഴു കയറി ..
                                                    " ഡാ ..ഇവിടെ .."
അപ്പോഴാണ് p p  അടുക്കളയുടെ നിലത്തേക്ക് നോക്കിയത് .. ആ കാഴ്ച കണ്ടവന്‍ ഞെട്ടി ..
10-50 ഓളം വരുന്ന  'മുറ്റു'പാറ്റകളും പാറ്റികളും ..വടിയും കമ്പും കോലുമായി നില്‍ക്കുന്നു ..

ഫ്ളാറ്റിലെ  7 അംഗങ്ങളില്‍ ഒരു ചാര്‍ഖണ്ട്കാരന്‍ ഉണ്ട് .. വൃത്തിയും വെടുപ്പും വളരെ കൂടുതല്‍ ഉള്ള ആളായത് കൊണ്ടാകണം, ആ മഹാന്റെ പെട്ടിയില്‍ നിന്നുമാണ് ഫ്ളാറ്റില്‍ പാറ്റകളുടെ ആദവും ഹവ്വയും സൃഷ്ടിക്കപെട്ടത്‌ .2 എണ്ണത്തിനും  വേറെ പണിയൊന്നുമില്ലാതെ ഇരുന്നിട്ട് , 'പാറ്റിഹവ്വ' ചുമ്മാ പേറോട്  പേറായിരുന്നു... എല്ലാം കൂടി പെറ്റു  പെരുകി പുത്തന്‍ ഫ്ളാറ്റിന്റെ അടുക്കളയിലെ മണം  പിടിച്ചു  കബൊര്‍ഡിലും പാത്രങ്ങള്‍ക്കിടയിലും ഫ്രിഡ്ജില്‍ ഉല്‍പ്പെടെ   എല്ലാം വീട് വെച്ചു ഹൌസിംഗ് കോളനികള്‍ പൊക്കി  ..
 
               കഴിഞ്ഞ ദിവസം p p  ജോലി കഴിഞ്ഞെത്തി ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ തുടങ്ങുമ്പോഴേക്കും തിരുനെറ്റിക്ക്  ആരോ കല്ലെറിഞ്ഞ പോലെ ..നോക്കുമ്പോഴുണ്ട്‌ ഒഴിഞ്ഞ വലിയ ചോറ് ചെമ്പിനകത്തു , ഒത്ത നടുക്ക് , ഒരുവന്‍ ബാറ്റും ഉയര്‍ത്തിപിടിച്ചു നില്കുന്നു .
   പാറ്റകളുടെ നഗര വികസനത്തിന്റെ ഭാഗമായാണെന്നു തോന്നുന്നു ഫ്ളാറ്റില്‍  എല്ലാവരും ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കുന്ന വലിയ ചോറ് ചെമ്പിനെ stadium ആക്കി മാറ്റിയിരിക്കുന്നു .ചെമ്പിന്റെ വക്കിലെല്ലാം ആവേശത്തോടെ  പാറ്റകള്‍ ഇരുപ്പുണ്ട്‌  .
  കലി  മൂത്ത p  p  " സച്ചിനേ  ക്ഷമിക്കണേ .." എന്നും പറഞ്ഞു "ചെമ്പു stadium" മറിച്ചിട്ട് ..കിട്ടിയതിനെ എല്ലാം ചവുട്ടി അരച്ചു  ..

               അപ്പൊ അതിന്റെ കൊട്ടേഷന്‍ ആയിരിക്കും ഈ നില്‍ക്കുന്ന പാറ്റ  പട !!

       " നീ ആരന്നാട നിന്റെ വിചാരം ?? ഇന്നലെ 20-20 കളിചോണ്ടിരുന്ന ഞങ്ങടെ പിള്ളേരെ നീ ചവുട്ടിയരച്ചു ..ഇനി നിന്നെ ഇവിടെ വെച്ചു പൊറുപ്പിക്കില്ല .. ഇന്ന് നിന്റെ അവസാനമാടാ .."
                      മുന്നില്‍ ആ പടയെ നയിച്ച്‌ നിന്ന പാറ്റ  നേതാവ് വിളിച്ചു പറഞ്ഞു ..
          ദേഷ്യം മൂത്ത p p  " എന്റെ ഉറക്കം കളയാനും വേണ്ടി നിയൊക്കെ ആയോടാ .." എന്നാക്രോശിച്ചു കൊണ്ട് ആകെ ഉടുത്തിരുന്ന വരയന്‍ തോര്‍ത്തു ഊരി തലങ്ങും വിലങ്ങും വീശി ..

ആ രംഗം കണ്ടു " അമ്മേ  .. ദെ സൂപ്പര്‍മാന്‍ " എന്നും പറഞ്ഞു ഒരു പാറ്റിതള്ളയുടെ ഒക്കത്തിരുന്ന പാറ്റകുഞ്ഞു പിടിവിട്ടു p p  യുടെ അടുത്തേക്കോടി ..
                                                          "സൂപ്പര്‍ മാന്‍ ചേട്ടാ ..."
ആ വിളി തീരും മുമ്പ് വീശിയ വരയന്‍ തോര്‍ത്തിന്റെ കാറ്റില്‍ പെട്ട് തെറിച്ചു പോയ പാറ്റ കുഞ്ഞു ഉരുണ്ടു പിരണ്ടു എഴുന്നേറ്റു " തള്ളേ  ...ഈ മറുദാക്കു ഭ്രാന്താ .." എന്ന് നിലവിളിച്ചു ഓടിയൊളിച്ചു ..
               "നാണമില്ലാത്തവനെ ..പാറ്റികുഞ്ഞി ദൈവം നിന്നോട് ഇതിനൊക്കെ പകരം ചോദിക്കുമെടാ .."എന്നൊരു ശാപവും ചൊരിഞ്ഞു പാറ്റ  നേതാവ് കമ്മിറ്റി പിരിച്ചു വിട്ടു  .

 " നിന്നെയൊക്കെ വേരോടെ നശിപ്പിചിട്ടെ ഇനി എനിക്കുറക്കമുള്ളൂ " എന്ന് പ്രഖ്യാപിച്ച p  p
അവറ്റകളെ ഇല്ലായ്മ ചെയ്യാനുള്ള  വഴികളെ മെടഞ്ഞെടുത്തു ..ഒരു കുടിലും കെട്ടി .
      1.  വന്ധീകരണം
      2. അബോര്‍ഷന്‍
      3. എന്‍ഡോ സള്‍ഫാന്‍
      4. സുനാമി
      5. കൊട്ടേഷന്‍
      6. അല്ലേല്‍  പിന്നെ വെടിവെച്ചു അങ്ങ് കൊല്ലുക  ..
  വീണ്ടും തലചൊറിഞ്ഞു p  p  തെക്ക് വടക്ക് നടന്നു .. ഒന്നും ശരിയാകത്തില്ല.. മതി നടന്നു ആലോചിച്ചത് .. ക്ഷീണിച്ചു .. ഇനി കിടന്നു ആലോചിക്കാം ..
   കിടന്നത് മാത്രേ ഓര്‍മ്മയുള്ളൂ ..ഉറക്കത്തിലേക്കു വഴുതി വീണ p  p  പാറ്റകളുമായി ഏറ്റുമുട്ടുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ 100% ആക്ഷനില്‍ കണ്ടു ..
               അതില്‍ p  p  ക്ക് "Big B" യിലെ  മമ്മുക്കന്റെ രൂപം ആയിരുന്നു ..ഡയലോഗും ഉണ്ട് ..
                 
                          " ഈ പാറ്റടെ ബാപ്പയാ ..സൗദിന്നു ലിവിനു വന്നതാ .."
                                        ഉം ഉം p  p  ...ഹേ  ഹേ  p  p  ..

                 ശോ !! ഞെട്ടി ഉണര്‍ന്നപ്പോഴേക്കും നേരം ഉച്ചയായിരുന്നു ..
               വിശന്നു പൊരിഞ്ഞ ഉണ്ണി കുടവയര്‍ തടവി അടുകളയില്‍ എത്തി ..
 കൊള്ളാം!! അവിടെ പിഫ  (പാറ്റ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോ.) ലോകകപ്പു നടക്കുന്നു..              
        കലി മൂത്ത p  p  അയല്‍വാസിയായ സുഹൃത്തിനോട്‌ വഴി ആരാഞ്ഞു .ആ മഹത് വ്യക്തി നല്‍കിയ പാറ്റ കൊല്ലി സ്പ്രേ അടുക്കളയിലും, stadium ,പത്രങ്ങള്‍ മുഴുവന്‍ അടിച്ചു .വിഷമേറ്റു  കിറുങ്ങിയ പാറ്റകള്‍  ഡ്രൈ ആയിട്ട് ഒരു പൈന്റ് അടിച്ച ലഹരിയില്‍ കിറുങ്ങി നടന്നു .കലിപ്പ് തീരാതെ  മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപിച്ച പോലെ എല്ലാറ്റിനേം പുറകെ നടന്നു p p  സ്പ്രേയില്‍ കുളിപിച്ചു ..പണി പാളിയ പാറ്റകള്‍ ചത്തൊടുങ്ങി .
                     p  p  ക്ക് സമാധാനമായി ..ഇനിയൊരെണ്ണം ഉണ്ടാകില്ല എന്ന ആശ്വാസത്തില്‍ കുറച്ചു തണുത്ത വെള്ളം കുടിക്കാനായി ഫ്രിഡ്ജു  തുറന്നു .
       
                  " ഹറാം  സാലെ ..മാരേഗാ ..കാശ്മീര്‍ ആനേകേലിയെ  ഇതന ഹിമ്മത് .."
                     തലയില്‍ കെട്ടും കയ്യിലൊരു A K 47 ഉം ആയിട്ടൊരു പാറ്റ  'കാക്ക' ..
                                                 p p  ഞെട്ടി ...കാശ്മിരോ ??
                          ഓര്‍ക്കാപുറത്ത് ഹിന്ദി കേട്ട p p  യുടെ നാവില്‍ ശായരി തുളുമ്പി ..
                           "main kahin bhook se na mar jaoon ae ameer-e-sheher,
                                  gar mustaqbil hoon tumhara bachaa lo mujh ko ..."

                                                              വാ ഉസ്താദ് വാ ..
                         ഞെട്ടലു മാറാതെ p  p മെല്ലെ ഫ്രിഡ്ജിന്റെ വാതിലു  ചാരി . .
കാശ്മീര്‍ ആണ് പോലും .. തണുപ്പുള്ളതല്ലേ  പ്രശ്നം ..??ഇപ്പൊ ശെരിയാക്കി തരാം ..
                                 p  p  ഫ്രിഡ്ജിന്റെ കണക്ഷന്‍ ഊരി ..
         
               അന്നത്തെ ദിവസം ഭക്ഷണം ഒക്കെ പുറത്ത് നിന്ന് കഴിച്ചു .. വൈകുന്നേരമായപ്പോള്‍ അടുക്കളയിലേക്കു വെറുതെ ഒന്നു നോക്കി ..
          പാറ്റകള്‍ സമാധാനത്തിന്റെ വെള്ളകൊടിയും പൊക്കിപിടിച്ച് ഒരു കത്തുമായി നില്‍ക്കുന്നു . p p  യെ കണ്ടതും കവറും  നിലത്തിട്ടു അവറ്റകള്‍ 4 പാടും പാഞ്ഞു ..
                                                   p p കത്തെടുത്തു പൊട്ടിച്ചു ..

                                            " ഉടമ്പടി ..സമാധാനം സന്തോഷം .."
അതി ശക്തനും അതിലോപരി ദയാലുവും ചെകത്താന്‍തുല്യനുമായ താങ്കള്‍ അറിയുന്നതിന് .
ഈ മനോഹരമായ അങ്ങയുടെ ആലയം ഞങ്ങള്‍ക്ക് കൂടി ഉള്ളതല്ലേ ?
ഇത്രയും കാലം ഒരെതിര്‍ അഭിപ്രായം പറയാതെ അതിനു അനുവദിച്ചു തന്നതിന് വളരെ നന്ദി .
എന്നാല്‍ അഹങ്കാരം മൂത്ത് കണ്ണു കാണാതെ, ഞങ്ങള്‍ക്ക് മുകളില്‍ ആരും ഇല്ല എന്നാ ഭാവത്തില്‍ ,   മുഴുവന്‍ നശിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തത് .വെള്ളത്തിന്റെ സ്രോതസ്സുകള്‍ ,ആഹാരം എല്ലാം ഞങ്ങള്‍ നശിപ്പിച്ചു .അതിനുള്ള ശിക്ഷ ഞങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു .ഇനിയും ഇവിടെ ജീവിക്കാന്‍ .വയ്യ .അവ്വിധം ഇവിടം നശിക്കപെട്ടു കഴിഞ്ഞു .
                                                    ഞങ്ങളുടെ റിസര്‍ച്ച്‌ വിങ്ങ് തൊട്ടടുത്ത ഫ്ളാറ്റിലെക്ക് ഒരു                     "പാറ്റ കുരിയോസിറ്റി "വിക്ഷേപിച്ചിട്ടുണ്ട് .അതിന്റെ റിസള്‍ട്ട് കിട്ടിയാല്‍ ഉടനെ തന്നെ അങ്ങോട്ട്‌ താമസം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് .ദയവായി അത്രയും നാള്‍ കൂടി ഇവിടെ തങ്ങാന്‍ അനുവദിക്കണം .
                                                                                                                എന്ന് ,
                                                                                                               പ്രസിഡന്റു,
                                                                                                               പാറ്റമേരിക്കന്‍ യുണിയന്‍ ,
                                                                                                                 ഒപ്പ്  - തുപ്പ്‌ #*^%$
     "  ഹും ഇവിടം  നശിപ്പിച്ചതു പോരാ ..ഇനി അടുത്ത ഫ്ലാറ്റും കൂടി കുളം തോണ്ടിക്കോ .. ഇല്ലെഡാ തിന്നും തൂറിയും മുടിച്ച ഇവിടം കൊണ്ട് തന്നെ നിയൊക്കെ തീരണം.."  p p  മനസിലോര്‍ത്തു ..പിന്നെ ഉടമ്പടി വലിച്ചു കീറി ..കഷണം കഷണം ആക്കി തറയില്‍ ഇട്ടു ചവുട്ടി ..
       
                             പാറ്റകള്‍ പ്രധാനമായും പട്ടിണി കൂടാതെ കഴിഞ്ഞു പോന്ന അടുക്കള p p ഉപയോഗിക്കാതായി.. ആഹാര സാധനങ്ങള്‍ ഇല്ല ..വെള്ളം ഇല്ല .2-3 ദിവസം അങ്ങനെ നീങ്ങി ..പിന്നീടു അതി കഠിനമായ വിഷം p  p  പ്രയോഗിച്ചു ": മണം കിട്ടിയാല്‍ പാറ്റകള്‍ തിന്നു പോകുന്നതും ,കഴിച്ചാല്‍ വയറു പെരുകി പണി പാളുന്നതുമായ ഉഗ്രന്‍ സാധനം ".
                            ചത്തു  മലച്ച പാറ്റകളെയെല്ലാം വാരി കൂട്ടി വൃത്തിയാക്കി അടുക്കള കഴുകി തുടച്ചു..
പനിനീരു തളിച്ചു ,ചന്ദനം കത്തിച്ചു ..പരിമളം ചുറ്റും ഒഴുകി ..
  വീണ്ടും നാളുകള്‍ക്കു ശേഷം p p  യുടെ നാവില്‍ ശായരി  വന്നണഞ്ഞു..
                                                      "dalti huyi raat keh rahi hai..
                                                       jaltey huye din na laut aayen ..."
                      
                              ആരവങ്ങളൊഴിഞ്ഞ പുലരിയില്‍ ..പുതുമയുടെ സുഗന്ധം പേറുന്ന അടുക്കളയിലേക്കു p p  ചെന്നു .കിഴക്കിനെ നോക്കുന്ന ജനല്‍ച്ചില്ലിലൂടെ സൂര്യന്‍ ഇളം ചൂടിനെ കൊണ്ട് വന്നു . ഉണര്‍ന്നു പുല്‍കുന്ന സൂര്യനെ സൂപ്പര്‍മാന്‍ "costumil" നോക്കി ,പാറി പറന്ന , ഉറക്കത്തില്‍ മരശിഖരങ്ങളായി മാറിയ ശിരോ രോമങ്ങളെ മാടിയൊതുക്കി ( പച്ച മലയാളത്തില്‍ തല ചോറിഞ്ഞെന്നു പറയാം ) നിന്ന p p  ക്ക് ശായരി പോലെ ഒരു ചായ കുടിക്കാന്‍ മോഹം .നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം പാല്‍ ,പഞ്ചസാര,തേയില എന്നിവ വാങ്ങി വെച്ചതാ ..
                 ചായ പത്രം കഴുകി വൃത്തിയാക്കി പാല്‍ അതിലേക്കു ഒഴിച്ചു ..
                              
                                                  !! പാലിന്റെ മണം !!

                    "ശ്ശോ " ! ഇനിയിപ്പോ ഈ മണം പിടിച്ചു പാറ്റകള്‍  വീണ്ടും വരുമോ ?
ആകെ വിഷമ വൃത്തത്തിലായ p p , ഒഴിച്ച പാലു അതെ പടി കളഞ്ഞു .. മണമുണ്ടാകാതിരിക്കാന്‍   സോപ്പ് പൊടിയിട്ടു നന്നായി കഴുകി .
                             അങ്ങനെ പുതിയ ഒരു ചരിത്ര സത്യം കണ്ടു പിടിക്കപെട്ടു ..
                      " പാചകം ചെയ്യാതിരിക്കലാണ് പാറ്റകളെ ഒഴിവാക്കാനുള്ള ഏക വഴി "
             
                        നാളുകള്‍ക്കു ശേഷം ഞാന്‍ തിരികെ വരുമ്പോള്‍ കണ്ട കാഴ്ച !!
           പൊടിയടിച്ചു നിറം മങ്ങിയ സ്ടോവ് ,പൂപ്പല്‍ പിടിച്ച വാഷ്ബേസിനും ഐസു മൂടിയ ഫ്രിഡ്ജും ,ഉള്ളില്‍ എന്നോ നിക്ഷേപിച്ച ചീഞ്ഞു പോയ കുറച്ചു പച്ചക്കറികളും .
 
     തെരണ്ടിവാല്‍ : ഓര്‍മ്മ വരുന്നത് ഒരു പഴഞ്ചൊല്ലാണ്‌ .: എലിയെ പേടിച്ചു ഇല്ലം ചുടുക !! "
                                       ഈ അവസരത്തില്‍ അതിനെ " പാറ്റയെ പേടിച്ചു പട്ടരു പട്ടിണിയായി"    എന്നാക്കാം  ..

കടപ്പാട്  : നമ്മുടെ സ്വന്തം pp യുടെ മുകളില്‍ കുറിച്ച 'imaginations' .
               : www.ranjish.com/shayari         .                              

    








Friday, September 7, 2012

ഓര്‍മ്മകളുടെ തപാല്‍പെട്ടി

..... സൃഷ്ടാവ് അവന്റെ എക്കാലത്തേയും അതുല്യ സൃഷ്ടിയായ മനുഷ്യന്റെ രൂപകല്പനയില്‍ ..

മജ്ജയും, മാംസവും ,ധമനികളും ,രൂപഭംഗിയും ,ഹൃദയവും ,ജീവനും നല്‍കി മനുഷ്യനെ ഉണര്‍ത്തി . ദൈവം അവനെ, തന്റെ വീടിന്റെ ഇറയത്തു പാല്കുപ്പിയും നല്‍കി  ഇരുത്തിയിട്ടു,മനുഷ്യനെ  ജീവജാലങ്ങളുടെതില്‍ നിന്നും വ്യത്യസ്തനാക്കുവാന്‍ തന്‍റെ മാസ്റ്റര്‍ പീസ്  എന്ന് വിശേഷിപ്പിക്കാവുന്ന "മനസ്സ്" രൂപകല്പന ചെയ്യുന്നതിന്റെ അവസാന ഘട്ടത്തില്‍ പണിപ്പുരയിലായിരുന്നു .പണ്ടേ കുസൃതിയായ മനുഷ്യനുണ്ടോ നില്‍ക്കുന്നു , പിച്ചവെച്ചും ഉരുണ്ടുവീണ്‌ പെരെണ്ടെഴുന്നെറ്റും തുള്ളിചാടിയും പുള്ളി കണ്ട  വഴിക്ക് പോയി .
                  മനസിന്റെ പണി പൂര്‍ത്തിയാക്കി പാവം സൃഷ്ടാവ് welding glass ഒക്കെ ഊരി ,ഹെല്‍മെറ്റ്‌ മാറ്റി , സോപ്പിട്ടു കയ്യൊക്കെ കഴുകി ഒരു കപ്പ്‌ വെള്ളം കുടിച്ചുകൊണ്ട് ഇറയത്തു  വന്നു നോക്കുമ്പോ പാല്കുപ്പിയും കൊടുത്തു അവിടെ ഇരുത്തിയ മനുഷ്യനെ കാണ്മാനില്ല ..  
           സൃഷ്ടാവ് കാറി വിളിച്ചു ...  " മക്കളെ എവിടാ ..???"       ...........                എവിടെ ?
      അവസാനം അമ്പിളിമാമനെ പിടിച്ചു കൊടുക്കാമെന്നും പറഞ്ഞു പറ്റിച്ചു മനുഷ്യനെ ഒക്കത്തെടുത്ത്‌ തിരിച്ചു കൊണ്ടു  വന്നു  , ആ കുസൃതികുടുക്കയുടെ വികൃതികള്‍ക്കിടയില്‍ "മനസ്സ് " സമാധാനമായി നട്ടും ബോള്‍ട്ടും ഇട്ടു മുറുക്കുവാന്‍ കഴിഞ്ഞില്ല .അതീവ സങ്കീര്‍ണ്ണവും , അശേഷം  ഭാരമില്ലാത്ത്തതും അദൃശ്യവുമായ "മനസ്സ് " ഇനി എങ്ങനാ നല്‍കുക?? ദേഷ്യം വന്ന സൃഷ്ടാവ് " ദാ കൊണ്ട് പോ .." എന്നും പറഞ്ഞു മനുഷ്യന്റെ കണ്ണുകള്‍ക്ക്‌ കീഴില്‍ ഹൃദയത്തിനുമിടയിലായി  ശരീരത്തിനു പുറത്ത് "മനസ്സ്" സ്ഥാപിച്ചു .
                      വികാര വിചാരങ്ങളുടെ, ക്രയ വിക്രയങ്ങളുടെ നിയന്ത്രണം കണ്ണിനും ഹൃദയത്തിനുമിടയില്‍ നിലകൊണ്ട മനസ്സു ഏറ്റെടുത്തു . എന്നിട്ടെന്തായി ?? എവുടുന്നു താങ്ങ് കിട്ട്യാലും മുന്നില്‍ നെഞ്ചും  വിരിഞ്ഞിരിക്കുന്ന മനസിനു  താങ്ങാന്‍ വയ്യാതായി..തോന്നുന്നിടത്തൊക്കെ സഞ്ചരിക്കാമെന്നായി ,curiyosity ക്ക്  മുന്നേ മനസ്സ് ചൊവ്വയില്‍ എത്തിയിരുന്ന്ന്നില്ലേ ..പലപ്പോഴും ചിന്തകളും സ്വപ്നങ്ങളും പിടിച്ചാല്‍ കിട്ടാതെ ആയി ..
                          ആദി താളത്തില്‍ പ്രണയിച്ചും ,അന്ത്യ താളത്തില്‍ ഭ്രാന്തെടുത്തും മനസ്സ് നിലകൊണ്ടു .
              ഇങ്ങനെയൊരു മനസിനു ഉടമയായിരുന്നു ഈ ഞാനും .പക്ഷെ അവിടെ ഓര്‍മകള്‍ക്ക് വേണ്ടി മാത്രം ഒരു തപാല്‍ പെട്ടി ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നില്ല ..
                               ചെന്നെത്തുവാന്‍ കൊതിക്കുന്നെവിടെയോ ..വീണു പോകുന്നു മറ്റെവിടെയോ ..
എന്ന സ്ഥിരം ജീവിത ശൈലിയില്‍ "ജയിലഴികള്‍ "  മാത്രം നഷ്ടമായ നാല് ചുവരുകള്‍ക്കുള്ളിലേക്ക്  ജീവിതം വലിചെറിയപെട്ടിട്ടു  വര്‍ഷം  3 തികയുന്നു . നാല് ചുവരുകളും, മുറുകി മൂളിയും മുറു  മുറുത്തും വെള്ളം ചീറ്റിയും  നിലകൊള്ളുന്ന a /c യും , ഉറങ്ങുന്ന കട്ടിലും വിട്ടാല്‍ ഫ്ലാറ്റിന്റെ ചുവരുകള്‍ക്കുള്ളില്‍ ,ഇല്ലേലല്‍  കെട്ടിടത്തിന്റെ ,റോഡിലിറങ്ങും  മുമ്പേ ചില്ലു  ഗ്ലാസിട്ട വാഹനത്തിന്റെ നാല്  ഡോര്‍ കെട്ടുകളില്‍ , 2 ആള്‍ പൊക്കത്തിലുള്ള ഓഫീസ് മതിലിനകത്ത് നിന്നും മുറികളിലേക്കും ,അവിടെ നിന്നും അതിരുകള്‍ നിശ്ചയിക്കപെട്ട  സൈറ്റിലെക്കും, തിരിച്ചു കറങ്ങുന്ന ഒരു ചക്രം പോലെ വാഹനതതിലേക്കും.... ചുവരുകള്‍ക്കുള്ളിലെക്കും..
                                                അവിടെ മത്തു  പിടിച്ചു കിടന്ന മനസ്സില്‍ നിന്നാണു ഞാനാ  തപാല്‍ പെട്ടി  ആദ്യം കണ്ടെടുത്തത് .ഉള്ളിലേക്ക് നോക്കിയ കണ്ണുകളെ വിശ്വസിക്കാന്‍  ഒരു  നിമിഷം കഴിഞ്ഞില്ല..നിറഞ്ഞു തുളുമ്പുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട അനേകായിരം കത്തുകള്‍ ..from അഡ്രസുകളില്‍   മഷി പടര്‍ന്നു ഓര്‍മ്മകളില്‍ എങ്ങോ  മറഞ്ഞു പോയതും , മായ്ക്കുവാനാകാതെ പച്ചകുത്തിയതുമായ ഒരുപാട് പേരുകള്‍ ....ഒരുവട്ടം മാത്രം കണ്ടിട്ടുള്ളതും ,പേരു പോലും അറിയില്ലാത്തതും  ,പറഞ്ഞു കേട്ടിട്ടുള്ളതുമായ ഓര്‍മ്മ കുറിപ്പുകള്‍ പോലും അവിടെ എന്നെയും കാത്തു കിടക്കുന്നു  ...
             അതിലോന്നിലേക്ക്  ഞാന്‍ കണ്ണുകള്‍  പായിച്ചു .. അക്ഷരങ്ങള്‍ക്കു ജീവന്‍ വെച്ചു ..അവ ദൃശ്യമായി ചുറ്റും നിറയുവാന്‍  തുടങ്ങി ..
                 
                     അന്ന് കുസാറ്റിലെ നമ്മുടെ മറൈന്‍ ക്യാമ്പസ്‌ ഓണാഘോഷം ആയിരുന്നു ,             വിനോദ് പി ജി എന്ന വിനോദ് മാഷ്‌ -- യുഗയുഗാന്തരങ്ങളുടെ ആത്മബന്ധങ്ങള്‍ക്കു ദൃസാക്ഷിയെന്ന ജീവിതം നയിക്കുന്ന പച്ചയായ മനുഷ്യന്‍ ,AD 2000 മുതല്‍ 2012 വരെ (ഒരു പക്ഷെ അതിനൊക്കെയും മുകളില്‍   ) കുസാറ്റ്ല്‍ വന്നു പോയ ഏവരുടെയും ഹൃദയത്തില്‍ വേരോട്ടമുള്ള വൃക്ഷം ,വെളുത്ത ഷര്‍ട്ടും ,തേച്ചു പശ മുക്കിയ മുണ്ടും ധരിച്ചു ഓണാഘോഷങ്ങളുടെ അലങ്കാര പണികള്‍ക്കിടയിലൂടെ   മലയാളി സമൂഹത്തിന്റെ മുഴുവന്‍ ആരവങ്ങളും മനസ്സില്‍ ഉള്‍ക്കൊണ്ട്‌  നടുമുറ്റത്തേക്കിറങ്ങി .'ഇലകള്‍ പച്ച ..പൂക്കള്‍ മഞ്ഞ..പൂക്കളം പത്തു  നിറം  ...
                            പൂക്കൂടയും കസവ് പാവാടയും ഉടുപ്പും ധരിച്ചു, കുളിച്ചു ,തുളസിക്കതിരു  ചൂടി  നാരീ ജനങ്ങള്‍ പൂക്കളിറൂക്കുന്നതും കണ്ടു ഇനിയൊരിക്കലും ഒരോണം കൂടുവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ ക്യാമ്പസിലെ തരുണീമണികള്‍ പണപ്പിരിവ് നടത്തി 5 അടി 4 ഇഞ്ച്‌ വ്യാസത്തില്‍ ഒരുഗ്രന്‍ പൂക്കളം തീര്‍ത്തിരിക്കുന്നു ..മെഴുകുവാന്‍ ചാണകം കടയില്‍ വില്പനയ്ക്ക് എത്തി തുടങ്ങിയിട്ടില്ല എന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചിരുന്നു ..
                                    ചടേ പടേ എന്ന് ഫ്ളാഷ് മിന്നുച്ചു സെറ്റ് മുണ്ട് ഉടുത്തു മുല്ലപ്പൂ ധരിച്ചു               " ഇന്നാണ് ഞാനൊരു മലയാളി വനിത ആയതു .."എന്ന സുഖമുള്ള ഒരു കൊച്ചു അഹങ്കാരത്തോടെ  പൂക്കളം ഇടുന്നതായും ,അരികില്‍  ഇരിക്കുന്നതായും , നില്‍ക്കുന്നതായും പല പല പോസുകളില്‍ ഫോട്ടോകള്‍ കുമിഞ്ഞു കൂടി . facebook അന്ന് അമ്മയുടെ വയറ്റില്‍   ഗര്‍ഭസ്ഥാവസ്ഥയില്‍ ആയിരുന്നതിനാല്‍ ഇന്നത്തെ അത്രയും ലൈകും കമന്റും കിട്ടിയിടുണ്ടാകില്ല , ഇന്നാണേല്‍  ലൈക്‌ നു   കാശ് കിട്ടുവാണേല്‍ ഓരോ നാരിക്കും ഒരു പുതിയ സെറ്റ് മുണ്ട് വാങ്ങാനുള്ള കാശ്  facebook നല്‍കേണ്ടി വന്നേനേം  ..
                                " ഓണഘോഷമായിട്ടു രാവിലെ ഒരു ഉത്സാഹം വരുന്നില്ല!!" എന്ന എല്ലാ മലയാളി നരന്മാരുടെയും ഉള്ളിലെ ആശങ്ക പോലെ ഉത്സവകമ്മിറ്റി പ്രസിഡന്റായ വിനോദ് മാഷിന്റെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ ഉദിച്ച ആശങ്ക ഒന്നിച്ചു കാമ്പസിനു  താഴത്തെ ഹാളില്‍ ഘടിപ്പിച്ച ,പലപ്പോഴും പരീക്ഷ എഴുതുവാന്‍ ക്ളാസ്സ് മുറിയിലേക്ക് കടക്കുമ്പോള്‍ വിധി ആദ്യം എഴുതിക്കാണിക്കുന്ന വലിയ പൂജ്യം പോലെ നില്‍ക്കുന്ന ക്ളോക്കിലെക്കു നോക്കി .സമയം 9.45 am ,  ഓട്ടോ പിടിക്കാന്‍ സമയമായി ..
                                                    L ഷേപ്പ്ലും പിന്നെ 7 ഷേപ്പ്ലും വളവുകള്‍ തിരിഞ്ഞു ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞു നില്‍ക്കുന്ന "അജന്ത " ബാറിലേക്ക് "വെള്ളയും വെള്ളയും " ധരിച്ച ഓണാഘോഷ കമ്മിറ്റി അംഗങ്ങള്‍ ഭവ്യതയോടെ കടന്നിരുന്നു ,
.................................................. അല്‍പനേരം ഇടവേള .................................................................
       ആവേശോജ്ജ്വലമായ വള്ളം കളിക്ക് ഇടയില്‍ വെള്ളത്തില്‍ പോയ തുഴ തപ്പുവാനിറങ്ങിയത് പോലെ മേലറ്റം വരെ മുണ്ട് മടക്കി കുത്തി കമ്മിറ്റി അംഗങ്ങള്‍ പുറത്തിറങ്ങി ..
                                  ഓണത്തിന്റെ സുഖം ഇപ്പോഴാണു തുടങ്ങിയതു ..
" മാവേലി രാജാവേ ..താങ്കളൊരു സംഭവമല്ല കേരളാ  സംസ്ഥാനമാണ്  പൊന്നേ .."  "മൊട്ട"എന്നോമാനപ്പേരില്‍   അറിയപ്പെടുന്ന ഉത്സവ കമ്മിറ്റി ഖജാന്ജി റോഡിലെ ഘട്ടറില്‍ നോക്കി പാതാളത്തിലേക്കെന്ന പോല വിളിച്ചു പറഞ്ഞു ..
        സത്യത്തില്‍ മൊട്ട " എന്ന വ്യക്തിയാണ് ഒരു "സംസ്ഥാനം " എന്നതു പറയാതിരിക്കാന്‍ കഴിയില്ല ..ആയിരം ചുഴികള്‍ക്ക് മുകളിലൂടെ ഒറ്റയ്ക്ക് തുഴഞ്ഞു കയറിയ കൊതുമ്പു വള്ളം പോലെ ജീവിതത്തെ എത്തിപിടിച്ച യുവാക്കളില്‍ ഒരുവന്‍ ..കൊടുങ്കാറ്റിനും കുത്തോഴുക്കിനും എതിരേ മത്സരിച്ചു M sc സ്വന്തമാക്കിയതിനു ശേഷം 10000 RS  നു കാമ്പസില്‍ തന്നെ ഒരു പ്രോജെക്ടില്‍ നില്‍ക്കുന്നു ,കള്ളൂ  വാങ്ങിത്തരുന്ന, അത്രയും വരുമാനം ഉള്ള "മൊട്ട " യെ അല്ലാതെ മറ്റാരെയാ ഖജാന്‍ജി  എന്നു വിളിക്കുക.
                       L ഷേപ്പ്ലും 7 ഷേപ്പ്ലും  വളഞ്ഞു തിരിഞ്ഞു പോയ വഴികള്‍ നിവര്‍ത്തിവെച്ചു നടന്നു- നേരെ മുരുകന്‍ ചേട്ടന്റെ ചായ കടയുടെ പിന്നില്‍ ,  സിരകളില്‍ ഓടുന്ന ജീവാംശത്തിന്റെ പ്രണയം കുറിച്ച ഇലകള്‍ കായല്‍ പരപ്പിലേക്ക് പൊഴിച്ചു, ആ ഒഴിക്കില്‍പെടുവാന്‍ വെമ്പി നില്‍ക്കുന്ന കൂറ്റന്‍ ആലിനു ചുവട്ടിലെ തടിച്ച,ധമനികളെ ഓര്‍മിപ്പിക്കും വിധം പുളഞ്ഞു മണ്ണിനുള്ളിലേക്കു   ആഴ്ന്നിറങ്ങിയ വേരുകളെ മറയ്ക്കാതെ കൊച്ചി നഗരസഭ കെട്ടികയറ്റിയ തിട്ടമേല്‍ പുകയുന്ന ഓരോ സിഗരെറ്റ്‌കളുമായി ഞങ്ങള്‍ ഇരുന്നു .
                            കമ്മിറ്റി കൂടുവാനും ആഘോഷങ്ങള്‍ നിശ്ചയിക്കപ്പെടുവാനും ഇത്രയും സര്‍ഗാത്മകത തളം  കെട്ടി നില്‍ക്കുന്ന ഒരിടം വേറെ ഇല്ല ,മുരുകന്‍ ചേട്ടന്റെ കടയിലെ പരിപ്പുവടയും ഒരു stong  ആവി പാറുന്ന ചായയും കുടിച്ചു കുഞ്ഞോളങ്ങളില്‍ തഴുകുന്ന തണുത്ത പടിഞ്ഞാറന്‍ കാറ്റില്‍ തലയില്‍ വിരിയുന്ന ചിന്തകള്‍ ഒട്ടൊന്നുമല്ല മറൈന്‍ കാമ്പസിലും നിറഞ്ഞു കവിഞ്ഞ മറ്റു വേദികളിലും പ്രശംസകള്‍ ഏറ്റുവാങ്ങിയത് .
                                                             അപ്പൊ പറഞ്ഞു വന്നതു മത്സരങ്ങള്‍ നിശ്ചയിക്കപെട്ടു-സ്റ്റേജ് പരിപാടികള്‍ -ഉദ്ഘാടനം , പ്രസംഗം ,തിരുവാതിര,ഓണപ്പാട്ട് ,നാടന്‍ പാട്ട് ,ഒറ്റയ്ക്ക് പാട്ട്,പാട്ടുകേട്ടു കൂടെ പാട്ട്,മൂളിപ്പാട്ട്,നൃത്ത്യ നൃത്തങ്ങള്‍ ,പിന്നെ സദ്യ ,സദ്യ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചരിഞ്ഞു തുടങ്ങുമ്പോള്‍ കസേരകളി,വടം വലി,സ്പൂണില്‍ നാരങ്ങ വെചോട്ടം,തുടങ്ങി സാഹസിക ഐറ്റംകള്‍ .
                                                         രാവിലെ ഉദ്ഘാടനം കഴിഞ്ഞു , ഈ "തട്ടേലുള്ള" കളി "നാരീ ജനങ്ങളും" ,കര്‍ട്ടന്‍ പൊങ്ങുന്ന ഏതു പരിപാടിക്കും " ഹവാ  ഹവാ " ..എന്ന് തുടങ്ങുന്ന ഒരേ ഒരു മാസ്റ്റര്‍ ഗാനവുമായി ഇറങ്ങുന്ന അന്‍വര്‍ -ന്‍റെ  സംഗീതവും, കള്ളിന്റെ മത്തില്‍ പാടി തിമിര്‍ക്കുന്ന നാടന്‍ പാട്ടുകളും  ഏറ്റുപിടിക്കും എന്നതിനാല്‍ കോലിന്മേല്‍ കുത്തി നിര്‍ത്താത്ത ഒരു മൈക്ക് പിടിച്ചു മുന്നേ എഴുതി തയാറാക്കി വെച്ചിരിക്കുന്ന ലിസ്റ്റു നോക്കി നീല്കമലിന്റെ കസേരയിന്‍മേല്‍ കാലുകള്‍ ആട്ടി ആട്ടി ഇരുന്നു മെല്ലെ വായിച്ചു വിട്ടാല്‍ മതി .ഇടയ്ക്കിടെ തികട്ടി വരുന്ന "അജന്തയിലെ" ഫോറിന്‍ കള്ളിന്റെ തള്ളലില്‍ " ഓണാശംസകള്‍ " എന്ന് കൂടി നീട്ടി കൂട്ടിച്ചേര്‍ത്താല്‍   ഗംഭീരമായി .
                                തട്ടേല്‍ ഉള്ള  പരിപാടികള്‍ക്കിടയില്‍ "റീ ചാര്‍ജ് " ചെയ്യുവാന്‍ ഇടയ്ക്കിടെ തറവാട് വീടായ "അജന്ത" യിലേക്കും തിരിച്ചും പ്രയാണങ്ങള്‍ ഉണ്ടായി എന്നതു ഊഹിക്കുമല്ലോ .അതിലോരോന്നും ഓരോ ഘോഷയാത്രയായി മാറി ..മുന്നില്‍ ഏവരയും നയിച്ച്‌ കൊണ്ട് തലയില്‍ ഒരു ചുട്ടി തോര്‍ത്തുമുണ്ട് കെട്ടി  ഖജാന്‍ജി മൊട്ട അവര്‍കളും കാരണവര്‍ വിനോദ് മാഷും പിന്നാലെ ഞങ്ങളും ..
                                                               സദ്യ കഴിഞ്ഞ ആലസ്യത്തില്‍ നിറഞ്ഞ ഉണ്ണിക്കുടവയറുകളുമായി   ശാസ്ത്രലോകത്തിന്റെ മറൈന്‍ സന്തതികള്‍ ,അഞ്ചു നിലകളില്‍ കായല്‍ പരപ്പിനെ നോക്കി ഉപ്പു കാറ്റ് കൊണ്ടു നില്‍ക്കുന്ന കാമ്പസ് കെട്ടിടത്തിനു മുന്നിലെക്കിറങ്ങി. cums ഹോസ്റ്റലില്‍ നിന്നുള്ള അതി ഗംഭീര സദ്യ അങ്ങനെ ദഹിക്കാണ്ട് കിടക്കുന്നതിന്റെ ആലസ്യം ഏവരുടെയും മുഖത്ത് കാണുവാനുണ്ട് .
                     അല്പം കളിയും രസവുമൊക്കെ ആകാം ..
         ഈയുള്ളവന്‍ കസേരകളി പ്രഖ്യാപിച്ചു, നിയന്ത്രണം ഏറ്റെടുത്തു ,ജൂനിയറും സീനിയറുമായ നാരീ ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം കളത്തിലിറക്കി.14 സുന്ദരികള്‍ നിരന്നു നിന്നു , പുരുഷപ്രജകളില്‍ ഏറിയ  ഭാഗവും അജന്തയുടെയും സദ്യയുടെയും സമ്മിശ്രണത്തില്‍ നാരീ ജനങ്ങളെ "നോക്കി" നിന്നു .കമ്മിറ്റി നേതാവ് വിനോദ് മാഷ്‌  കസേരകള്‍ക്ക് ഉത്തരവിട്ടു,  ആവേശം കൊണ്ട് ഉച്ഹസ്ഥായിയില്‍ നില്‍ക്കുന്ന  "ഖജാന്ജി മൊട്ട"  അവര്‍കള്‍ കസേരകള്‍ വലിയൊരു വൃത്തമായി സിമെന്റു തേച്ചു നീളെയും കുറുകെയും വരകള്‍ കൊണ്ട് ചതുരാകൃതി സൃഷ്ടിച്ച മുറ്റത്തു നിരത്തി .നാരികള്‍ കസേരകള്‍ക്ക് ചുറ്റും വളഞ്ഞു .
                                      ഒരു ടേപ്പ് reccorder  വിനോദ് മാഷ് ഉയര്‍ത്തി പിടിച്ചു,പാട്ട് കേള്‍ക്കുമ്പോള്‍ നാരികള്‍ കസേരക്ക് ചുറ്റിലും ഓടുക,പാട്ട്  നില്‍ക്കുമ്പോള്‍ ഇരിക്കണം,ഇരിപ്പിടം കിട്ടാത്തവര്‍ പുറത്ത് .നിയമ നിബന്ധനകള്‍ വിവരിച്ചു, പാട്ട് തുടങ്ങി, സ്ത്രീ ജനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വളഞ്ഞു ചലിച്ചു തുടങ്ങി,വളഞ്ഞു വളഞ്ഞു വൃത്തം പൂര്‍ണ്ണമായി കറങ്ങി തുടങ്ങിയപ്പോള്‍ സംഗീതം നിലച്ചു ,എല്ലാവരും ഇരുന്നു ..
                       " ഹേ ... എല്ലാവരും ഇരുന്നോ ???"    ഒരാള് പോലും പുറത്ത്തായില്ലാ ..??ഇതെന്തു കസേര കളിയാ..??
       ഈയുള്ളവന്റെ ഉച്ചിയില്‍ നിന്നൊരു കിളി പറന്നു പോയി ..ബഹളത്തിനിടയില്‍ ആരോമല്‍ ചേകവര്‍ "മൊട്ട" അവര്‍കള്‍   ആളെത്ര എന്ന് നോക്കി 14 പേര്‍ക്ക് 14 കസേര  തുല്യം കൊണ്ട് വന്നത്  ആരു നോക്കുന്നു,വിനോദ് മാഷ് ആ കഷണം മെല്ലെ എന്റെ തലയിലേക്ക് വെച്ചു .
" എല്ലാവര്ക്കും കസേരയുന്ടെല്‍ എന്തിനാടാ ഒരു കസേര കളി ..ഹ ഹ ഹ ആഹ ഹ ഹ ഓരോരുത്തര്‍ ഓരോ കസേരയില്‍ അങ്ങ് ഇരുന്നാല്‍ പോരായോ ??"
  ആ ചിരികേട്ട് വിരിഞ്ഞു കൊഴിഞ്ഞു നിന്ന എന്റെ മുഖത്ത് നോക്കി ഒരു 50 പേരോളം വരുന്ന നാരീ ജനങ്ങള്‍ ഒരുമിച്ചു ഒരു ചിരി പാസാക്കി .. ഞാനന്നു മൂക്കില്‍ പഞ്ഞി വെച്ചില്ല എന്നെ ഉള്ളൂ ..ചത്തു എന്നൊക്കെ പറഞ്ഞാല്‍ ദൈവമേ..
  സ്വതസിദ്ധമായ വളിച്ച ചിരിയുമായി ഞാന്‍ മെല്ലെ വിനോദ് മാഷിന്റെ അടുത്തേക്ക് മുങ്ങി..കാരണവര്‍ അദ്ദേഹം നേരിട്ട് ഏറ്റെടുത്തു നടത്താന്‍ കനിവ് കാട്ടാന്‍ അപേക്ഷിച്ചു ..
              വെള്ളയും വെള്ളയും ധരിച്ചു തികഞ്ഞ പൌരുഷത്തോടെ വിനോദ് മാഷ് നടുമുറ്റത്തെക്കിറങ്ങി  ..ഗോപികമാര്‍ക്കു  നടുകില്‍ ഒടക്കുഴലിനു പകരം ടേപ്പ് reccorder  ചൂടിയ കാര്‍മുകില്‍ വര്‍ണ്ണനെ പോലെ വിനോദ് മാഷ് നിറഞ്ഞു നിന്നു ..
  " ഹോ എല്ലാം ഞാന്‍ ഒറ്റയ്ക്ക് ചെയ്യണമല്ലോ എന്നാ ഭാവമായിരുന്നു അപ്പോള്‍ ആ മുഖത്ത് .."
"ആ ശരി എല്ലാരും ഗാനം സ്റ്റാര്‍ട്ട്‌ ആകുമ്പോള്‍ ഓടുക..പാട്ട് നില്‍ക്കുമ്പോള്‍ ഇരിക്കണം  അറിയാലോ ??"
  ഗാനം തുടങ്ങി..നാരികള്‍ ഒന്നിന് പുറകെ ഒന്നായി കസേരകള്‍ക്കായി നീങ്ങി ..നിമിഷങ്ങള്‍ ചുരിദാര്‍ മണികളുടെ പാദങ്ങള്‍ക്കൊപ്പം  ചുറ്റും ഓടി നീങ്ങി..ഗാനം നിലച്ചു ..
        ............ എല്ലാവരും ഇരുന്നു .......................
         " ഹേ  !!!!! വീണ്ടും എല്ലാവരും ഇരുന്നോ ????   14 സുന്ദരികള്‍ക്കും 14 ഇരിപ്പിടം കിട്ടി..
ഹോ ഞാനൊന്ന്  അറിഞ്ഞു ചിരിച്ചു.. " ഹ ഹ ഹ ഹ ഹ "..
          നേരത്തെ എന്നെ നോക്കി ചിരിച്ച അതെ 50 സ്ത്രീ ജനങ്ങള്‍ ഒരു ചിരി വിനോദ് മാഷിനു  കോറസ്സായി നല്‍കി ..പക്ഷെ ആ അത്ഭുത പ്രതിഭയുണ്ടോ വിരിയുന്നു ..അതും ഈയുള്ളവന്റെ തലയിലേക്ക് ചാരി ..
        " T D ..നീ എന്തുവാ ഒരു ഉത്തരവാദിത്വം ഇല്ലാത്ത പോലെ..14 പേര്‍ക്ക് 13 കസേരയെ പാടുള്ളൂ എന്നറിയില്ലേ?? വാ ഇങ്ങു വന്നു ഒരെണ്ണം എടുത്തോണ്ട് പോയേ .."
                    ഇതുകേട്ട് കോറസ്സായി ചിരിക്കാന്‍ വേണ്ടി മാത്രം ഊണും കഴിച്ചു നില്‍ക്കുന്ന 50 സ്ത്രീ ജനങ്ങള്‍ എന്നെ നോക്കി വീണ്ടും ഒരു ചിരി,സഹിക്കാനാകാത്തത് ..മുമ്പ് പങ്കായം കളഞ്ഞു പോയപ്പോള്‍ അജന്തയില്‍ വെച്ച് 'മുണ്ടും പോക്കികുത്തി തപ്പാനിറങ്ങിയവന്മാര്'  കൂടി നാരികളുടെ കൂടെ നമുക്കിട്ടു ഒരു ചിരി ചാര്‍ത്തിയപ്പോഴാ...
         കസേര കളി കഴിഞ്ഞു ..ഇനിയിപ്പോ മഹാബലിയുടെ പുരുഷ പ്രജകള്‍ക്കു മസിലനക്കാനൊരു വടം വലിയാകാം ..
                         ലൈബ്രറിക്കും fisheries dept ഇടക്കു cums ഹോസ്റ്റല്‍ ന്റെ ചെമ്മണ്‍ പാതയില്‍ വടം ചുരുളുകള്‍ അഴിച്ചു  നീട്ടി നിവര്‍ത്തി കിടത്തി , മെസ്സില്‍ നിന്നു മൈദ  മാവെടുത്ത്‌ വടത്തിനു നടുകില്‍ 3 വരകള്‍ വരച്ചു ,ആ 3 വരകള്‍ക്ക് സമാന്തരമായി നിലത്തും വരകള്‍ തെളിഞ്ഞു ..
    പുരുഷ പ്രജകളുടെ ആധിക്യം ഉള്ളതു  Geo dept ലും കെമിസ്ട്രി dept ലും ആണ് .അതായത്  G  ടീമും C ടീമും ..
G  ടീം ആജാന ബാഹുക്കളെ കൊണ്ട് നിറഞ്ഞതാണ്‌ ..
1.ഈയുള്ളവന്‍ : 6 അടി 85 kg
2. വിനോദ് ഉമ്മന്‍ സാമുവേല്‍ : 6 അടി 82 kg
3.രാജീവ്‌ ആശാന്‍  : 5'9"           92 kg
4.അലോക് ( പൂണെ ) : 5'6"     96 kg
പിന്നെ റോബിന്‍ ,shynu  എന്നിങ്ങനെ ഒരു മീഡിയം കക്ഷികള്‍ ..G ടീമില്‍ പൊക്കം കുറഞ്ഞു നമ്മടെ ഖജാന്‍ജി മാത്രേ ഉള്ളു.. 
ഇനി C ടീം ..ഞെട്ടരുതെ..
1. രാകേഷ് : 5.5 അടി 41 kg
2.മുഫ്സിര്‍  : 5.2 അടി 24 kg
3. ശ്രീ നിഥി : 6 അടി 47 kg
4:റെനി  : 5.9 അടി 44 kg
5. രാഹുല്‍ : 5.5 അടി  40 kg
6: റെജി :5.8 അടി 57 kg
ഇങ്ങനെ ഇങ്ങനെ..
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈര്‍ക്കില്‍ കനത്തില്‍ തുടങ്ങി  പെരുമരത്തില്‍  നിന്ന് കൊഴിഞ്ഞ ചുള്ളി പോലുള്ളവര്‍ വരെ..( ഇന്ന് കണ്ടാല്‍ ഈ പറഞ്ഞവര്‍  Mr .പോനിക്കര ആണേ..)
           അന്ന് G ടീമിലെ ഒരാള്‍ക്ക്‌ സമം C ടീമിലെ 3 പേര്‍ .......!!!!!!!!
   അജന്ത എന്ന, G ടീമിന്റെ തറവാട് നല്‍കിയ ഉത്തേജകം മോന്തിയിട്ടാണ് ആജാന ബാഹുക്കള്‍ നില്‍ക്കുന്നത് എന്നതിനാല്‍  ചെറിയ ഒരു ആട്ടമുണ്ട് എന്ന കുറവേ  ഉള്ളു .. 
                                ഖജാന്‍ജി മൊട്ട അവര്‍കള്‍ മാത്രം അളവില്‍ കൂടുതല്‍ അകത്താക്കി നാല് കാലില്‍ കൂടി  നില്‍ക്കുവാനാകാതെ  വടം ഇടുപ്പിലൂടെ വളച്ചു വയറില്‍ ചുറ്റി ആ ബാലന്‍സില്‍ G ടീമിന്റെ നിരയുടെ ഏറ്റവും ഒടുവില്‍ നിലയുറപ്പിച്ചു ..
                             കസേര കളിയുടെ ആവേശോജ്ജ്വലമായ വിജയത്തിനു ശേഷം ഗോപികമാരുടെ അകമ്പടിയോടു കൂടി വിനോദ് മാഷ് വടം വലി നിയന്ത്രിക്കാന്‍ എത്തി ..
         വന്നുടനെ വടവും പിടിച്ചു മുന്നില്‍ നിന്ന എന്നോട് തുടങ്ങി " ദെ നോക്കിക്കേ വടം കയ്യിലെടുത്താല്‍ ദെ ഇങ്ങനെ ഈ ഇടുപ്പിന്റെ ഭാഗത്തേക്ക് ചേര്‍ത്ത് അങ്ങു  പിടിക്കണം ..ആ പിടി പിന്നെ വിടുകയേ അരുത് ..."
  "ഓ ശരി മാഷേ"
കഴിഞ്ഞുവല്ലോ ഏന്നു  കരുതി ആശ്വസിക്കുമ്പോള്‍ ദെ വീണ്ടും തുടങ്ങി .. 
" കാല്‍ ..കാലാണ് പ്രധാനം ..ദെ കാല് ഉപ്പൂറ്റി ഉറപ്പിച്ചു ചരിച്ചു മണ്ണില്‍ താഴ്ത്തി ചവുട്ടി വെച്ചാല്‍ പിന്നെ അനക്കരുത് .."
           പറയുന്നതിനൊപ്പം വടത്തില്‍ നിന്നും എന്റെ പിടി വിടുവിച്ചു   ഇപ്പറഞ്ഞതൊക്കെ അഭിനയിച്ചു  കാണിക്കുവാ ..വടംവലിയില്‍ സ്വര്‍ണ്ണ  മെഡല്‍ വാങ്ങിയ ആദ്യ കേരളീയനെ പോലെ..
   " T D...  ഈ വെള്ള വര ...വരയാണ് പ്രധാനം ,വരയുടെ അറ്റത്തു നിന്നും 2 അന്ഗുലം വിട്ടു വേണം നില്ക്കാന്‍ .."
  നരന്മാരും നാരികളും റഫറിയും എന്ന് വേണ്ട ചുറ്റും ആള് കൂടി മേപ്പറഞ്ഞ ഗംഭീര ട്രിക്കുകള്‍ കേട്ട്  അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുവാണേ ..
            ആ പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിക്കുവാന്‍ ഞാന്‍ അനുവദിച്ചില്ല ,കയ്യിലിരുന്ന വടം നേരെ വിനോദ് മാഷിനെ ഏല്‍പ്പിച്ചു ..
" ഇത്രയും ആഴത്തില്‍ അറിവുള്ള മാഷ് ഇവുടുള്ളപ്പോള്‍ G ടീം നയിക്കാന്‍ അങ്ങ് തന്നെയാണ് യോഗ്യന്‍ "
  ഇതും പറഞ്ഞു ഞാന്‍ മെല്ലെ പിന്നിലേക്ക്‌ നീങ്ങി നിന്നു ..
                  ഒരു നിമിഷം എന്തു  ചെയ്യണമെന്നറിയാതെ മാഷ് നിന്നു . എല്ലാവര്ക്കും ആവേശമായി..അത്രയും നേരം ചുറ്റും കൂടി നിന്നവര്‍ മാഷ്‌ തന്നെ മുന്നില്‍ നില്ക്കാന്‍ നിര്‍ബന്ധിച്ചു ..
G ടീമിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കാന്‍ ഇതിലും നല്ല ക്യാപ്റ്റന്‍ മറ്റൊരാള്‍ ഇല്ല തന്നെ..!!
                                          C  ടീമിലെ പാവങ്ങള്‍ കണ്ണ് മിഴിച്ചു..
         ഏണി വെച്ചു വന്നു പിടിച്ച വടത്തില്‍ നിന്ന് പിടിവിടാനാകാതെ മാഷ് നിന്ന നില്‍പ്പില്‍ എല്ലാം ഏറ്റെടുത്തു,6 അടി ഉയരത്തില്‍ 71 kg ശരീരം വെള്ളയും വെള്ളയും അണിഞ്ഞു നിറഞ്ഞു നിന്ന മാഷ്‌ ടീമിലെ എല്ലാവരെയും വടത്തിനു ഇരു പുറവും ഒന്നിടവിട്ട് നിര്‍ത്തി  കാലുകള്‍ കോര്‍ത്തു ചവിട്ടിച്ചു ,മനസ്സില്‍ ആരോഗ്യമാസികയെ നമിച്ചു ....
                  ......................... വിസില്‍ മുഴങ്ങി ....................................
               ഏറ്റവും  പിന്നില്‍  ഖജാന്‍ജി മൊട്ട അവര്‍കള്‍ ഒരിഞ്ചു പോലും അനങ്ങാതെ                             ( അനങ്ങുവാന്‍  ആകാതെ എന്നതാകും ശരി ) വടം ഇടുപ്പിലും വയറിലും ചുറ്റി നിന്നു . വിനോദ് മാഷ്‌ ഏറ്റവും മുന്നില്‍ വടം മുന്നേ പറഞ്ഞ പോലെ എടുത്തങ്ങു പിടിച്ചു ..കാലുകള്‍ അമര്‍ത്തി  മണ്ണിലൂന്നി,
          കുട്ടിയാനകള്‍ പോലുള്ള ഇക്കണ്ട G ടീമിന് മുന്നില്‍ C ടീമിലെ എണ്ണമറ്റ  എല്ലിന്‍ കൂടുകള്‍ ഞെരിഞ്ഞു പിരിഞ്ഞു..  'ഉള്ള' മസിലുകള്‍ ത്രസിച്ചു .. ഞരമ്പുകള്‍ മുറുകി..വിയര്‍പ്പു കണങ്ങള്‍  നെറ്റിയിലും കഴുത്തിലും പൊടിഞ്ഞു ചാലുകള്‍ തീര്‍ത്തു ..
         ഉത്തേജനം ഓടുന്ന G ടീമിലെ പ്രതിഭകള്‍ കണ്ണുകള്‍ ചുവപ്പിച്ചു ..
 .............അടുത്ത വിസില്‍ മുഴങ്ങി............ വടം , പല്ലുകളില്‍ പുളിപ്പും കുളിരും   കോരിക്കുന്ന ഒരു പ്രത്യേക ശബ്ദത്തോടെ വലിഞ്ഞു മുറുകി..
                          വടത്തിനു നടുകില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് മെല്ലെ G ടീമിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി ..C   ടീമിന്റെ ഉച്ചിയിലൂടെ ആവി പൊങ്ങി ..
          പെട്ടന്നാണു അത് സംഭവിച്ചത് ..
"അയ്യോ ..അമ്മച്ചീ ... ഹെന്റമ്മച്ചീ ......"
 ഏറ്റവും മുന്നില്‍ G  ടീമിനെ നയിച്ച്‌ കൊണ്ടു അടിപതറാതെ നിന്ന വിനോദ് മാഷ്‌ ,നിലത്തു മണ്ണില്‍ ആഞ്ഞു ചവുട്ടി നിന്ന കാല്‍ ചെരിഞ്ഞ് ,കാല്‍ മുട്ട് വളഞ്ഞു ,തിരിഞ്ഞു മുക്കി മൂളി ഇരുന്നു വടത്തില്‍ നിന്നും പിടിവിട്ടു, കൂടി നിന്ന കാണികളുടെ ഇടയിലേക്ക് സാഷ്ടാംഗം കമിഴ്ന്നു വീണു ..
         മാഷ്‌  വീഴുന്നതു കണ്ടു, പിടിക്കാന്‍ വടത്തിന്റെ പിടി വിട്ട  എന്റെ പിന്നാലെ മറ്റുള്ളവരും പിടി വിട്ടു "വിനോദ് മാഷേ.." എന്ന് നിലവിളിച്ചു..എന്താണ് സംഭവിച്ചതെന്നറിയാതെ നിന്നു ..
             പക്ഷെ എന്ത് സംഭവിച്ചാലും എത്ര ശ്രമിച്ചാലും വടത്തിന്റെ പിടി വിടുവിക്കാന്‍ കഴിയാതെ ഒരാളുണ്ട്ടയിരുന്നു, നമ്മടെ ഖജാന്‍ജി മൊട്ട !!!!
            ദേഹം മുഴുവന്‍ ചുറ്റി വരിഞ്ഞു ഒരിഞ്ചു പോലും അനങ്ങാതെ നിന്ന "ധീര യോദ്ധാവ് " ലങ്കാ ദഹനത്തിനു ഹനുമാന്‍ വാലില്‍ ചുറ്റിയ കീറത്തുണി  പോലെ  വടത്തിനൊപ്പം പറന്ന് , ആഞ്ഞുപിടിച്ച C  ടീമിന്റെ ഇടയില്‍ ചെന്ന് പതിച്ചു .അജന്തയിലെ ഉത്തേജക മരുന്നിന്റെ സംരക്ഷണ വലയത്തിലായതിനാല്‍ അധികം പരിക്ക് പറ്റാതെ വട്ത്തിനോപ്പം മറിഞ്ഞു വീണ C ടീമിലെ എല്ലിന്‍കൂട്ടില്‍ നിന്നും പാഞ്ചാലി വസ്ത്രാക്ഷേപത്തിലെന്ന പോലെ അഴിഞ്ഞു തീരാത്ത വടത്തില്‍ നിന്നും ഒരു വിധം പുറത്ത് വന്നു ..കിതപ്പോട് കൂടി തൊട്ടടുത്ത പടികളില്‍ ആസനസ്ഥനായി .
         വീണുപോയ വിനോദ് മാഷിനെ ഉടന്‍തന്നെ ആദ്യം കിട്ടിയ ഓട്ടോയില്‍ " അയ്യോ പോത്തോ"
എന്ന ചെറിയ നിലവിളികളൂമായി കിടത്തി 2 പേരെ കൂടെ  ഇരുത്തി നേരെ ലക്ഷ്മി ഹോസ്പിടല്‍ ലക്ഷ്യമാക്കി നീങ്ങി .. മറ്റുള്ളവര്‍   വരുമ്പോഴേക്കും ഖജാന്‍ജി മൊട്ട അവര്‍കള്‍ എവുടുന്നോ കുറച്ചു കൂടി ഉത്തേജകം സേവിച്ചു നില്‍പ്പുണ്ട്.
             "ഈ വിനോദ് മാഷ്‌ എവിടെ പോയി കിടക്കുവാ..അല്ല എന്താ സംഭവിച്ചേ ?? എങ്ങനാ വടം കയ്യിന്നു പോയെ.??മാഷ് തലപ്പത്തു  നിന്നപ്പോഴേ ഞാന്‍ കരുതിയത്  ഇത് പോക്കാണെന്ന് .." എന്ന് തുടങ്ങി കണ്മുന്നിലൂടെ 4 പേര്‍ ചേര്‍ന്ന് പൊക്കിയെടുത്തു കൊണ്ടുപോയ മാഷിനെ കാന്മാനില്ലെന്നു ആരോടെന്നില്ലാതെ പിറ് പിറുത്ത മൊട്ടയുടെ തിളയ്ക്കുന്ന രക്തത്തിലെ ഉത്തെജകമേ..നീയൊരു അനുഭവം തന്നെയാണേ ..
                     ഏതായാലും captain നഷ്ടമായ ടീം വടം വലിയില്‍ അമ്പേ പരാജയമായി പ്രഖ്യാപിക്കപെട്ടു .വിജയികള്‍ക്ക് നല്‍കിയ പൂവന്‍ പഴക്കുല കഴിക്കുമ്പോഴാണ് വിനോദ് മാഷ് എങ്ങോട്ടാ  പോയതെന്ന് ഖജാന്‍ജിമൊട്ട അറിയുന്നത് .
                  കാല്‍ മുട്ടിനു നിസ്സാരമായി കേടുപറ്റി ആ മുട്ടുകാലു plaster ചുറ്റി ഇന്ത്യന്‍ നിര്‍മ്മിതിയില്‍ രാവിലെ കുത്തിയിരിക്കുവാന്‍ സാധിക്കാഞ്ഞതിനാല്‍ europe കടന്നു കൂടിയ cums ഹോസ്റ്റല്‍നു മുകളില്‍ ഗിരീഷിന്റെ മുറിയില്‍ ആ ഓണക്കാലം ഞങ്ങളും വിനോദ് മാഷും മൊട്ടയും ആഘോഷിച്ചു..
                                              From ,
                                                     വിനോദ് മാഷ് & മൊട്ട
                                                      ഓര്‍മ്മകള്‍ P O .
           മണ്ണിനു മുകളില്‍ പതിഞ്ഞ കാലുകള്‍ നടന്നു പഠിച്ച നാളുകള്‍തൊട്ടു എത്ര ദൂരം നടന്നു എന്നറിയില്ല ,പിന്നിലേക്ക്‌  കാലുകള്‍ നടന്നു തീര്‍ത്ത വഴികളില്‍ സുഖന്ധമുള്ളതും ,ദുര്‍ഗന്ധം വമിക്കുന്നതുമായ ഓര്‍മ്മകള്‍ വേരുറപ്പിച്ചു നില്‍ക്കുന്നു .
                    ഓര്‍മ്മകള്‍ നിറച്ച പൂക്കൂടകളില്‍ സുഖന്ധമേറിയവ മാത്രം പേറുന്ന സുഹൃത്തുക്കള്‍ മനസ്സില്‍ വര്‍ണ്ണമേറിയ പൂക്കളം തീര്‍ക്കുന്നു ,അതിന്റെ വലിപ്പം പക്ഷെ, എന്റെ മനസിനു  ഉള്‍കൊള്ളുവാന്‍  ആകില്ല...തോളുരുമ്മി നടന്ന മനസുകള്‍ ചേര്‍ത്തുവെച്ചാല്‍ അതിനെന്തു വലിപ്പം ഉണ്ടാകുമെന്ന് ഊഹിക്കാന്‍ ആകുമോ ??
             ഉഷ്ണവും , ശീതവും ,കാറ്റും ,മഴയും ചേര്‍ന്നു  തിങ്ങിയ ബന്ധങ്ങള്‍   തീര്‍ത്ത നീര്‍ചാലുകളുടെ  പച്ചപ്പിലാണ് നഷ്ടമായ 3-)മത്തെ ഓണവും ..
                             പശമുക്കി തേച്ചു വടിവോപ്പിച്ച ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചു സ്മൃതികളില്‍ വിളമ്പുന്ന ഓണസദ്യ കഴിക്കുവാന്‍ ഞാനുമിരുന്നു ..
       ഹൃത്തിലെ ആരവങ്ങള്‍ക്കിടയില്‍ " ആര്‍പ്പോ..ഇര്‍ റോ .."ഞാനും ഏറ്റു  വിളിക്കട്ടെ ..